വന്ദേഭാരത് കേന്ദ്രത്തിന്റെ ഔദാര്യമോ?

കേന്ദ്രം കേരളത്തിന് സ്വർണത്തളികയിൽ വെച്ച് നീട്ടിയ ഉപഹാരം എന്ന മട്ടിലാണ് വന്ദേഭാരത് എക്സ്പ്രസ് അവതരിക്കുന്നത്. ബിജെപി നേതാക്കളുടെ പ്രചാരണം കേട്ടാൽ അർഹതയില്ലാത്തവന് അമൂല്യമായ എന്തോ അനുവദിച്ചു കിട്ടിയ ഭാവവും. പൊതുഗതാഗത സംവിധാനങ്ങളെ മെച്ചപ്പെടുത്തേണ്ടത് ഏതൊരു ഭരണകൂടങ്ങളുടേയും കടമയാണെന്നിരിക്കെ എന്തുകൊണ്ടാവാം വന്ദേ ഭാരത് ഇത്രമേൽ ആഘോഷിക്കപ്പെടുന്നത്. കാത്തിരുന്നു തൊട്ടും തലോടിയും,കൈ കൂപ്പിയും പുഷ്പവൃഷ്ടി നടത്തിയും ബിജെപി നടത്തുന്ന പ്രഹസനങ്ങൾ ആരുടെ കണ്ണിൽ പൊടിയിടാനാണെന്ന് മനസിലാക്കാൻ അതിബുദ്ധിയൊന്നും ആവശ്യമില്ല.

അതെ തിരഞ്ഞെടുപ്പുതന്നെ ലക്ഷ്യം. ഇതുവരെ ബിജെപി ഉയർത്തിയ വർഗീയ രാഷ്ട്രീയത്തിന് പിടി കൊടുക്കാതിരിക്കുന്ന കേരളത്തെ വരുതിയിലാക്കാൻ പുതിയ തന്ത്രം. സംസ്ഥാനത്ത് പാലും തേനും പണവുമൊഴുക്കി വോട്ടുകൊയ്യാമെന്ന മോഹം അതു തന്നെയാണ് ബിജെപിയെ ഇപ്പോൾ നയിക്കുന്നത്. ഇനി വരാനിരിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പാണ് അതിനുള്ള ഒരു മുഴം മുമ്പെ ഏറിയലാണ് ബിജെപിക്ക് വന്ദേഭാരത്. അതിവേഗ ട്രെയിൻ നൽകിയ ആത്മവിശ്വാസമാകും ഇത്തവണ ബിജെപിയുടെ പ്രചാരണത്തിന് അടിസ്ഥാനം.

കെ റെയിലിനെ വെട്ടിവീഴ്ത്തിയ കേന്ദ്രം വികസനവിരുദ്ധരാണെന്ന് സിപിഎം പ്രചാരണം നടത്തിയിരുന്നു. അതിനെ മറികടക്കാൻ വന്ദേ ഭാരതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ക്രൈസ്തവ സഭയെ ഒപ്പം നിർത്താനുള്ള നീക്കത്തിനൊപ്പം മോദിയും വന്ദേ ഭാരതും വഴിയുള്ള വികസന കാർഡിറക്കി കളിക്കാനാകും ഇനി മോദിയും കൂട്ടരും കേരളത്തിലെത്തുക.

2019 ഫെബ്രുവരി 15 ന് ന്യൂഡൽഹി – കാൻപുർ – അലഹാബാദ് – വാരാണസി റൂട്ടിലാണ് വന്ദേ ഭാരത് ആദ്യമായി ഇന്ത്യയിൽ ഓടിത്തുടങ്ങിയത്. ഒരു സെമി ഹൈസ്പീഡ് ഇന്റർസിറ്റി ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റാണ് ഈ ട്രെയിനുകൾ. ഇന്ത്യയിലെ മറ്റ് എക്സ്പ്രസ്, ഹൈസ്പീഡ് ട്രെയിനുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്ന നിരവധി ഫീച്ചറുകളുണ്ട് വന്ദേ ഭാരതിന് എയ്റോഡൈനാമിക് ഡിസൈൻ ഉൾക്കൊള്ളുന്നതാണ് ബാഹ്യരൂപം. ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന അത്യാധുനിക സുരക്ഷാ ഫീച്ചറായ കവാച്ച് സാങ്കേതിക വിദ്യ ഇതിന്റെ പ്രത്യേകതയാണ്. സൗകര്യപ്രദമായി സീറ്റിംഗ് സംവിധാനം. വായു ശുദ്ധീകരണം. സുരക്ഷയുടെ ഭാഗമായി ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ, ഓട്ടമാറ്റിക് ഡോറുകൾ, ഫയർ സെൻസറുകൾ അങ്ങനെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗമുള്ള വന്ദേ ഭാരതിന്റെ സവിശേഷതകൾ ഏറെയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ നിർമ്മാണം കൂടി എടുത്തുപറഞ്ഞാൻ ജനങ്ങളെ വശത്താക്കാൻ ആവശ്യമായ പോയിന്റുകളായി.അപ്പോഴും ഒരു സംശയം ബാക്കിയാണ് മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങൾ ജനങ്ങളുടെ അവകാശമല്ലേ, അതൊരു ഔദാര്യമാണോ ?.

സിൽവർ ലൈനിന് ഡൽഹി ചുവപ്പുകൊടി കാണിച്ചതോടെ വന്ദേ ഭാരത് എങ്കിലും വേണമെന്ന നിലപാട് സംസ്ഥാന സർക്കാർ എടുത്തിരുന്നു. പക്ഷെ പ്രധാനമന്ത്രിയുടെ ഫ്ലാഗ് ഓഫ് വിവരം ഔദ്യോഗികമായി അറിയിക്കാത്തതിൽ സംസ്ഥാന സർക്കാരിന് പരാതിയുണ്ട്. വന്ദേ ഭാരതിൻറെ സ്വാഭാവിക വേഗം കേരളത്തിലെ ട്രാക്കിൽ കിട്ടില്ലെന്നും മികച്ചത് കെ റെയിൽ തന്നെയായിരുന്നു എന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അർഹതപ്പെട്ട ട്രെയിൻ അനുവദിച്ചതിനെ വലിയ നേട്ടമായി ബിജെപി ഉയർത്തിക്കാട്ടുന്നതിനെയും എൽഡിഎഫ് ശക്തമായി എതിർക്കുന്നുണ്ട്.

സിൽവർ ലൈനിനെ അതിശക്തമായി എതിർത്ത യുഡിഎഫ് കരുതലോടെയാണ് വന്ദേ ഭാരതിനെ നേരിടുന്നത്. കണ്ണൂരിനപ്പുറം മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുന്ന യുഡിഎഫ് വന്ദേ ഭാരത് വഴിയുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കങ്ങളോട് വിയോജിച്ച് തന്നെയാണ് നീങ്ങുന്നത്. രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല സാംസ്കാരിക രംഗത്തും വന്ദേ ഭാരതിനെ പിന്തുണച്ചും പരിഹസിച്ചും അഭിപ്രായപ്രകടനങ്ങൾ നടന്നു. വന്ദേ ഭാരത് വേഗത്തിലോടിയാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്നായിരുന്നു നടൻ ഹരീഷ് പേരടിയുടെ പ്രഖ്യാപനം. റബ്ബറിന് 300 രൂപ നൽകിയാൻ എംപിയെ തരാമെന്ന് പറഞ്ഞ, വിചാരധാരയെ വെള്ളപൂശിയ ക്രൈസ്തവ പുരോഹിതൻ തന്നെ നിൽക്കുമ്പോൾ ഹരീഷ് പേരടി അത്ര അത്ഭുതപ്പെടുത്തിയില്ല കേരളത്തെ. എന്നാൽ വോട്ടു ബാങ്ക് ലക്ഷ്യമിട്ട് ട്രെയിനിറക്കിയ കേന്ദ്രത്തിനൊപ്പം കിറ്റു നൽകിയ കേരള സർക്കാരിനേയും ട്രോളാൻ നടൻ ജോയ് മാത്യു മറന്നില്ല. എതായാലും എല്ലാ പ്രതികരണങ്ങളും ബിജെപിയെ നിരാശപ്പെടുത്തുന്നതല്ല എന്നത് ഗൗരവമായി കാണേണ്ടിയിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ ഫ്ലാഗ് ഓഫിനും ഏറെ മുമ്പ് തന്നെ കേരളത്തിന്റെ രാഷ്ട്രീയ ട്രാക്കിൽ വന്ദേ ഭാരത് ഓടാൻ തുടങ്ങിയിരുന്നു. ട്രെയിൻ കേരളത്തിലെത്തിയതു മുതലുള്ള ബിജെപി പ്രവർത്തകരുടെ സ്വീകരണ പ്രഹസനങ്ങൾ അതിന് വ്യക്തമായ തെളിവാണ്. ഇനി ഈ തീവണ്ടിയിലൂടെ ബിജെപി കേരളത്തിൽ സീറ്റ് പിടിക്കുമോ എന്നാണ് അറിയേണ്ടത്.