തരൂര്‍ പേടി മാറാതെ കോണ്‍ഗ്രസ്

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ശശി തരൂരിനെ ഇപ്പോഴും ഭയമാണ്. ഇപ്പോള്‍ ശശി തരൂരിനെതിരെ ഉറഞ്ഞ് തുള്ളിയിരിക്കുന്നത് കെ മുരളീധരനാണ്. ശശി തരൂരിനെതിരെ തിരിയാന്‍ അവര്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ടാ. ഹമാസിനെ തീവ്രവാദികള്‍ എന്ന് ശശി തരൂര്‍ വിളിച്ചത് ഒട്ടും ശരിയായില്ലന്നും അത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയെന്നുമാണ് ് കെ മുരളീധരന്‍ പറഞ്ഞത്. ഹമാസിനെ തീവ്രവാദികള്‍ എന്ന് വിളിച്ചത് ഒരു കാരണമായി എന്ന് മാത്രം. അല്ലങ്കില്‍ എന്തെങ്കിലും കാരണം എടുത്തിട്ട് ഏതെങ്കിലും നേതാക്കള്‍ തരൂരിനെതിരെ തിരിഞ്ഞേനെ.

എന്ത് കൊണ്ടാണ് ഉണ്ടിരുന്ന കെ മുരളീധരന് തരൂരിന്റെ കാര്യത്തില്‍ ഒരു വിളിയുണ്ടായത്. അതിന് പിന്നില്‍ ഒരു കാര്യമുണ്ട്്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സമതിയാണ് രാഷ്ട്രീയകാര്യ സമിതി. വളരെ നിര്‍ണ്ണായകമായ തിരുമാനങ്ങള്‍ കൈക്കൊള്ളുന്ന രാഷ്ട്രീയ കാര്യ സമിതിയിലേക്ക് ശശി തരൂര്‍ കടന്നുവരാന്‍ പോവുകയാണ്.അതും ഉമ്മന്‍ചാണ്ടിയുടെ ഒഴിവിലേക്ക്. കേരളത്തിലെ കോണ്‍ഗ്രസില്‍ യാതൊരു ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ ഒരു കോക്കസും ഉണ്ടാക്കാതെ നിലനില്‍്ക്കുന്നയാളാണ് ശശി തരൂര്‍. ജനപിന്തുണയുംഅദ്ദേഹത്തിന് നന്നായുണ്ട്. പ്രത്യേകിച്ച് മിഡില്‍ ക്‌ളാസിന്റെ പിന്തുണ. അത് കൊണ്ട് തന്നെ രാഷ്ട്രീയ കാര്യ സമിതിയിലേക്ക് തരൂര്‍ കടന്ന് വരുമ്പോള്‍ അതിലുളള ക്‌ളിക്കുകള്‍ക്കും കോക്കസുകള്‍ക്കും അത്ര പെട്ടെന്ന് രുചിക്കില്ല. മാത്രമല്ല കേരളത്തിലെ കോണ്‍ഗ്രസിന്റെ വഴിയേ പോകുന്നയാളല്ല തരൂര്‍. അത് കൊണ്ട് തന്നെ അദ്ദേഹത്തിനെ അവര്‍ക്കാര്‍ക്കും താല്‍പര്യവുമില്ല.

രാഷ്ട്രീയ കാര്യ സമതിയില്‍ ഇനി തരൂരിന്റെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കിയേ പറ്റൂ. സമിതിയില്‍ ഏ കെ ആന്റെണി കഴിഞ്ഞാലുള്ള ഏക പ്രവര്‍ത്തക സമിതിയംഗമാണ് ശശി തരൂര്‍. അത് കൊണ്ട് തന്നെ തരൂര്‍ മുന്നോട്ടുവയ്കുന്ന കാര്യങ്ങളെ അവഗണിക്കാന്‍ കഴിയില്ല. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്ന് പുഷ്പം പോലെ ജയിക്കും. കേരളത്തില്‍ വേറൊരു നേതാവിനും തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇത്ര ഉറപ്പ് പറയാന്‍ കഴിയില്ല.

ശശി തരൂര്‍ സംസ്ഥാന കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തനാവുന്നത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുപ്പായം തയ്പിച്ച് വച്ചിരിക്കുന്ന പലര്‍ക്കും വലിയ അലോസരമാണ് സൃഷ്ടിക്കുക. അത് കൊണ്ട് തന്നെ കേരളത്തിലെ ജനങ്ങളുടെ മധ്യത്തില്‍ ശശി തരൂരിന്റെ വിശ്വാസ്യത തകര്‍ക്കുക എന്നത് അവരുടെ പ്രധാന ലക്ഷ്യമാണ്. നേതാക്കള്‍ മാറി മാറി രംഗത്ത് വരും. എന്നാല്‍ അവരുടെ ലക്ഷ്യം തരൂര്‍ തന്നെയാകും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് തരൂര്‍ അല്ലാതെ മറ്റൊരാളെ ചിന്തിക്കാന്‍കോണ്‍ഗ്രസ് നേതൃത്വത്തിന് സാധ്യമല്ല. കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ നിന്നും ശശി തരൂരിനെ മാറ്റി നിര്‍ത്തിയതിന് പിന്നിലും ഇതൊക്കെ തന്നെയാണ് കാരണം. ബി ജെ പി അഖിലേന്ത്യാ നേതാക്കളെ ഇറക്കി പിടിക്കാന്‍ ലക്ഷ്യം വച്ചിരിക്കുന്ന സീറ്റാണത് എന്നത് കൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സംബന്ധിച്ചിടത്തോളം പ്രസ്റ്റീജ് മണ്ഡലമാണ് തിരുവനന്തപുരം. അത് പിടിക്കണമെങ്കില്‍ തരൂര്‍ തന്നെ വേണം. അത് കൊണ്ട് ശശി തരൂരിന് കേരളത്തിലെ മറ്റേത് നേതാവിനെക്കാളും പ്രധാന്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കുന്നുമുണ്ട്. അത് തങ്ങള്‍ക്ക് പാരയായി വരുമെന്ന ഭീതി സംസ്ഥാനത്തെ സീനിയര്‍കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാമുണ്ട് താനും .