വാ തുറന്നാല്‍ വംശവെറിയുടേയും വിഭജനത്തിന്റേയും പുളിച്ചുതികട്ടല്‍; വെള്ളാപ്പള്ളിയെന്ന വെറുപ്പിന്റെ വിഷ വ്യാപാരി

പിണറായി വിജയന്‍ തലയിലെടുത്തുവെച്ച സിപിഎമ്മിന്റെ തലയ്ക്ക് മുകളിലെ ഡെമോക്ലീസിന്റെ വാളായിരുന്നു വെള്ളാപ്പള്ളി നടേശനെന്ന വെറുപ്പിന്റെ വ്യാപാരി. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഉച്ചിയില്‍ കുത്തി തന്നെയത് വീണിട്ടും വെള്ളാപ്പള്ളിയെ തള്ളിക്കളയാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ഇന്നത് വംശവെറിയുടെ പുളിച്ചു തികട്ടിയ വിഭജന രാഷ്ട്രീയം മടിക്കാതെ കേരള സമൂഹത്തിലേക്ക് വഹിപ്പിക്കുമ്പോള്‍ ഇടതുപക്ഷം ആടിയുലയുന്നത് അര്‍ഹിക്കാത്ത സ്ഥാനം ഏതോ ഒരു ഘട്ടത്തില്‍ ഉള്ളംകയ്യില്‍ കൊണ്ടുകൊടുത്തതിന്റെ ബാക്കിപത്രമായാണ്.

വെള്ളാപ്പള്ളി നടേശന്‍ ജാതീയതയുടെ കോമരം തുള്ളി മലയാളികളുടെ മനസില്‍ വിഷം നിര്‍ത്താതെ ചീറ്റുകയാണ്. പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയും പൊതിഞ്ഞുപിടുച്ചുമെന്ന വ്യാജേനെ കേരളത്തില്‍ വര്‍ഗീയത പച്ചയ്ക്ക് പറയുകയാണ്. മുസ്ലീം പേരുള്ളവരെ തീവ്രവാദിയാക്കിയും മലപ്പുറത്തെ താലിബാനാക്കിയും വെള്ളാപ്പള്ളി നടേശന്‍ കേരള രാഷ്ട്രീയത്തില്‍ സംഘപരിവാരത്തിന്റെ ആട്ടമാടുകയാണ്. അത് ഇടത് പക്ഷത്തിന്റെ ചെലവിലെന്ന് തോന്നിപ്പിയ്ക്കുന്ന വിധം അയാള്‍ സംഘരാഷ്ട്രീയത്തിന്റെ വെറുപ്പ് കേരളത്തില്‍ നിറയ്ക്കുകയാണ്.

‘തൊട്ടുകൂടായ്മയുടെ വികൃതമുഖ’മെന്ന പേരില്‍ എസ്എന്‍ഡിപി യോഗത്തിന്റെ മുഖമാസിക യോഗനാദം വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയ സംഭവത്തിലെ വിവാദങ്ങളെ വിമര്‍ശിച്ച് തനിക്ക് അയിത്തം കല്‍പ്പിക്കുന്നുവെന്ന വാദഗതികള്‍ ഒരു വശത്ത് നടത്തുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെള്ളാപ്പള്ളിയുടെ നിലതെറ്റി മാടമ്പി സ്വഭാവം വീണ്ടും വീണ്ടും പുറത്തുവരുന്നത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേര്‍ക്ക് മാറ്റിപ്പോടായെന്ന് പറഞ്ഞു അറപ്പുളവാക്കുന്ന അംഗചലനം നടത്തി പിന്നീട് ആ മാധ്യമ പ്രവര്‍ത്തകന്റെ പേര് പറഞ്ഞു അയാളെ തീവ്രവാദിയാക്കി അവതരിപ്പിച്ച് വെള്ളാപ്പള്ളി നടനം തുടരുകയാണ്.

എന്നോട് ചോദ്യം ചോദിച്ചയാളെ എനിക്കറിയും, ഈരാറ്റുപേട്ടക്കാരനാണ്, എംഎസ്എഫ് നേതാവാണ്, അവന്‍ തീവ്രവാദിയാണ്, മുസ്ലീങ്ങളുടെ വക്താവാണ്. അയാളെ ആരോ പറഞ്ഞയച്ചതാണ്.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ റഹീസ് റഷീദിന് നേര്‍ക്കാണ് വെള്ളാപ്പള്ളിയുടെ ഉറഞ്ഞുതുള്ളല്‍. കാരണം മലപ്പുറത്ത് കോളേജ് തുടങ്ങാന്‍ എസ്എന്‍ഡിപി യോഗത്തിന് കഴിയുന്നില്ലെന്ന വെള്ളാപ്പള്ളിയുടെ സ്ഥിരം മലപ്പുറം വിദ്വേഷത്തില്‍ അതെന്താ സ്ഥലം കിട്ടുന്നില്ലെ അവിടെ എന്ന് മറുചോദ്യം ചോദിച്ചു. അപ്പോള്‍ സ്ഥലം ഇല്ലാത്തതല്ല സര്‍ക്കാര്‍ നുമതി കിട്ടുന്നില്ലെന്ന് പറഞ്ഞപ്പോള്‍ 10 കൊല്ലമായി പിണറായി സര്‍ക്കാരല്ലെ എന്നിട്ട് അനുമതി കിട്ടിയില്ലെ എന്ന ചോദ്യം വന്നപ്പോള്‍ ഇനിയെന്ത് പറയുമെന്ന പെട്ടുപോകലിലാണ് വെള്ളാപ്പള്ളി നടേശന്‍ കലിതുള്ളിയത്.

വിഷയം വീണ്ടും ചര്‍ച്ചയായപ്പോഴാണ് അടുത്ത ദിവസം വന്നു അവന്‍ തീവ്രവാദിയെന്ന് പറഞ്ഞത്. പേര് കണ്ടാണോ തീവ്രവാദിയെന്ന് വിളിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘വെറുതെ കളിക്കാതെ, വിരട്ടണ്ട. അയാള്‍ തീവ്രവാദി എന്ന് വിവരം കിട്ടി. അതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു. എടോ ഞാന്‍ ഇത് വലിച്ച് എറിയണോ. ഇല്ലെങ്കില്‍ എടുത്തോണ്ട് പോയിക്കോണം. തന്റെ കൊമ്പൊന്നും ഇവിടെ എടുക്കണ്ട. പറയണത് കേട്ടാല്‍ മതി. കുറേനാളായി തുടങ്ങിയിട്ട്. ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്നെല്ലാമാണ് വെള്ളാപ്പള്ളി നടേശന്റെ ഭാഷ്യം.

ഇതെല്ലാം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെന്ന പദവിയിലിരുന്നാണെന്നത് കൂടി ഓര്‍ക്കണം. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ ചാലകശക്തിയാക്കി സ്ഥാപിച്ച ഒരു ജാതി- ഒരു മതം- ഒരു ദൈവം മനുഷ്യന് എന്ന ആപ്തവാക്യത്തില്‍ ഉരുവായ സംഘടനയുടെ തലപ്പത്തിരുന്നാണ് അപരവിദ്വേഷവും മത സ്പര്‍ധയും വെള്ളാപ്പള്ളി വളര്‍ത്തുന്നത്.

മലപ്പുറവും മുസ്ലീങ്ങളും മുസ്ലീം ലീഗുമാണ് വെള്ളാപ്പള്ളിയുടെ നിരന്തര ടാര്‍ഗറ്റ്. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് എന്‍ഡിഎ ക്യാമ്പിലിരുന്ന് പുത്തന്‍ സാധ്യത തിരയുമ്പോള്‍ ഇടതിനൊപ്പമെന്ന് കാട്ടിക്കൂട്ടാന്‍ പിണറായി സര്‍ക്കാര്‍ മൂന്നാമതും വരുമെന്ന് പാടിപ്പാടി പറഞ്ഞു അതിന്റെ ഇടയിലൂടെ വിഷലിപ്ത വാക്കുകള്‍ കൊണ്ട് കേരളത്തിലെ സാമൂഹ്യാന്തരീക്ഷം മലിനപ്പെടുത്തുകയാണ് വെള്ളാപ്പള്ളി.

Read more

അടുത്ത ഭരണം കിട്ടിയാല്‍ ഇനിയൊരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കാണ് മുസ്ലീംലീഗിനെന്ന് പറഞ്ഞു വെള്ളാപ്പള്ളി വിദ്വേഷത്തിനൊപ്പം ഭയവും വളര്‍ത്താന്‍ ശ്രമിക്കുകയാണ്. മുസ്ലിം സമുദായത്തെ മൊത്തമായി ഈഴവര്‍ക്കെതിരേ തിരിച്ചുവിട്ട് മതവിദ്വേഷം സ്ഥാപിച്ച് മത സൗഹാര്‍ദം ഇല്ലാതാക്കി മത കലഹമുണ്ടാക്കാനുള്ള കുത്സിത ശ്രമമാണ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഇത് ആരാണ് കഴിഞ്ഞ നാളുകളില്‍ ചെയ്യുന്നതെന്ന് വ്യക്തമായി ബോധ്യമുള്ള ഒരു സമൂഹത്തിന് മുന്നിലാണ് ഈ പിപ്പിടിവിദ്യയെന്ന് വെള്ളാപ്പള്ളി മറന്നുപോകുന്നു. ഉണരൂ ഹിന്ദുക്കളെ ഉണരൂവെന്ന് പറഞ്ഞു ബിജെപി രാഷ്ട്രീയം രാജ്യമൊട്ടാകെ കാണിക്കുന്ന ഭയപ്പെടുത്തലും രക്ഷകന്‍ ചമഞ്ഞുള്ള സാമുദായിക ധ്രുവീകരണവും ഈഴവ സമൂഹത്തിലും പയറ്റി നോക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. വിഷം കലക്കി മുസ്ലീം വിരോധം വളര്‍ത്തി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള വംശവെറിയുടെ സംഘപരിവാരമുഖമാണ് വെള്ളാപ്പള്ളി നടേശന്‍ ഇവിടെ നടത്താന്‍ ശ്രമിക്കുന്നത്. ഇതെല്ലാം പറഞ്ഞു ഈ മാടമ്പി സ്വത്വം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടിയിട്ട് പാവപ്പെട്ട സമുദായത്തിന്റെ നേതാവാണെന്ന് പറഞ്ഞു യോഗ മുഖമാസികയില്‍ ലേഖനമെഴുതിയാല്‍ എല്ലാം തന്റെ വരുധിയ്ക്ക് നടക്കുമെന്ന അധമമോഹം വെള്ളാപ്പള്ളി വെച്ചുപുലര്‍ത്തുകയാണ്. അവിടെയാണ് കേരള സമൂഹം ഈ വംശവെറിയെ തിരിച്ചറിഞ്ഞു മറുപടി കൊടുക്കേണ്ടത്.