കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാന്‍ ഇഡിയുടെ കെട്ടിച്ചമച്ച കഥ?

തിരഞ്ഞെടുടുപ്പ് അടുത്തിരിക്കവെ ഛത്തീസ്ഗഢില്‍ മഹാദേവ് ആപ്പ് വാതുവെപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ കുടുക്കാന്‍ ഇഡി പുറത്തുവിട്ട കഥ കെട്ടിച്ചമച്ചതാണെന്ന് അന്നേ ആക്ഷേപമുയര്‍ന്നതാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇഡിയെ ഇറക്കിവിട്ട് നേതാക്കളെ വിരട്ടുകയും പാര്‍ട്ടി പാളയത്തിലെത്തിക്കുകയും ചെയ്ത ബിജെപി ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് തുടര്‍ഭരണ സാധ്യതകള്‍ സര്‍വ്വേകളിലടക്കം തെളിഞ്ഞതോടെയാണ് ഇഡിയെ കളത്തിലിറക്കിയത്. രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്ന ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നേയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുന്ന കഥ ഇഡി പുറത്തുവിട്ടത്. മഹാദേവ് ആപ്പ് വാതുവെപ്പുമായി ബന്ധപ്പെട്ട കേസില്‍ 5.39 കോടിയുമായി പിടിയിലാക്കപ്പെട്ട ഇടനിലക്കാരന്‍ ബാഗല്‍ എന്ന് പേരുള്ള രാഷ്ട്രീയക്കാരനായി പണം കൊണ്ടുവെന്നു എന്നായിരുന്നു ഇഡിയുടെ വെളിപ്പെടുത്തല്‍.

തിരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമെല്ലാം മഹാദേവ ആപ്പ് കുംഭകോണം ആഘോഷിച്ചു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് ഇതൊരു കെട്ടിച്ചമച്ച കേസാണെന്നും തന്നെ ബലമായി മൊഴിയില്‍ ഒപ്പുവെപ്പിയ്ക്കുകയാരുന്നുവെന്നും പിടികൂടിയ പ്രതി അസിം ദാസ് തന്നെ പറയുന്നതാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ നേരത്തെ നല്‍കിയ മൊഴി പിന്‍വലിച്ചു കൊണ്ടാണ് അസിം ദാസ് താന്‍ ബലിയാടാക്കപ്പെടുന്നുവെന്ന് കാണിച്ച് ഇഡി ഡയറക്ടര്‍ക്ക് ജയിലില്‍ നിന്ന് കത്തയച്ചിരിക്കുന്നത്.

താന്‍ ഒരു രാഷ്ട്രീയക്കാരനും പണം നല്‍കിയിട്ടില്ലെന്നും അസിം ദാസ് പറയുന്നുണ്ട്. നവംബര്‍ 3ന് ആണ് 508 കോടി രൂപയുടെ മഹാദേവ് വാതുവയ്പ് ആപ്പിനെതിരായ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡ്രൈവര്‍ അസിം ദാസിനെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത് നവംബര്‍ 7ന് എന്നിരിക്കെയാണ് 3ന് അസിം ദാസിന്റെ അറസ്റ്റും മുഖ്യമന്ത്രി ബാഗലിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ ഇഡിയുടെ വെളിപ്പെടുത്തനും വന്നത്.

ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് നാലു ദിവസം മുന്‍പായിരുന്നു ഈ അറസ്റ്റും പിന്നീട് ഇഡി നടത്തിയ പ്രസ്താവനകളും. അസിം ദാസിന്റെ കാറില്‍നിന്ന് 5.39 കോടി രൂപ പിടിച്ചെടുത്ത ഇഡി അസിം ദാസിനെയും കോണ്‍സ്റ്റബിള്‍ ഭീം സിങ് യാദവിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കുറ്റാരോപിതനായ ശുഭം സോണിയുടെ നിര്‍ദ്ദേശപ്രകാരമാണ് റായ്പുരിലെത്തിയതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്കു തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിനായി പണം കൈമാറാന്‍ എത്തിയതാണെന്നും അസിം ദാസ് മൊഴി നല്‍കിയെന്നായിരുന്നു ഇഡി പുറത്തുപറഞ്ഞത്. ഭരണകക്ഷിയുടെ നേതാക്കള്‍ക്കു തുക കൈമാറേണ്ടതായിരുന്നുവെന്ന് അസിം ദാസ് തങ്ങളോടു സമ്മതിച്ചതായും പണത്തിന്റെ അന്തിമ സ്വീകര്‍ത്താവായി ഒരു ബാഗേലിന്റെ പേര് പറഞ്ഞതായും ഇത് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലാണെന്നുമുള്ള തരത്തിലാണ് ഇഡി കേസന്വേഷണം തുടര്‍ന്നത്.

ഇഡി കോടതിയിലും ഇക്കാര്യങ്ങള്‍ അറിയിച്ചു. പിന്നാലെ മഹാദേവനെ പോലും കോണ്‍ഗ്രസുകാര്‍ വെറുതെ വിടുന്നില്ലെന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപിക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രസംഗിച്ചു. മഹാദേവ് ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ഭൂപേഷ് ബാഗലിനെതിരെ തിരഞ്ഞെടുപ്പ് അടത്തതോടെ ഇഡി തിരികൊളുത്തിവിട്ട ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സാക്ഷാല്‍ മഹാദേവന്റെ അക്കൗണ്ടിലേക്ക് മാറ്റി ഉപയോഗിക്കുകയായിരുന്നു. മഹാദേവ് ബെറ്റിംഗ് ആപ്പുകാര്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് 509 കോടി കൊടുത്തുവെന്ന തെളിവില്ലാത്ത ആരോപണം ഇപ്പോഴും പൊള്ളയാണെന്ന കോണ്‍ഗ്രസ് വാദം നിലനില്‍ക്കെയാണ് പിടികൂടപ്പെട്ട പ്രതിപോലും തന്നെ നിര്‍ബന്ധിപ്പിച്ച് മൊഴിയില്‍ ഒപ്പുവെപ്പിച്ചതാണെന്ന് പറയുന്നത്.

ഛത്തീസ്ഗഢിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 17ന് കഴിഞ്ഞെന്നിരിക്കെയാണ് പ്രതിയുടെ ജയിലില്‍ നിന്നുള്ള കത്ത് പുറത്തുവരുന്നതെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ഒരു ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി ഛത്തീസ്ഗഢില്‍ ഇഡി വഴി ഉണ്ടാക്കിയെടുത്തുവെന്ന് വ്യക്തമാകുകയാണ് ഇതിലൂടെ. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം ക്ലിയറാവുകയാണ്. ഡിസംബര്‍ 3ന് വോട്ടെണ്ണലില്‍ അറിയാം എങ്ങനെയാണ് മഹാദേവ് വിവാദം ഛത്തീസ്ഗഢിലെ ജനങ്ങളെ സ്വാധീനിച്ചതെന്ന്. തുടര്‍ഭരണം ഉറപ്പിച്ച് ഭൂപേഷ് ബാഗലിന്റെ കരുത്തില്‍ പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു മഹാദേവ് അഴിമതി വിവാദം. സര്‍ക്കാരിനെ ലക്ഷ്യമിട്ടാണ് ഇഡിയുടെ നടപടിയെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുകയും ബിജെപിയും ഇഡിയും ഗൂഢാലോചന നടത്തിയെന്ന് ഭൂപേഷ് ബാഗലും അന്നേ ആരോപിച്ചിരുന്നു.

മൊഴിയില്‍ ഒപ്പിടാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് അസിം ദാസ് കോടതിയിലേക്കും കത്തെഴുതി അറിയിച്ചിട്ടുണ്ട്. തനിക്ക് മനസിലാകാത്ത ഇംഗ്ലീഷ് ഭാഷയിലാണ് സ്‌റ്റേറ്റ്‌മെന്റ് ഒപ്പിടിവിച്ചതെന്ന ഗുരുതര ആരോപണവും ഇഡിക്കെതിരെ അസിം ദാസ് ഉന്നയിക്കുന്നുണ്ട്. താന്‍ റായ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കാറില്‍ ഹോട്ടലിലേക്ക് പോകാന്‍ സുഹൃത്ത് ശുഭം സോണിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചെന്നും പിന്നീട് ഒരു പ്രത്യേക സ്ഥലത്ത് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നു അസിം ദാസ് പറയുന്നു. കാര്‍ നിര്‍ത്തിയ സ്ഥലത്ത് വെച്ച് ഒരാള്‍ ബാഗുകള്‍ കാറില്‍ വെയ്ക്കുകയായിരുന്നുവെന്നും പിന്നീട് ഇഡി ഇത് പിടിച്ചെടുക്കുകയായിരുന്നുവെന്നും ഇയാള്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്.

എന്തായാലും വോട്ടെടുപ്പിന് മുമ്പ് വന്ന കേസും ഇഡിയുടെ നടപടിയും വോട്ടെടുപ്പ് കഴിഞ്ഞതോടെ താനെ ഒതുങ്ങുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇഡിയെ പ്രതിപക്ഷത്തിനെതിരെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഒരു തെളിവ് കൂടി മറനീക്കി പുറത്തുവരികയാണ്.