യുപി ഉപമുഖ്യമന്ത്രിയുടെ ഡല്‍ഹി 'സ്റ്റേ', ബിജെപിയുടെ ഉത്തര്‍പ്രദേശിലെ ബ്രാഹ്‌മണ മുഖത്തിന് ഡല്‍ഹി ദൗത്യം ഏല്‍പ്പിച്ചതിന് പിന്നിലെ തന്ത്രമെന്ത്?

ഫെബ്രുവരി അഞ്ചിന്റെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കരുതലോടെയാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. 27 വര്‍ഷമായി പാര്‍ട്ടി തലസ്ഥാന നഗരത്തില്‍ ഭരണം നേടിയിട്ട്. 98ല്‍ കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത് ഹാട്രിക് ഭരണത്തിലേക്ക് വരും മുമ്പ് സുഷമ സ്വരാജാണ് ബിജെപിയ്ക്ക് വേണ്ടി ഡല്‍ഹി അവസാനമായി ഭരിച്ച മുഖ്യമന്ത്രി. ഈ സാഹചര്യത്തിന് അറുതി വരുത്താനാണ് ബിജെപിയുടെ സര്‍വ്വവും ഒന്നിച്ച് ചേര്‍ത്തെടുത്ത് കൊണ്ടുള്ള പ്രചാരണം. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് ഭായ്ജയന്ത് ജയ് പാണ്ഡെയാണ് ഡല്‍ഹി ഘടകത്തെ തിരഞ്ഞെടുപ്പില്‍ നയിക്കുന്നത്. ഈ സാഹചര്യത്തിലും ഉത്തര്‍പ്രദേശിലെ നേതാക്കളെ ഡല്‍ഹിയില്‍ ഇറക്കിയാണ് ബിജെപി ഭരണം പിടിക്കാന്‍ പ്രചാരണം കടുപ്പിക്കുന്നത്. അത്തരത്തില്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിമാരില്‍ ഒരാളായ ബ്രജേഷ് പഥകിനാണ് ഡല്‍ഹിയില്‍ ബിജെപി പ്രത്യേക ചുമതല നല്‍കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഫെബ്രുവരി 5-ന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് പലകുറി കേന്ദ്രതലസ്ഥാനത്തെത്തി. പക്ഷേ തിരഞ്ഞെടുത്ത പൊതുയോഗങ്ങളില്‍ പ്രസംഗിച്ച് ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ മറ്റൊരു ഉപമുഖ്യമന്ത്രിയായ ബ്രജേഷ് പഥക്കിന് പാര്‍ട്ടി നല്‍കിയിരിക്കുന്ന ചുമതല കുറച്ചുകൂടി വലുതാണ്. വോട്ടെടുപ്പ് കഴിയും വരെ യുപി ഉപമുഖ്യമന്ത്രിയോട് ദേശീയ തലസ്ഥാനത്ത് തുടരാനാണ് പാര്‍ട്ടി പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തിലെ 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുകയാണ് പഥക്കിന്റെ ചുമതല.

യുപിയിലെ ബിജെപിയുടെ ബ്രാഹ്‌മണ മുഖമാണ് പഥക്. അടുത്തിടെ കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളിലെല്ലാം ജാതീയ രീതി നിര്‍ണായക ഘടകമാക്കിയാണ് മുഖ്യമന്ത്രിമാരെ ബിജെപി തിരഞ്ഞെടുത്തത്. 2023 ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഡില്‍ ആദിവാസി മുഖ്യമന്ത്രിയേയും അതിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയേയും രാജസ്ഥാനില്‍ ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയേയും കൊണ്ടുവന്ന് ജാതീയസമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ സവര്‍ണ വോട്ടുകള്‍ കൈമറിയാതിരിക്കാനാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഇടത്ത് തന്നെ ബ്രാഹ്‌മണ മുഖമായി ബ്രജേഷ് പഥക്കിനെ ഉയര്‍ത്തിക്കാട്ടുന്നത്. ഡല്‍ഹിയില്‍ പഥക്കിന് പ്രത്യേക ചുമതല നല്‍കിയ ഇടത്തും വോട്ട് ധ്രുവീകരണമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ജനുവരി 19 ന് തിരഞ്ഞെടുത്ത യുപിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25 പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഘത്തോടൊപ്പമാണ് പഥക്ക് ഡല്‍ഹിയിലെത്തിയത്.

ചാന്ദ്‌നി ചൗക്കില്‍ മുസ്ലീം വോട്ടുകളും എസ് സി വോട്ടുകളുമാണ് വോട്ട് ഷെയറില്‍ കൂടുതലുള്ളത്. ഈ സാഹചര്യത്തില്‍ എസ് സി വോട്ടുകള്‍ക്കൊപ്പം സവര്‍ണ- മധ്യവര്‍ഗ വോട്ടുകള്‍ കൂടി ഒപ്പം ചേര്‍ത്ത് 10 മണ്ഡലങ്ങള്‍ പിടിച്ചെടുക്കുകയാണ് ബിജെപി ലക്ഷ്യംവെക്കുന്നത്. ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയില്‍ പഥക്കിനെ ഉള്‍പ്പെടുത്തിയിരുന്നു കേന്ദ്രം. തിരഞ്ഞെടുപ്പ് റാലികള്‍ക്ക് ചില പ്രത്യേക ഇടങ്ങളില്‍ പഥക്കിനെ ഉപയോഗിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച ബിജെപിയുടെ വക്താവ് ഷെഹ്സാദ് പൂനവല്ല നടത്തിയ ഒരു പരാമര്‍ശം വോട്ട് ബാങ്കില്‍ തിരിച്ചടി നല്‍കുമെന്ന് ബിജെപി തിരിച്ചറിഞ്ഞതോടെ ബ്രജേഷ് പഥക്കിന്റെ ചുമതല കൂടി. ദേശീയ തലസ്ഥാനത്ത് 24 മണിക്കൂറും നിര്‍ണായക നീക്കങ്ങള്‍ക്ക് പാര്‍ട്ട് ബ്രജേഷ് പഥക്കിനെ നിയോഗിച്ചു. പൂനേവാലയുടെ പരാമര്‍ശം പൂര്‍വാഞ്ചലികളെ അപമാനിക്കുന്നതായതോടെയാണ് ബിജെപി ഡല്‍ഹിയില്‍ പ്രതിസന്ധിയിലായത്. കിഴക്കന്‍ യുപി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളെയാണ് ഡല്‍ഹിയില്‍ പൂര്‍വ്വഞ്ചാലികള്‍ എന്ന് പറയുന്നത്. ഡല്‍ഹിയിലെ മൂന്നിലൊന്ന് വോട്ട് ഈ പൂര്‍വ്വഞ്ചാലികള്‍ക്ക് ആണെന്നിരിക്കെയാണ് ബിജെപി വക്താവിന്റെ ടിവി ചര്‍ച്ചയിലെ പരാമര്‍ശം ബിജെപിയെ വലച്ചത്.

ടെലിവിഷന്‍ സംവാദത്തിനിടെ പൂനവല്ലയും എഎപി വക്താവ് ഋതുരാജ് ഝായും സര്‍നെയിമുമായി ബന്ധപ്പെട്ട് നടത്തിയ തര്‍ക്കത്തിലാണ് ബിജെപി നേതാവിന്റെ പരാമര്‍ശം പൂര്‍വാഞ്ചലി സമുദായത്തെ അവഹേളിക്കുന്നതായി മാറിയത്. ഡല്‍ഹിയിലെ വോട്ടര്‍മാരില്‍ മൂന്നിലൊന്ന് വരുന്ന സമുദായം ഇവരായതിനാല്‍ യുപിയില്‍ നിന്നെത്തിയ പൂര്‍വാഞ്ചലികളെ മയപ്പെടുത്തുകയാണ് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന് കിട്ടിയ ചുമതല. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ക്ഷേത്ര പൂജാരിമാര്‍ക്ക് 18,000 രൂപ പ്രതിമാസ ഓണറേറിയം പ്രഖ്യാപിച്ചതിന് പിന്നാലെ എഎപിയെ നേരിടാന്‍ പഥക്കിനെ ഉപയോഗിക്കാന്‍ പാര്‍ട്ടിയുടെ ഉന്നതര്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനിടയിലാണ് അധിക ചുമതല യുപി ഉപമുഖ്യമന്ത്രിയുടെ ചുമലിലായത്.

Read more