ബംഗാളില്‍ മമതാ സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ചോരക്കളിയാണ് കളിച്ചതെന്ന് മോദി

പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ചോര കൊണ്ടാണ് കളിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘ടിഎംസിനെ ഖൂനി ഖേല്‍ ഖേലാ ഹേ’, എന്നാണ് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ ബിജെപിയുടെ ക്ഷേത്രീയ പഞ്ചായത്തി രാജ് പരിഷദില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത് പറഞ്ഞത്. മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങളുന്നയിച്ച പ്രധാനമന്ത്രി, വോട്ടര്‍മാരെ മമതയുടെ പാര്‍ട്ടി ഭീഷണിപ്പെടുത്തി അവരുടെ ജീവിതം നരകതുല്യമാക്കിയെന്നും പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മമതാ ബാനര്‍ജിയെ കിട്ടുന്ന അവസരങ്ങളിലെല്ലാം രൂക്ഷമായി വിമര്‍ശിക്കുന്ന പ്രധാനമന്ത്രി ഹൗറയിലെ ബിജെപിയുടെ ക്ഷേത്രീയ പഞ്ചായത്തി രാജ് പരിഷദിലും മമതയ്‌ക്കെതിരായ വാക് പോര് തുടര്‍ന്നു.

വോട്ടെണ്ണല്‍ ദിവസം ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ക്ക് കരാര്‍ നല്‍കിയിരുന്നു. വോട്ടെണ്ണല്‍ വേളയില്‍, തൃണമൂല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപി അംഗങ്ങളെ ഓഫീസില്‍ നിന്ന് പുറത്താക്കി, അവരെ വോട്ടെണ്ണല്‍ നടപടികള്‍ കാണാന്‍ പോലും അനുവദിച്ചില്ല.

ഇത്രയും ആരോപണങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തൃണമൂല്‍ പാര്‍ട്ടി നടപടികളെ കുറിച്ച് ഉന്നയിച്ച മോദി, ബിജെപി വിജയിച്ച ഇടങ്ങളില്‍ തങ്ങളുടെ അംഗങ്ങള്‍ക്കെതിരെ മമതയുടെ ആളുകള്‍ റാലികള്‍ നടത്തിയെന്നും ആരോപിച്ചു.

വന്‍വിജയമാണ് 2023ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ നേടിയത്. അതുപോലെ തന്നെ പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ചോര വീഴുന്ന അക്രമസംഭവങ്ങളില്‍ ഒരു മാറ്റവും ഇക്കുറിയും ഉണ്ടായിരുന്നില്ല. തൃണമൂല്‍ പ്രവര്‍ത്തകരടക്കം 40 പേരാണ് തെരഞ്ഞെടുപ്പ് സംഘര്‍ഷങ്ങളില്‍ മരിച്ചത്. ഇതെല്ലാം ഓര്‍മ്മിപ്പിച്ച മോദി പിന്നീട് പ്രതിപക്ഷത്തിനെതിരായ ആക്രമണത്തിലേക്ക് കടന്നു.

മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തില്‍ ഇന്ത്യ മുന്നണിയെ തറപറ്റിച്ചെന്ന് ഊറ്റം കൊണ്ടാണ് യോഗത്തിലെ ബിജെപി പ്രവര്‍ത്തകരെ മോദി അഭിസംബോധന ചെയ്തത്. കേന്ദ്ര സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തിയതിലൂടെ പ്രതിപക്ഷത്തിന് ചുട്ട മറുപടി നല്‍കിയെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്.

പാര്‍ലമെന്റില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നാം പരാജയപ്പെടുത്തി. രാജ്യം മുഴുവന്‍ നെഗറ്റീവ് നിലപാടുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി.

അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കുന്നതിനിടെ പ്രതിപക്ഷം പാര്‍ലമെന്റില്‍നിന്ന് ഇറങ്ങിപ്പോയെന്നും അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിനെ ഭയന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയതെന്ന് പോലും നരേന്ദ്ര മോദി പറഞ്ഞു.

രണ്ടേകാല്‍ മണിക്കൂര്‍ നീണ്ട പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും മണിപ്പൂരിനെ കുറിച്ച് പറയാതിരുന്നതിനെ തുടര്‍ന്നാണ് ലോക്‌സഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയതെന്നതാണ് വസ്തുത. പ്രതിപക്ഷം ഇറങ്ങിപ്പോയതിന് ശേഷമാണ് മോദി മണിപ്പുരിനെക്കുറിച്ചു സംസാരിക്കാന്‍ പോലും ധൈര്യം കാണിച്ചത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അപൂര്‍വമായി സംഭവിക്കുന്ന ഇറങ്ങിപ്പോക്കിന്റെ പശ്ചാത്തലത്തില്‍ പ്രമേയം ശബ്ദവോട്ടോടെ സഭ തള്ളുകയായിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയം പ്രതിപക്ഷം കൊണ്ടുവന്നത് തന്നെ വിഷയത്തില്‍ മൗനം പാലിച്ച പ്രധാനമന്ത്രിയെ കൊണ്ട് മിണ്ടിക്കാനായിരുന്നു.

തോല്‍ക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണെങ്കിലും പ്രധാനമന്ത്രിയെ മണിപ്പൂര്‍ വിഷയത്തില്‍ സംസാരിക്കാന്‍ നിര്‍ബന്ധിതനാക്കുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ തുറന്നു സമ്മതിച്ചതാണ്. പകല്‍ പോലെ വ്യക്തമായി ഇത്രയും കാര്യമുണ്ടായിട്ടാണ് വസ്തുതകളെ വളച്ചൊടിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി മോദിയുടെ മേനി നടിക്കല്‍.

Read more

അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിനെ ഭയന്നാണ് പ്രതിപക്ഷം സഭ വിട്ടതെന്ന ആരോപണം പ്രതിപക്ഷം സഭയില്‍ ഇരുന്ന ഒന്നര മണിക്കൂറും മണിപ്പൂറിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാകാതിരുന്ന പ്രധാനമന്ത്രിയുടെ ഭയം മറച്ചുപിടിക്കാനാണോ?. മണിപ്പൂര്‍ വിഷയത്തിലേക്ക് കടക്കാതെ കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും കുറിച്ച് പഴയ ആരോപണങ്ങളെല്ലാം ആവര്‍ത്തിക്കുകയായിരുന്ന പ്രധാനമന്ത്രി. ഭരണത്തിലേറി 9 കൊല്ലും കഴിഞ്ഞിട്ടും ഇപ്പോഴും 10 കൊല്ലം മുമ്പുള്ള യുപിഎ സര്‍ക്കാരിനെ കുറ്റം പറയലാണ് പ്രധാനമന്ത്രിയുടെ പ്രധാന പണി.