മോദിയുടെ അസ്വസ്ഥതയ്ക്ക് പിന്നാലെ 'ഇന്ത്യ' പേരില്‍ പോര് ഇനി കോടതിയിലും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യത്തിന്റെ പേര് കേട്ടപ്പോള്‍ മുതല്‍ പ്രകടിപ്പിച്ച അസ്വസ്ഥതയും പരാക്രമവും ഒട്ടും ചോരാതെ കോടതിയിലെത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. പലരീതിയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ വിമര്‍ശിച്ചും പരിഹസിച്ചും നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങള്‍ക്ക് പിന്നാലെയാണ് ഗിരീഷ് ഭരദ്വാജ് എന്ന സ്വയംസേവക് പൊതുതാല്‍പര്യ ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യ എന്ന സംക്ഷേപം പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ഉപയോഗിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗിരീഷ് ഭരദ്വാജ് കോടതിക്ക് മുന്നിലെത്തിയത്. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന പ്രതിപക്ഷ സഖ്യത്തിന്റെ ചുരുക്കപ്പേരാണ് ‘ഇന്ത്യ’ . ഈ പേരിനെ ചോദ്യം ചെയ്ത പൊതു താല്‍പര്യ ഹര്‍ജി കേട്ട ഡല്‍ഹി ഹൈക്കോടതി 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചു.

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സഞ്ചീവ് നരുലയുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 26 പ്രതിപക്ഷ പാര്‍ട്ടികളേയും എതിര്‍കക്ഷിയാക്കിയാണ് ഗിരീഷ് ഭരദ്വാജ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിനാല്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യമാണ് ‘ഇന്ത്യ’ എന്ന സംക്ഷേപം ഉപയോഗിക്കുന്നതിന് പിന്നിലെന്നാണ് സംഘപരിവാര്‍ അനുകൂലിയായ ഭര്ദ്വാജിന്റെ ആരോപണം. അഭിഭാഷകന്‍ വൈഭവ് സിങ് മുഖേനെയാണ് ഗിരീഷ് ഭരദ്വാജ് പ്രതിപക്ഷ മുന്നണിയുടെ പേരിനെതിരെ കോടതിയെ സമീപിച്ചത്. കോടതിയില്‍ സീനിയര്‍ അഭിഭാഷക അരുണ ശ്യാമാണ് പരാതിക്കാരന് വേണ്ടി ഹാജരായത്.

1950ലെ എബ്ലംസ് ആന്റ് നെയിംസ് ആക്ടിന്റെ 2, 3 വകുപ്പുകള്‍ പ്രകാരം ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. ചിഹ്നങ്ങളും പേരുകളുടേയും അനുചിതമായ ഉപയോഗത്തിനെതിരായ സെക്ഷനാണ് ഇത്. പ്രതിപക്ഷ മുന്നണി ഈ പേര് ഉപയോഗിക്കുന്നത് 2024ലെ പൊതുതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് ആക്ഷേപം. സമാധാനപൂര്‍ണമായ സുതാര്യമായ നീതിയുക്തമായ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ വാദിഭാഗം ആരോപിക്കുന്നു.

അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മയാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത്. കേസില്‍ എതിര്‍കക്ഷികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച കോടതി കേസ് പരിഗണിക്കുന്ന ഒക്ടോബര്‍ 31ലേക്ക് മാറ്റി. എന്നാല്‍ എത്രയും പെട്ടെന്ന് കേസ് കോടതിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചു.

ഇന്ത്യയുടെ കൊടിയും പേരുമെല്ലാം ഉപയോഗിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികളെ വിലക്കണമെന്നും ഉടനടി നടപടി വേണമെന്നും ഹര്‍ജിക്കാരനും വാദിച്ചു. എന്നാല്‍ അടിയന്തര നടപടിയെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തയ്യാറായില്ല. അടിയന്തര നടപടിക്ക് വിസമ്മതിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷനേയും എതിര്‍കക്ഷികളേയും കേള്‍ക്കാതെ ഒരു നടപടിക്കുമില്ലെന്ന് വ്യക്തമാക്കി.

ഞങ്ങള്‍ക്ക് ഒരുപാട് കേസുകളുണ്ട്, ആദ്യം അവര്‍ നോട്ടീസില്‍ പ്രതികരിക്കട്ടെ, ഞങ്ങള്‍ തീര്‍ച്ചയായും ഈ കാര്യങ്ങളെല്ലാം പരിഗണിക്കാം.

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ ഹര്‍ജിക്കാരനോടും കേന്ദ്ര സര്‍ക്കാരിനോടും വ്യക്തമാക്കി. വോട്ടെടുപ്പിനെ ഈ പേര് സ്വാധീനിക്കുമെന്നും പൗരന്മാര്‍ക്കിടയില്‍ ആവശ്യമില്ലാത്ത അക്രമങ്ങള്‍ക്ക് കാരണമാണമാകുമെന്നും ക്രമസമാധാന നിലയെ ബാധിക്കുമെന്നുമെല്ലാം ഹര്‍ജിക്കാരന്‍ കോടതിയോട് ആവര്‍ത്തിച്ചു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും രാഹുല്‍ ഗാന്ധിയേയും പ്രതി സ്ഥാനത്ത് നിര്‍ത്തുന്നു ഹര്‍ജിക്കാരന്‍ ഗിരീഷ് ഭരദ്വാജ് പറയുന്നത്, ഇവര്‍ രാജ്യവും ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ യുദ്ധത്തിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ്.

വരുന്ന തെരഞ്ഞെടുപ്പ് എന്‍ഡിയേ എന്ന മുന്നണിയും ഇന്ത്യയെന്ന രാജ്യവും തമ്മിലാണെന്ന തെറ്റായ ധാരണ സാധാരണക്കാര്‍ക്ക് ഇടയിലുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കാരണമായെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക് ഇടയില്‍ സംശയത്തിന് കൂടി ഇടനല്‍കിയിട്ടുണ്ട് ഇത്തരം പ്രസ്താവനകളെന്നും വാദിഭാഗം പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് സംഭവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കിയെങ്കിലും ഒരു നടപടിയും കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാലാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും ഗിരീഷ് ഭരദ്വാജ് പറയുന്നു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ പേരിനെതിരെ പലരീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ‘ഇന്ത്യ’ എന്ന പേരിട്ടതിന് അവര്‍ സ്വയം പുകഴ്ത്തിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദ്ദിന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ- ഇതിലെല്ലാം ഇന്ത്യയുണ്ടെന്നും നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. ഇത്തരത്തില്‍ പേരില്‍ ഇന്ത്യ ഉപയോഗിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ മോദി പക്ഷേ പിന്നീടിങ്ങോട്ട് പൊതുവേദികളിലെല്ലാം ‘ഇന്ത്യ’ എന്ന പേരിന് പിന്നാലെയായിരുന്നു.

മുമ്പില്ലാത്ത വിധത്തില്‍ ഒറ്റക്കെട്ടായി എതിരാളികള്‍ നില്‍ക്കുമ്പോള്‍ പല സംസ്ഥാനങ്ങളിലും അടിതെറ്റിയത് പോലെ പൊതുതെരഞ്ഞെടുപ്പില്‍ അടിതെറ്റുമോയെന്ന ഭയം എന്‍ഡിഎയ്ക്കുണ്ട്. ഇന്ത്യ മുന്നണിയ്ക്ക് ഇപ്പോള്‍ രാജ്യത്ത് കിട്ടുന്ന മൈലേജ് ഭരണപക്ഷത്തെ തളര്‍ത്തുന്നുണ്ട്. മണിപ്പൂര്‍ വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനം തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന പേടി നിലനില്‍ക്കെയാണ് ‘ഇന്ത്യ’ മുന്നണിപ്പേര് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉറക്കം കെടുത്തുന്നത്.