ആള്‍ക്കൂട്ട കൊലകളില്‍ തെളിയുന്നത് രോഗാതുരമായ മലയാളി മനസ്സ്

 

അട്ടപ്പാടിയിലെ മധുവും ചിറയന്‍ കീഴിലെ ചന്ദ്രനും കേരളത്തിന്റെ രോഗാതുരമായ സാമൂഹ്യ മനസാക്ഷിയുടെ നേര്‍ ചിത്രങ്ങളാണ്. ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ചാണ് മധുവിനെ കെട്ടിയിട്ട് തല്ലിക്കൊന്നത്, ആ കേസിന്റ വിചാരണ കോടതിയില്‍ ഇപ്പോള്‍ കോടതിയില്‍ നടക്കുകയാണ്. മധുവിന് നേരിട്ട അതേ വിധിയാണ് ചിറയന്‍കീഴിലെ ചന്ദ്രനെയും കാത്തിരുന്നതും. ചിറയന്‍ കീഴ് സ്വദേശിയായ ചന്ദ്രനെ ജനക്കൂട്ടം തടഞ്ഞുവയ്കുകയും മര്‍ദിക്കുകയും ചെയ്തത് സമീപത്തെ വീട്ടിലെ പാത്രങ്ങള്‍ മോഷ്ടിച്ചുവെന്ന് കുറ്റം ചാര്‍ത്തിയാണ്. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ചന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചു.

മധുവും ചന്ദ്രനുമെല്ലാം ഒരേ സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന തികച്ചും ഹതഭാഗ്യരായ മനുഷ്യരാണ്. സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്ന് വരുന്ന മനുഷ്യരാണ് കേരളത്തില്‍ ആള്‍ക്കൂട്ടത്തിന്റെ കൈത്തരിപ്പ് തീര്‍ക്കുന്നതിനിടയില്‍ ജീവന്‍ വെടിയുന്നത്്.ഉത്തരേന്ത്യയില്‍ മാത്രം ഒരു കാലത്ത് കേട്ടിരുന്ന ആള്‍ക്കൂട്ടക്കൊലകള്‍ കേരളത്തിലും ഇപ്പോള്‍ ആവര്‍ത്തിക്കുകയാണ്. കോട്ടയത്തും തിരുവനന്തപുരത്തമെല്ലാം ഇതര സംസ്ഥാന തൊഴിലാളികള്‍ ഇതുപോലെ ആള്‍ക്കൂട്ട മര്‍ദ്ധനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്്.
സദാചാര കൊലയും ദുരഭിമാന കൊലയും വരെ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ടെന്ന കാര്യ നമ്മള്‍ മറക്കരുത്. ആരെയും കൊല്ലാന്‍ മടിയില്ലാത്ത സമൂഹമായി മലയാളികള്‍ മാറിക്കഴിഞ്ഞോ? കഠിന ഹൃദയര്‍ അല്ലാത്തവര്‍ എന്നാണ് പൊതുവെ മലയാളികളെപ്പറ്റി പണ്ടൊക്കെ മറുനാട്ടുകാര്‍ പറയാറുണ്ടായിരുന്നത്.

ആള്‍ക്കൂട്ടക്കൊലകള്‍ അതീവ ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. ഒരു വ്യക്തി ഒരു പെട്ടെന്നുണ്ടാകുന്ന വികാരത്തിന്റെ പുറത്ത് മറ്റൊരു വ്യക്തിയെ കൊല്ലുന്നത് പോലെയല്ല അത്. ഉത്തേരേന്ത്യയില്‍ ബീഫിന്റ പേരില്‍ എത്രയോ നിരപരാധികള്‍ ഇങ്ങനെ നിഷ്‌കരുണം കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോഴെക്കെ നമ്മള്‍ ഇതൊന്നും കേരളത്തില്‍ നടക്കില്ലന്ന് പറഞ്ഞ് അഹങ്കരിക്കുകയോ അത്തരം വാര്‍ത്തകളെയെല്ലാം അവഗണിക്കുകയും ചെയ്തു. എന്നാല്‍ വളരെ ദുര്‍ബലരായ മനുഷ്യര്‍ അവരുടെ ജീവീതപ്രാരാബ്ധങ്ങളുടെ സമ്മര്‍ദ്ദം മൂലം എന്തെങ്കിലും ചെറിയ കുറ്റകൃത്യങ്ങള്‍ ചയ്താല്‍ പോലും ജനക്കൂട്ടം വളരെ മൃഗീയമായി അവരുടെ മേല്‍ ശിക്ഷ നടപ്പാക്കുന്നു.

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് ഒരു വ്യക്തിയെ അയാളുടെ കുറ്റത്തിന് മേല്‍ ശിക്ഷിക്കാന്‍ സര്‍ക്കാരിനേ അവകാശമുളളു. അതും വളരെ സുതാര്യമായ നിയമപ്രക്രിയയിലൂടെ മാത്രം. ജനക്കൂട്ടങ്ങള്‍ നിയമം കയ്യിലെടുക്കുന്നത് പ്രാകൃതമായ ഗോത്ര വര്‍ഗ സമ്പ്രദായമാണ്. പരിഷ്‌കൃത മനുഷ്യന് ഒരിക്കലും അത് പിന്തുടരുക വയ്യ, അത് പിന്തുടരുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ വാങ്ങിച്ച് കൊടുക്കുകയും വേണം. എന്നാല്‍ നമ്മള്‍ പിന്നോട്ട് നടക്കുന്ന ജനതയായി മാറിക്കഴിഞ്ഞുവെന്ന് മധുവിന്റെയും ചന്ദ്രന്റെയും ജീവിതങ്ങള്‍ നമ്മളോട് പറയുന്നു. അല്ലങ്കില്‍ അട്ടപ്പാടിയിലെ മധുവിന്റെ ദയനീയ ജീവിത ചിത്രം നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ചിറയന്‍ കീഴിലുള്ള ചന്ദ്രന് അതേ അവസ്ഥയുണ്ടാകുമോ? പാത്രങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ച് പൊലീസിനെ ഏല്‍പ്പിച്ചങ്കിലും അയാളെ ആശുപത്രിയിലെത്തിക്കാന്‍ ആരും തെയ്യാറായില്ല.

കടുത്ത മര്‍ദ്ദനം മൂലം അന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റെതാണ് മരണകാരണം എന്നതാണ് പ്രാഥിക നിഗമനം. പലപ്പോഴും സമൂഹത്തിന്റെ താഴേക്കിടയിലുള്ള മനുഷ്യര്‍ക്ക് ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ പൊലീസും മറ്റ് നിയമസംവിധാനങ്ങളും കണ്ണടച്ച് മാറി നില്‍ക്കുന്ന ഒരു സ്ഥിവിശേഷം നമ്മുടെ നാട്ടിലുണ്ട്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാവുന്നു.
മധുവിന്റെ കൊലക്ക് ശേഷം ഇനിയൊരു മധു നമ്മുടെ ഇടയില്‍ ഉണ്ടാകരുതെന്ന് നമമള്‍ ആഗ്രഹിച്ചു. ഇനി ചന്ദ്രന്റെ മരണ ശേഷവും നമ്മള്‍ക്ക് ആഗ്രഹിക്കാം.. അല്ലാതെന്ത് ചെയ്യാന്‍