പറഞ്ഞാല്‍ കേള്‍ക്കാത്ത കളക്ടര്‍മാർ ഉണ്ടാകുന്നത് എന്തുകൊണ്ട്

ജില്ലാ കളക്റ്റര്‍മാരെ ഫോണില്‍ വിളിച്ചിട്ട് എടുക്കുന്നില്ലന്നും ഏല്‍പ്പിച്ച ജോലികള്‍ അവര്‍ ചെയ്യുന്നില്ലന്നും ജില്ലാ കളക്റ്റര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിതപിച്ചതായി മാധ്യമങ്ങളില്‍ കണ്ടു. മുഖ്യമന്ത്രിയെന്നാല്‍ ഭരണഘടനാ പ്രകാരം സ്റ്റേറ്റിന്റ ചീഫ് എക്‌സിക്കുട്ടീവാണ്. എന്ന് വച്ചാല്‍ സ്‌റ്റേറ്റിന്റെ ഭരണകാര്യങ്ങള്‍ നോക്കി നടത്തേണ്ടയാള്‍. അതിനായി മുഖ്യമന്ത്രി രൂപീകരിക്കുന്ന ഒരു സംവിധാനമാണ് മന്ത്രിസഭയും മന്ത്രിമാരുമൊക്കെ. ഒരു സംസ്ഥാനത്തിന്റെ ഭരണപരമായ എല്ലാ അധികാരങ്ങളും നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രിയും അദ്ദേഹമുണ്ടാക്കുന്ന മന്ത്രി സഭയിലുമാണ്.

ആ സംവിധാനത്തിന് കീഴിലാണ് ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ജില്ലാ കളക്റ്റര്‍മാരും മുതല്‍ താഴോട്ട് വില്ലേജ് ഓഫീസര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥ വൃന്ദം. അപ്പോള്‍ ഏല്‍പ്പിച്ച പണികള്‍ ചെയ്യാന്‍ കളക്റ്റര്‍മാര്‍ സന്നദ്ധരാകുന്നില്ലന്ന് മുഖ്യമന്ത്രി പരിതപിക്കുമ്പോള്‍ ആരാണ് അതിന് ഉത്തരവാദി. അദ്ദേഹവും അദ്ദേഹത്തിന്റെ ഓഫീസും തന്നെയെന്ന് വ്യക്തമാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ എ എ സുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സാധാരണഗതിയില്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശങ്ങളുമൊക്കെ നല്‍കാറുള്ളത്. എന്നാല്‍ സ്വര്‍ണ്ണക്കളളക്കടത്തില്‍ ആരോപണ വിധേയനാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെ ശിവശങ്കരന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തായി. ഇപ്പോള്‍ അവിടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് കെ എം എബ്രഹാം എന്ന റിട്ടയേര്‍ഡ് ഐ എ എസുകാരനാണ്. റിട്ടയേര്‍ഡ് ഐ എ എസുകാരനെ കളക്റ്റര്‍ പോയിട്ട് വില്ലേജാഫീസിലെ ശിപാശി പോലും മൈന്‍ഡ് ചെയ്യുകയില്ലന്ന് ആര്‍ക്കാണ് അറിയാത്തത്.

ചുരുക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംസ്ഥാനത്തിന്റെ ഭരണത്തെ ഏകോപിപ്പിക്കാന്‍ ഒരു സംവിധാനവും ഇല്ലന്നര്‍ത്ഥം. ജില്ലാ ക്‌ളക്റ്റര്‍മാര്‍ക്ക് വിപുലമായ അധികാരമാണ് ചട്ടങ്ങള്‍ നല്‍കിയിരിക്കുന്നത്. ജില്ലയിലെ എല്ലാ വകുപ്പുകളുടെയും അതോടൊപ്പം ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയില്‍ കോടതിയുടെ അധികാരവുമുള്ളയാളാണ് ജില്ലാ ക്‌ളക്റ്റര്‍. അത് കൊണ്ട് തന്നെ മുഖ്യമന്ത്രിമാരുടെ ഓഫീസില്‍ സീനീയര്‍ ഐ എ എസുകാരായ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ജില്ലാ ക്‌ളക്റ്റര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നതും അവരെക്കൊണ്ട് മന്ത്രി സഭയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിക്കുന്നതും. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ അത്തരത്തിലുള്ള വളരെ സീനിയറായ സിവില്‍ സര്‍വന്റുകള്‍ ഇല്ല എന്നതാണ് യഥാര്‍ത്ഥ്യം. നിലവില്‍ ഉള്ള ഐ എ എസുകാരനും ഐ ആര്‍ എസുകാരനും റിട്ടയര്‍ ചെയ്തവരാണ്. ചുരുക്കത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ കാര്യനിര്‍വ്വഹണാധികാരമുള്ള ഉദ്യോഗസ്ഥന്‍ ആരെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല.

അതോടൊപ്പം തന്നെ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ പലരും രാഷ്ട്രീയ നിയമനങ്ങളിലൂടെ വന്നവരാണ്. രാഷ്ട്ീയ നിയമനങ്ങളെ പൊതുവെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍മാര്‍ പലപ്പോഴും പുശ്ചത്തോടെയാണ് കാണാറുള്ളത്. അത് കൊണ്ട് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പല സമയത്തും അതിരുകള്‍ ലംഘിച്ചിട്ടുമുണ്ട്.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രഗല്‍ഭയായ ഷീലാ തോമസായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ദിനേഷ് അറോറയും. പിണറായി വിജയന്റെ ആദ്യ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌സെക്രട്ടറിയായത് ശിവശങ്കരനാണ് . പിന്നീട് അദ്ദേഹം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. അതിനുശേഷം ജയിലിലും സസ്‌പെന്‍ഷനിലുമായി . അവിടം മുതല്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥ വൃന്ദത്തെ നിയന്ത്രിക്കാന്‍ ആ ഓഫീസില്‍ കാര്യമായങ്ങനെ ആരും ഉണ്ടായില്ല. അതിന്റെ ദോഷവും അവിടെയുണ്ടായി.

Read more

ഭരണം എന്നത് വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനമാണ്. അത് നടക്കണമെങ്കില്‍ കാര്യ പ്രാപ്തിയുള്ള മികച്ച സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ ഭരണത്തിന്റെ തലപ്പത്ത് വയ്കകയും അവര്‍ക്ക് തങ്ങളുടെ ജോലി നന്നായി ചെയ്യാനുള്ള അവസരങ്ങള്‍ രാഷ്ട്രീയ നേതൃത്വം ഒരുക്കി നല്‍കുകയും വേണം. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ ദിവസവും ജില്ലാ കളക്‌ററര്‍മാരെ വിളിച്ചുണര്‍ത്തേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്റ്റര്‍മാരുമായും വകുപ്പ് അധ്യക്ഷന്‍മാരെയും ആശയവിനിമയം നടത്താനുള്ള കഴിവും മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അവരെക്കൊണ്ട് നടത്തിച്ചെടുക്കാനുള്ള പ്രാപ്തിയും വേണം. അല്ലങ്കില്‍ ഇങ്ങനെ പരിതപിച്ച് കാലം കഴിക്കേണ്ടി വരും