കെ.സഹദേവന്‍
”ഭീകരതയ്ക്കെതിരായ നമ്മുടെ യുദ്ധം അല്‍ ഖ്വയ്ദയില്‍ നിന്നാണ് ആരംഭിക്കുന്നത്, പക്ഷേ അത് അവിടെ അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള എല്ലാ തീവ്രവാദ ഗ്രൂപ്പുകളെയും കണ്ടെത്തി, തടയുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നതുവരെ അത് അവസാനിക്കില്ല” (ദി വൈറ്റ് ഹൗസ് 2001). ഏതാണ്ട് കാല്‍ നൂറ്റാണ്ട് മുമ്പ് വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് വിധേയമാക്കപ്പെട്ടപ്പോള്‍ അമേരിക്കന്‍ ഭരണകൂടം നടത്തിയ പ്രസ്താവനയാണ് മുകളില്‍. 9/11 സംഭവത്തിന് ശേഷം ആരംഭിക്കപ്പെട്ട ‘ഭീകരവാദത്തിനെതിരായ യുദ്ധം’ (War on Terror) കാലക്രമേണ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും ശത്രുക്കളെ നിര്‍വ്വചിക്കാന്‍ സാധിക്കാത്തവിധത്തില്‍ അതിന്റെ വ്യാപ്തി വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന, ലോകത്തെയൊട്ടാകെ യുദ്ധക്കളങ്ങളാക്കി മാറ്റുന്ന ഒന്നായി മാറി. ഇന്ന് ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ നമുക്ക് കണ്ടെത്താനാകുന്നത് അമേരിക്കക്കെതിരായി വളര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന ശത്രുക്കളുടെ വലിയൊരു നിരയാണ്.
ഇതിനിടയില്‍ മറ്റൊരുകാര്യം സംഭവിച്ചു. 9/11 ശേഷമുള്ള അമേരിക്ക ഒരിക്കല്‍പ്പോലും പഴയ രീതിയിലേക്ക് തിരിച്ചുപോയില്ല. ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ സ്വേച്ഛാധിപത്യ ഭരണം ഇന്ന് ട്രംപിന്റെ രൂപത്തില്‍ അമേരിക്കയെ അടക്കി ഭരിച്ചുകൊണ്ടിരിക്കുന്നു. അസാധാരണ സ്ഥിതിവിശേഷം അഥവാ സ്റ്റേറ്റ് ഓഫ് എക്‌സെപ്ഷന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഭരണ മാതൃക ഇന്ന് അമേരിക്കന്‍ ജനാധിപത്യത്തി്‌ന്റെ ഭാവി നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നു.
ആഗോള ഭൗമ രാഷ്ട്രീയത്തില്‍ തന്നെ പ്രകടമായ രീതിയില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ‘സ്റ്റേറ്റ് ഓഫ് എക്‌സെപ്ഷന്‍’ എന്ന പ്രതിഭാസത്തെ വര്‍ത്തമാന സാഹചര്യത്തില്‍ കുറച്ചുകൂടി ആഴത്തില്‍ മനസ്സിലാക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. കാരണം, അത് അമേരിക്കന്‍ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ മാത്രമായി പരിമിതപ്പെട്ടു നില്‍ക്കുന്നില്ല എന്നതുതന്നെ.
State of exception (അസാധാരണ സ്ഥിതിവിശേഷം) എന്നത് നാസി ചിന്തകനായ കാള്‍ ഷ്മിറ്റ് (Carl Shmidt) മുന്നോട്ടുവെച്ച കാഴ്ചപ്പാടായിരുന്നു. പൊതുനന്മയെ ലക്ഷ്യമാക്കി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന (നിയമവാഴ്ച ഉറപ്പാക്കുന്നുവെന്ന് ഔദ്യോഗിക ഭാഷ്യം) രീതിയാണ് ഷ്മിറ്റ് അവതരിപ്പിക്കുന്നത്. നിയമക്രമങ്ങളെ അതിന്റെ സമഗ്രതയില്‍ റദ്ദുചെയ്യുകയും ഒരുതരത്തിലുള്ള ‘നിയമപരമായ ശൂന്യത’ (legal vaccum) സൃഷ്ടിച്ചെടുക്കാനുമാണ് ഷ്മിറ്റ് ലക്ഷ്യമിടുന്നത്. അസാധാരണത്വം (exception) എന്നതിനെ ഷ്മിറ്റ് നിര്‍വ്വചിക്കുന്നത്, സ്റ്റേറ്റിന്റെ നിലനില്പിനെത്തന്നെ അപകടപ്പെടുത്തുന്നതോ സമാനമായതോ ആയ ‘അങ്ങേയറ്റം അപകടം നിറഞ്ഞ ഒരു അവസ്ഥ’ എന്ന നിലയിലാണ്.
എന്നാലതേസമയം, ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞിരിക്കുന്ന ഭരണകൂടങ്ങള്‍ ഇത്തരമൊരവസ്ഥയില്‍ നിയമപരമായ ശൂന്യത സൃഷ്ടിക്കുകയല്ല മറിച്ച്, നിയമക്രമങ്ങളും അടിയന്തിരാവസ്ഥയും തമ്മിലുള്ള ബന്ധത്തെ ഉറപ്പിച്ചുനിര്‍ത്തിക്കൊണ്ട് (പ്രതീതി) ജനാധിപത്യത്തിന്റെ വിളുമ്പിലൂടെ ജനങ്ങളെ നടത്തിക്കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്ന് നമുക്ക് കാണാന്‍ കഴിയും.
പ്രമുഖ ഇറ്റാലിയന്‍ ചിന്തകനായ ജോര്‍ജിയോ അഗംബന്‍ (Giorgio Agamben) ഈയൊരുവസ്ഥയെ കൃത്യമായ സൈദ്ധാന്തിക ചട്ടക്കൂടില്‍ നിന്നുകൊണ്ട് വിശദീകരിക്കുവാന്‍ ശ്രമിക്കുന്നത് ശ്രദ്ധിക്കുക, ”അടിയന്തിരാവസ്ഥ എല്ലായ്‌പോഴും അരാജകത്വം, കുഴമറിച്ചില്‍ എന്നിവയില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒന്നാണ്-നിയമാര്‍ത്ഥത്തില്‍, അതില്‍ ഒരു ക്രമം നിലനില്‍ക്കുന്നതായി കാണാം. യഥാര്‍ത്ഥത്തില്‍ അവ നിയമ ക്രമങ്ങളല്ലെങ്കില്‍ കൂടിയും” (Agamben, 2005).
ജനാധിപത്യത്തിന്റെ തുറവികളെ/വികാസങ്ങളെ ഭരണകൂടം ഭയക്കുന്നു എന്നതുകൊണ്ടുതന്നെ ദേശരാഷ്ട്ര സങ്കല്പത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ള ജനാധിപത്യ വ്യവസ്ഥയുടെ ചട്ടക്കൂടിനകത്തു നിലനില്‍ക്കുന്ന ‘നിയമാനുസൃത സ്വേച്ഛാധിപത്യത്തെ’ (constitutional dictatorship) സംരക്ഷിച്ചു നിര്‍ത്താന്‍ അത് എക്കാലവും ശ്രമിച്ചിട്ടുണ്ട്. ‘പൊതു നന്മ’യെ ലക്ഷ്യമിട്ടുകൊണ്ട് ആവശ്യമായ രൂപമാറ്റം സാധ്യമാക്കുന്ന വ്യവസ്ഥാപിത ജനാധിപത്യത്തിന്റെ സ്വഭാവ സവിശേഷതയെ നിലനിര്‍ത്തിക്കൊണ്ട് മാത്രമേ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഭരണകൂടം എക്കാലവും ശ്രമിച്ചിട്ടുള്ളൂ എന്ന് കാണാം. ‘പൊതുനന്മ’ ലക്ഷ്യമിട്ടുകൊണ്ട് നിയമവാഴ്ച റദ്ദു (rule of law) ചെയ്യുക എന്ന ആശയം ആധുനിക ജനാധിപത്യത്തിന് മാത്രം കൈമുതലായ ഒന്നാണ്. (Weimar Constitution, declaration 48).
ജനാധിപത്യത്തിന്റെ ഉള്ളടക്ക പരിമിതി എന്നത് വര്‍ത്തമാന അമേരിക്കന്‍ അവസ്ഥയില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല എന്ന് ആദ്യമേ തന്നെ വിശദമാക്കേണ്ടതുണ്ട്. നിയമവാഴ്ചയെ അടിസ്ഥാനമാക്കിയുള്ള ആദ്യ പരീക്ഷണം സാധ്യമാക്കിയ കാലം (510ബിസി, ഏഥന്‍സ്) തൊട്ട് പടിഞ്ഞാറന്‍ ആധുനിക ജനാധിപത്യത്തിന്റെ അടിത്തറയെന്ന് കരുതപ്പെടുന്ന അമേരിക്കന്‍ പ്രഖ്യാപന(July 4th, 1776)വും ലോകത്തിലെ ഏറ്റവും വിശാല ജനാധിപത്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ പരീക്ഷണം അടക്കം നീണ്ടു കിടക്കുന്ന ജനാധിപത്യ പ്രയോഗങ്ങള്‍ ഒക്കെത്തന്നെയും ഈ പ്രയോഗപരമായ പരിമിതിയെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ദേശ-രാഷ്ട്രങ്ങളുടെ രൂപീകരണത്തോടെ കൂടുതല്‍ വ്യക്തവും ദൃഢവുമായ ഈ പരിമിതി ജനാധിപത്യ ചട്ടക്കൂടിനകത്ത് സ്വേച്ഛാധിപത്യ ഭരണവാഴ്ചയെ നിയമപരമായി പ്രതിഷ്ഠിച്ചെടുക്കുന്നു എന്നതാണ്. അമേരിക്കന്‍ ചരിത്രകാരനും രാഷ്ട്ര മീമാംസാകാരനുമായ ക്ലിന്റണ്‍ റൊസിറ്റര്‍ ‘ഭരണഘടനാപരമായ സ്വേച്ഛാധിപത്യം’ എന്ന് നിര്‍ദ്ധാരണം ചെയ്തിരിക്കുന്നത് ഇതിനെയാണ്.
പ്രതിസന്ധി വേളകളില്‍ ഒരു ജനാധിപത്യ, നിയമാനുസൃത, ഭരണകൂടം അപകടാവസ്ഥ മറികടക്കുന്നതിനും സാധാരണാവസ്ഥ തിരിച്ചുപിടിക്കുന്നതിനും വേണ്ടി ഏതളവിലാണെങ്കില്‍ കൂടിയും താല്‍ക്കാലികമായ രൂപമാറ്റത്തിന് വിധേയമാകേണ്ടതുണ്ട് (C.Rosittor, 1948). ദേശ-രാഷ്ട്ര പ്രതിസന്ധികളെ മറികടക്കാന്‍ അനിവാര്യമായ അളവുകളും രൂപമാറ്റത്തിന്റെ സ്വഭാവ സവിശേഷതകളും കാല-ദേശങ്ങള്‍ക്കനുസരിച്ച് ഭിന്നങ്ങളായിരിക്കാം. എന്നിരുന്നാലും ഈയൊരു രൂപമാറ്റം ഭരണകൂടത്തെ കൂടുതല്‍ കരുത്തുറ്റതാക്കുകയും ജനതയെ അത്രതന്നെ ദുര്‍ബലമാക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം.
ഭരണഘടനാധികാരങ്ങളുടെ അകമ്പടിയോടെ സംഭവിക്കുന്ന ഈ രൂപമാറ്റം പൂര്‍വ്വസ്ഥിതി പ്രാപിക്കുമെന്ന് ഉറപ്പുപറയാന്‍ മാത്രം ജനാധിപത്യവ്യവസ്ഥിതി ശക്തമാകാത്ത അവസ്ഥയില്‍ ഏതൊരു ഭരണഘടനയാണോ അസാധാരണ സ്ഥിതിവിശേഷം കൈകാര്യം ചെയ്യാനാവശ്യമായ പ്രത്യേക അധികാരം ഭരണകൂടത്തിന് അനുവദിച്ച് നല്‍കുന്നത് അതേ ഭരണഘടനയെ സംരക്ഷിച്ചുനിര്‍ത്തുന്നതിനാവശ്യമായ അടിയന്തിര അധികാരങ്ങള്‍ ഉപയോഗിക്കാമെന്ന് ഉറപ്പുനല്‍കുന്ന ആത്യന്തിക സ്ഥാപനപരമായ(institutional) സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നില്ല എന്നത് വസ്തുതയാണ്. ഇത് ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ഇടയ്ക്കുള്ള ദുര്‍ബല രേഖയെ കൂടുതല്‍ ദുര്‍ബലമാക്കുവാന്‍ സഹായിക്കുന്നു.
Read more
തീവ്ര വലതുപക്ഷം അധികാരത്തിലിരിക്കുന്ന ഇന്ത്യന്‍ സമകാലീന രാഷ്ട്രീയം വ്യവഹരിക്കുന്നത് ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ഇടയ്ക്കുള്ള ഒട്ടും കൃത്യയില്ലാത്ത ഒരു നേര്‍ത്ത അതിര്‍വരമ്പിന്മേലാണ്്. വ്യവസ്ഥാപിത ജനാധിപത്യത്തിന്റെ ഉള്ളടക്കപരമായ പരിമിതി വളരെ മൂര്‍ത്തരൂപത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇന്ത്യയില്‍. നിലവിലുള്ള ജനാധിപത്യ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയും അതുവഴി അധികാരത്തിലെത്തുകയും ചെയ്ത തീവ്ര വലത് പ്രസ്ഥാനങ്ങള്‍ നിയമാനുസൃത സ്വേച്ഛാധിപത്യത്തിന്റെ സാധ്യതകളെ അവധാനതയോടെ ഉപയോഗപ്പെടുത്തുകയും അവയുടെ പ്രയോഗങ്ങള്‍ക്ക് ആവശ്യമായ ‘അസാധാരണ സ്ഥിതിവിശേഷം’ സ്വയം സൃഷ്ടിക്കുകയോ കൈവരുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നതായി കാണാന്‍ കഴിയും.