ബിജെപിയുടെ 'കള്ളപ്പണം' ഇല്ലാതാക്കല്‍ പ്രചാരണവും ഇലക്ടറല്‍ ബോണ്ട് വിവരങ്ങളും

അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്ത വിവരങ്ങള്‍ നല്‍കി ഇലക്ടറല്‍ ബോണ്ട് കേസില്‍ തല്‍ക്കാലം തടിതപ്പാന്‍ നോക്കിയ എസ്ബിഐയ്ക്ക് മേലുള്ള പിടിമുറുക്കി സുപ്രീം കോടതി. ഭരിക്കുന്ന പാര്‍ട്ടി 6000ല്‍ അധികം കോടി കൈപ്പറ്റിയ ഇലക്ടറല്‍ ബോണ്ടെന്ന സംഭാവനയുടെ കൃത്യം വിവരങ്ങള്‍ പുറത്തുവിടാന്‍ മടിയ്ക്കുന്ന എസ്ബിഐയെ വീണ്ടും വീണ്ടും കോടതിയില്‍ നിര്‍ത്തി പൊരിയ്ക്കുകയാണ് രാജ്യത്തിന്റെ പരമോന്നത നീതിപീഠം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ഭരണപക്ഷത്തെ സംരക്ഷിക്കാനാണ് എസ്ബിഐയുടെ മെല്ലെപ്പോക്കെന്ന് വ്യക്തമാണെങ്കിലും കോടതി പിടിച്ച പിടിയാലെ കാര്യങ്ങള്‍ നീക്കുന്നത് ബിജെപിയേയും ആശങ്കയിലാക്കുന്നുണ്ട്. ആര്‍ക്ക് ആര് കൊടുത്തുവെന്ന് വ്യക്തമാക്കാത്ത രേഖയാണ് സുപ്രീം കോടതിയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും എസ്ബിഐ നല്‍കിയതെങ്കിലും പണം നല്‍കിയ വമ്പന്‍മാരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. ലോട്ടറി രാജാവെന്നറിയപ്പെടുന്ന കുപ്രസിദ്ധനായ വ്യവസായി സാന്റിയാഗോ മാര്‍ട്ടിനാണ് ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയിട്ടുള്ളത്. നിലവില്‍ എസ്ബിഐ പുറത്തുവിട്ട രേഖയില്‍ ഇതെങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല.

സീരിയല്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ ഇതാരാണ് പണമാക്കിയതെന്ന് വ്യക്തമല്ല. വിവരങ്ങള്‍ ഇന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റില്‍ വന്നത്. ബോണ്ടുകളുടെ സീരിയല്‍ നമ്പര്‍ എന്തുകൊണ്ട് രേഖകളില്‍ ഇല്ലെന്ന് എസ്ബിഐയോടെ സുപ്രീം കോടതി ചോദിക്കുകയും അധിക സമയം അനുവദിക്കാതെ തിങ്കളാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അറിയച്ചതോടെ കാര്യങ്ങള്‍ അങ്ങനെ തങ്ങള്‍ ഉദ്ദേശിച്ച വഴിക്ക് പോകില്ലെന്ന് പൊതുമേഖല ബാങ്കായ എസ്ബിഐയ്ക്കും മനസിലായിട്ടുണ്ട്.

നേരത്തെ കേസ് കോടതിയിലെത്തിയപ്പോള്‍ വിവരം കൈമാറാന്‍ മടിച്ച എസ്ബിഐ തിരഞ്ഞെടുപ്പിന് ശേഷം ക്രോഡീകരിച്ച വിവരം നല്‍കാവുന്ന രീതിയിലാണ് സമയം ചോദിച്ചത്. ജൂണ്‍ 30 വരെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ എസ്ബിഐ സമയം ആവശ്യപ്പെട്ടത് ഭരണപക്ഷത്തെ തിരഞ്ഞെടുപ്പില്‍ രക്ഷിക്കാനാണെന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്. ആകെ വിറ്റുപോയ ഇലക്ടറല്‍ ബോണ്ടില്‍ 47 ശതമാനവും ബിജെപി അക്കൗണ്ടിലാണ് എത്തിയത്.

2018ല്‍ മോദി സര്‍ക്കാര്‍ തുടങ്ങിയ ഇലക്ടറല്‍ ബോണ്ടിന്റെ 2019 മുതലുള്ള വിവരമാണ് എസ്ബിഐ സമര്‍പ്പിച്ചത് പോലും. 2018ല്‍ തിരഞ്ഞെടുപ്പിന് മുമ്പ് കിട്ടിയ ബോണ്ടിലെ 95 ശതമാനവും ബിജെപി അക്കൗണ്ടിലേക്കാണ് പോയതെന്നും ആരെയാണ് എസ്ബിഐ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷം ചോദ്യം ഉന്നയിക്കുന്നുണ്ട്. 6061 കോടി 2019- 24 കാലത്ത് ബിജെപി അക്കൗണ്ടില്‍ ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ വന്നപ്പോള്‍ രണ്ടാമതുള്ള മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 1610 കോടിയാണ് കിട്ടിയത്. കോണ്‍ഗ്രസിനാകട്ടെ 1422 കോടി മാത്രവും.

സിപിഎമ്മാണ് ഇലക്ടറല്‍ ബോണ്ടില്‍ തുടക്കം മുതല്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതും ബോണ്ട് സ്വീകരിക്കാതെ ഇപ്പോഴുണ്ടാവുന്ന ആരോപണങ്ങളില്‍ തല ഉയര്‍ത്തി നിന്ന് വിമര്‍ശിക്കുന്നതും. രാഷ്ട്രീയ അഴിമതിയെ ബിജെപി നിയമവിധേയമാക്കി മാറ്റിയയെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞത്. ബിജെപി സര്‍ക്കാരാണ് നിയമം നടപ്പിലാക്കിയതെന്നും അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ കയ്യില്‍ നിന്നും പണം തട്ടിയെന്നും യെച്ചൂരി ആരോപിച്ചു. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്ത് വരുന്നതിനായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനൊപ്പം സിപിഎമ്മും കോടതിയില്‍ നിയമപോരാട്ടം നടത്തിയിരുന്നു.

ഇലക്ടറല്‍ ബോണ്ടെന്ന കൊടുക്കുന്നവനും വാങ്ങുന്നവനും വിവരം വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന തരത്തില്‍ ഒരു സംവിധാനം കെട്ടിപ്പടുത്ത ബിജെപി കോടികള്‍ കൈപ്പറ്റിയിട്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അഴിമതിയ്‌ക്കെതിരെ കത്തിക്കയറുകയാണ്. കള്ളപ്പണം ഇല്ലാതാക്കുമെന്നും സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചെത്തിക്കുമെന്നും അവകാശവാദം നടത്തി അധികാരത്തിലെത്തിയ ബിജെപി ഇപ്പോള്‍ ഇലക്ടറല്‍ ബോണ്ടില്‍ അടുത്ത തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ വെള്ളം കുടിക്കുകയാണ്. സുപ്രീം കോടതിയില്‍ എസ്ബിഐ നിന്ന് വിയര്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ മിഷണ്‍ 400 നേടാന്‍ മാരത്തോണ്‍ പ്രചാരണത്തിലാണ്.

400 സീറ്റിലേക്ക് എത്തണമെങ്കില്‍ മുഖം തിരിച്ചു നില്‍ക്കുന്ന ദക്ഷിണേന്ത്യ ഒപ്പം നില്‍ക്കണമെന്ന് കണ്ടു ഓരോ ആഴ്ചയും തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമെല്ലാം പറന്നിറങ്ങുകയാണ് നരേന്ദ്രമോദി. പത്തനംതിട്ടയില്‍ സ്വാമിയേ ശരണമയ്യപ്പാ വിളിച്ച് ശരണംവിളിയോടെയാണ് പ്രധാനമന്ത്രി അനില്‍ ആന്റണിയ്ക്കായി വോട്ടു ചോദിക്കാനിറങ്ങിയത്. ദ്വാരകയില്‍ വെള്ളത്തിനടിയില്‍ മയില്‍പ്പീലിയുമായി ഇറങ്ങിയും അങ്ങ് കാശിയില്‍ പോയി ഏലയ്ക്കാ മാലയും രുദ്രാക്ഷവുമെല്ലാം അണിഞ്ഞ് ഭക്തശ്രേഷ്ഠനായി ചമഞ്ഞു ആരതി നടത്തി ഹിന്ദുത്വ വോട്ടുബാങ്ക് ഉറപ്പിക്കാന്‍ ശ്രമിച്ച മോദി കേരളത്തിലും അതേ തന്ത്രമാണ് കഴിഞ്ഞ വരവുകളിലെല്ലാം പയറ്റിയത്. തൃശൂരില്‍ കല്യാണ മാമാങ്കത്തിനെത്തി ഗുരുവായൂരപ്പനെ കണ്ടു തൊഴുത് വീഡിയോകള്‍ വൈറലാക്കിയ മോദി പിന്നീട് തിരുവനന്തപുരത്തെത്തിയപ്പോള്‍ പത്മനാഭദാസനായി. ശ്രീപത്മനാഭന് മുന്നില്‍ വണങ്ങുന്നുവെന്നാണ് കെ സുരേന്ദ്രന്റെ പദയാത്ര സമാപനത്തിനെത്തിയപ്പോള്‍ മോദി പറഞ്ഞത്. ഇപ്പോള്‍ പത്തനം തിട്ടയിലെത്തിയപ്പോള്‍ ബിജെപി സുവര്‍ണാവസരമാക്കാന്‍ ശ്രമിച്ച ശബരിമല മുന്നില്‍ കണ്ട് ശരണം വിളിച്ചാണ് മോദി പ്രസംഗത്തിലേക്ക് കടന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപി ശ്രദ്ധ ഒന്നടക്കം ഭൂരിപക്ഷ സമുദായ വോട്ടുറപ്പിക്കലിനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സിഎഎ കൊണ്ടുവന്നത് പോലും വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടാണ്. കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് ആവര്‍ത്തിച്ച് പറയാന്‍ പ്രധാനമന്ത്രി പത്തനംതിട്ടയില്‍ മടിച്ചില്ല. സംസ്ഥാനത്ത് താമര ഇക്കുറി ഉറപ്പായും വിരിയുമെന്ന് മാത്രമല്ല എന്‍ഡിഎ രണ്ടക്കം കടക്കുമെന്നാണ് മോദി പറഞ്ഞത്. രാജ്യത്ത് എന്‍ഡിഎ 400 സീറ്റിലധികം നേടുമെന്ന് ഉറപ്പിച്ചു പറഞ്ഞ പ്രധാനമന്ത്രി കേരളത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സര്‍ക്കാരാണ് മാറി മാറി ഭരിക്കുന്നതെന്നും പറഞ്ഞു. പ്രധാനമന്ത്രി ഇവിടെ അഴിമതിയ്‌ക്കെതിരെ ഘോര ഘോരം പ്രസംഗിക്കുമ്പോള്‍ അങ്ങ് തലസ്ഥാനത്ത് ഇലക്ടറല്‍ ബോണ്ടിലെ സീരിയല്‍ നമ്പര്‍ കൊണ്ടുവന്ന് മുന്നില്‍ വെച്ച് ആര് ആര്‍ക്ക് കൊടുത്തുവെന്ന് പറയാന്‍ എസ്ബിഐയെ നെട്ടോട്ടമോടിക്കുകയാണ് സുപ്രീം കോടതി. ഒന്നും രണ്ടുമല്ല 6000 കോടിയിലധികമാണ് ബിജെപി അക്കൗണ്ടിലേക്ക് ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ കുത്തക കോര്‍പ്പറേറ്റുകളില്‍ നിന്നും ഒഴുകിയെത്തിയത്. അഴിമതിയ്‌ക്കെതിരെ കത്തിക്കയറുമ്പോള്‍ പ്രധാനമന്ത്രിയെ തെല്ലും അലോസരപ്പെടുത്തിന്നില്ല ഈ കണക്കുകളെന്നതാണ് രാജ്യത്തെ ചിന്തിക്കുന്ന ജനതയെ നാണക്കേട് കൊണ്ട് അത്ഭുതപ്പെടുത്തുന്നത്.