മണിപ്പൂര്‍ കേസുകളില്‍ സുപ്രീം കോടതിയുടെ അന്വേഷണ സമിതി

മണിപ്പൂരില്‍ രണ്ട് മാസം ഭരണഘടന തകര്‍ന്ന നിലയിലായിരുന്നുവെന്ന നിരീക്ഷണത്തിന് പിന്നാലെ
മണിപ്പുരില്‍ സുപ്രീം കോടതിയുടെ കര്‍ശന ഇടപെടല്‍. അന്വേഷണം അടക്കം കാര്യങ്ങളില്‍ മേല്‍നോട്ടത്തിന് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘത്തെ നിയമിച്ചു. നിയമവ്യവസ്ഥയില്‍ മണിപ്പൂരുകാരുടെ വിശ്വാസം ഊട്ടി ഉറപ്പിക്കാനാണ് ജഡ്ജിമാരുടെ പ്രത്യേക സമിതിയെ നിയോഗിച്ചത്. മണിപ്പൂരിലെ പ്രശ്‌നപരിഹാരത്തിനായി മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രൂപീകരിച്ചത്. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് കോടതിയുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളും ജഡ്ജിമാരുടെ സമിതിയുടെ പരിധിയില്‍ വരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഗീത മിത്തല്‍, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്ന ജഡ്ജുമാരുടെ പാനലാണ് സുപ്രീം കോടതി രൂപീകരിച്ചത്. മുന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തലാണ് സുപ്രീം കോടതി മൂന്നംഗ പ്രത്യേക സമിതിയുടെ അധ്യക്ഷ.

മണിപ്പൂരിലെ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് മേല്‍നോട്ടത്തിനും കോടതിയെ സഹായിക്കാന്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്. ദത്താത്രേയ് പട്‌സാല്‍ഗികര്‍ എന്ന പൊലീസ് ഓഫസര്‍ക്കാണ് സുപ്രീം കോടതി അന്വേഷണ സംഘങ്ങളുടെ മേല്‍നോട്ടത്തിന് ചുമതല നല്‍കിയിരിക്കുന്നത്. ജുഡീഷ്യല്‍ കമ്മിറ്റിയും പൊലീസ് ഉദ്യോഗസ്ഥനും വെവ്വേറെ റിപ്പോര്‍ട്ടുകളാണ് കോടതിയില്‍ സമര്‍പ്പിക്കേണ്ടത്.

ജഡ്ജിമാരുടെ സമിതിക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

മണിപ്പൂരില്‍ സിബിഐ നടത്തുന്ന അന്വേഷണത്തിന്റേയും അതുപോലെ മണിപ്പൂര്‍ പൊലീസ് നടത്തുന്ന അന്വേഷണത്തിന്റേയും കാര്യങ്ങളടക്കം വിഷയം പ്രത്യേക സമിതി പരിശോധിക്കും. നടന്നു കൊണ്ടിരിക്കുന്ന അന്വേഷണങ്ങളിലെല്ലാം നീതിയുക്തമായ ഇടപെടലാണോ ഉണ്ടായിരിക്കുന്നതെന്നും സമിതി പരിശോധിക്കും.

എന്നാല്‍ കേസുകളിലെ വിചാരണ മണിപ്പൂരിന് പുറത്തുള്ള കോടതികളിലേക്ക് മാറ്റാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗും അഭിഭാഷക വൃന്ദ ഗ്രോവറും വിവിധ അക്രമങ്ങളുടെയും ബലാത്സംഗങ്ങളുടെയും അന്വേഷണം നീതിയുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ നിലവിലുണ്ടോ എന്ന് ചോദിച്ചുകൊണ്ട് നിലവിലെ മണിപ്പൂര്‍ സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി. 20 പേരടങ്ങുന്ന സംഘമാണ് മണിപ്പുരില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയെ അറിയിച്ചു. ഇവര്‍ തമ്മില്‍ പരസ്പരം നല്ല ബന്ധം പുലര്‍ത്തുകയും ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയുമാണ്. തങ്ങളെ തൊടാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. ഈ 20 പേരെ പിടികൂടാന്‍ സാധിച്ചാല്‍ അക്രമം നിയന്ത്രിക്കാനാകുമെന്നും ഗോണ്‍സാല്‍വസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ ഒരു സമുദായത്തോടുള്ള പക്ഷപാതത്തിന്റെ നേര്‍ചിത്രം കേസുകളില്‍ ഉണ്ടെന്നും കേസുകളുടെ പുരോഗതിയിലും പക്ഷപാതിത്വം വ്യക്തമാണെന്നും അഭിഭാഷകനായ നിസാം പാഷയും പറഞ്ഞു.

മണിപ്പുരിലെ എന്‍.ബിരേന്‍ സിങ് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്തില്‍ കേസെടുക്കാന്‍ രണ്ട് മാസം വൈകിയത് എന്താണ് കോടതി നേരത്തെ തന്നെ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. സര്‍ക്കാരും ഭരണ സംവിധാനങ്ങളും മണിപ്പൂരില്‍ പരാജയപ്പെട്ടുവെന്ന് തുറന്നടിക്കാനും കോടതി മടിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് കോടതി മണിപ്പൂരില്‍ മേല്‍നോട്ടത്തിന് ഇറങ്ങിയത്. മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും കനത്ത പ്രഹരമാണ് സുപ്രീം കോടതിയുടെ നീക്കം.