മിഡില്‍ ഈസ്റ്റില്‍ രാജ്യങ്ങളെ അസ്ഥിരമാക്കി കാലങ്ങളായി നടക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കിടയില്‍ ആദ്യമായി ഒരു ഗള്‍ഫ് രാഷ്ട്രത്തിന് നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം നടത്തി. യുഎസ് സഖ്യകക്ഷിയായ ഒരു രാജ്യത്തിന്റെ മണ്ണിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയെന്നത് അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിക്കുകയും ചെയ്തു. പലസ്തീനുമായി കാലാകാലങ്ങളായുള്ള യുദ്ധവും സംഘര്‍ഷവും തുടരുമ്പോഴും ഗള്‍ഫ് രാജ്യങ്ങളോടു നേരിട്ട് ഏറ്റുമുട്ടലിന് തുനിയാതിരുന്ന ഇസ്രയേല്‍ ഖത്തറിന്റെ പരാമാധികാരത്തിന് മേല്‍ കടന്നാക്രമണം നടത്തിയതിന്റെ പിന്നിലെ സന്ദേശമെന്തായിരിക്കുമെന്നാണ് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാകുന്നത്. മുമ്പുണ്ടാകാത്ത വിധം ആദ്യമായി എന്ത് കൊണ്ട് ഇസ്രയേല്‍ ദോഹയില്‍ വ്യോമാക്രമണം നടത്തി?. ഗാസ സംബന്ധിച്ച് സമാധാന മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിന് മുന്‍കൈയ്യെടുക്കുന്ന ഖത്തറിന് മേല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം അര്‍ത്ഥമാക്കുന്നതെന്താണ്?. ഗാസയില്‍ സമാധാന ഉടമ്പടിയ്ക്ക് സാധ്യത ഇല്ലാത്ത വിധം ഒരു മുന്നേറ്റത്തിനാണോ ഇസ്രയേല്‍ കോപ്പുകൂട്ടുന്നത്?
ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോള്‍ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുരക്ഷിതരാണ് എന്ന് ഹമാസ് പറയുന്നു. ഗാസയിലെ വെടിനിര്‍ത്തലിനായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നോട്ടു വച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്നെന്നും ചര്‍ച്ചള്‍ക്ക് ഒരുക്കമാണെന്നും ഹമാസ് അറിയിച്ചതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണമെന്നതും പല സംശയങ്ങളും ഗാസ വിഷയത്തില്‍ ഉയര്‍ത്തുന്നുണ്ട്. കിഴക്കന്‍ ജറുസലമില്‍ കഴിഞ്ഞദിവസമുണ്ടായ വെടിവയ്പില്‍ 6 ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടതിനുള്ള മറുപടിയാണ് ഖത്തറിലെ ഹമാസ് നേതാക്കള്‍ക്ക് നേര്‍ക്കുള്ള ആക്രമണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുമ്പോഴും നേരത്തെ ഖത്തറിന് മുന്നറിയിപ്പ് നല്‍കിയെന്ന് യുഎസ് അറിയിക്കുമ്പോഴും മിഡില്‍ ഈസ്റ്റിനെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാന്‍ പോന്ന ഒന്നായി ദോഹയ്ക്ക് മേലുള്ള ഇസ്രയേലിന്റെ ആക്രമണം.
തെമ്മാടി രാജ്യമെന്ന് പേര് വീണ ഇസ്രയേലിന്റെ ആക്രമണത്തെ തെമ്മാടിത്തരമെന്ന് തന്നെയാണ് ഖത്തര്‍ അമീര്‍ വിശേഷിപ്പിച്ചത്. അമേരിക്കയുടെ മയപ്പെടുത്തല്‍ സമീപനങ്ങള്‍ക്ക് നേര്‍ക്കും സ്‌ഫോടന ശബ്ദം കേട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പ് കിട്ടിയതെന്ന തുറന്നുകാട്ടലിലൂടെ ഖത്തര്‍ മുഖം തിരിച്ചു. ഖത്തറിന്റെ പരമാധികാരത്തിന് നേര്‍ക്ക് ഈ വര്‍ഷം രണ്ട് തവണയാണ് പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് ആക്രമണം ഉണ്ടാകുന്നത്. ഇസ്രയേല്‍ ഇറാന്‍ യുദ്ധത്തിനിടെ കഴിഞ്ഞ ജുണ്‍ 23ന് ഇറാന്‍ ഖത്തറിനെ ആക്രമിച്ചിരുന്നു. ഖത്തറിലെ അമേരിക്കന്‍ സൈനിക ക്യാംപ് ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണമെങ്കില്‍ ഇത്തവണ ഖത്തറിലെ ഹമാസ് താവളം ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. അതായത് പാലസ്തീന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥ ശ്രമത്തിന് നില്‍ക്കുന്നതിന്റെ പേരില്‍ രണ്ട് തവണ ഖത്തര്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇതോടെ ഗാസ വിഷയത്തിലെ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് പിന്മാറുകയാണെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ബന്ദികളാക്കപ്പെട്ടവരുടേയും കാണാതായവരുടേയും കുടുംബങ്ങളാണ് ഇതോടെ ദുരിതക്കയത്തിലായത്. ഗാസയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇസ്രയേലിന്റെ ആക്രമണമെന്നാണ് ലോകം വിലയിരുത്തുന്നത്. ഈ ആക്രമണത്തിലൂടെ ഗാസയിലെ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ഒരു ബന്ദി മോചന കരാറില്‍ അവസാനിക്കാന്‍ സാധ്യതയില്ലെന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ്. ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതാണെന്നും അതില്‍ തന്റെ തീരുമാനമില്ലെന്നുമാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. അമേരിക്കയുടെ ശക്തമായ സഖ്യകക്ഷിയായ ഖത്തറില്‍ ഇസ്രയേല്‍ ഏകപക്ഷീയമായ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ അമേരിക്കയുടേയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ലെന്ന് പറഞ്ഞ ട്രംപ് ഇത്തരമൊരു ആക്രമണം ഇനിയുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാനായി ഖത്തര്‍ പ്രധാനമന്ത്രിയുമായും അമീറുമായും സംസാരിച്ചിരുന്നു.
പക്ഷേ യുഎസ് സഖ്യകക്ഷിയായ ഖത്തറിന് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണം ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിച്ഛായയെ വളരെ മോശമായി ബാധിച്ചെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വിലയിരുത്തലുകള്‍. യുഎസിന്റെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത് ഖത്തറിലാണെന്നതും വൈറ്റ് ഹൗസിന്റെ നിര്‍ദേശപ്രകാരം ഹമാസുമായി ചര്‍ച്ച നടത്തുന്നതും ഖത്തറാണെന്നുമിരിക്കെ ഇസ്രയേല്‍ ഖത്തറിന് മേല്‍ നടത്തിയ ആക്രമണം ട്രംപിന് തിരിച്ചടിയാണ്. ദേഹയിലെ ഇസ്രയേല്‍ ആക്രമണം മേഖലയില്‍ യുഎസ് വാഗ്ദാനംചെയ്യുന്ന സുരക്ഷയെ ചോദ്യംചെയ്യുന്നതാണെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ബന്ദി മോചനം എന്നതിനപ്പുറത്തേക്ക് ഹമാസിനെ പൂര്‍ണമായും നിരായുധീകരിക്കുക എന്നതാണ് ഇസ്രയേല്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഈ ആക്രമണത്തോടെ വ്യക്തമാകുന്നു. ഇസ്രായേലിനെപ്പോലെ തന്നെ അമേരിക്കയുടെ ‘പ്രധാന നാറ്റോ ഇതര സഖ്യകക്ഷികളില്‍’ ഒന്നായി കണക്കാക്കപ്പെടുന്ന ഖത്തറില്‍ ഹമാസ് നേതാക്കള്‍ക്ക് ഏറെക്കുറെ പരസ്യമായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞു എന്നത് എപ്പോഴും ഒരു അസാധാരണ കാര്യമായായിരുന്നു വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ ആഴ്ച ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘നിങ്ങള്‍ ബന്ദികളെ ഉടനടി മോചിപ്പിച്ചാല്‍, നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു, പക്ഷേ നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍, നിങ്ങള്‍ക്ക് കഠിനവും അരോചകവുമായിരിക്കും ഇനിയുള്ള കാര്യങ്ങള്‍ എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രായേല്‍ ഇറാനെ ആക്രമിച്ചപ്പോള്‍ ട്രംപിന്റെ താക്കീത് കേട്ടില്ലെല്ലോ എന്ന് പറഞ്ഞു വൈറ്റ് ഹൗസ് ക്രെഡിറ്റ് ഏറ്റെടുത്തത് പോലെയല്ല ഖത്തറിന്റെ കാര്യത്തില്‍. വൈറ്റ് ഹൗസ് ഇതുവരെ ഇസ്രയേലിന്റെ നടപടിയില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന നയമാണ് സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
സൈനിക ശക്തി ഉപയോഗിച്ച് ഹമാസിനെ തുടച്ചുനീക്കാന്‍ കഴിയുമെന്നും ഒന്നിലധികം രാജ്യങ്ങളില്‍ ഇടയ്ക്കിടെ നടത്തുന്ന ആക്രമണങ്ങളിലൂടെ മേഖലയിലെ മറ്റ് ശത്രുക്കളെ ഭയപ്പെടുത്തി നേരിടാന്‍ കഴിയുമെന്നും ഇസ്രായേല്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്നാണ് ഇന്നലത്തെ ആക്രമണം വെളിവാക്കുന്നത്. ഇതിലൂടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറായി ഒരു രാജ്യവും വരില്ലെന്നും ചര്‍ച്ചകള്‍ നടത്താന്‍ ഇടമില്ലാതാകുകയും ചെയ്യുമെന്ന് ഇസ്രയേല്‍ കരുതുന്നു. സമ്പൂര്‍ണമായി ഗാസ പിടിച്ചെടുക്കല്‍ തന്നെയാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്നതാണ് ദോഹയിലെ ആക്രമണം പറഞ്ഞുവെയ്ക്കുന്നത്.
Read more
- ഹമാസിന്റെ നിരായുധീകരണം
- ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളേയും തിരിച്ചുവരവ്
- ഗാസ മുനമ്പിന്റെ സേന ശേഷി ഇല്ലാതാക്കുക
- ഗാസ മുനമ്പ് ഇസ്രായേലിന്റെ സുരക്ഷാ നിയന്ത്രണത്തിലാക്കുക
- ഹമാസോ പലസ്തീന്‍ അതോറിറ്റിയോ അല്ലാത്ത ഒരു ബദല്‍ സിവിലിയന്‍ ഭരണകൂടം സ്ഥാപിക്കല്‍. എന്നിവയാണ് മാറ്റമില്ലാത്ത ഇസ്രയേല്‍ ലക്ഷ്യങ്ങള്‍







