പ്രിയങ്ക ഗാന്ധി രാജസ്ഥാനിലെ ചിത്തോര്‍ഗഢിലെത്തുമ്പോള്‍

രജപുത്ര ചരിത്രത്തിന്റെ അപദാന കഥകളുടെ ഈറ്റില്ലമായ ചിത്തോര്‍ഗഢില്‍ കോണ്‍ഗ്രസിന്റെ നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ വന്നിറങ്ങിയപ്പോഴൊക്കെ വിജയം രുചിച്ചിട്ടുണ്ട് കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം രുചിച്ച വന്‍ പരാജയത്തിന് ശേഷം 1980ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ദിരാഗാന്ധി ചിത്തോര്‍ഗഢിലെത്തിയതിന് പിന്നാലെ വന്‍ വിജയമാണ് കോണ്‍ഗ്രസിനെ കാത്തിരുന്നത്. 1998ല്‍ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സോണിയ ഗാന്ധി ചിത്തോര്‍ഗഢിലെത്തിയപ്പോഴും കോണ്‍ഗ്രസ് വിജയ തേരിലേറി. ഇക്കുറി രാജസ്ഥാനില്‍ തുടര്‍ ഭരണത്തിന് വലിയ വിജയപ്രതീക്ഷയോടെ കോണ്‍ഗ്രസ് പ്രചരണത്തില്‍ മുന്നേറുമ്പോള്‍ മുന്നില്‍ നിന്ന് നയിക്കുന്നത് ഇന്ദിരാ ഗാന്ധിയുടെ ചെറുമകളായ പ്രിയങ്ക ഗാന്ധിയാണ്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോണ്‍ഗ്രസിന്റെ സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങളെയെല്ലാം സമര്‍ത്ഥമായി അണിയറയിലൊതുക്കി നിര്‍ത്തി ഇന്ദിരയുടെ ചെറുമകള്‍ രാജസ്ഥാനിലെ ചര്‍ച്ചകളില്‍ സമവായം കണ്ടെത്തിയിരിക്കുന്നു. ഇന്ദിര ഗാന്ധി ആദ്യമായി ചിത്തോര്‍ഗഢിലെത്തിയപ്പോള്‍ കോണ്‍ഗ്രസിനെ തുണച്ച വിജയചരിത്രം സോണിയ ഗാന്ധിയുടെ ആദ്യ ചിത്തോര്‍ഗഢ് ക്യാമ്പെയിനിലും 98ല്‍ ആവര്‍ത്തിച്ചു. ഇക്കുറി നവംബര്‍ 17ന് പ്രിയങ്ക ഗാന്ധി രാജസ്ഥാനിലെ ചിത്തോര്‍ഗഢിലെത്തുമ്പോള്‍ കോണ്‍ഗ്രസുകാരുടെ മനസില്‍ ആ വിജയ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ്.

നെഹ്‌റു കുടുംബത്തിലെ സ്ത്രീകളുടെ ആദ്യ ചിത്തോര്‍ഗഢ് സ്റ്റാര്‍ ക്യാമ്പെയ്‌നിംഗ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കോണ്‍ഗ്രസിന് എന്നും പോസിറ്റീവാണെന്നിരിക്കെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സംഘവും തുടര്‍ ഭരണ പ്രതീക്ഷയിലാണ്. നവംബര്‍ 25ന് നടക്കുന്ന വോട്ടെടുപ്പില്‍ രാജസ്ഥാനിലെ പൊതുവെയുള്ള രാഷ്ട്രീയ രീതിയ്ക്ക് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഒരേ സര്‍ക്കാരിന് രണ്ടാമതൊരവസരം കൊടുക്കുന്ന പതിവ് രാജസ്ഥാന്‍കാര്‍ക്കില്ല. എന്നാല്‍ ഇക്കുറി ആ പതിവ് തെറ്റുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസുകാര്‍. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ചുമതലയേറ്റെടുത്ത് പ്രിയങ്ക ഗാന്ധി മുന്നില്‍ നിന്ന് നയിക്കുന്ന തിരഞ്ഞെടുപ്പ് തുടര്‍ഭരണത്തിന് അവസരമൊരുക്കുമെന്ന് ഗെഹ്ലോട്ടും സച്ചിനുമെല്ലാം കരുതുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കം ശക്തമാണെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് തമ്മില്‍ തല്ലാമെന്നാണ് ഗെഹ്ലോട്ട് പക്ഷവും സച്ചിന്‍ പൈലറ്റ് പക്ഷവും കരുതിയിരിക്കുന്നത്.

ഇനി ചിത്തോര്‍ഗഡിലെ പ്രിയങ്ക ഗാന്ധിയുടെ റാലിയിലേക്ക് വന്നാല്‍ അന്ന് ഇന്ദിരാ ഗാന്ധി വന്നതിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന ഇന്ദിര ഗാന്ധി സ്‌റ്റേഡിയത്തില്‍ തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെ റാലിയുടെ സമ്മേളന വേദി. 5 സീറ്റുകളാണ് ചിത്തോര്‍ഗഢ് കോട്ടയടങ്ങുന്ന ചിത്തോര്‍ഗഢ് ജില്ലയിലുള്ളത്. 1998ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി സ്റ്റാര്‍ ക്യാമ്പെയ്‌നറായി ചിത്തോര്‍ഗഢിലെത്തിയപ്പോള്‍ ഈ അഞ്ചില്‍ നാലും കോണ്‍ഗ്രസ് പിടിച്ചിരുന്നു. സംസ്ഥാന ഭരണവും കോണ്‍ഗ്രസ് നേടി. ഇക്കുറി രാജസ്ഥാനിലെ ജുന്‍ജുനുവിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധിയുടെ ചിത്തോര്‍ഗഢ് സന്ദര്‍ശനം.

1979ല്‍ ഇന്ദിരാ ഗാന്ധി എത്തിയപ്പോള്‍ ഇന്ദിരയെ ഒരു നോക്ക് കാണാന്‍ മണിക്കൂറുകളാണ് ആയിരങ്ങള്‍ ചിത്തോര്‍ഗഢില്‍ കാത്തുനിന്നത്. ആളും ആരവവുമെല്ലാം കാത്തുനിന്ന് വഴിനീളെ ജനങ്ങളെ കണ്ട് 12 മണിക്കൂര്‍ താമസിച്ചാണ് ആദ്യമായി ചിത്തോര്‍ഗഢില്‍ അന്ന് ഇന്ദിര ഗാന്ധിയെത്തിയത്. 80ലെ തിരഞ്ഞെടുപ്പില്‍ 353 സീറ്റിന്റെ വന്‍വിജയമാണ് കോണ്‍ഗ്രസ് നേടിയത്. അന്ന് ഇന്ദിരയുടെ വരവിനെ തുടര്‍ന്ന് ചിത്തോര്‍ഗഢിലെ പാലും പഞ്ചസാരയും തേയിലയും ഉപ്പുമെല്ലാം വമ്പന്‍ ജനസഞ്ചയത്തെ തുടര്‍ന്ന് തീര്‍ന്നുപോയെന്നാണ് പറയുന്നത്. അത്രത്തോളം ആളുകള്‍ തെരുവിലേക്ക് ഇറങ്ങിയതോടെ കടകളിലെ സ്‌റ്റോക്കെല്ലാം തീര്‍ന്നുവത്രേ.

പ്രിയങ്ക ഗാന്ധി ചിത്തോര്‍ഗഢിലെത്തുന്നതോടെ തങ്ങളുടെ പ്രചാരണം തീ പാറുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പാര്‍ട്ടിക്കുള്ളിലെ പോര് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഒന്ന് ഒതുങ്ങിയെങ്കിലും ഗെഹ്ലോട്ടും പൈലറ്റും മുഖ്യമന്ത്രി കസേരയ്ക്കായി പ്രസ്താവനകളിറക്കുന്നത് കോണ്‍ഗ്രസിനെ ഉലയ്ക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ ഗെഹ്ലോട്ട് എന്നാല്‍ ഈ സ്ഥാനം തന്നെ വിട്ടു പോകാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് സച്ചിന്‍ ക്യാമ്പിനെ പരിഹസിച്ചതോടെ, പാര്‍ട്ടി സര്‍ക്കാരിനെ ആര് നയിക്കണമെന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് തിരിച്ചടിച്ചിരുന്നു. ഇതോടെ ഗെഹ്ലോട്ടിനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ താനുമുണ്ടെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ അങ്കം മുറുകി തന്നെയിരിക്കുമെന്ന് ചുരുക്കം. ആര്‍ക്കൊപ്പം കൂടുതല്‍ എംഎല്‍എമാരെന്നതാവും രാജസ്ഥാനിലെ മുഖ്യമന്ത്രിക്കസേരയ്ക്ക് പിന്നിലെ അവകാശവാദങ്ങളുടെ ആണിക്കല്ല്.