'മാറ്റ മല്‍സരം' മലപ്പുറത്ത് തുണയ്ക്കില്ല, യുവരക്തം കോട്ട കുലുക്കുമെന്ന് ഇടത് പക്ഷം

മലപ്പുറമായാലും അതിന് മുമ്പ് മഞ്ചേരിയായാലും മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയില്‍ ഒരിക്കലേ ഇടത് പക്ഷം കരുത്തുകാട്ടിയിട്ടുള്ളു. ഒരേ ഒരു തവണയാണ് മാത്രമാണ് 1952 മുതലുള്ള മലപ്പുറത്തിന്റെ പാര്‍ലമെന്റ് ചരിത്രത്തില്‍ വിജയീ സ്ഥാനത്ത് ഇടത് പാര്‍ട്ടിയുടെ പേര് ചേര്‍ന്ന് നിന്നത്. ഉപതിരഞ്ഞെടുപ്പ് അടക്കം നടന്ന പൊതുതിരഞ്ഞെടുപ്പിലെല്ലാം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെ അല്ലാതെ മറ്റൊരു പാര്‍ട്ടിയേയും മലപ്പുറം തുണച്ചിട്ടില്ല, 2004ല്‍ ടി കെ ഹംസയിലൂടെ സിപിഎം നേടിയ വിജയം അതിന് മുന്നും പിന്നും പാര്‍ട്ടിയ്ക്ക് കിട്ടിയിട്ടുമില്ല. ഇക്കുറി വി വസീഫ് എന്ന യുവരക്തത്തിലൂടെ മണ്ഡലം പിടിക്കാനാണ് ഇടത് പക്ഷം ലക്ഷ്യമിട്ടിരിക്കുന്നത്.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ സിപിഎം രംഗത്തിറക്കിയിരിക്കുന്നത് മാറുന്ന മലപ്പുറത്തിന്റെ പള്‍സ് അറിയാനും ചെങ്കൊടി പാറിക്കാനുമാണ്. മുസ്ലിം ലീഗ് കോട്ട കാക്കുന്ന ഭൂതത്തെ പോലെ കാക്കുന്ന മലപ്പുറവും പൊന്നാനിയും മാറി ചിന്തിക്കുമെന്നും മതേതര വോട്ടുകള്‍ തങ്ങള്‍ക്ക് വീഴുന്നതിനൊപ്പം ന്യൂനപക്ഷ സമുദായം നിലവിലെ ദേശീയ രാഷ്ട്രീയ സ്ഥിതിയില്‍ തങ്ങളെ വിശ്വസിയ്ക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു. വിദ്യാര്‍ഥി സമര പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍നിന്ന വസീഫിനെ വെച്ച് ലീഗിന്റെ മുതിര്‍ന്ന നേതാവ് ഇടി മുഹമ്മദ് ബഷീറിനെ വീഴ്ത്താമെന്ന് ഇടതുപക്ഷം ഉറച്ചു വിശ്വസിക്കുന്നു. പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ കുറി ജയിച്ചു കയറിയ ഇടി മലപ്പുറത്തേക്ക് വണ്ടി കയറിയത് പൊന്നാനിയിലെ അടിയൊഴുക്കിനെ ഭയന്നാണെന്നും മലപ്പുറം എംപിയായ സമദാനിയെ മാറ്റി പൊന്നാനിയില്‍ നിന്നെത്തിയ ഇടിയെ മല്‍സരിപ്പിക്കുന്നത് പരാജയഭീതിയിലാണെന്നും പ്രചാരണമുണ്ട്. തുടര്‍ച്ചയായി പൊന്നാനിയില്‍ ജയിച്ചു കയറിയ ഇടിയ്ക്ക് ഇക്കണ്ട കൊല്ലങ്ങളില്‍ അവിടെ ഒന്നും ചെയ്തു തീര്‍ക്കാന്‍ കഴിയാത്തതിന്റെ തനിക്കെതിരായ ഭരണ വിരുദ്ധ വികാരം ഒഴിവാക്കാനാണ് ഈ മണ്ഡലമാറ്റ മല്‍സരമെന്ന് പരക്കെ പറയപ്പെടുന്നു. നിലവില്‍ മലപ്പുറം എംപിയായ അബ്ദുസമദ് സമദാനിയെ മാറ്റി മുസ്ലിം ലീഗിന്റെ ദേശീയ സംഘടനാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്തെത്തുമ്പോള്‍ പൊന്നാനിയിലേക്ക് സമദാനി മാറിയിട്ടുണ്ട്. ആളുകള്‍ കാര്യങ്ങള്‍ പയ്യെ മറക്കുമെന്ന് കണക്കുകൂട്ടിയാണ് ഈ മാറ്റ മല്‍സരമത്രേ.

2019ല്‍ പി കെ കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചുകയറിയകെങ്കില്‍ 2021ല്‍ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചു ജയിച്ചെത്തിയപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ലീഗിന്റെ ഭൂരിപക്ഷം നന്നായി കുറച്ചു. 2019ല്‍ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായപ്പോള്‍ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന വിപി സാനുവിനെയാണ് സിപിഎം രംഗത്തിറക്കിയത്. രണ്ടര ലക്ഷത്തിന് മേല്‍ കനത്ത പരാജയം സംസ്ഥാനത്ത് യുഡിഎഫ് തരംഗത്തില്‍ സാനു ഏറ്റുവാങ്ങി. പക്ഷേ ഉപതിരഞ്ഞെടുപ്പില്‍ വി പി സാനു തന്നെ രംഗത്തുവന്നപ്പോള്‍ 1.14 ലക്ഷമായി ലീഗിന്റെ ഭൂരിപക്ഷം കുറച്ചു. അബ്ദുസമദ് സമദാനി ജയിച്ചെങ്കിലും ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് മുസ്ലീം ലീഗിനേയും പരിഭ്രമത്തിലാക്കി.

ഈ സാഹചര്യമെല്ലാം കണ്ടാണ് വീണ്ടുമൊരു യുവരക്തവുമായി സിപിഎം മലപ്പുറത്തിറങ്ങുന്നത്. 2004ല്‍ ടികെ ഹംസ ഒരിക്കല്‍ ഇടത്തേക്ക് ചായിച്ച മണ്ഡലത്തെ വീണ്ടും പിടിയ്ക്കാന്‍. 91 മുതല്‍ ഇ അഹമ്മദ് എന്ന ലീഗ് അതികായന്റെ ഉറച്ച കോട്ടയായിരുന്നു മഞ്ചേരി. 2004ല്‍ സിറ്റിങ് എംപിയായിരുന്ന ഇ അഹമ്മദിനെ പൊന്നാനിയിലേക്ക് മാറ്റി മഞ്ചേരിയില്‍ കെപിഎ മജീദിനെ മല്‍സരിപ്പിച്ചപ്പോഴാണ് ലീഗ് കോട്ടയില്‍ വിള്ളല്‍ വീണത്. കെ.പി.എ. മജീദ് മുജാഹിദ് പക്ഷക്കാരനാണെന്ന പ്രചാരണമാണ് ലീഗിന് തിരിച്ചടിയായത്. ഇ കെ വിഭാഗം സുന്നികളിലെ ഒരു വിഭാഗം ഇതോടെ ഇടയുകയും ഈ വോട്ടുകള്‍ ലീഗില്‍നിന്ന് അകലുകയും ചെയ്തു. ടികെ ഹംസയെന്ന ആദ്യം കോണ്‍ഗ്രസിലൂടെ എത്തി പിന്നീട് സിപിഎമ്മിന്റെ ഭാഗമായ നേതാവിന്റെ വ്യക്തിപ്രഭാവവും മലപ്പുറത്തെ വോട്ട് ഇളക്കി. അങ്ങനെ ചരിത്രത്തിലാദ്യമായി മഞ്ചേരിയില്‍ ചെങ്കൊടി പാറി. പക്ഷേ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ മഞ്ചേരി ഇല്ലാതായി മലപ്പുറം വന്നപ്പോള്‍ മണ്ഡലം വീണ്ടും തന്റെ സ്ഥായി സ്വഭാവത്തിലേക്ക് പോയി. മലപ്പുറം മണ്ഡലത്തിലേക്ക് തിരിച്ചെത്തിയ ഇ അഹമ്മദ് മണ്ഡലം പിടിച്ചു.

മലബാര്‍ ജില്ലയിലെ മലപ്പുറം മണ്ഡലമായിരുന്ന 1952ല്‍ തുടങ്ങിയതാണ് മണ്ഡലത്തിലെ ലീഗ് പടയോട്ടം. ബി പോക്കര്‍ പിടിച്ച മണ്ഡലം സംസ്ഥാന രൂപീകരണ ശേഷം മഞ്ചേരി ആയപ്പോഴും മുസ്ലീം ലീഗിനായി 1957ല്‍ പോക്കര്‍ ഇറപ്പിച്ചു നിര്‍ത്തി. 62 മുതല്‍ 71 എം മുഹമ്മദ് ഇസ്‌മെയിലും 77 മുതല്‍ 89 വരെ ഇബ്രാഹിം സുലൈമാന്‍ സേഠും പിന്നീട് 91 മുതല്‍ 2004 വരെ ഇ അഹമ്മദും മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയാക്കി മഞ്ചേരി. ഇ അഹമ്മദിനെ മാറ്റി 2004ല്‍ കെപിഎ മജീദ് വന്നതോടെ ആദ്യമായി ടി കെ ഹംസയിലൂടെ ചെങ്കൊടി ഉയര്‍ന്നു. 2009 മുതല്‍ മലപ്പുറമായ മണ്ഡലത്തില്‍ വീണ്ടും ഇ അഹമ്മദ്. 2017ല്‍ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലം പിടിച്ചുനിര്‍ത്തി. 2019ലും കുഞ്ഞാലിക്കുട്ടി വിജയം ആവര്‍ത്തിച്ചു. പക്ഷേ 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എംപി സ്ഥാനം ഉപേക്ഷിച്ചു പോകേണ്ടി വന്നപ്പോള്‍ മണ്ഡലം ലീഗിന്റെ സമദാനി കാത്തുസൂക്ഷിച്ചു.

ഈ മുസ്ലീം ലീഗി അപ്രമാദിത്വത്തിന് യുവാക്കളിലൂടെ മറുപടി പറയാമെന്നാണ് സിപിഎം കരുതുന്നത്. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. മണ്ഡലത്തിലെ നിയമസഭകളിലെല്ലാം ലീഗ് എംഎല്‍എമാരാണ്. അത് തന്നെയാണ് ലീഗിന്റെ കരുത്തും. പെരുന്തല്‍മണ്ണയിലും മങ്കടയിലും ഇടത് പക്ഷത്തിന് പ്രതീക്ഷയുണ്ട്, ലീഗിന് വ്യക്തമായ ആധിപത്യം ഇവിടെ ഇല്ലെന്നതാണ് വിലയിരുത്തല്‍. മലപ്പുറത്ത് വലിയ പ്രതീക്ഷകളൊന്നും ഇല്ലെങ്കിലും ബിജെപിയും ചടുലനീക്കങ്ങള്‍ നടത്തുന്നുണ്ട്. ബിജെപി ദേശീയ വൈസ് പ്രസിഡന്റായ എ.പി. അബ്ദുള്ളക്കുട്ടിയായിരുന്നു 2021-ലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി. പക്ഷേ, അബ്ദുള്ളക്കുട്ടിക്ക് വലിയ മെച്ചമൊന്നും ഉണ്ടാക്കാനായില്ല. 2019-ല്‍ ബിജെപിയുടെ ഉണ്ണികൃഷ്ണന് 82,332 വോട്ട് കിട്ടിയെങ്കില്‍ 2021-ലെ ഉപതിരഞ്ഞെടുപ്പില്‍ അബ്ദുള്ള കുട്ടിക്ക് കിട്ടിയത് 68,935 വോട്ട് മാത്രമായിരുന്നു. മലപ്പുറം ബിജെപി സ്ഥാനാര്‍ത്ഥി
എം. അബ്ദുള്‍ സലാമിന് തുടക്കത്തിലെ തന്നെ കല്ലുകടിച്ചിട്ടുണ്ട് ഇക്കുറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ അനുഗമിക്കാന്‍ അനുമതി നിഷേധിച്ചതടക്കം വലിയ വാര്‍ത്താ പ്രാധാന്യം നേടിയതോടെ ബിജെപി വോട്ട് വര്‍ധന പോലും ചോദ്യ ചിഹ്നമാണ്. പാലക്കാടും പൊന്നാനിയിലും ബിജെപി സ്ഥാനാര്‍ത്ഥികളായ സി കൃഷ്ണകുമാറും നിവേദിത സുബ്രഹ്‌മണ്യനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വാഹനത്തില്‍ മോദിയെ അനുഗമിച്ചപ്പോഴാണ് മുസ്ലീം നാമധാരിയായ മലപ്പുറം സ്ഥാനാര്‍ത്ഥിയ്ക്ക് മോദിയ്‌ക്കൊപ്പം വാഹനത്തില്‍ ഇടം കിട്ടാഞ്ഞത്. എന്തായാലും ബിജെപിയ്ക്ക് മലപ്പുറത്ത് വലുതായൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്നത് ഉറപ്പാണ്, മതനിരപേക്ഷതയുടെ തട്ടില്‍ അളക്കുമ്പോള്‍ തങ്ങള്‍ക്കൊപ്പം യുവാക്കളെത്തുമെന്ന് ഇടതുപക്ഷം കരുതുന്നു. കാലങ്ങളായി മലപ്പുറത്ത് കണ്ടുവരുന്ന അന്ധമായി ലീഗ് എന്ന വികാരത്തിന് കോട്ടം തട്ടിയിട്ടുണ്ടെന്നും കണ്ണടച്ച് ലീഗിന് വോട്ട് ചെയ്യുന്ന മനോഭാവം ആളുകള്‍ക്ക് മാറിയിട്ടുണ്ടെന്നും വിലയിരുത്തലുകളുണ്ട്. സമസ്തയ്ക്കും ലീഗിനുമിടയിലെ പ്രശ്നങ്ങള്‍ അടക്കമുള്ള കാര്യങ്ങളും തങ്ങള്‍ക്ക് അനുകൂലമായി വരുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. മറ്റൊരു 2004 ആകും 2024 എന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. യുഡിഎഫിന് കിട്ടുന്ന ഉറച്ച രണ്ട് സീറ്റുകളെന്ന ഊറ്റം കൊള്ളല്‍ ഇക്കുറിയും മലപ്പുറം കാക്കുമോ അതോ ചെങ്കൊടി പാറുമോ?.