മകന്റെ അഴിമതിയുടെ പേര് പറഞ്ഞു തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വരെ ഇറക്കി വിട്ടവരെ കൊണ്ട് ആ മകനെ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയ യെദ്യൂരപ്പ

കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിപ്പിച്ച് ബിജെപി കേന്ദ്രനേതൃത്വത്തെ കര്‍ണാടകയില്‍ നിഷ്പ്രഭമാക്കി പാര്‍ട്ടി വീണ്ടും പിടിച്ചെടുത്ത് തന്റെ ചൊല്‍പ്പടിക്കാക്കിയ യെഡ്ഡിയെന്ന യെദ്യൂരപ്പ. മകന്റെ അഴിമതിയുടെ പേര് പറഞ്ഞു തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വരെ ഇറക്കി വിട്ടവരെ കൊണ്ട് ആ മകനെ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയ യെദ്യൂരപ്പ കേന്ദ്ര ബിജെപി നേതൃത്വത്തിന് മുന്നില്‍ പറഞ്ഞുവെയ്ക്കുന്നത് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും താനാണെന്നാണ്. കര്‍ണാടകയില്‍ വീണ്ടും ബിജെപിയെന്നാല്‍ യെദ്യൂരപ്പ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ച് കുശാഗ്ര ബുദ്ധിയില്‍ ചാണക്യ തന്ത്രത്തേയും കടത്തിവെട്ടിയിരിക്കുകയാണ് യെഡ്ഡി. സംസ്ഥാനങ്ങളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന നേതാക്കളെയെല്ലാം വെട്ടിനിരത്തി ബിജെപിയെ നരേന്ദ്ര മോദി- അമിത് ഷാ നേതൃത്വത്തിന് മാത്രം കീഴിലാക്കാനുള്ള പതിറ്റാണ്ടായുള്ള കടുംപിടുത്തം കര്‍ണാടകയില്‍ വിലപ്പോവില്ലെന്ന് കണ്ടതോടെയാണ് കേന്ദ്രനേതൃത്വം പാതിയില്‍ പണി നിര്‍ത്തി യെഡ്ഡിയ്ക്ക് വിധേയനായത്. കാരണം യെഡ്ഡി പണികൊടുത്തപ്പോഴെല്ലാം കര്‍ണാടകയില്‍ ബിജെപി മൂക്കുംകുത്തി വീണിട്ടുണ്ട്. യെഡ്ഡി ബിജെപി വിട്ടു പോയപ്പോള്‍ പാര്‍ട്ടി നാമാവശേഷമായിട്ടുണ്ട് കന്നഡ മണ്ണില്‍.

ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ആദ്യമായി മുഖ്യമന്ത്രി കസേരയില്‍ ഒരു ബിജെപിക്കാരന്‍ ഇരുന്നത് ബി എസ് യെദ്യൂരപ്പയാണ്. യെഡ്ഡിയിലൂടെ മാത്രമാണ് ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം ബിജെപിയ്ക്ക് ഈ കാലയളവിനിടയില്‍ പിടിച്ചെടുക്കാനായത്. അഞ്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മറ്റൊന്നു പോലും ബിജെപിയോട് ഇതുവരേയും മമത കാട്ടിയിട്ടില്ല. അങ്ങനെ യെഡ്ഡി നേടി കൊടുത്ത കര്‍ണാടകയിലാണ് ‘ഗുജറാത്ത് ടീം’ പാര്‍ട്ടിയെ യെദ്യൂരപ്പയുടെ നിഴലില്‍ നിന്ന് മാറ്റി കേന്ദ്രത്തിന്റെ നേരിട്ടുള്ള റഡാറിലാക്കാനുള്ള ശ്രമം നടത്തിയത്. മോദിയും ഷായും പറയുന്ന വഴിയെ കന്നഡ മണ്ണ് നടന്നാല്‍ മതിയെന്ന തിട്ടൂരമിട്ടത്. മകന്റെ അഴിമതിയുടെ പേര് പറഞ്ഞു തങ്ങളുടെ നയം നടപ്പാക്കാന്‍ ഇറങ്ങിയ കേന്ദ്ര നേതൃത്വത്തോട് ഇടഞ്ഞെങ്കിലും മുഖ്യമന്ത്രി കസേര പോയെങ്കിലും പതുങ്ങിയിരുന്ന യെഡ്ഡി കാണിച്ചു കൊടുത്തു താനില്ലെങ്കില്‍ ഈ കന്നഡ മണ്ണില്‍ മോദിയും ഷായും ഒരു ചുക്കുമല്ലെന്ന്. ഒരുപാട് രാഷ്ട്രീയ ഡ്രാമ കണ്ട 2018 ലെ തിരഞ്ഞെടുപ്പിനും കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണത്തിനും ശേഷം ഇരുകൂട്ടരേയും കുതിരക്കച്ചവടത്തില്‍ പൂട്ടി 2019ല്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് തിരിച്ചെത്തിയ യെഡ്ഡിയെ കണ്ട് അന്തംവിട്ട ചാണക്യനും മോദിയും ഇവനെ ഇനിയും വളരാന്‍ അനുവദിക്കരുതെന്ന് അന്നേ കരുതിയിരുന്നു. 2021ല്‍ കുടുക്കിട്ട് പിടിച്ചാണ് യെഡ്ഡിയെ ബിജെപി കേന്ദ്രനേതൃത്വം മുഖ്യമന്ത്രി കസേരയില്‍ നിന്നിറക്കിയത്. അഴിമതിയുടെ കാര്യത്തില്‍ അധികാരം കിട്ടിയ നാള്‍ മുതല്‍ യെദ്യൂരപ്പയും കുടുംബവും കര്‍ണാടകയില്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചതെങ്കിലും ലിംഗായത്ത് വോട്ടുകള്‍ കേന്ദ്രീകരിക്കുന്നതില്‍ ഈ അഴിമതിക്കറ യെഡ്ഡിയ്ക്ക് ബാധ്യതയായിരുന്നില്ല.

ആ യെദ്യൂരപ്പയെ 2023ല്‍ മാറ്റി നിര്‍ത്തിയ തിരഞ്ഞെടുപ്പില്‍ അടപടലം കോണ്‍ഗ്രസിന് മുന്നില്‍ ബിജെപി വീണു. കൂട്ടുകക്ഷിയൊന്നും വേണ്ടാതെ ഒറ്റയ്ക്ക് വമ്പന്‍ ഭൂരിപക്ഷത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് പിടിച്ചു. മറ്റൊരു സാധ്യതയ്ക്കും ബിജെപിയ്ക്ക് അവസരം നല്‍കാത്ത മാസ്റ്റര്‍ സ്‌ട്രോക്കില്‍ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് സടകുടഞ്ഞെണീല്‍ക്കാന്‍ കര്‍ണാടക വിജയം അവസരം നല്‍കി. ഇതോടെ കേന്ദ്രത്തിലെ മോദി- ഷാ ഹുങ്ക് കര്‍ണാടകയില്‍ ഒരു കുടം വെള്ളം തീയിലൊഴിച്ച പോലെ അണഞ്ഞു. പിന്നെ യെഡ്ഡിയുടെ തിരിച്ചു വരവാണ്, പലകുറി നടന്നുകയറിയത് പോലെ വീണ്ടും ബിജെപി പാളയത്തിലേക്ക് യെദ്യൂരപ്പ തലയെടുപ്പോടെ കടന്നു കയറി. തന്നെ മാറ്റി നിര്‍ത്താന്‍ ഉപയോഗിക്കുകയും സൈഡാക്കി ഒതുക്കുകയും ചെയ്ത ബിജെപിക്കാരടക്കം അഴിമതിവീരനെന്ന് പേര് ചാര്‍ത്തികൊടുത്ത മകന്‍ ബിവൈ വിജയേന്ദ്രയെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കുന്നതില്‍ വരെ എത്തി നില്‍ക്കുന്നു യെദ്യൂരപ്പയുടെ തന്ത്രങ്ങള്‍.

കടുംബ വാഴ്ചയുടെ പേര് പറഞ്ഞു കോണ്‍ഗ്രസിനെ നിരന്ത്രം കളിയാക്കുന്ന മോദിയ്ക്കും അമിത് ഷായ്ക്കും കര്‍ണാടകയിലെ ബിജെപിയിലെ കുടുംബവാഴ്ചയെ കുറിച്ച് മൗനമാകാം. പറഞ്ഞതെല്ലാം വിഴുങ്ങാന്‍ മടിയില്ലാത്ത പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കര്‍ണാടക ബിജെപിയിലെ കുടുംബ വാഴ്ചയ്ക്കപ്പുറം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭയിലേത് പോലൊരു തിരിച്ചടിയേറ്റുവാങ്ങാന്‍ ത്രാണിയില്ലെന്നതാണ് വാസ്തവം. 2019ല്‍ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരില്‍ നിന്ന് മുഖ്യമന്ത്രി കസേര പിടിച്ചെടുത്തത് മാത്രമല്ല ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 25ലും ബിജെപിയെ വിജയിപ്പിച്ചെടുത്തതില്‍ യെദ്യൂരപ്പയുടെ കരവിരുത് ചെറുതല്ലായിരുന്നു. ഇതൊക്കെ കൊണ്ടാണ് നിര്‍ണായക ഘട്ടത്തില്‍ യെഡ്ഡിക്ക് വഴങ്ങി മോദിയും അമിത് ഷായും നില്‍ക്കുന്നത്.

കര്‍ണാടക ബിജെപി അധ്യക്ഷനായി ബിവൈ വിജയേന്ദ്രയെ നിയമിച്ചു കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അറിയിച്ചത് നിലവിലെ അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീലിനെ തഴഞ്ഞുകൊണ്ടാണ്. ബിജെപിയുടെ നിയമസഭ പരാജയത്തിന് ശേഷം ഞാന്‍ മാറിയാല്‍ കണ്ടല്ലോ എന്ന ധ്വനിയോടെയാണ് ആരു പറയാതെ പാര്‍ട്ടി നേതൃത്വത്തിലേക്ക് യെദ്യൂരപ്പ തിരിച്ചെത്തിയത്. 75 വയസിന്റെ പേര് പറഞ്ഞു തന്നെ പാര്‍ട്ടി കേന്ദ്രങ്ങളിലും മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഇറക്കിവിട്ടവര്‍ക്ക് മുന്നില്‍ യെദ്യൂരപ്പ കളം നിറഞ്ഞാടി പിന്നീടങ്ങോട്ട്.

പണ്ടൊന്ന് ഉടക്കി ബിജെപി വിട്ട് കര്‍ണാടക ജനപക്ഷ ഉണ്ടാക്കിയ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറക്കി വിട്ടതിന്റെ അലോസരം കുറയ്ക്കാന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡിലടക്കം കേന്ദ്രനേതൃത്വം സ്ഥാനം നല്‍കിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും യെഡ്ഡിയെ പിണക്കാതിരിക്കാനായിരുന്നു മകന്‍ വിജയേന്ദ്രയ്ക്ക് സീറ്റ് നല്‍കിയത്. അങ്ങനെയാണ് പാര്‍ട്ടി പരാജയത്തിനിടയിലും ശിവമോഗ്ഗയിലെ ശികാരിപുരയില്‍ നിന്നുള്ള എംഎല്‍എയായി വിജയേന്ദ്ര മാറിയത്. ബിജെപിയുടെ കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കളായ സി ടി രവി, സുനില്‍ കുമാര്‍, ബാസഗൗഡ പാട്ടീല്‍ എന്നിവരെ പിന്തള്ളിയാണ് യെദ്യൂരപ്പയുടെ മകന്‍ ബിജെപിയുടെ അധ്യക്ഷനായത്.

ഇതിലൂടെ ലിംഗായത്ത് വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയത്തിലെത്താമെന്നും ബിജെപി കണക്കുകൂട്ടുന്നു. ദേവഗൗഡയുടെ ജെഡിഎസുമായി സഖ്യത്തിലെത്തിയതോടെ കര്‍ണാടകയിലെ മറ്റൊരു പ്രബല വിഭാഗമായ വൊക്കലിംഗ സമുദായത്തിലെ വോട്ടും ബിജെപിയ്ക്ക് കിട്ടുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. 121 സീറ്റില്‍ നിന്ന് 66ലേക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ വീണതിന് പിന്നില്‍ യെഡ്ഡിയെ മാറ്റിനിര്‍ത്തിയത് ലിംഗായത്ത് വോട്ടില്‍ ഇടിവുണ്ടാക്കിയെന്ന തിരിച്ചറിവിലാണ് ബിജെപിയുടെ നീക്കങ്ങള്‍. ആക്ടീവ് പൊളിറ്റിക്‌സില്‍ നിന്ന് മാറും മുമ്പ് ഇളയ മകനെ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനത്തെത്തിക്കാനുള്ള മോഹമാണ് യെഡ്ഡി സാധ്യമാക്കിയത്. കരഞ്ഞു കൊണ്ടന്ന് പാര്‍ട്ടിക്കുള്ളിലെ ചരടുവലിയില്‍ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് ഇറങ്ങിപ്പോയ യെദ്യൂരപ്പ തിരിച്ചെത്തി പിടിച്ചടക്കിയതും പൊളിച്ചടക്കിയതും ബിജെപിയുടെ മോദി- ഷാ ടീമിന്റെ കേഡര്‍ രാഷ്ട്രീയമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കരഞ്ഞിറങ്ങുന്ന പതിവ് തെറ്റിക്കാതെ 2021 ജൂലൈയില്‍ കരഞ്ഞു പടിയിറങ്ങിയ യെദ്യൂരപ്പ കേന്ദ്രനേതാക്കളേയും തന്നെ വലച്ച സംസ്ഥാനത്തെ ബിജെപിക്കാരേയും നോക്കി ഒരു കാര്യം പറഞ്ഞിരുന്നു.

വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് തന്നോട് കേന്ദ്രമന്ത്രിയാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കര്‍ണാടകത്തില്‍ തന്നെ തുടരാന്‍ താന്‍ തീരുമാനിക്കുകയായിരുന്നു. കര്‍ണാടയില്‍ ബിജെപി വളര്‍ന്നു, പക്ഷേ ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ എല്ലാക്കാലവും തനിക്ക് അഗ്‌നിപരീക്ഷയായിരുന്നുവെന്ന്.

ആ പറഞ്ഞുവെയ്ക്കല്‍ തന്റെ രക്തത്തിനായി ദാഹിച്ച ചിലര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു. നാല് തവണ മുഖ്യമന്ത്രി കസേരയിലെത്തിയിട്ടും നാല് തവണയും കാലാവധി പൂര്‍ത്തിയാക്കാതെ പടിക്ക് പുറത്താവേണ്ടി വന്നവന്റെ രോഷത്തിനപ്പുറം ഈ പുറത്താക്കല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റേയും പാര്‍ട്ടിക്കുള്ളിലെ തന്റെ എതിരാളികളുടേയും സമ്മര്‍ദ്ദത്തിലായിരുന്നുവെന്നതാണ് യെഡ്ഡിയെ കരയിച്ചത്. അങ്ങനെ കരഞ്ഞ് പറഞ്ഞ് പടിയിറങ്ങേണ്ടി വന്ന യെദ്യൂരപ്പ പ്രവര്‍ത്തിയിലൂടെയാണ് കന്നഡ രാഷ്ട്ട്രീയത്തില്‍ എല്ലാത്തവണയും മറുപടി നല്‍കിയിരുന്നത്. ഇക്കുറിയും അത് മാറ്റമില്ലാതെ തുടര്‍ന്നുവെന്നാണ് വിജയേന്ദ്രയുടെ പട്ടാഭിഷേകം വ്യക്തമാക്കുന്നത്. കുശാഗ്ര ബുദ്ധിയോടെ തിരിച്ചുവരവുകള്‍ യെഡ്ഡിക്ക് ഒരിക്കലും പുതുമയല്ല.

മുഖ്യമന്ത്രി ധരം സിങിനെ വീഴ്ത്തി എച്ച് ഡി കുമാരസ്വാമിയുടെ ജനതാദള്‍ യുണൈറ്റഡും ബിജെപിയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ കാലത്തേ തുടങ്ങിയതാണ് ആ മടങ്ങി വരവുകള്‍. ആദ്യ 20 മാസം കുമാരസ്വാമിയും പിന്നീട് 20 മാസം യെഡ്യൂരപ്പയും എന്ന കരാര്‍ ലംഘിച്ച് 2007ല്‍ യെദ്യൂരപ്പയുടെ ഊഴമായപ്പോള്‍ കാലുമാറിയ കുമാരസ്വാമിയെ യെഡ്ഡി തന്നെ വീഴ്ത്തി. രാഷ്ട്രപതി ഭരണത്തിലായ കര്‍ണാടകയില്‍ 2007 നവംബര്‍ല്‍ പ്രശ്‌നം പരിഹരിച്ച് ജെഡിഎസും ബിജെപിയും ഒന്നിച്ചു. 2007 നവംബര്‍ 12ന് മുഖ്യമന്ത്രിയായി യെദ്യൂരപ്പ ചുമതലയേറ്റെങ്കിലും മന്ത്രിമാരുടെ പേരില്‍ ഉടക്കി, ഏഴ് ദിവസത്തെ മുഖ്യമന്ത്രി സ്ഥാനത്തിന് ശേഷം കണ്ണു നിറച്ച് യെദ്യൂരപ്പയുടെ രാജി.
സഭയിലെത്തി അതിവൈകാരികമായി പ്രസംഗിച്ച് വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ രാജി. ആ വൈകാരിക പ്രസംഗം 2008ല്‍ ബിജെപിയെ കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ കാരണമായി. 2008 മെയ് 30ന് അങ്ങനെ രണ്ടാം തവണ മുഖ്യമന്ത്രിയായി. തെക്കേ ഇന്ത്യയില്‍ മുമഖ്യമന്ത്രി സ്വപ്‌നം യാഥാര്‍ത്ഥമാക്കിയ യെദ്യൂരപ്പയ്ക്ക് ആദ്യം 7 ദിവസത്തെ മാത്രം മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ പറ്റിയുള്ളെങ്കിലും ഇക്കുറിയത്് മൂന്ന് വര്‍ഷമായി നീണ്ടു. ഷിമോഗയിലേയും ബംഗലൂരുവിലേയും അനധികൃത ഖനനം, ബെല്ലാരിയിലെ അഴിമതിയിലൊക്കെ തട്ടി 2011 ജൂലൈ 31ന് കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തില്‍ രാജി. ഇതോടെ ബിജെപി വിട്ടു കര്‍ണാടക ജനപക്ഷ പാര്‍ട്ടി ഉണ്ടാക്കി സംസ്ഥാന ബിജെപിയെ പൊളിച്ചടുക്കി.

യെഡ്ഡിയില്ലാതെ കാര്യം നടക്കില്ലെന്ന് മനസിലായ ബിജെപിയിലേക്ക് പോയതിനേക്കാള്‍ ശക്തനായി യെദ്യൂരപ്പ തിരിച്ചെത്തി. കര്‍ണാടക ജനപക്ഷയെ ബിജെപിയില്‍ ലയിപ്പിച്ചു, 2016ല്‍ ബിജെപിയുടെ കര്‍ണാടക അധ്യക്ഷനായി. 2018ല്‍ യെദ്യൂരപ്പ നയിച്ചു ബിജെപി വലിയ ഒറ്റകക്ഷിയാക്കി കര്‍ണാടകയില്‍. കേവല ഭൂരിപക്ഷത്തിന് എട്ട് കുറവെന്ന നിലയില്‍ വന്നപ്പോള്‍ കോണ്‍ഗ്രസും ജനതാദളും കൈകോര്‍ക്കാന്‍ ഒന്നിച്ചിട്ട് പോലും കേന്ദ്രത്തിലെ ബിജെപിയുടെ പവറില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല യെഡ്ഡിയെ ക്ഷണിച്ചതും കര്‍ണാടകയില്‍ റിസോര്‍ട്ട് രാഷ്ട്രീയം പിറന്നതും രാജ്യം കണ്ടു. എംഎല്‍എമാരെ റിസോര്‍ട്ടിലാക്കി കാവല്‍ നില്‍ക്കേണ്ടി വന്ന കോണ്‍ഗ്രസിന് മുന്നില്‍ ഭൂരിക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസത്തെ സമയം നല്‍കി യെദ്യൂരപ്പയക്ക്. ചാക്കിട്ട് പിടുത്തത്തിന് ഗവര്‍ണര്‍ അവസരം നല്‍കുന്നുവെന്ന വിമര്‍ശനമുണ്ടായി. സുപ്രീം കോടതി ഇടപെട്ട് 24 മണിക്കൂറില്‍ വിശ്വാസം തെളിയിക്കാന്‍ ഉത്തരവിട്ടതോടെ യെദ്യൂരപ്പയ്ക്ക് പിന്നേയും കരഞ്ഞു പടിയിറങ്ങേണ്ട അവസ്ഥ. 56 മണിക്കൂര്‍ മുഖ്യമന്ത്രിയായിരുന്നാണ് മൂന്നാം തവണ യെദ്യൂരപ്പയ്ക്ക് പടിയിറങ്ങേണ്ടി വന്നത്. 2018 മേയ് 17ന് മുഖ്യമന്ത്രിയായി, മേയ് 19ന് വിശ്വാസ വോട്ടെടുപ്പിന് മുന്നേ രാജിവെച്ചൊഴിഞ്ഞു. വിശ്വാസവോട്ടെടുപ്പിന് മുമ്പായുള്ള 13 പേജുള്ള പ്രസംഗം കര്‍ണാടക നിയമസഭയില്‍ പൂര്‍ത്തിയാക്കി വിതുമ്പിയായിരുന്നു മടക്കം.

ആ കരച്ചിലിന് പിന്നാലെ 2019 ജൂലൈയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് യെഡ്ഡി വീണ്ടും മുഖ്യമന്ത്രിയായി. ആദ്യ തവണ ഏഴ് ദിവസവും രണ്ടാം തവണ മൂന്ന് വര്‍ഷംവും മൂന്നാം അങ്കത്തില്‍ രണ്ടര ദിവസവും നാലാം തവണ രണ്ട് വര്‍ഷം എന്നിങ്ങനെയാണ് മുഖ്യമന്ത്രി കസേരയില്‍ യെദ്യൂരപ്പ ഉണ്ടായിരുന്നത്. ജനസംഖ്യയുടെ 16 ശതമാനം വരുന്ന വീരശൈവ-ലിംഗായത്ത് സമുദായത്തിലെ രാഷ്ട്രീയ, മത നേതാക്കളുടെ പിന്തുണയാണ് ഇത്രയും കാലവു യെദ്യൂരപ്പയെ തുണച്ചത്. കാലാവധി കഴിയാതെ പടിയിറങ്ങേണ്ടി വന്ന കാലങ്ങളാണ് കൂടുതലെങ്കിലും യെഡ്ഡിയുടെ തിരിച്ചുവരവുകള്‍ ഒരു രാഷ്ട്രീയ പാഠപുസ്തകമാണ്. യെദ്യൂരപ്പയുടെ നിഴലില്‍ നിന്ന് കര്‍ണാടക ബിജെപിയെ മാറ്റാന്‍ തുനിഞ്ഞ കേന്ദ്രനേതൃത്വത്തിന് മുന്നില്‍, രണ്ട് വര്‍ഷം മുമ്പ് തന്നെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഇറക്കി വിട്ടവര്‍ക്ക് മുന്നില്‍ മകനെ അധ്യക്ഷനാക്കി തന്റെ അപ്രമാദിത്യം ഊട്ടി ഉറപ്പിച്ച യെദ്യൂരപ്പയുടെ രാഷ്ട്രീയ മെയ്‌വഴക്കം കണ്ടില്ലെന്ന് വെയ്ക്കുവതെങ്ങനെ.