കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ് പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല. പട്ടിക നേരത്തെ തയ്യാറാക്കിയതാണ്, ഇനി അത് മാറാൻ സാധ്യതയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമമാക്കിയ ഒരു പട്ടികയിൽ മാറ്റം വരുത്തണമെങ്കിൽ ഒരുപാട് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. നേതാക്കന്മാർ അനുമതി വാങ്ങേണ്ടതായി വരും. വളരെ കാലത്തെ പാമ്പര്യമുള്ള ആളെന്ന നിലയിൽ അത്തരത്തിലുള്ള ഒരു സാധ്യത ഞാൻ കാണുന്നില്ല. രാഷ്ട്രീയം സാധ്യതകളുടെ ഒരു കലയായത് കൊണ്ട് എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പക്ഷേ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല. മാധ്യമങ്ങൾ കൊടുക്കുന്ന വാർത്തകൾ അഭ്യൂഹം മാത്രമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്’ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
വിഷയത്തിൽ ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രസിഡന്റാണ് കോൺഗ്രസിന്റെ പരമോന്നത നേതാവ്. അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന വിഷയത്തിൽ എന്തെങ്കിലും ആധികാരികമായി പറയാൻ താൻ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.







