എളുപ്പത്തില്‍ ഇടത്തോട്ട് ചായാത്ത കോട്ട, ഇക്കുറി ഇടതും വലതും 'പിളര്‍ന്നു വളരുന്ന പാര്‍ട്ടി'

കോട്ടയത്തിന്റെ മണ്ണിലെ തിരഞ്ഞെടുപ്പ് സമവാക്യത്തില്‍ യുഡിഎഫിനൊപ്പം ഒട്ടുപാല്‍ പോലെ ഒട്ടിയ ഒരു രാഷ്ട്രീയ ചരിത്രമുണ്ട് കോട്ടയ്ക്കകത്തിന്. മീനച്ചിലാര്‍ അങ്ങ് ഒഴുകി ചുറ്റുന്ന കോട്ടയായ കോട്ടയത്തിന് അക്ഷരനഗരിയെന്നടക്കം വിളിപ്പേര് പലതുണ്ട്. ഇംഗ്ലീഷില്‍ മൂന്ന് Lന്റെ നാടൊന്നൊക്കെ, അതായത് Land of Letters, Latex, Lakes എന്നൊക്കെ ഭംഗിയില്‍ പറയുമ്പോഴും രാഷ്ട്രീയ ചരിത്രത്തില്‍ Lന് അതായത് ഇടതിന് കോട്ടയം പിടികൊടുത്തത് വിരളമായാണ്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന്റെ മനസില്‍ സുരേഷ് കുറിപ്പെന്ന പേരിനോടുള്ള സ്‌നേഹത്തിലാണ് പലപ്പോഴും ഇടതിലേക്ക് മണ്ഡലം ചാഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസിനും പിന്നീട് യുഡിഎഫില്‍ നിന്ന കേരള കോണ്‍ഗ്രസ് എന്ന പിളര്‍ന്നു വളരുന്ന പാര്‍ട്ടിയ്‌ക്കൊപ്പമാണ് കോട്ടയം പലപ്പോഴും ഉറച്ചു നിന്നിട്ടുള്ളത്. ഇക്കുറി കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ ഒരു കേരള കോണ്‍ഗ്രസ് പോരാട്ടമാണ് വാശിയേറിയതാകുന്നത്. കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് വിഭാഗവും കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവുമാണ് കോട്ടയത്ത് കൊമ്പു കോര്‍ക്കുന്നത്.

കഴിഞ്ഞ കുറി യുഡിഎഫിനൊപ്പം നിന്ന് പിടിച്ച മണ്ഡലത്തില്‍ ഇക്കുറി എല്‍ഡിഎഫിന് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തോമസ് ചാഴിക്കാടന്‍ ഇറങ്ങുന്നത്. അപ്പുറത്ത് രണ്ട് തവണ ഇടുക്കിയില്‍ ഇടതിനൊപ്പം നിന്ന് എംപിയായ ഫ്രാന്‍സിസ് ജോര്‍ജാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. അപ്പുറവും ഇപ്പുറവും ചാടി മാറിനിന്നുള്ള മല്‍സരം കോട്ടയത്തെ വോട്ടര്‍മാര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണണം. ശക്തമായ പോരാട്ടവുമായി എന്‍ഡിഎയും കളത്തിലിറങ്ങിയിട്ടുണ്ട്. ഈഴവ വോട്ടുകളില്‍ കണ്ണുവെച്ച് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയാണ് കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിട്ടുള്ളത്. നരേന്ദ്ര മോദിയ്ക്ക് മൂന്നാംവട്ടം തലസ്ഥാനത്ത് ഭരണം പിടിക്കാന്‍ കേരളത്തില്‍ നിന്ന് മിഷണ്‍ 400ലേക്ക് ബിജെപി കേന്ദ്രങ്ങള്‍ കണക്കുകൂട്ടി വെച്ചിരിക്കുന്ന സീറ്റുകളിലൊന്നാണ് കോട്ടയത്തേത്.

കേരള കോണ്‍ഗ്രസ് നേര്‍ക്ക് നേര്‍ പോരാട്ടത്തില്‍ ആര് ജയിക്കുമെന്ന ചോദ്യം ഉയരുമ്പോഴും യുഡിഎഫില്‍ നിന്ന് കൊണ്ട് മാത്രം കോട്ടയം പിടിച്ചെടുത്ത് പിന്നീട് ഇടതുപക്ഷത്തേക്ക് പോയ കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് കെ മാണി നയിക്കുന്ന വിഭാഗത്തിന് മണ്ഡലത്തിന്റെ യുഡിഎഫ് ചായ് വില്‍ ചെറുതല്ലാത്ത പേടിയുണ്ട്. കോട്ടയം എംപിയായത് യുഡിഎഫിനൊപ്പം നിന്നപ്പോഴാണെന്നും ഇടതിനൊപ്പം നിന്ന് മല്‍സരിച്ചപ്പോള്‍ നിയമസഭയില്‍ പാല കൈവിട്ടു പോയത് ജോസ് കെ മാണിയേയും ഭയപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയമായി തങ്ങളുടെ നിലനില്‍പ്പിന് മണ്ഡലം പിടിച്ചേ മതിയാകൂവെന്ന് കെ എം മാണിയുടെ ഇളമുറക്കാരനറിയാം. പിളര്‍ന്ന് പിളര്‍ന്ന് പാര്‍ട്ടിയുടെ ആധിപത്യം കോട്ടയത്ത് നിന്നും പോയാല്‍ ഇരുമുന്നണിയിലും തങ്ങള്‍ അപ്രസക്തരാകുമെന്നും ജോസിനറിയാം. മറിച്ച് പിജെ ജോസഫ് പക്ഷത്ത് നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് ഇറങ്ങുന്നത് മണ്ഡലം കഴിഞ്ഞ കുറി ഇടതിനെ നേരിട്ട് തോല്‍പ്പിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്ന് നിന്നതിന്റെ ആത്മവിശ്വാസത്തിലും മണ്ഡല ചരിത്രത്തിലും വിശ്വസിച്ചാണ്. പിളര്‍പ്പുകള്‍ക്ക് ഒടുവില്‍ കേരള കോണ്‍ഗ്രസ് ഭാവി കൂടി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് കോട്ടയത്തേതെന്ന് സംശയലേശമന്യേ പറയാം.

1964ല്‍ കോണ്‍ഗ്രസ് വിട്ടുവന്നവരുടെ സംഘം കെഎം ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ പിന്നീടത് പിളര്‍ന്നും വളര്‍ന്നും തളര്‍ന്നും ഇടതും വലതും ചാടിയും ബ്രാക്കറ്റിന് മേല്‍ ബ്രാക്കറ്റ് ഇട്ടു കുമിഞ്ഞു കൂടുന്ന പാര്‍ട്ടിയാകുമെന്ന് കെ എം ജോര്‍ജ് പോലും കരുതിയിട്ടുണ്ടാവില്ല. കെ എം ജോര്‍ജിന്റെ മരണശേഷം ആര്‍ ബാലകൃഷ്ണ പിള്ള ആദ്യം പിളര്‍ന്ന് ഗ്രൂപ്പായി. പിന്നീട് കെ എം മാണി പാര്‍ട്ടിയുടെ കടിഞ്ഞാണേറ്റതോടെ പി ജെ ജോസഫ് പിരിഞ്ഞു. ഇടതു വലതും മാറി മാറി നിന്ന് സര്‍ക്കാരുകളില്‍ ഭാഗമായി. ഐക്യ ജനാധിപത്യ മുന്നണിയോടും ഇടത് മുന്നണിയോടും സ്ഥാനമാനങ്ങളുടെ അളവ് തൂക്കത്തില്‍ കൂട്ടുകൂടുകയും വഴക്കിട്ട് മാറുകയും ചെയ്ത കേരള കോണ്‍ഗ്രസ് ചരിത്രം കോട്ടയത്തിന്റെ മണ്ണിലങ്ങ് വേരുറച്ചതാണ്. കോട്ടയത്തും ഇടുക്കിയിലും വേരോട്ടം കൂടിയ കേരള കോണ്‍ഗ്രസ് ഇക്കുറി ഇടതും വലതും നിന്ന് മല്‍സരിക്കുന്നുവെന്നതാണ് കോട്ടയം പാര്‍ലമെന്റിനെ നിര്‍ണായകമാക്കുന്നത്.

കോട്ടയം ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും കോട്ടയം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നു. പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. ആദ്യ തിരഞ്ഞെടുപ്പ് മുതലുള്ള മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കോട്ടയം 12 തവണ കോണ്‍ഗ്രസിനൊപ്പവും കേരള കോണ്‍ഗ്രസിനൊപ്പവും നിന്നു. അഞ്ച് തവണ മാത്രമാണ് കോട്ടയം ചുവപ്പണിഞ്ഞത്. ഇതില്‍ നാല് തവണയും വിജയിച്ചത് കെ സുരേഷ് കുറുപ്പെന്ന സിപിഎം നേതാവും.

1952ല്‍ തിരുവിതാംകൂര്‍- കൊച്ചി സഭയില്‍ കോണ്‍ഗ്രസിന്റെ സിപി മാത്യു ജയിച്ചു. കേരള രൂപീകരണത്തിന് ശേഷം 57ല്‍ നടന്ന തിരഞ്ഞെടുപ്പിലും 62ലും കോണ്‍ഗ്രസിന്റെ മാത്യു മണിയങ്ങാടന്‍ ജയിച്ചു. 1967ല്‍ സിപിഎമ്മിന്റെ കെ എം ഏബ്രഹാം ആദ്യമായി മണ്ഡലം ഇടത്തേക്ക് ചെരിച്ചു. പിന്നീടങ്ങോട്ട് കേരള കോണ്‍ഗ്രസിന്റെ ശക്തി ദുര്‍ഗമായി മണ്ഡലം മാറി തുടങ്ങി. 71, 77, 80കളില്‍ വര്‍ക്കി ജോര്‍ജ്, സ്‌കറിയ തോമസ് എന്നിവര്‍ കേരള കോണ്‍ഗ്രസിനായി മണ്ഡലം പിടിച്ചു. 77ലും കേരള കോണ്‍ഗ്രസ് തമ്മിലുള്ള പോരാട്ടമാണ് കോട്ടയം കണ്ടത്. പിരിഞ്ഞു പോയ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് കേരള കോണ്‍ഗ്രസ് അന്ന് കോട്ടയം പിടിച്ചത്. 1984ല്‍ സിപിഎമ്മിന്റെ സുരേഷ് കുറുപ്പ് കേരള കോണ്‍ഗ്രസില്‍ നിന്ന് മണ്ഡലം പിടിച്ചു.

1989ല്‍ രമേശ് ചെന്നിത്തല കോണ്‍ഗ്രസിനായി മണ്ഡലം പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിനൊപ്പവും പിജെ ജോസഫ് വിഭാഗം ഇടതിനൊപ്പവുമായിരുന്നു ആ കാലം. 91ലും 96ലും മണ്ഡലം കോണ്‍ഗ്രസിനൊപ്പം തന്നെ. രമേശ് ചെന്നിത്തലയുടെ ഹാട്രിക്. പക്ഷേ 98ല്‍ സിപിഎമ്മിന്റെ സുരേഷ് കുറുപ്പെത്തി ചെന്നിത്തലയെ വീഴ്ത്തി. 99ല്‍ കോണ്‍ഗ്രസിന്റെ പിസി ചാക്കോയേയും വീഴ്ത്തി സുരേഷ് കുറുപ്പ് തുടര്‍ച്ചയായ രണ്ടാം വട്ടം മണ്ഡലം പിടിച്ചു. അങ്ങനെ മൂന്ന് തവണ സിപിഎമ്മിനെ മണ്ഡലത്തില്‍ ഉറപ്പിച്ചതിന്റെ ക്രെഡിറ്റ് കുറുപ്പിനായി. 2004ല്‍ ഹാട്രിക് അടിച്ച കുറുപ്പ് അങ്ങനെ കോട്ടയത്തെ ഇടത് കാറ്റിന്റെ പേരായി. പക്ഷേ 2009 മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം കേരള കോണ്‍ഗ്രസിന്റെ റീ എന്‍ട്രിയില്‍ മണ്ഡലം യുഡിഎഫിനൊപ്പം പോയി. ജോസ് കെ മാണിയുടെ പാര്‍ലമെന്റ് ചരിത്രത്തിലെ ആദ്യ വിജയത്തില്‍ സുരേഷ് കുറുപ്പ് വീണു. 2014ലും ജോസ് കെ മാണിയെ കോട്ടയം കൈവിട്ടില്ല. ഇടതുപക്ഷം ജനതാദള്‍ എസിന് നല്‍കിയ സീറ്റില്‍ കാര്യമായ ചലനം ഉണ്ടായില്ല. ഒരു ലക്ഷത്തിന് മേലെ വോട്ടില്‍ ജോസ് ജയിച്ചു.

2019ല്‍ രാഹുല്‍ ഗാന്ധി വയനാടെത്തിയ യുഡിഎഫ് തരംഗത്തില്‍ മാണി ഗ്രൂപ്പില്‍ നിന്നുള്ള തോമസ് ചാഴിക്കാടന്‍ കോട്ടയം ഉറപ്പിച്ചു നിര്‍ത്തി. പക്ഷേ യുഡിഎഫ് വോട്ടില്‍ ജയിച്ച് ഇടത് മുന്നണിയിലേക്ക് പോയ മാണി വിഭാഗത്തിനോട് മണ്ഡലത്തിന്റെ മനസില്‍ അസ്വസ്ഥതയുണ്ടോ എന്നതിന്റെ കണക്കെടുപ്പ് കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. 1977ന് ശേഷം കേരള കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ വരുന്ന തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 2019ല്‍ എന്‍ഡിഎയുടെ പിന്തുണയോടെ മത്സരിച്ച കേരള കോണ്‍ഗ്രസിന്റെ പി സി തോമസിന് ഒന്നരലക്ഷത്തിലധികം വോട്ടുകളാണ് ലഭിച്ചത്. എല്ലാ മണ്ഡലത്തിലും സാന്നിധ്യമറിയിക്കാനും പി സി തോമസ് എന്ന പേരുകൊണ്ട് സാധിച്ച ബിജെപി ഇക്കുറി തുഷാര്‍ വെള്ളാപ്പള്ളിയെ ഇറക്കി മണ്ഡലത്തില്‍ കൂടുതല്‍ വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ്. ചാട്ടവും മറുചാട്ടവും കണ്ട കോട്ടയംകാര്‍ ആരുടെ കേരള കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നത് മുന്നണികളിലെ കേരള കോണ്‍ഗ്രസിന്റെ ഭാവികൂടി നിര്‍ണയിക്കുമെന്നതില്‍ സംശയമില്ല.