ഏപ്രില്‍ 22ന്റെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്റെ സൈന്യത്തിനും പങ്കുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യ നയതന്ത്ര തിരിച്ചടി ശക്തമാക്കിയതോടെ ആഗോള തലത്തില്‍ ഭീകരവാദം വളര്‍ത്തുന്ന രാജ്യമെന്ന പേര് കുറച്ചുകൂടി ഉറപ്പോടെ ലോകരാജ്യങ്ങള്‍ പാകിസ്താന് ചാര്‍ത്തി നല്‍കി. അപ്പോഴെല്ലാം വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും യുദ്ധത്തിന്റേയും ഭാഷയില്‍ മാത്രം സംസാരിക്കുന്ന പാകിസ്താന്‍ സൈനിക മേധാവിയും അയാളുടെ നിലപാടുകളും ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായി. സ്വന്തം രാജ്യത്ത് ദ്വിരാഷ്ട്ര വാദം ഉന്നയിച്ച് ബലൂചിസ്ഥാന്‍ വിഘടനവാദം ഉയര്‍ത്തി സര്‍ക്കാരിനും സൈന്യത്തിനും നേര്‍ക്ക് ആക്രമണം നടത്തുമ്പോഴാണ് അതിര്‍ത്തിയ്ക്കപ്പുറത്ത് ഭീകരവാദത്തിന് പാകിസ്താന്‍ സൈനിക മേധാവിയുടെ ഒത്താശ.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും പദ്ധതിയും നടപ്പാക്കിയത് മൂന്ന് പേരാണ് എന്നാണ് സൈന്യം കണ്ടെത്തിയിരിക്കുന്നത്. ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ ഹഫീസ് സെയ്ദും, ഡെപ്യൂട്ടി സെയ്ഫുള്ള കസൂരിയുമാണ് സൂത്രധാരന്‍മാരെന്നും ഇവര്‍ക്കൊപ്പം പദ്ധതി നടപ്പാക്കാന്‍ കശ്മീരിലെത്തിയ മൂന്നാമന്‍ ഹഷിം മൂസയുമാണെന്നാണ് സുരക്ഷസേന കണ്ടെത്തിയത്. ഇതില്‍ ഹഷിം മൂസ കിഴക്കന്‍ കശ്മീരിലെ കാടുകളില്‍ ഒളിച്ചിരുപ്പുണ്ടെന്നും ഇയാളെ ജീവനോടെ പിടികൂടുന്നതിലൂടെ പാകിസ്താന്റെ പങ്ക് ലോകത്തിന് മുന്നില്‍ എല്ലാ തെളിവുകളോടേയും തുറന്നുകാട്ടാമെന്നും ഇന്ത്യന്‍ സൈന്യം കരുതുന്നു. ഇനി ഇവിടെയാണ് പാക് ജനറിലിന്റെ ഇടപെടല്‍ സംശയാധീതമാകുന്നത്.
ഹാഷിം മൂസ പാകിസ്ഥാന്റെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍ പാരാ കമാന്‍ഡോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ലഷ്‌കര്‍-ഇ- തൊയ്ബയില്‍ ചേര്‍ന്നു, അതിനുശേഷം നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായി. 2023 ല്‍ ഹഷിം മൂസ ഇന്ത്യയിലേക്ക് കടന്നതായാണ് സംശയിക്കപ്പെടുന്നത്. പഹല്‍ഗാം ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിരപരാധികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തിലെ പ്രധാന കുറ്റവാളികളില്‍ ഹാഷിം മൂസയ്‌ക്കൊപ്പം ഉണ്ടായിരുന്നവര്‍ ആദില്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ സൈനിക നേതൃത്വം ഉത്തരവിടാനുണ്ടായ കാരണങ്ങളെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ പലവിധ ചര്‍ച്ചകളും ഉണ്ടായിരുന്നു. പഹല്‍ഗാം ഭീകരാക്രമണം പോലെ അതിരുകടന്ന വെറിപിടിച്ച നടപടിയ്ക്ക് പിന്നില്‍ പാകിസ്താനിലെ അധികാരനേട്ടമാണ് അസിം മുനിറിന്റെ ആത്യന്തിക ലക്ഷ്യമെന്ന് കരുതപ്പെടുന്നു. വലിയ തിരിച്ചടി പാകിസ്താന് ഉണ്ടാകുമെന്ന് വ്യക്തമായിരിക്കെയാണ് അതിര്‍ത്തി കടന്ന ഭീകരവാദത്തിന് പാക് സൈനിക മേധാവി പച്ചകൊടി കാണിച്ചത്. ബലൂച് വിമത പ്രവര്‍ത്തനത്തിന് ഇന്ത്യ പിന്തുണയ്ക്കുന്നതിനുള്ള പ്രതികാരമെന്ന നിലയില്‍ ചര്‍ച്ച കൊണ്ടുപോകാനാണ് സയ്യിദ് അസിം മുനീർ അഹമ്മദ് ഷാ ശ്രമിച്ചത്. പിന്നീട് പാക് സര്‍ക്കാര്‍ പഹല്‍ഗാം ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. കരസേനാ മേധാവി ജനറല്‍ അസിം മുനീറിന്റെ സ്ഥാനം സര്‍ക്കാരിന് മേലെ ഉറപ്പിച്ചു വീണ്ടും ഒരു പട്ടാള ഭരണത്തിലേക്ക് പാകിസ്താനെ കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാജ്യത്തിനുള്ളില്‍ അസ്വസ്ഥതയ്ക്ക് വിത്തുപാകിയത്.
പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നീക്കത്തിന് തയ്യാറെത്താല്‍ എതിരാളിയായ രംഗത്തുണ്ടാവുക ജനറല്‍ അസിം മുനീറായിരിക്കുമെന്ന പാക് ജനറലിന്റെ കണക്കുകൂട്ടല്‍ പാക് രാഷ്ട്രീയത്തില്‍ പ്രധാനമാണ്. ഇന്ത്യയ്‌ക്കെതിരായി ജനങ്ങളെ തിരിച്ചു വിരോധമുണ്ടാക്കാനുള്ള ശ്രമം പല പ്രസംഗങ്ങളിലും പാക് സേന മേധാവി നടത്തിയതാണ്. ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ പാക് സര്‍ക്കാര്‍ പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പാകിസ്ഥാനുമായുള്ള ഈ തവണത്തെ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ വിജയത്തിന്റെ താക്കോലിരിക്കുന്നത് പഹല്‍ഗാം പ്രകോപനത്തിന് ഉത്തരവിട്ട ജനറല്‍ മുനീറിന്റെ ലക്ഷ്യം മനസിലാക്കി വേണമെന്നാണ് നയതന്ത്രവിദഗ്ധര്‍ പറയുന്നുന്നത്. ജനറല്‍ മുനീര്‍ പാകിസ്താനില്‍ ഒന്നിലധികം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പാക് പ്രധാനമന്ത്രിയായിരുന്നു ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവായ ഇമ്രാന്‍ ഖാനെ തടവറയിലാക്കിയതിന് പാക് ജനങ്ങള്‍ക്കും പ്രവാസികള്‍ക്കിടയിലും സ്വദേശത്തും വിദേശത്തും അസിം മുനീറിനെതിരെ പ്രതിഷേധമുണ്ട്. ബലൂചിസ്താനില്‍ പാക് സൈന്യത്തിന് നേരെ ബോംബെറിഞ്ഞു വിഘടനവാദികളുണ്ട്. ഇവിടെയാണ് യുദ്ധകാഹളത്തിനായി പാക് ജനറല്‍ പഹല്‍ഗാം തിരഞ്ഞെടുത്തത്.
യുദ്ധം പോലെ ഒരു രാജ്യത്തെ ഒന്നിപ്പിക്കാന്‍ മറ്റൊന്നിനും കഴിയില്ല എന്നതാണ് രാജതന്ത്രം. തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ പലയിടത്തും പല സര്‍ക്കാരും ഈ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ യുദ്ധമുണ്ടായാല്‍ രാജാവിനെതിരെ ചോദ്യം ഉയരില്ല. പട്ടിണിയും പരിവട്ടവും രാജ്യത്തിനുള്ളില്‍ വിഘടനവാദവും പ്രവാസികളുടേയും ജനങ്ങളുടേയും പ്രതിഷേധവും പാകിസ്താനെ തളര്‍ത്തുമ്പോഴാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടാകുന്നത്. സാമ്പത്തിക മാന്ദ്യവും, നാല് പ്രവിശ്യകളില്‍ രണ്ടെണ്ണത്തില്‍ സായുധ വിമതര്‍ കലാപം നടത്തുന്നതും, സൈന്യത്തിന്റെ ജനപ്രീതി ഏറ്റവും താഴ്ന്ന നിലയിലുമായതിനാല്‍, പാകിസ്ഥാന്‍ ഒരു സൈനിക ഏറ്റുമുട്ടലിനായി കാത്തിരിക്കുകയാണ്. 1971ലെ ബംഗ്ലാദേശ് വിഭജനത്തിനുശേഷം, പാകിസ്ഥാന്‍ ആഭ്യന്തര തകര്‍ച്ചയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ഇന്ത്യയെ പ്രകോപിപ്പിച്ച് യുദ്ധസാഹചര്യം ഉണ്ടാക്കിയെടുത്തത്. പക്ഷേ വിചാരിച്ചതിന് അപ്പുറത്തേക്ക് പാകിസ്താനെ തളര്‍ത്തുകയാണ് പഹല്‍ഗാമില്‍ ലക്ഷ്യമിട്ട വിദ്വേഷപ്രചാരണം നടക്കാതെ പോയതും കശ്മീര്‍ ജനത ഒന്നടങ്കം പ്രകടമായി തന്നെ പാകിസ്താനെതിരെ രംഗത്ത് വന്നതും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്നടക്കം നേരിടുന്ന തിരിച്ചടിയും ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളും.