തമിഴ്‌നാട്ടിലെ മോദിയുടെ തന്ത്രങ്ങള്‍!

തെക്കേ ഇന്ത്യയിലേക്ക് ബിജെപി കണ്ണൂം തുറന്ന് പിടിച്ച് ഇറങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായി. കര്‍ണാടകയ്ക്കപ്പുറം ഒരു സ്വീകരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കാലമിതുവരെയായിട്ടും ബിജെപിയ്ക്ക് നല്‍കിയിട്ടില്ല. കേരളത്തിലും തമിഴ്‌നാട്ടിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേക അജണ്ട തന്നെ ബിജെപിയ്ക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ഓട്ടപ്പാച്ചിലിന് പിന്നില്‍ മിഷന്‍ 400 വിരിയിക്കാന്‍ തെക്കേ ഇന്ത്യ കൂടി കനിയണമെന്ന് കണ്ടാണ്. തമിഴ്‌നാട്ടില്‍ അണ്ണാമലൈ പറയുന്ന ബിജെപി ഭാഷ്യത്തിന് ദ്രാവിഡ മുഖം നല്‍കാന്‍ അമ്മ ഒഴിഞ്ഞ അണ്ണാഡിഎംകെ തന്നെയായിരുന്നു ആദ്യം മുതലേ ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ഇടയ്‌ക്കൊന്നു അടിച്ചു പിരിഞ്ഞു പോയ അണ്ണാഡിഎംകെ ബന്ധം പഴയ പോലെ ഉറയ്ക്കുന്നില്ലെന്ന് കണ്ടതോടെ രണ്ടായി നില്‍ക്കുന്ന രണ്ടിലകളില്‍ ഒന്നിനെ ഒപ്പം നിര്‍ത്താനുള്ള ചര്‍ച്ചകളാണ് തമിഴകത്ത് നടക്കുന്നത്.

മാര്‍ച്ച് ആദ്യം ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സന്ദര്‍ശിച്ചത്. അന്ന് പൊതുസമ്മേളനങ്ങളിലടക്കം ഡിഎംകെ വിമര്‍ശിക്കുമ്പോഴും എഐഎഡിഎംകെയെ ഒന്നും പറയാതെ മോദി ചര്‍ച്ചകളുടെ സൂചന നല്‍കിയിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നും ഡിഎംകെ എന്ന വലിയ തിന്മയെ അട്ടിമറിച്ചാല്‍ മാത്രമേ അത് നേടാനാകൂവെന്നും മോദി പറഞ്ഞു. എടപ്പാടി പളനിസാമി വിഭാഗം ഉടക്കി നില്‍ക്കുമ്പോള്‍ വിമത വിഭാഗമായ ഒ പനീര്‍ശെല്‍വം വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ബിജെപിയുടെ കളികള്‍ തമിഴ്‌നാട്ടില്‍ ഫലം കണ്ടുവെന്ന് വേണം പറയാന്‍. നിലവിലെ സൂചനകള്‍ വെളിച്ചം വീശുന്നത് മുന്‍ അണ്ണാഡിഎംകെ മുഖ്യമന്ത്രി പനീര്‍ശെല്‍വമെന്ന തലൈവി ജയലളിതയുടെ വിശ്വസ്തന്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കുമെന്നതാണ്.

ഒരു പ്രൈവറ്റ് ഹോട്ടലില്‍ വെച്ച് ഒ പനീര്‍ശെല്‍വവും ബിജെപിയിലെ പ്രമുഖരുമായി ചര്‍ച്ച നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപിയ്ക്ക് ഒപ്പം ചേരുന്നതിന് പകരം എന്‍ഡിഎ സഖ്യകക്ഷിയായി തമിഴ്‌നമാട്ടില്‍ മല്‍സരിക്കുകയാണ് പനീര്‍ശെല്‍വത്തിന്റെ വിഭാഗം ലക്ഷ്യമിടുന്നത്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ബിജെപിയുമായി സഖ്യകക്ഷി ചര്‍ച്ച നടത്തുന്നത് ചെന്നൈയിലെ തന്നെ ഒരു സ്വകാര്യ ഹോട്ടലിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തീയതികള്‍ പ്രഖ്യാപിക്കാനിരിക്കെ ചടുലമായ നീക്കങ്ങളാണ് തമിഴ് മണ്ണില്‍ നടക്കുന്നത്.

പളനിസാമി വിഭാഗം ബിജെപിയ്‌ക്കെതിരെ അണ്ണാദുരൈ വിഷയത്തില്‍ ഉടക്കിയതില്‍ പിന്നെ മറ്റൊരു ചര്‍ച്ചയ്ക്ക് നിന്നിട്ടില്ല. ഈ സാഹചര്യം അറിഞ്ഞാണ് അണ്ണാഡിഎംകെയിലെ പിളര്‍പ്പ് ബിജെപി ഉപയോഗിക്കുന്നത്. ഒപ്പം ജയലളിതയുടെ തോഴി ശശികലയുടെ അനന്തരവനായി ടിടിവി ദിനകരന്‍ തുടങ്ങിയ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേട്ര കഴകവും ബിജെപി ബന്ധത്തിന് കരുക്കള്‍ നീക്കുന്നുണ്ട്. ടിടിവി ദിനകരനുമൊത്ത് ചേര്‍ന്ന് സോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരുക്കള്‍ നീക്കുമെന്ന് നേരത്തെ തന്നെ ഒപിഎസ് പറഞ്ഞതുമാണ്. അപ്പോഴും ബിജെപിയെ തള്ളിക്കളഞ്ഞു നിന്നത് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷമായ എടപ്പാടി പളനിസാമി വിഭാഗമാണ്.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരില്‍ ഒരാളാ അണ്ണാദുരൈയെ വിമര്‍ശിച്ച തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ രംഗത്തെത്തിയതോടെയാണ് സഖ്യത്തിന് തങ്ങളില്ലെന്ന് പളനിസാമിയുടെ സംഘവും പറഞ്ഞത്. ജയലളിതയ്ക്ക് ശേഷം തമ്മില്‍ തല്ലി പിരിഞ്ഞ് മൂന്ന് ഭാഗങ്ങളായ അണ്ണാഡിഎംകെയിലെ അധികാരത്തര്‍ക്കങ്ങള്‍ പാര്‍ട്ടി അണികളെ തന്നെ വെറുപ്പിച്ചിരുന്നു. ഇതിനിടയിലാണ് അണ്ണാഡിഎംകെ വോട്ട് ബാങ്ക് പിടിക്കാന്‍ ബിജെപി സഖ്യത്തിനായി ഔദ്യോഗിക പക്ഷമായ എടപ്പാടി പളനിസാമി വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചത്. ദ്രാവിഡ മണ്ണില്‍ മുന്നേറ്റത്തിന് ബിജെപി കളമൊരുക്കുന്നതിനിടയിലാണ് അണ്ണാദുരൈയുടെ പേര് പറഞ്ഞു പളനിസാമിയും കൂട്ടരും ബിജെപി സഖ്യം വേണ്ടെന്നു വെച്ചത്. തോളില്‍ കയറിയിരുന്ന് വേതാളമായി അണ്ണാഡിഎംകെ വിഴുങ്ങാനുള്ള ബിജെപി തന്ത്രം തമിഴ്നാട്ടില്‍ വിജയിക്കുമെന്ന് കരുതിയ സമയത്താണ് പളനിസാമിയും കൂട്ടരും ബിജെപി സംസ്ഥാന അധ്യക്ഷന്റെ അണ്ണാദുരൈയെ പള്ളുപറഞ്ഞ വാക്കുകള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് പറഞ്ഞു സഖ്യം വിട്ടത്. ഒപ്പം നിന്ന് ഒടുവില്‍ പ്രാദേശിക പാര്‍ട്ടികളെ വിഴുങ്ങി ആ സ്ഥാനം കയ്യടക്കുന്ന ബിജെപി തന്ത്രം തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയുടെ കാര്യത്തിലും പതിവ് രീതിയില്‍ മുന്നോട്ട് നീങ്ങുമ്പോഴാണ് ഇരുകൂട്ടര്‍ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു വന്നതും ഔദ്യോഗിക പക്ഷം ബിജെപി സഖ്യം വിട്ടതും. ഇനി ബിജെപിയ്‌ക്കൊപ്പമില്ലെന്ന് കഴിഞ്ഞ ദിവസം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ ഇടപ്പാടി പറഞ്ഞതോടെ ഒപിഎസായി ബിജെപിയുടെ അവസാന കച്ചിതുരുമ്പ്.

പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഏറ്റവും ചുരുങ്ങിയത് നാല് സീറ്റെങ്കിലും തമിഴ്‌നാട്ടില്‍ ലക്ഷ്യമിടുന്ന ബിജെപി പനീര്‍ശെല്‍വത്തിനേയും കൂട്ടരേയും ഒപ്പം നിര്‍ത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ഒപിഎസിന് മുന്നില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നല്‍കുന്ന സുരക്ഷിതത്വവും സ്ഥാനമാനങ്ങളുമുണ്ട്. പണ്ട് മന്നാര്‍ഗുഡി മാഫിയ എന്ന് വിളിച്ചിരുന്ന ടിടിവി ദിനകരനും ശശികലയുടെ സംഘത്തിനും പണവും പദവിയും മാത്രമാണ് ലക്ഷ്യമെന്ന് പണ്ടേ തെളിയിച്ചതുമാണ്. ഇനി തമിഴ്‌നാട്ടില്‍ നിന്ന് സഖ്യത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം എന്ന് വരുമെന്ന് മാത്രമറിഞ്ഞാല്‍ മതി. ഒപിഎസ് പക്ഷത്തെ മുന്‍നിര്‍ത്തി ബിജെപി കളം പിടിയ്ക്കുമോ എന്നും.

Read more