കേരളത്തിന്റെ ജനപ്രിയ സമരമുഖത്തിന്റെ ഒരു നൂറ്റാണ്ട് കാലം

പൊതുവേദികളിലേക്കു വി എസ് കടന്നു വരുമ്പോള്‍ ഒരു കടലിരമ്പാറുണ്ട്…’കണ്ണേ കരളേ വി എസേ’ എന്ന് ആ മനുഷ്യ കടല്‍ ആര്‍ത്തലയ്ക്കാറുണ്ട്,.. കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന അണികള്‍ക്കപ്പുറം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വിഎസ് എന്ന രണ്ടക്ഷരം ഉയര്‍ത്തുന്ന, ഉയര്‍ത്തിയ ആരവം മറ്റൊരു നേതാവിന് എത്തിപ്പിടിക്കാന്‍ കഴിയാത്തതിലും അപ്പുറമാണ്..

വേലിക്കകത്ത് ശങ്കരന്‍ അച്യൂതാനന്ദന്‍ എന്ന് പറഞ്ഞാലും വിഎസിന്റെ പെങ്ങള്‍ വിഎ ആഴിക്കുട്ടി പറഞ്ഞപോലെ ഞങ്ങടെ അച്ഛന്റെ പേര് വെന്തലത്തറ ശങ്കരന്‍ എന്നാണെന്നും അതിനാല്‍ അണ്ണന്റെ പേര് വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദന്‍ എന്നാണെന്നായാലും കേരളത്തിന് വിഎസ് എന്ന രണ്ടക്ഷരം അച്യുതാനന്ദന്‍ എന്ന മഹാമേരുവാണ്. തോല്‍വികളില്‍ തളരാതെ തന്റെ ആശയത്തിനും ആദര്‍ശത്തിനുമായി നിരന്തരം പോരാടിയ ഒരു പോരാളിയുടെ പേരാണ്.

മുന്നില്‍ നിന്ന് വെട്ടിനിരത്താനും കുന്തമുന കൂര്‍പ്പിച്ച് ബ്രിട്ടീഷ് – ദിവാന്‍ ഭരണത്തിനെ വെല്ലുവിളിച്ച് വിപ്ലവത്തിന്റെ തീജ്വാല ഉയര്‍ത്താനും മര്‍ദ്ദന ഇടനാഴികളില്‍ ചോരവീണ് മരണം കാണുമ്പോഴും കൂട്ടത്തിലുള്ളവരെ ഒറ്റാത്ത പോരാട്ടവീര്യത്തിന്റെ ഒടുവിലത്തെ പേരാണ് വിഎസ് അച്യുതാനന്ദന്‍. അതൊരു ചരിത്രമാണ്, ഒരു നൂറ്റാണ്ട് നീണ്ട സമര ചരിത്രം…

വിജയന്‍ മാഷ് വിഎസ് അച്യുതാനന്ദനെ വിശേഷിപ്പിച്ചത് ‘പരാജയം ഭക്ഷിച്ചു ജീവിക്കുന്നവന്‍’ എന്നാണ്. വിഎസിന്റെ പോരാട്ടങ്ങളെല്ലാം വിജയമായിരുന്നില്ല, വിഎസിന്റെ നിലപാടുകളെല്ലാം വിജയിച്ചവര്‍ക്കൊപ്പമായിരുന്നില്ല. തോല്‍വികളുടെ പടുകുഴിയില്‍ വീണ് തന്റെ പിന്‍തലമുറക്കാര്‍ വരെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന് വരെ പറഞ്ഞു വലിച്ചുകീറി അപഹസിച്ചപ്പോള്‍ പോലും തല ഉയര്‍ത്തി നിന്ന് മറുപടി പറഞ്ഞു വിഎസ്. ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടുകളായിരുന്നു വിഎസ് എന്ന പേര്, കമ്മ്യൂണിസമെന്നത് ആ ജീവിതത്തിന്റെ രീതിയും. ഒപ്പം നിന്നവര്‍ക്കും നോക്കിനിന്ന ജനങ്ങള്‍ക്കും വിഎസ് പ്രതീക്ഷയുടെ മുഖമായിരുന്നു. സമരമുഖത്ത് തങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന നായകനായിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഒരു ജനതയെ ഒപ്പം നിര്‍ത്തി ആവേശഭരിതനാക്കിയ പടനായകനായിരുന്നു. പ്രതിപക്ഷത്ത് നിന്നുകൊണ്ട് എവിടേയും തങ്ങള്‍ക്ക് വേണ്ടി ഉയരുന്ന നാവായിരുന്നു. ജനകീയ പ്രക്ഷോഭങ്ങളില്‍ ഒറ്റ പക്ഷമേ വിഎസിനുണ്ടായിരുന്നുള്ളു, പ്ലാച്ചിമടയിലും മതികെട്ടാനിലുമെല്ലാം ആ പക്ഷം ജനപക്ഷമായിരുന്നു. വിഎസ് ഉയര്‍ത്തിയ ഹരിത രാഷ്ട്രീയവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിനിട്ട അടിത്തറയും ഭരണാധികാരിയെന്ന നിലയില്‍ മറക്കാനാവാത്തതാണ്. 17ാം വയസില്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് പോരാട്ട പാരമ്പര്യം അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 അംഗങ്ങളില്‍ ചേര്‍ന്ന് സിപിഐഎം എന്ന പാര്‍ട്ടിയുടെ രൂപീകരണത്തിലേക്ക് നീങ്ങിയപ്പോഴും പിന്നീടും അണുവിട ചോരാതെ നിന്നു. പശ്ചിമഘട്ടത്തിലെ ഭൂമി കൈയ്യേറ്റത്തിനെതിരെ വിഎസ് എടുത്ത നടപടികളും പരിസ്ഥിതി നശിപ്പിക്കാതിരിക്കാനായി മുന്നില്‍ നിന്ന് നയിച്ച പോരാട്ടങ്ങളും സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കാന്‍ നടത്തിയ മൂന്നാര്‍ ഓപ്പറേഷനും പ്രായം നിശ്ചയിച്ച വാര്‍ധക്യത്തില്‍ തളരാതെ ചവിട്ടിക്കയറിയ മലനിരകളും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മലയാളികള്‍ക്ക് മുന്നില്‍ തുറന്നുവെയ്ക്കാന്‍ തന്റെ ചുമലിലേക്ക് എടുത്തുവെച്ച ഭാരങ്ങളായി വിഎസ് കണ്ടിരുന്നില്ല.

നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ വിഎസിന്റെ പോരാട്ടം പാര്‍ട്ടിക്കുള്ളില്‍ അവമതിപ്പ് ചിലര്‍ക്ക് ഉണ്ടാക്കിയെങ്കിലും പോളിറ്റ് ബ്യൂറോയില്‍ നിന്ന് തരം താഴ്ത്തപ്പെട്ടെങ്കിലും വിഎസ് – വിഎസായി തന്നെ നിലകൊണ്ടു. തന്റെ നിലപാടിലും ആശയത്തിലും ഉറച്ചുനിന്ന് പാര്‍ട്ടിക്കുള്ളില്‍ തെറ്റെന്ന് കണ്ടതിനെയെല്ലാം എതിര്‍ത്ത് വിഎസ് സമരം ചെയ്തു. സിപിഎമ്മിനുള്ളിലെ വലതുപക്ഷ വ്യതിയാനത്തേയും മുതലാളിത്തത്തേയും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിച്ച വിഎസിനെ വിഭാഗീയത ഉണ്ടാക്കിയെന്ന അളവുകോലിലാണ് പാര്‍ട്ടി നേരിട്ടതും പലകുറി തരംതാഴ്ത്തിയതും. ‘കൂട്ടില്‍ കാഷ്ഠിക്കുന്നവന്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് വിഎസിനെ വിശേഷിപ്പിച്ചത്. അത് ഏറ്റുപിടിച്ച് വാഴ്ത്തിപ്പാടിയവര്‍ എങ്ങനെ സിപിഎം എന്ന പാര്‍ട്ടി വിഎസിന്റെ തളര്‍ച്ചയുടെ കാലത്ത് മുതലാളിത്തത്തോട് ചങ്ങാത്തതിലായെന്നും വലതുപക്ഷ വ്യതിയാനത്തില്‍ മുന്നോട്ട് പോയെന്നും അളന്ന് നോക്കിയാല്‍ മതിയാകും.

ഇനി ആ ജീവിതഗാഥയിലേക്ക് പോയാല്‍, 1923 ഒക്ടോബര്‍ 20ന് വേലിക്കകത്ത് വീട്ടില്‍ ശങ്കരന്‍ അച്യുതാനന്ദന്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായ ആലപ്പുഴയിലെ പുന്നപ്രയില്‍ വെന്തലത്തറ ശങ്കരന്റേയും അക്കമ്മയുടേയും മകനായി ജനിച്ചു. നാലര വയസുള്ളപ്പോള്‍ വിഎസിന് വസൂരി വന്ന് അമ്മയെ നഷ്ടമായി, 11ാം വയസില്‍ അച്ഛനേയും. ദൈവവിശ്വാസത്തെ കുറിച്ച് വിഎസിനോട് ചോദിച്ചവരോട് വിഎസ് പറഞ്ഞ മറുപടിയ്ക്ക് നഷ്ടപ്പെടലിന്റെ വേദനയും കണ്ണീരിന്റെ ഉപ്പു ചേര്‍ന്ന് പിന്നീട് ഇടത് കാര്‍ക്കശ്യത്തിന്റെ ഉറപ്പും ചേര്‍ന്നിട്ടുണ്ടായിരുന്നു. വസൂരി വന്ന അമ്മയെ അകലെയുള്ള ഓലപ്പുരയിലേക്ക് മാറ്റിയപ്പോഴും ഓലക്കീറിലൂടെ അമ്മയെ അവസാനമായി കണ്ടപ്പോഴും പിന്നീട് 11ാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ടപ്പോഴും കരഞ്ഞുവിളിച്ചിട്ടും കേള്‍ക്കാത്ത ദൈവം പിന്നീടങ്ങോട്ട് ഉണ്ടെന്ന വിശ്വാസം തനിക്കുണ്ടായിട്ടില്ലെന്ന്. പിന്നീട് താന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല, ഒരു ദൈവത്തിനേയും വിളിച്ചിട്ടില്ലെന്നും വിഎസ് പറയുന്നുണ്ട്. സഹോദരങ്ങള്‍ക്ക് താങ്ങായി പഠനം ഏഴില്‍ അവസാനിപ്പിച്ച് തയ്യല്‍ക്കടയിലേക്ക് നീങ്ങിയ വിഎസ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് അടുത്തു. ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ ജോലി നോക്കവെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാധാ പ്രവര്‍ത്തകനായി വിഎസ് പാര്‍ട്ടി അംഗത്വമെടുക്കുന്നത്.

അച്യുതാനന്ദനിലെ സംഘാടകനെ തിരിച്ചറിഞ്ഞത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ തലപ്പൊക്കത്തില്‍ മുന്നിലുള്ള പി കൃഷ്ണപിള്ളയാണ്. കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളികളെ സംഘടിപ്പിക്കാന്‍ അച്യുതാനന്ദനെ അദ്ദേഹം നിയോഗിച്ചു. പിന്നീട് ആലപ്പുഴയിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് നിയോഗിച്ചു. ദിവാന്‍ ഭരണത്തിനെതിരെ വാരിക്കുന്തമെടുത്ത് പോരാടാന്‍ അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളിലെ കര്‍ഷകത്തൊഴിലാളികളേയും ചെത്തുതൊഴിലാളികളേയും മല്‍സ്യത്തൊഴിലാളികളേയും സമരമുഖത്ത് സജ്ജരാക്കിയതില്‍ വിഎസ് എന്ന യുവകമ്മ്യൂണിസ്റ്റുകാരന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. പുന്നപ്രയിലെ പ്രമാണിമാര്‍ പൂഴ്ത്തിവച്ച നെല്ലും തേങ്ങയും പിടിച്ചെടുത്തുകൊണ്ടാണ് ദിവാന്‍ ഭരണത്തില്‍ റേഷന്‍ അട്ടിമറിച്ചതിനെതിരെ പ്രവര്‍ത്തനം തുടങ്ങിയത്. സിപിയുടെ ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളുടെ അമരത്തെത്തിയ വിഎസ് ജനകീയ മുന്നേറ്റമായത് മാറ്റി. പുന്നപ്ര- വയലാര്‍ പ്രക്ഷോഭത്തിന്റെ നെടുനായകത്വം എട്ട് വര്‍ഷത്തെ ഒഴിവ് ജീവിതവും വിഎസിന് സമ്മാനിച്ചു.

1946 ഒക്ടോബര്‍ ഒന്നിന് ദിവാന്‍ സര്‍ സിപി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ വി എസിന്റെ വെന്തലത്തറയിലെ വിടിന്റെ കതകില്‍ രാജമുദ്ര പതിച്ചു, വിഎസ് കീഴടങ്ങിയില്ലെങ്കില്‍ കണ്ടുകെട്ടുമെന്ന് അറിയിച്ചു. ഒക്‌ടോബര്‍ 22ന് പാര്‍ട്ടി നിര്‍ദേശപ്രകാരം വിസ് കോട്ടയം പൂഞ്ഞാറിലേക്ക് പോയി. പുന്നപ്ര- വയലാറില്‍ സര്‍ സിപിയുടെ പട്ടാളത്തിന്റെ കടന്നുകയറ്റവും വെടിവെപ്പും സഖാക്കളുടെ വാരിക്കുന്ത പോരാട്ടവുമെല്ലാം ഉണ്ടായി. വെടിവെപ്പിന്റെ പിറ്റേദിവസം പൂഞ്ഞാറില്‍ വിഎസ് ഒളിവില്‍ കഴിഞ്ഞിടത്തേക്ക് പൊലീസെത്തുകയും വിപ്ലവ സമരത്തിന്റെ സൂത്രധാരന്‍ വിഎസ് ആണെന്ന് പറഞ്ഞു പിടികൂടി. പിന്നീടങ്ങോട്ട് മൃഗീയ പൊലീസ് മര്‍ദ്ദനം. ലാത്തികൊണ്ടടിച്ചും ബൂട്ട് കൊണ്ട് ചവിട്ടിയും തോക്കിന്റെ ബയണറ്റ് കാലില്‍ കുത്തിയിറക്കിയും കൂടെയുള്ളവരെ ഒറ്റാന്‍ പൊലീസ് വിഎസിനെ നിര്‍ബന്ധിച്ചു. പക്ഷേ നിങ്ങള്‍ തല്ലിപ്പൊട്ടിച്ചിടത്തോട് ചോദിക്കൂവെന്ന കാര്‍ക്കശ്യം നിറഞ്ഞ മറുപടിയാണ് വിഎസ് തിരിച്ചുനല്‍കിയത്. മരിച്ചെന്ന് കരുതിയാണ് ദിവാന്റെ പൊലീസ് വിഎസിനെ കാട്ടില്‍ തള്ളാന്‍ പോയത്. ജീവനുണ്ടെന്ന് കണ്ട് പാലാ ആശുപത്രിയില്‍ ഉപേക്ഷിച്ചു. ഉയര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ പുന്നപ്ര- വയലാര്‍ സമരത്തിലെ പ്രതിയാക്കി വീണ്ടും അറസ്റ്റ് ചെയ്തു. എസ്‌ഐ വേലായുധന്‍ നാടാര്‍ കൊലക്കേസ്, ചേര്‍ത്തല രാമന്‍ കൊലക്കേസ് തുടങ്ങി കേസുകളില്‍ തലയില്‍ വെച്ചു കൊടുത്തു. ഒരു വര്‍ഷത്തെ തടവിനൊടുവില്‍ പൂജപ്പുരയില്‍ നിന്ന് പുറത്തെത്തുമ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നു. 1948- 52 കാലത്ത് വീണ്ടും ഒളിവു ജീവിതം.

1952ല്‍ വിഎസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗമായി, 1956-ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം. 1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ആശയപരമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളാണ് വിഎസ്. പാര്‍ട്ടിയെ വളര്‍ത്താന്‍ ഇടതുപക്ഷ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് വിഎസ് കാര്‍ക്കശ്യത്തിന്റെ മുഖമുദ്രയായി മാറി. ഏറ്റവും കര്‍ക്കശക്കാരനായ നേതാവും പ്രക്ഷോഭകാരിയും സംഘാടകനുമായി മാറിയ വിഎസ് 1980 മുതല്‍ 91 വരെ മൂന്ന് തവണ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ 1965 മുതല്‍ 2016വരെ ഉണ്ടായിരുന്ന വിഎസ് 10 തവണ മല്‍സരിച്ചതില്‍ 7 തവണ വിജയം കണ്ടു. പാര്‍ട്ടി വിജയിക്കുമ്പോള്‍ വിഎസ് തോറ്റും, വിഎസ് വിജയിക്കുമ്പോള്‍ പാര്‍ട്ടി തോറ്റും മന്ത്രിസഭയിലേക്ക് വിഎസിനെത്താന്‍ കാലതാമസമെടുത്തു. 2006ല്‍ വിഎസ് അങ്ങനെ മന്ത്രിയാവാതെ മുഖ്യമന്ത്രിയായ നേതാവായി. 2006ല്‍ വിഎസിനെ മല്‍സരിപ്പിക്കാതിരിക്കാന്‍ കേരള സിപിഎമ്മില്‍ ചരട് വലി നടന്നു, ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പേരില്ലായിരുന്ന വിഎസിനെ വന്‍പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രനേതൃത്വം ഇടപ്പെട്ടാണ് മല്‍സരിപ്പിച്ചതെന്നും ഓര്‍ക്കണം. 1996ലെ മാരാരിക്കുളം തോല്‍വിയാണ് വിഎസിനെ സംസ്ഥാനത്തെ ജനപ്രിയ നേതാവാക്കിയതെന്ന് പറയാം. കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയ്ക്കും കമ്മ്യൂണിസ്റ്റ് നേതാവിനുമപ്പുറം വിഎസ് പ്രസംഗത്തിലടക്കം പോപ്പുലര്‍ നേതാവ് ഇമേജിലേക്കെത്തിയത് ഈ തോല്‍വിക്ക് പിന്നാലെയാണ്. ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി വിഎസ് മാറി.

പ്രതിപക്ഷ നേതാവെന്ന നിലയിലാണ് വി എസ് ഏറ്റവും കരുത്തനായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞത്. അവശജനവിഭാഗങ്ങള്‍ക്ക് വേണ്ടിയും കേരളത്തിന്റെ പരിസ്ഥിതിക്ക് വേണ്ടിയും വിഎസ് ഒച്ചപ്പാടുണ്ടാക്കി. പാരിസ്ഥിതിക വിഷയങ്ങളെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയതില്‍ വിഎസിന്റെ പങ്ക് ചെറുതല്ല. മതികെട്ടാന്‍ ചോലവനങ്ങളിലേക്ക് ആ കൊള്ളയെ കുറിച്ച് അന്വേഷിക്കാന്‍ കാല്‍വെച്ചതോടെ വിഷയം കേരളമേറ്റെടുക്കുകയായിരുന്നു. പ്ലാച്ചിമട സമരത്തില്‍ വിഎസ് അച്യുതാനന്ദന്‍ പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യം ആ സമരത്തിന് നല്‍കിയ ഊര്‍ജ്ജം ചെറുതല്ലായിരുന്നു. മൂന്നാറില്‍ മുഖ്യമന്ത്രിയായിരിക്കെ വിഎസ് കൈയ്യേറ്റത്തിനെതിരെ നടത്തിയ ഇടപെടലും മറക്കാനാവില്ല. പൊമ്പിളൈ ഒരുമൈ സമരത്തെ സിപിഎം നേരിട്ട രീതിയും എംഎം മണിയുടെ പ്രസ്താവനയുമെല്ലാം പാര്‍ട്ടിയെന്ന നിലയില്‍ സിപിഎമ്മിനെ മുള്‍മുനയില്‍ വരും കാലങ്ങളിലും നിര്‍ത്തുമ്പോള്‍ വിഎസ് ആ സമരമുഖത്തേക്ക് കടന്നുചെല്ലുന്ന കാഴ്ചയും അവര്‍ നല്‍കുന്ന സ്വീകരണവും പറയും വിഎസ് പാര്‍ട്ടിക്ക് അതീതനായ ജനനേതാവായി മാറിയെന്ന്. ഓഖി സമയത്ത് പിണറായി വിജയനെ രോഷത്തോടെ തടഞ്ഞ മല്‍സ്യത്തൊഴിലാളികള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയപ്പോള്‍ വിഎസ് പൂന്തുറയിലേക്ക് ഇറങ്ങി. ജനങ്ങള്‍ തങ്ങളുടെ ആശങ്കയും വേദനയും പറയാന്‍ വിഎസിന് ചുറ്റും തടിച്ചുകൂടി. വിഎസ് എങ്ങനെയൊക്കെയാണ് ചിലരുടെ പ്രതീക്ഷകള്‍ക്ക് പാത്രമാകുന്നതെന്ന് ആ സ്വീകരണം കണ്ടാല്‍ത്തന്നെയറിയാം. അതാണ് വിഎസ് എന്ന ജനനായകന് കേരള ജനത മനസില്‍ കൊടുക്കുന്ന സ്ഥാനം.

നിലപാടുകളില്‍ ഉറച്ചു നിന്ന് മാര്‍ക്‌സിസത്തെ ഉറച്ചു പിടിച്ച് ചൂഷണത്തിന് വിധേയമാകുന്നത് എന്തോ അതിനൊപ്പം നിലകൊള്ളാനും ചൂഷകരെ പ്രതിരോധിക്കാനും വിഎസ് എന്നും ശ്രമിച്ചിരുന്നു. വിഎസിന്റെ പോരാട്ടങ്ങളത്രയും ചൂഷണത്തിന് ഇരയാകുന്നവര്‍ക്ക് വേണ്ടിയായിരുന്നു. അവരെ ആവേശഭരിതരാക്കി പോരാളിയാക്കാനുള്ള സമരസപ്പെടലുകളില്ലാത്ത നിരന്തര പോരാട്ടമാണ് വിഎസ് എന്ന രണ്ടക്ഷരം. ആ പോരാട്ടവീര്യത്തിന് നൂറ്റാണ്ട് തികയുമ്പോള്‍ കേരള ചരിത്രത്തില്‍ ചെന്താരകത്താല്‍ എന്നേ കൊത്തപ്പെട്ടുവെച്ച പേരായി മാറി കഴിഞ്ഞു വിഎസ്.