അയോധ്യയിലെ രാമനല്ല, ഇക്കുറി തിരഞ്ഞെടുപ്പില്‍ 'മഹാദേവ് പൊളിറ്റിക്‌സ്'

കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് ചായ കൊടുക്കുന്ന രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദികാലത്ത് ഒരുപാട് തവണ ഉപയോഗിക്കപ്പെട്ട ‘ചായ്‌വാല’ വാക്കിന് രാഹുല്‍ ഗാന്ധിയുടെ ചായകൊടുത്തുള്ള വീഡിയോ മറുപടി പറയുന്നുണ്ടോ?. എന്തായാലും അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ക്ഷേത്ര പ്രദിക്ഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എതിരാളി രാഹുല്‍ ഗാന്ധിയും. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവും ക്യൂവില്‍ നിന്ന ഭക്തര്‍ക്ക് ചായ കൊടുത്തുള്ള സ്വീകരണവും വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ പലതും പറഞ്ഞുവെയ്ക്കുന്നു കൂടിയുണ്ട്.

രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗിലെ കേദാര്‍നാഥില്‍ പരമശിവനെ ദര്‍ശിക്കാന്‍ ആത്മീയ യാത്രയ്‌ക്കെത്തിയ അതേ സമയം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിവാദചര്‍ച്ച മഹാദേവും മഹാകാലുമായത് വെറും യാദൃശ്ചികതയല്ല. അഞ്ച് സംസ്ഥാനങ്ങളില്‍ ഈ മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പലയിടത്തും ചര്‍ച്ച മഹാദേവനായത് കുറച്ചു ദിവസങ്ങള്‍ മുമ്പാണ്. രാജസ്ഥാനിലും തെലങ്കാനയിലും മധ്യപ്രദേശിലും ഛത്തീസ് ഗഡിലുമടക്കം തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് മുതല്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാരിന്റെ ഇഡി കളത്തിലിറങ്ങിയിരുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മകനും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമടക്കം കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി വക റെയ്ഡ്. പലവിധ ആരോപണങ്ങള്‍ ഒടുവില്‍ ഛത്തീസ്ഗഢില്‍ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെിരെ ഇഡിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ അതില്‍ പിടിച്ചു കയറി ബിജെപിയുടെ പ്രചാരണം.

ഛത്തീസ്ഗഢിലെ കള്ളപ്പണ വിവാദത്തില്‍ ഉയര്‍ന്നുവന്ന, മുഴങ്ങി കേള്‍ക്കുന്ന പേര് മഹാദേവ് എന്നതാണ്. ഛത്തീസ്ഗഢിലെ മഹാദേവ് ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ തിരഞ്ഞെടുപ്പ് അടത്തതോടെ ഇഡി തിരികൊളുത്തിവിട്ട ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സാക്ഷാല്‍ മഹാദേവന്റെ അക്കൗണ്ടിലേക്ക് മാറ്റിയാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. മഹാദേവിനെ പോലും ഇവര്‍ വെറുതേ വിടുന്നില്ലെന്നാണ് കോണ്‍ഗ്രസിനെതിരെ മോദി പറഞ്ഞുവെയ്ക്കുന്നത്.

മഹാദേവ് ബെറ്റിംഗ് ആപ്പുകാര്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് 509 കോടി കൊടുത്തുവെന്ന തെളിവില്ലാത്ത ആരോപണം മാത്രമാണ് ഇതുവരേയും ഇഡിയുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. പണവുമായി വന്ന ഇഡി പിടികൂടിയ ഒരാള്‍ ഒരു ബാഗലിന് ഇത് കൊടുക്കാനെത്തിയതെന്ന് മൊഴി നല്‍കിയതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ട വിവരം. വിവാദത്തിന്റെ കേന്ദ്രമായ മഹാദേവ് സട്ട ആപ്പ്, വിപുലമായ ഗെയിമുകളിലും ഇവന്റുകളിലും വാതുവെപ്പ് നടത്താന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ്. ഇവര്‍ പൈസ കോണ്‍ഗ്രസിന് നല്‍കിയെന്ന ആരോപണം ഇഡി പുറത്തുവിടുമ്പോള്‍ കോണ്‍ഗ്രസുകാര്‍ മഹാദേവിനെ പോലും വെറുതെ വിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന്റെ യുക്തി ഇതുവരേയും ആര്‍ക്കും മനസിലായിട്ടില്ല.

എന്നാല്‍ കോണ്‍ഗ്രസിനെതിരെ മഹാദേവിന്റെ പേരും പറഞ്ഞാണ് ഛത്തീസ് ഗഢിലടക്കം പ്രധാനമന്ത്രിയുടെ റാലികളത്രയും. ഛത്തീസ്ഗഢില്‍ മഹാദേവന്റെ പേര് പറഞ്ഞു ബിജെപി പ്രചാരണം തുടങ്ങിയപ്പോള്‍ മധ്യപ്രദേശില്‍ മഹാകാലിന്റെ പേര് പറഞ്ഞു കോണ്‍ഗ്രസ് തിരിച്ചടിച്ചു. മധ്യപ്രദേശിലെ ബിജെപിയുടെ ശിവ്‌രാജ് സിംഗ് ചൗഹാന്റെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ വലിയ കൊട്ടിഘോഷമായി പണിതുയര്‍ത്തിയ സപ്തഋഷി പ്രതിമകള്‍ കാറ്റടിച്ചപ്പോള്‍ തകര്‍ന്ന് താഴെ വീണ സംഭവവും ഉയര്‍ത്തി കാട്ടിയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. മഹാദേവിനെ വെച്ച് ഛത്തീസ്ഗഢില്‍ രാഷ്ട്രീയം കളിക്കുന്ന ബിജെപിയ്ക്ക് മധ്യപ്രദേശില്‍ മഹാകാലനെ വെച്ച് ഒരു ചെക്ക്‌മേറ്റ്.

ഇതിന് പിന്നാലെയാണ് കേദാര്‍നാഥില്‍ ശിവനെ ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തിയതെന്ന പ്രത്യേകതയുണ്ട്. ഇതേ സമയത്ത് അങ്ങ് ഛത്തീസ്ഗഢില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാ ബമ്ലേശ്വരി ക്ഷേത്ര ദര്‍ശനത്തിലായിരുന്നു. ഛത്തീസ്ഗഢില്‍ നാളെ നവംബര്‍ 7ന് വോട്ടെടുപ്പിന്റെ ആദ്യഘട്ടം, നവംബര്‍ 17ന് ആണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിന് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണലും ഫല പ്രഖ്യാപനവും. അയോധ്യ രാമക്ഷേത്രം പോലെ ബിജെപി കാലങ്ങളായി തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന പ്രചരണ തന്ത്രത്തിന്റെയത്ര കത്തിനില്‍ക്കുന്നില്ലെങ്കിലും ഈ അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പിലെ അവസാനഘട്ട പ്രചരണത്തില്‍ മഹാദേവന്റെ പേരങ്ങനെ മുഴങ്ങുകയാണ്.