കൊട്ടിഘോഷിക്കപ്പെടുന്നത് പോലെ മധ്യവര്‍ഗത്തിന് വലിയ മാറ്റമുണ്ടാക്കുമോ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. ഇന്‍കം ടാക്‌സ് സ്ലാബുകളില്‍ വന്ന മാറ്റം മിഡില്‍ ക്ലാസുകാര്‍ക്ക് പറയുന്ന രീതിയില്‍ ഗുണം ചെയ്യുമോ?. അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇതെങ്ങനെയാണ് ബാധിക്കുക. നേരത്തെ 7 ലക്ഷം മുതല്‍ 12 ലക്ഷം വരെ വരുമാനമുള്ളവര്‍ ഇന്‍കം ടാക്‌സ് അടയ്ക്കണമായിരുന്നു എന്നാല്‍ പുതിയ രീതിയില്‍ 12 ലക്ഷംവരെ ആദായ നികുതി വേണ്ട. ഒരു ലക്ഷം വരെ മാസ ശമ്പളമുള്ളവര്‍ക്ക് ആദായ നികുതിയില്‍ നിന്ന് പരിരക്ഷ ലഭിക്കുന്നു. സ്വാഭാവികമായും മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് വലിയ ഒരാശ്വാസം ബജറ്റ് പ്രഖ്യാപനത്തിലൂടെ കിട്ടുന്നുണ്ട്. ഒരു കോടിയോളം ജനങ്ങള്‍ ഈ പ്രഖ്യാപനത്തോടെ ഇന്‍കം ടാക്‌സില്‍ നിന്ന് പുറത്തുകടന്നു, കൂടുതല്‍ പര്‍ച്ചേസിംഗ് കപ്പാസിറ്റി നേടിയെന്നതാണ് വാസ്തവം.
മിഡില്‍ ക്ലാസുകാരായ ഒരു കോടി പേരെയാണ് തങ്ങള്‍ ഈ തീരുമാനത്തിലൂടെ സന്തുഷ്ടരാക്കിയതെന്നാണ് മോദി സര്‍ക്കാര്‍ പറയുന്നത്. അതായത് ഇന്ത്യയിലെ 31 ശതമാനം വരുന്ന മിഡില്‍ ക്ലാസിന് ഗുണകരമായ തീരുമാനം തങ്ങള്‍ എടുത്തുവെന്ന്. രാജ്യതലസ്ഥാനം നാളെ വോട്ടിംഗിനായി പോകുമ്പോള്‍ മിഡില്‍ ക്ലാസ് വോട്ടുകളില്‍ കണ്ണുവെച്ചാണ് 1ാം തീയ്യതിയിലെ ബജറ്റ് പ്രഖ്യാപനമെന്നത് ഏവര്‍ക്കും അറിയാം. ഡല്‍ഹിയിലെ പ്രധാന വോട്ടുബാങ്ക് മധ്യവര്‍ഗം ആയതിനാല്‍ ഇത് ആരെ സ്വാധീനിക്കാനാണെന്നും വ്യക്തമായിരുന്നു.
31 ശതമാനം വരുന്ന ഇന്ത്യന്‍ മധ്യവര്‍ഗം ഏകദേശം 42 കോടിയോളം ജനങ്ങളാണെന്നാണ് സര്‍ക്കാര്‍ കണക്ക്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ കണക്കില്‍ 2023-24 കാലഘട്ടത്തില്‍ ടാക്‌സ് നല്‍കിയവരുടെ കണക്ക് 10.4 കോടിയാണ്. പ്രത്യക്ഷ നികുതിയിലൂടെ സര്‍ക്കാരിന് പിരിഞ്ഞു കിട്ടിയതാകട്ടെ 19.6 ലക്ഷം കോടി രൂപയും. ഇത് 7 ലക്ഷം വരെ സ്ലാബ് ഉണ്ടായിരുന്ന സമയത്തെ കണക്കാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം 8- 12 ലക്ഷം സ്ലാബിലുള്ളവരും ടാക്‌സ് അടയ്‌ക്കേണ്ടതില്ല. അതായത് ഒരു കോടി പേര്‍ കൂടി ആദായ നികുതിയ്ക്ക് പുറത്തേക്ക് വന്നുവെന്ന്.
മിഡില്‍ ക്ലാസാണ് രാജ്യത്തിന്റെ ശക്തിയെന്നും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതെന്നും ഊന്നിപ്പറഞ്ഞാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചത്. മിഡില്‍ ക്ലാസാണ് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലെന്ന കാര്യം ശരിയാണ്. പക്ഷേ ആദായ നികുതിയില്‍ നിന്ന് രക്ഷപ്പെട്ട മധ്യവര്‍ഗം ആ പണം ഇക്കോണമിയിലേക്ക് തന്നെ ഇറക്കുമെന്നും ആളുകളുടെ പര്‍ച്ചേസിംഗ് കപ്പാസിറ്റി കൂടുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അതായത് ഇന്‍കം ടാക്‌സ് ബാക്കി വെച്ച പണം ജിഎസ്ടിയായി തിരിച്ചുകിട്ടുമെന്ന ലോജിക്. ഡയറക്ട് ടാക്‌സിന് പകരം ഇന്‍ഡയറക്ട് ടാക്‌സിലൂടെ ഇക്കോണമിയില്‍ പണം ഇറങ്ങി തിരിച്ച് സര്‍ക്കാരിലേക്ക് എത്തുന്ന സ്ഥിതി. ഇക്കോണമിയിലേക്ക് കൂടുതല്‍ പണമെത്ത് സമ്പദ് വ്യവസ്ഥ കൂടൂതല്‍ വൈബ്രന്റാക്കുക എന്ന ലക്ഷ്യം.
മിഡില്‍ ക്ലാസ് ജീവിതം കൂടുതല്‍ അപ്‌ഗ്രേഡ് ചെയ്യപ്പെടുകയും അവരുടെ പര്‍ച്ചേസിംഗ് പവര്‍ കൂട്ടുകയുമാണ് ഈ നികുതി പരിരക്ഷ കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. അതായത് 5% ടാക്‌സ് റേറ്റില്‍ നിന്നും 18% ജിഎസ്ടി റേറ്റിലേക്കുള്ള പര്‍ച്ചേസിംഗ് മാറ്റം. അപ്പോള്‍ ശരിക്കും മിഡില്‍ ക്ലാസ് ജീവിതങ്ങളെ രക്ഷപ്പെടുത്തുകയല്ല ധനമന്ത്രിയും സര്‍ക്കാരും ചെയ്യുന്നത്. ഇക്കോണമിയില്‍ വലിയ മാറ്റങ്ങളും കൊണ്ടുവരുന്നില്ല. മാറ്റമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ 18% ജിഎസ്ടിയിലാണ് ആദ്യം തിരുത്തല്‍ വേണ്ടത്. കാരണം എല്ലാവരും ഒരേ പോലെ നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന ഒന്നാണ് ജിഎസ്ടി. എന്തിനുമേതിനും ജിഎസ്ടി എന്ന പറയുമ്പോള്‍ ഇതിലൊരു സ്ലാബ് തരംതിരിവില്ല എന്നോര്‍ക്കണം. പതിനായിരും രൂപ ശമ്പളമുള്ളവനും 10 ലക്ഷം രൂപ ശമ്പളമുള്ളവനും ഒരേ ജിഎസ്ടിയാണ് ഓരോ ഉപഭോഗത്തിലും നല്‍കേണ്ടിവരുന്നത്. ഇത് തന്നെയാണ് ഇത് സാമൂഹിക നീതിയ്ക്ക് ചേര്‍ന്നതല്ല എന്ന് പറയുന്നതിനുള്ള കാരണം.
അങ്ങനെ സര്‍ക്കാരിന് മിഡില്‍ ക്ലാസുകാരുടെ ഭാരം കുറയ്ക്കാനാണെങ്കില്‍ ജിഎസ്ടിയിലാണ് മാറ്റം വരുത്തേണ്ടതെന്ന കാര്യം വ്യക്തമാണ്. ഒരു വശത്തുകൂടെ പണം സേവ് ചെയ്യാന്‍ അവസരം നല്‍കുന്നുവെന്ന് പറഞ്ഞു മറുഭാഗത്തു കൂടി ചോര്‍ത്തുന്നതല്ല മിഡില്‍ ക്ലാസുകാരെ സഹായിക്കല്‍. അതായത് ഒരാള്‍ സമ്പാദിക്കുന്നതിലും കൂടുതല്‍ ചെലവഴിക്കേണ്ട അവസ്ഥയിലേക്ക് ജീവിത ചെലവുകള്‍ കൂട്ടിയിട്ട് സേവിംഗ്‌സ് ഉണ്ടാവട്ടെ എന്ന് പറയുന്നതില്‍ എന്ത് കാര്യമാണ്. ജീവിത ചെലവുകളും വിലക്കയറ്റവും കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ഈ ഒഴിവാക്കലുകള്‍ കൊണ്ട് ശരിക്കും ആര്‍ക്കാണ് ഗുണം.യഥാര്‍ഥ വേതനത്തിലെ മുരടിപ്പ്, സ്വകാര്യനിക്ഷേപത്തിലെ മന്ദഗതി, സങ്കീര്‍ണമായ ജിഎസ്ടി സമ്പ്രദായം തുടങ്ങിയവയാണ് രാജ്യത്തെ സമ്പദ്വ്യവസ്ഥ അനുഭവിക്കുന്ന പ്രധാന രോഗങ്ങളെന്ന് പ്രതിപക്ഷം ബജറ്റിന് പിന്നാലെ പറഞ്ഞുകഴിഞ്ഞതാണ്. ബുള്ളറ്റ് മുറിവിന് ബാന്‍ഡ് എയ്ഡ് നല്‍കുന്ന പ്രവൃത്തിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചത് പോലെ.