തരൂരിന്റെ മോദി സ്തുതിയും കോണ്‍ഗ്രസിന്റെ 'ചിറകരിയലും'; ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ?. കേരളത്തില്‍ മാത്രമല്ല അങ്ങ് ദേശീയ ചാനലുകളിലും തരൂരിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച വാര്‍ത്തകളും ചോദ്യങ്ങളും അനവധിയാണ്. അടിക്കടി മോദി സ്തുതിയില്‍ ലയിക്കുന്ന തരൂര്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പക്ഷിയും ചിറകും പറക്കാന്‍ അനുമതി വേണ്ടാത്ത ആകാശവും ശശി തരൂരും കോണ്‍ഗ്രസും എന്ന നിലയിലേക്ക് രണ്ട് ചേരിപ്പോരിനും വാക്ചാതുരിയുടെ മനോഹര പോരാട്ടത്തിനും കളമൊരുക്കി. മനുസ്മൃതിയും ഭരണഘടനയും ആര്‍എസ്എസിന്റെ മനംമാറ്റം വരെ തരൂര്‍ വാക്കുകളാല്‍ മയപ്പെടുത്തിയപ്പോള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മുതലിങ്ങോട്ട് പല കോണ്‍ഗ്രസ് നേതാക്കളും തരൂരിനെതിരേയും രംഗത്ത് വന്നു.

തരൂരിന്റെ മോദി സ്തുതിയായ ലേഖനം ദേശീയ മാധ്യമത്തില്‍ വന്നതോടെയാണ് ഇടയ്‌ക്കൊന്ന് അടങ്ങിയ തരൂരിന്റെ ബിജെപി പ്രവേശന ചര്‍ച്ചകള്‍ വീണ്ടും കരുത്താര്‍ജ്ജിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രതിനിധി സംഘത്തിന്റെ തലപ്പത്ത് പാര്‍ട്ടിയുടെ അനുവാദം തേടാതെ തരൂര്‍ നടത്തിയ യാത്രയും കോണ്‍ഗ്രസിനുള്ള അതൃപ്തി വലുതാക്കിയിരുന്നു. പിന്നാലെ പാര്‍ട്ടിയെ പരിഹസിക്കും വിധമുള്ള ട്വീറ്റുകളും മറുപടിയായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതുമെല്ലാം തരൂര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തമാക്കി.

ശശി തരൂര്‍ മോദിയെ പ്രശംസിച്ച് ദി ഹിന്ദു പത്രത്തിലെഴുതിയ ലേഖനം തരൂരിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ ബിജെപി അത് തങ്ങള്‍ക്കനുകൂലമായ പിആര്‍ ആക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജവും ഉശിരും ഇടപെടാനുള്ള സന്നദ്ധതയും ആഗോള വേദിയില്‍ ഇന്ത്യയുടെ സ്വത്താണെന്നും സമാനതകളില്ലാത്തതാണെന്നും തരൂര്‍ പറഞ്ഞ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് ഷെയര്‍ ചെയ്തത് അവസരം മുതലെടുക്കാനാണ്. പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ എംപി തരൂരിനെ പരോക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം, ‘രാജ്യമാണ് എന്തിനും മുന്നില്‍’ എന്നാല്‍ ചില വ്യക്തികളുടെ കാഴ്ചപ്പാട്, ‘ആദ്യം മോദി, പിന്നെ രാജ്യം എന്നതാണെന്ന് ഖാര്‍ഗെ തിരിച്ചടിച്ചു. നേരത്തെ ഖാര്‍ഗെയ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി മല്‍സരിച്ച വ്യക്തിയാണ് ശശി തരൂര്‍ എന്നതും ചേര്‍ത്ത് വായിക്കണം.

ഖാര്‍ഗെയുടെ ഈ പരാമര്‍ശത്തിന് പിന്നാലെ തരൂരിന്റെ മറുപടി എത്തി എക്‌സ് പ്ലാറ്റ്‌ഫോമില്‍. ഒരു പക്ഷിയുടെ പടത്തില്‍ പറക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിങ്ങളുടേതാണ്, ആകാശം ആരുടേതുമല്ല എന്നതായിരുന്നു തരൂരിന്റെ പ്രതികരണം. എന്തായാലും ഈ ക്രിപ്റ്റിക് ട്വീറ്റിന് മറുപടി വന്നത് അതേ നാണയത്തില്‍ തിരിച്ചടിച്ചു കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നാണ്. ലോക്‌സഭ എംപി മാണിക്കം ടാഗോര്‍ പക്ഷിയെ വെച്ചുതന്നെ തരൂരിന് മറുപടി നല്‍കി.

ഇരപിടിയന്‍ പക്ഷികള്‍ വിഹരിക്കുന്ന ആകാശത്ത് സ്വതന്ത്രരായി പറക്കുന്ന പക്ഷികള്‍ ശ്രദ്ധിക്കണമെന്നായിരുന്നു മാണിക്കം ടാഗോറിന്റെ മുന്നറിയിപ്പ്. പക്ഷികള്‍ ആകാശം നിരീക്ഷിച്ച് പറക്കണം. പറക്കാന്‍ അനുവാദം ചോദിക്കരുത്. പക്ഷികള്‍ക്ക് പറന്നുയരാന്‍ അനുമതി ആവശ്യമില്ല. എന്നാല്‍ ഇന്ന് ഒരു സ്വതന്ത്ര പക്ഷി പോലും ആകാശം നിരീക്ഷിക്കണം – പരുന്തുകളും കഴുകന്മാരും ‘പ്രാപ്പിടിയന്‍മാരും’ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും. ഇന്ന് സ്വാതന്ത്ര്യം അതിരില്ലാത്തതല്ല, പ്രത്യേകിച്ച് വേട്ടക്കാര്‍ ദേശസ്നേഹം തൂവലുകളായി ധരിക്കുമ്പോള്‍. ഒപ്പം ആകാശത്തിലെ വേട്ടക്കാരുടെ ചിത്രവും തരൂരിന്റെ പക്ഷിക്ക് മറുപടിയായി മാണിക്കം ടാഗോര്‍ നല്‍കി. ലക്ഷ്ണമണ രേഖയെ കുറിച്ച് നേരത്തെ ഓര്‍മ്മപ്പെടുത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പാര്‍ട്ടി തരൂരിന്റെ പോക്ക് എങ്ങോട്ടെന്ന് നിരീക്ഷിക്കുകയാണെന്ന് അതില്‍ തന്നെ വ്യക്തമാക്കി.

പിന്നീട് തരൂര്‍ ആര്‍എസ്എസിന്റെ മനംമാറ്റത്തെ കുറിച്ച് പറഞ്ഞു രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ തിരുത്ത് നല്‍കിയതും ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയമായി. ബിജെപിയ്ക്കും ആര്‍എസ്എസിനും ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടതെന്നും ദരിദ്രരയെും പാര്‍ശ്വവത്ക്കപരിക്കപ്പെട്ടവരെയും അടിമകളാക്കാനാണ് നീക്കമെന്നും ആര്‍എസ്എസിന്റെ സ്വപ്നം നടക്കില്ലെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചതിനാണ് തരൂരിന്റെ പ്രതികരണം വന്നത്. രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം ചരിത്രപരമായി ശരിയായിരിക്കാം. ഭരണഘടന അംഗീകരിക്കുന്ന വേളയില്‍ അതിന്റെ പോരായ്മയായി ഗോള്‍വള്‍ക്കറടക്കം ചൂണ്ടിക്കാട്ടിയത് അതില്‍ മനുസ്മൃതിയുടേതായി ഒന്നുമില്ലെന്നാണ്. എന്നാല്‍ അക്കാലത്ത് നിന്ന് ആര്‍എസ്എസ് ഏറെ മുന്നോട്ട് വന്നുകഴിഞ്ഞെന്നാണ് താന്‍ കരുതുന്നതെന്നാണ് ശശി തരൂര്‍ വിഷയം മയപ്പെടുത്തി പറഞ്ഞത്.

ഇത്തരത്തില്‍ നിരന്തരം സ്വന്തം പാര്‍ട്ടിയെ പ്രതിരോധത്തിലേക്ക് തള്ളിവിടുന്ന തരൂരിനെ ബിജെപി ആനയിക്കുമോ അതോ ഇപ്പോഴുള്ളത് പോലെ അവസരങ്ങളില്‍ ഉപയോഗിക്കുമോയെന്ന ചോദ്യമാണ് പ്രസക്തം. നരേന്ദ്ര മോദി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് പകരക്കാരനായി വിശ്വപൗരന്‍ ശശി തരൂരിനെ കൊണ്ടുവരുമോയെന്നതാണ് ചോദ്യം. ബിജെപിയേയും മോദി ഇപ്പോഴുണ്ടാക്കിയിരിക്കുന്ന മോദി ഗ്യാരന്റി ഇമേജും വെച്ച് ബിജെപിക്കാരനല്ലാത്ത ഒരാളെ വലിച്ച് വലിയ സ്ഥാനം പാര്‍ട്ടിയ്ക്കുള്ളിലും ഭരണത്തിലും നല്‍കില്ലെന്നതാണ് നിലവിലെ രാഷ്ട്രീയം. കാരണം നിങ്ങള്‍ക്കുള്ളിലുള്ള അത്രയും നല്ലൊരാള്‍ ഇവിടെ ഇല്ലെന്ന് പറയുന്നത് പോലെയാകും ഈ 11ാം വര്‍ഷത്തിലെ അത്തരത്തിലൊരു നീക്കം. തങ്ങളാണ് ഇന്ത്യയെ ഒൗന്നത്യത്തിലേക്ക് എത്തിച്ചവരെന്നും പ്രാപ്തരായവരെല്ലാം ഞങ്ങളിലുള്ളവരാണെന്നും പറയുന്ന മോദി ടീമിന് തരൂര്‍ ആവശ്യത്തിന് ഉപയോഗിക്കാനുള്ള ചട്ടുകം പോലെയാണ്. ചുരുക്കത്തില്‍ നിലവിലെ സാഹചര്യത്തില്‍ ബിജെപിയിലെത്തിച്ചാലും തരൂരിന് ഒന്നാം കിട സ്ഥാനമാനങ്ങള്‍ നല്‍കി കൂടെയുള്ള ആരേയും വെട്ടാന്‍ നരേന്ദ്ര മോദി ഒരുങ്ങില്ല. എസ് ജയശങ്കറിനെ പോലെ ലോകത്തിന് മുന്നില്‍ വലിയ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഒരു നയതന്ത്രജ്ഞനെ മാറ്റി നിലവിലെ സിസ്റ്റത്തെ അലോസരപ്പെടുത്താന്‍ ബിജെപിയെ നിയന്ത്രിക്കുന്ന ചാണക്യ ബുദ്ധി അനുവദിക്കില്ല. പിന്നെ എന്താകും തരൂരിന് ബിജെപി അങ്ങോട്ട് ആകര്‍ഷിക്കാന്‍ നല്‍കുന്ന സ്ഥാനമെന്ന ചോദ്യമുണ്ട്. ഏറ്റവും കഴിവുള്ളവരാണ് തന്റെ പാര്‍ട്ടിയിലും മന്ത്രിസഭയിലും ഉള്ളവരെന്ന അവകാശവാദം തരൂര്‍ ബിജെപിയുടെ ആവശ്യമായി മാറുന്നതോടെ പൊളിയും. വലിയ സ്ഥാനം നല്‍കി തരൂരിനെ ബിജെപി ഏറ്റെടുത്താല്‍ ലോകത്തിന് മുന്നില്‍വെയ്ക്കാന്‍ പാകത്തിനുള്ളവര്‍ പാര്‍ട്ടിയില്‍ ഇല്ലാത്തതിനാല്‍ ഒപ്പംക്കൂട്ടിയെന്ന വിമര്‍ശനം കേള്‍ക്കേണ്ടിവരുമെന്നത് സ്വാഭാവികം. കഴിഞ്ഞ 10 വര്‍ഷക്കാലമായി മോദിയും കൂട്ടരും നടത്തിവരുന്ന വമ്പന്‍ അവകാശവാദങ്ങള്‍ ഈ തരൂര്‍ ഘടകം പൊളിയ്ക്കുമെന്നതിനാല്‍ പുറത്തുനിര്‍ത്തി പരമാവധി ഉപയോഗിക്കലാകും നിലവിലെ സ്ഥിതിയില്‍ ബിജെപിയുടെ ചാണക്യതന്ത്രം. എത്രത്തോളം ശശി തരൂര്‍ അതില്‍ വീണുപോകുമെന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.