ആരാണ് വൃക്കയുമായി ഓടുന്നത്

 

കൊച്ചിയില്‍ നിന്ന് ആ ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍കോളജിലെത്തിയപ്പോള്‍ വൃക്കയുമെടുത്ത്്‌കൊണ്ടാരാള്‍ ഓപ്പറഷന്‍ തീയറ്ററിലേക്കോടി എന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞത്. ആരാണയാള്‍? അത് പോലും തിരക്കാന്‍ അവിടെ ആരുമുണ്ടായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരവധി ഓപ്പറേഷന്‍ തീയറ്ററുകളുണ്ട്. വൃക്കയുമെടുത്ത് കൊണ്ടോടിയ പാവം ആംബുലന്‍സ് ഡ്രൈവര്‍ക്കറിയില്ല ഏത് ഓപ്പറഷേന്‍ തീയറ്ററിലാണ് കാരക്കോണം സ്വദേശി സുരേഷ് കുമാര്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകാന്‍ കിടക്കുന്നതെന്ന്.

ആലുവ രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയുമായാണ് മൂന്ന് മണിക്കൂര്‍ കൊണ്ട് ഗ്രീന്‍ ചാനലിലൂടെ ആംബുലന്‍സ് കഴിഞ്ഞ ഞായാറാഴ്ച വൈക്കീട്ട് 5.30 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയത്. അവിടെ മുന്‍ ഐ ടി ഐ അധ്യപകന്‍ കൂടിയായ അറുപത്തിരണ്ട് വയസുള്ള സുരേഷ്‌കുമാര്‍ വൃക്ക മാറ്റിവയ്കല്‍ ശസ്ത്രക്രിയക്കായി അതീവ ഗുരുതരാവസ്ഥയില്‍് കിടക്കുകയായിരുന്നു. എറണാകുളത്ത് നിന്ന് 2.30 പുറപ്പെട്ട് വൈകീട്ട് 5.30 ന് തന്നെ വൃക്കയുമായി മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും ശസ്ത്രക്രിയ ആരംഭിച്ചത് രാത്രി 9.30 ഓടെയായിരുന്നു. ഓപ്പറേഷന്‍ വിജയിച്ചില്ല. സുരേഷ് കുമാര്‍ ജീവതത്തില്‍ നിന്ന് വിടവാങ്ങി.

ആരോഗ്യ രംഗത്ത് കേരളം യുറോപ്യന്‍ നിലവാരത്തിന് തുല്യമാണ് എന്നാണ് അവകാശ വാദം. അത് പൊളിയാണെന്നാരു പറഞ്ഞാലും സി പി എം സമ്മതിച്ചു തരില്ല. പിന്നെ എന്തിനാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ചിലവില്‍ അമേരിക്കയില്‍ പോകുന്നതെന്ന് ചോദിച്ചാലോ അതിനും ഉത്തരമില്ല.

ആരോഗ്യരംഗത്ത് കേരളം നേരിടുന്ന വലിയ പ്രതിസന്ധിയുടെ നേര്‍ ചിത്രമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നമ്മള്‍ കണ്ടത്. വൃക്ക മാറ്റിവച്ചാല്‍ മാത്രം രക്ഷപ്പെടാന്‍ സാധ്യതയുള്ള ഒരു രോഗിയുടെ കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ കാട്ടിയ കൊടിയ അലംഭാവം കേരളത്തിലെ ആരോഗ്യരംഗം എവിടേക്ക് എന്ന ചോദ്യത്തിലേക്ക് നമ്മെ കൊണ്ടെത്തിച്ചിരിക്കുകയാണ്.

കെ കെ ഷൈലജ മാറി വീണാ ജോര്‍ജ്ജ് മന്ത്രിയായതോടെ ആരോഗ്യ വകുപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണം സെക്രട്ടറിയേറ്റില്‍ നിന്ന് എ കെ ജി സെന്ററിലേക്ക് മാറി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി പി എം സംസ്ഥാന കമ്മിറ്റിയംഗം നിയമിതനായതോടെ വകുപ്പിന്റെ ഭരണം പൂര്‍ണ്ണമായി പാര്‍ട്ടിയുടെ കൈകളില്‍ അമര്‍ന്നു. അതിന്റെ തിക്തഫലമാണ് കേരളത്തിലെ ആരോഗ്യം രംഗം ഇപ്പോള്‍ അനുഭവിക്കുന്നത്.

ഞായാറാഴ്ച വൈകീട്ട് എറണാകുളത്ത് നിന്നും ആംബുലന്‍സില്‍ വൃക്കയെത്തുമ്പോള്‍ അത് സ്വീകരിക്കാനും, രോഗിയെ ശസ്ത്രക്രിയക്ക് തെയ്യാറെടുപ്പിക്കാനും മെഡിക്കല്‍ കോളജില്‍ ആരുമുണ്ടായിരുന്നില്ല. ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ആംബുലന്‍സില്‍ ഉണ്ടാകേണ്ടതായിരുന്നു, അതുണ്ടായില്ല, മെഡിക്കല്‍ കോളജില്‍ എത്തുമ്പോള്‍ വൃക്ക ഏറ്റുവാങ്ങി ഓപ്പറേഷന്‍ തീയറ്ററില്‍ എത്തിക്കാന്‍ സീനിയര്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വലിയൊരു സംഘത്തെ അവിടെ നിയോഗിക്കണം. അതുണ്ടായില്ല പിന്നീട് ശസ്ത്രക്രിയ കഴിയും വരെ ഉണ്ടാകേണ്ടത്് സീനിയര്‍ ഡോക്ടര്‍മാരും നഴ്‌സുമ്മാരും അടങ്ങുന്ന സംഘത്തിന്റെ കൃത്യമായ ഏകോപനമാണ്. അതും ഉണ്ടായില്ല.

 

കൊച്ചിയില്‍ നിന്ന് വൃക്കയുമായി ആംബുലന്‍സ് 5.30 ന് തിരുവനനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയിട്ടും ഓപ്പറേഷന്‍ തുടങ്ങിയത് രാത്രി 9.30 മണിക്കാണ്. വിലയേറിയ നാല് മണിക്കൂറുകളാണ് അവിടെ നഷ്ടപ്പെട്ടത്. ആരാണ് ഇതിന് സമാധാനം പറയേണ്ടത്? മെഡിക്കല്‍ കോളജ് അധികൃതര്‍ തന്നെയാണ് ഇതില്‍ ഒന്നാം പ്രതി, രണ്ടാം പ്രതി ആരോഗ്യവകുപ്പും മന്ത്രിയും. വിവിധവകുപ്പുകളെ കുറിച്ച് മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏറ്റവും മോശം വകുപ്പായി പരിഗണിച്ചിരിക്കുന്നതും ആരോഗ്യ വകുപ്പിനെയാണ്.

അവയവമാറ്റ ശസ്ത്രക്രിയ നടക്കുമ്പോള്‍ കൃത്യമായി പാലിക്കേണ്ട പ്രോട്ടോക്കോള്‍ അവിടെ പാലിക്കപ്പെട്ടില്ല, അതാണ് ഒരു ആംബുലന്‍സ് ഡ്രൈവര്‍ക്ക് വൃക്കയുമെടുത്ത് ഓടേണ്ടി വന്നത്്. രോഗിയുടെ മരണത്തെത്തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും, മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകകയും ചെയ്തപ്പോള്‍ മാത്രമാണ് ആരോഗ്യ വകുപ്പ് അനങ്ങിത്തുടങ്ങിയത്്. രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സസ്‌പെന്‍ഷന്‍ശിക്ഷാ നടപടിയല്ലന്ന് എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. കുറച്ച് ദിവസം കഴിയുമ്പോള്‍, ഈ ചൂടും പുകയും അടങ്ങുമ്പോള്‍ ആ ഡോക്ടര്‍മാരെ നമുക്ക് മെഡിക്കല്‍ കോളജിനുള്ളില്‍ കാണാം.

സംഭവത്തിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ നടപടിയെന്നാണ് മന്ത്രി പറയുന്നത്, നടപടിയുണ്ടാവുകയോ ഇല്ലാതിരിക്കുകയോ എന്നതല്ല വിഷയം. എന്താണ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ലാത്തത് ? വി ഐ പി പരിഗണയില്ലാത്ത ഏതൊരാള്‍ ചെന്നാലും അവിടെ ആരും തിരഞ്ഞ് പോലും നോക്കാത്തത് എന്ത് കൊണ്ടാണ്?

നമ്മുടെ ആരോഗ്യ രംഗം പൂര്‍ണ്ണമായും രാഷ്ട്ീയ -ഉദ്യോഗസ്ഥ ദുഷ് പ്രഭുക്കളുടെ കയ്യിലമര്‍ന്നിരിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. കേരളത്തിന്റ ആരോഗ്യരംഗം ലോകോത്തരമെന്നൊക്കെ കാശ് കൊടുത്ത് പി ആര്‍ ഏജന്‍സികളെക്കൊണ്ടെഴുതിക്കാന്‍ കഴിയും, എന്നാല്‍ വേദനിപ്പിക്കുന്ന ഇത്തരം സംഭവങ്ങളില്‍ നിന്ന് സത്യം നാം മനസിലാക്കിക്കൊണ്ടിരിക്കുന്നു.