അഴിമതി വിരുദ്ധരെ അഴിമതിയില്‍ കുടുക്കിയ താമര ടാക്ടിക്; ഡല്‍ഹി, കെജ്രിവാള്‍ തൂത്തുതുടച്ചെടുത്ത 'വാരിക്കുഴി'

മദ്യനയ അഴിമതി മുതല്‍ ശിഷ് മഹല്‍ വിവാദം വരെ, ബിജെപി എങ്ങനെ ഓരോ സംസ്ഥാനത്തും അടവ് നയം മാറ്റുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാവുകയാണ് ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയുടെ തോല്‍വി. താന്‍ കുഴിച്ച കുഴിയില്‍ താനേ വീഴുകയായിരുന്നു അരവിന്ദ് കെജ്രിവാളും ടീമും. അഴിമതിയ്‌ക്കെതിരായ പോരാട്ടം തുടങ്ങി ഹാട്രിക് വിജയത്തില്‍ നിന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തി ഹാട്രിക് ഭരണത്തിനൊടുവില്‍ ആംആദ്മി ഡല്‍ഹിയില്‍ നിലംപരിശായി. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്‌നുമടക്കം അഴിമതി ആരോപണ വിധേയരായി ജയില്‍ പോയവരെല്ലാം ഡല്‍ഹിയില്‍ തോറ്റമ്പി. മുഖ്യമന്ത്രിയായി ആപ്പിനായി ഒടുവില്‍ ഡല്‍ഹി ഭരിച്ച അതിഷി മാത്രമാണ് ഒന്നാം നിര നേതാക്കളില്‍ തോല്‍വി രുചിക്കാത്തത്. അഴിമതിയ്‌ക്കെതിരെ പട പൊരുതിയവരെ അഴിമതി കേസില്‍ കുരുക്കി ജനങ്ങള്‍ക്ക് മുന്നില്‍ താറടിച്ച ബിജെപി തന്ത്രം ഡല്‍ഹിയില്‍ വിജയം കണ്ടു.

മധ്യവര്‍ഗ വോട്ടുകള്‍ പിടിക്കാന്‍ കേന്ദ്രബജറ്റില്‍ വോട്ടെടുപ്പ് നടക്കുന്ന അഞ്ചാം തിയ്യതിയ്ക്ക് ദിവസങ്ങള്‍ മുമ്പ് നടത്തിയ ആദായ നികുതി ഇളവും ബിജെപി ഡല്‍ഹിയ്ക്കായി ഉന്നംവെച്ചതായിരുന്നു. മദ്യനയ അഴിമതിയില്‍ ജയിലിലായ ആംആദ്മി നേതാക്കളില്‍ പലരും ജനങ്ങള്‍ക്ക് മുന്നില്‍ വിശ്വാസയോഗ്യരല്ലാതായത് ആംആദ്മി കണക്കിലെടുക്കുകയും ചെയ്തില്ല. ചൂലുമായി ഡല്‍ഹി തൂത്ത് വൃത്തിയാക്കാനായി ഇറങ്ങിയ അരവിന്ദ് കെജ്രിവാള്‍ 10 കൊല്ലങ്ങള്‍ക്ക് ശേഷം അനഭിമിതനായതിന്റെ കുറ്റം കോണ്‍ഗ്രസ് ഒപ്പം നിന്നില്ലെന്നത് മാത്രമാണെന്ന് പറയുന്നതിലപ്പുറം അപഹാസ്യത വേറെയില്ല. കാരണം കോണ്‍ഗ്രസിന്റെ 15 കൊല്ലത്തെ ഭരണം അവസാനിപ്പിച്ചാണ് ആപ് കോണ്‍ഗ്രസ് വോട്ടുബാങ്ക് ചോര്‍ത്തി വിജയിച്ചത്.

ഗുജറാത്തിലും ഹരിയാനയിലും മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സാധ്യതകള്‍ക്ക് മേല്‍ വിലപേശല്‍ നടത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹിയില്‍ അതേ നാണയത്തില്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഇന്ത്യ മുന്നണി നേതാക്കള്‍ ആപ്പും കോണ്‍ഗ്രസും ഒന്നിച്ച് നിന്നിരുന്നെങ്കില്‍ എന്ന് ആവര്‍ത്തിച്ച് ശാസിക്കുമ്പോള്‍ മുന്നണിയില്‍ ഇനി ഒരു വാക് പോര് കാലമാണ് ബാക്കിയാവുന്നത്. കോണ്‍ഗ്രസിനെ ഒറ്റയ്ക്കാക്കി പ്രധാന സഖ്യകക്ഷികളെല്ലാം ആപ്പിനെ തുണച്ചിട്ടും ഡല്‍ഹി കൈവിട്ടു പോയത് അരവിന്ദ് കെജ്രിവാളിന്റേയും ആപ്പിന്റേയും കൈമോശം വന്ന ടാക്ടിക്കുകള്‍ കൊണ്ടാണ്.

എല്ലാ കാലവും ഒരേ അടവുമായി ആളുകളെ രാഷ്ട്രീയത്തില്‍ നേരിടാമെന്ന ഓവര്‍ കോണ്‍ഫിഡന്‍സ്. 10 കൊല്ലത്തിലധികം ഭരിച്ചിട്ടും ഫ്രീ ബീസ് നല്‍കുന്നതിനപ്പുറം രാഷ്ട്രീയമായി ഉയരാന്‍ കഴിയാത്തതിലെ പോരായ്മ. ബിജെപിയ്ക്ക് മേല്‍ ഹിന്ദുത്വവാദിയായി അവരെ നേരിടാനുള്ള പാകപ്പെടാത്ത ശ്രമങ്ങള്‍. ഫ്രീബീസ് ആപ്പ് നല്‍കുന്നതിലുമപ്പുറം കേന്ദ്രം ഭരിക്കുന്ന ഞങ്ങള്‍ക്ക് നല്‍കാനാകുമെന്ന് ബിജെപി ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ ഡല്‍ഹിയിലെ മധ്യവര്‍ഗം ബിജെപിയ്ക്ക് അവസരം നല്‍കി. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലടിച്ച് എല്ലാം ഇഴയുന്നുവെന്ന് തോന്നിയ ഒരു വിഭാഗം ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ പ്രചാരണങ്ങളില്‍ വീണു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റ സംഖ്യയില്‍ നിന്ന ബിജെപി ഇക്കുറി 48ലേക്ക് എത്തി.

ഷീല ദീക്ഷിത് 12 കൊല്ലം മുമ്പ് നിന്നിടത്ത്് ഇന്ന് കെജ്രിവാള്‍ തോറ്റ് നില്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസിന് വേണ്ടി ന്യൂഡല്‍ഹി മണ്ഡലത്തില്‍ മല്‍സരിച്ച ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് പ്രതികരിച്ചത്. പര്‍വേഷ് വര്‍മ്മയ്ക്ക് മുന്നില്‍ കെജ്രിവാള്‍ വീണത് 4089 വോട്ടുകളുടെ മാര്‍ജിനിലാണ്. സന്ദീപ് നേടിയത് 4568 വോട്ടുകളും. കോണ്‍ഗ്രസ് വോട്ടുകള്‍ കാര്യമായി നേടിയെന്ന് പറയാനില്ല. മൂന്നാം തവണയും ഹാട്രിക് വട്ടപൂജ്യത്തില്‍ കറങ്ങുകയാണ് ഇന്ദ്രപ്രസ്ഥത്തില്‍ കോണ്‍ഗ്രസ്.

എല്ലാത്തിനും കേന്ദ്രത്തെ കുറ്റം പറയുന്ന ആപ് സര്‍ക്കാരിന്റെ രീതി ഒരുതരത്തില്‍ എക്‌സ്‌ക്യൂസ് ആയി മാത്രം ഡല്‍ഹി നിവാസികള്‍ കണ്ടുവെന്നതാണ് ഈ തോല്‍വിയുടെ പ്രധാന കാരണം. എന്തിനും ഏതിനും കേന്ദ്രം തടസമെന്ന് ആപ് ആവര്‍ത്തിച്ചപ്പോള്‍ ഇനിയും ഈ തടസം ആപ് വന്നാല്‍ ഉണ്ടാകുമെന്ന് ഡല്‍ഹിക്കാര്‍ കരുതി. കേന്ദ്രം ഭരിക്കുന്ന ബിജെപിയാകട്ടെ ഇത് തങ്ങളുടെ അവസരമായി കരുതി ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ വന്നാല്‍ എല്ലാം മെച്ചപ്പെടുമെന്ന് അവര്‍ക്ക് പ്രതീക്ഷ നല്‍കി പ്രചാരണം നടത്തി. അപ്പോള്‍ കേന്ദ്രത്തിലിരിക്കുന്ന ബിജെപി ഡല്‍ഹി ഭരിച്ചാല്‍ ആംആദ്മി പറയുന്ന ഈ തടസം ഡല്‍ഹിയില്‍ ഉണ്ടാവില്ലെന്ന സാമാന്യ ലോജിക് ഡല്‍ഹിയിലെ മധ്യവര്‍ഗം സ്വീകരിച്ചു. ബിജെപി ഇത് തന്നെയാണ് തങ്ങളുടെ അടവായി കരുതിയത്. അതിന് ആപ്പായി തന്നെ പ്രചാരണം നല്‍കിയെന്നതാണ് താമര ടാക്ടിക്കിന്റെ കൂര്‍മ്മത.