സമസ്തയിലെ 'പിണറായിസ്റ്റുകളെ' പൂട്ടാന്‍ ലീഗ് നേതൃത്വം

സമസ്ത കേരളാ ജംയുത്തല്‍ ഉലമ അഥവാ സമസ്തയിലെ പിണറായിസ്റ്റുകളെ പൂട്ടാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് മുസ്‌ളീം ലീഗ് നേതൃത്വം. സി പി എമ്മിനും പിണറായിക്കും വേണ്ടി നിര്ന്തരം ലീഗില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമസ്ത നേതാക്കള്‍ക്കെതിരെ കടുത്ത നിലപാട് തന്നെയെടുക്കാനാണ് മുസ്‌ളീം ലീഗ് നേതൃത്വം തിരുമാനിച്ചിരിക്കുന്നത്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അത് വ്യക്തമാക്കുകയുംചെയ്തു.

‘മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍കോള്‍ വന്നാല്‍ എല്ലാമായി എന്ന് വിചാരിക്കുന്നവരും സമുദായത്തില്‍ ഉണ്ടെന്ന’ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്താവനയാണ് സമസ്തയിലെ പിണറായിസ്റ്റുകളെ ചൊടിപ്പിച്ചത്. ഇത് പിണറായിയുടെ സ്വന്തക്കാരായ സമസ്തയിലെ ചില ആളുകളെ മാത്രം ഉദ്ദേശിച്ചതാണെന്ന് വ്യക്തമായിരുന്നു. സമസ്തയുടെ ഔദ്യോഗിക നേതൃത്വം പി എം എ സലാമിനെതിരെ രംഗത്ത് വന്നില്ലങ്കിലും പോഷക സംഘടനകളുടെ നേതാക്കള്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. പി എം എ സലാമിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമസ്തയുടെ 21 പോഷകസംഘടനാ നേതാക്കള്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് കത്ത് നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ ലീഗിനെ ചൊടിപ്പിച്ചത്.

സി പി എം നേതാവ് അഡ്വ. അനില്‍കുമാര്‍ ഉയര്‍ത്തിവിട്ട തട്ടം വിവാദത്തില്‍ മുസ്‌ളീം ലീഗിനെ പിന്തുണച്ച് സമസ്ത രംഗത്ത് വരാതിരുന്നതില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതാണ് മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍ കോള്‍ വന്നാല്‍ എല്ലാമായി എന്ന് കരുതുന്നവര്‍ സമുദായത്തിലുണ്ട്് എന്ന സലാമിന്റെ വിവാദ പ്രസ്താവനയുടെ മൂലകാരണം. ഇതിനെതിരെയാണ് സമസ്തയിലെ പോഷക സംഘടനാ നേതാക്കള്‍ വാളെടുത്തത്.

ഭരിക്കുന്നവരുമായി ഒത്തു ചേര്‍ന്ന് പോവുക എന്ന നയമാണ് സമസ്തയുടേത് എന്ന് സംഘടനയുടെ അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിണറായിക്കുള്ള നന്ദി പ്രകാശനമായിരുന്നു ജിഫ്രിതങ്ങളുടെ ഈ പ്രസ്താവന . മുസ്‌ളീം ലീഗിനെ കൈകാര്യം ചെയ്യാന്‍ പിണറായി വിജയന്‍ കൈക്കൊണ്ട എണ്ണം പറഞ്ഞ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. ഈ തന്ത്രം വിജയിക്കുന്നത് വലിയ പരിഭ്രാന്തിയോടെയാണ്് മുസ്‌ളീം ലീഗ് നേതൃത്വം കണ്ടു നിന്നത്. യു ഡി എഫ് ഭരണകാലത്ത് സമസ്തയുടെ ആവശ്യങ്ങളെല്ലാം പി കെ കുഞ്ഞാലിക്കുട്ടി വഴിയാണ് യു ഡി എഫ് നേതൃത്വത്തിന് മുന്നിലെത്തിയിരുന്നത്. എന്ന് വച്ചാല്‍ യു ഡി എഫ് ഭരണകാലത്ത് സമസ്തക്ക് എന്തെങ്കിലും കാര്യം സാധിക്കണമെങ്കില്‍ പി കെകുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും കനിയണം. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. പിണറായി വിജയന്‍ നേരിട്ട് സമസ്തയുടെ നേതാക്കളെ വിളിച്ച് ഞാന്‍ നിങ്ങള്‍ക്ക് എന്ത് ചെയ്ത് തരണമെന്ന് അങ്ങോട്ട് ചോദിക്കുകയാണ്. അതോടെ സമസ്ത കേരളാ ജംയുത്തല്‍ ഉലമ എന്ന മുസ്‌ളീം മത പണ്ഡിത സംഘടന ഏതാണ്ട് പൂര്‍ണ്ണമായും പിണറായിയുടെ കയ്യിലായി. എന്ത് കാര്യം വേണമെങ്കിലും പിണറായിയോട് സമസ്തക്ക് ആവശ്യപ്പെടാം എന്നായി, മുന്നും പിന്നും നോക്കാതെ മുഖ്യമന്ത്രി അത് ചെയ്തുകൊടുക്കുകയും ചെയ്യും. പിന്നെ എ്ന്തിന് ലീഗ് എന്ന ചിന്ത അവരില്‍ വളര്‍ന്ന് വരികയും ചെയ്തു.

എന്നാല്‍ ഇനിയെങ്കിലും ഈ പ്രവണത നുള്ളിക്കളഞ്ഞില്ലങ്കില്‍ അപകടമാണെന്ന് മനസിലാക്കിയ ലീഗ് നേതൃത്വം സമസ്തക്കെതിരെ കടുത്ത നിലപാട് എടുക്കുകയായിരുന്നു.സമസ്തയുടെ മസ്തിഷ്‌കം എന്ന് പറയുന്നത് മുസ്‌ളീ ലീഗാണെന്നും അത് കൊണ്ട് തന്നെ തലയിരിക്കുമ്പോള്‍ വാലാടേണ്ടെന്നുമുളള കനത്ത താക്കീതാണ് സ്മസ്തയുടെ പോഷക സംഘടനാ നേതാക്കള്‍ക്ക് മുസ്‌ളീം ലീഗ് നേതൃത്വം ഇന്ന് നല്‍കിയത്. കാര്യങ്ങള്‍ തിരുമാനിക്കാന്‍ ലീഗിനറിയാം പിണറായിക്കണ്ട് നെഗളിക്കണ്ടാ എന്ന വ്യക്തവും ശക്തവുമായ സന്ദേശമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്ന് സമസ്തക്ക് നല്‍കിയത്.

സമസ്തയെ സി പി എമ്മിനോട് കൂടുതല്‍ അടുപ്പിച്ച് ലീഗിനെ തളര്‍ത്തുക, അതുവഴി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ പ്രതിസന്ധിയിലാക്കുക എന്ന തന്ത്രമാണ് പിണറായി പ്രയോഗിച്ചത്്. ഇനി ആ തന്ത്രം വിജയിക്കാന്‍ പാടില്ലന്ന് ലീഗ് നിലപാടെടുത്തുകഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേവലം ഇനി ആറ് മാസങ്ങള്‍ മാത്രമേയുള്ളു. അത് കൊണ്ട് തന്നെ പിണറായിയുടെ സമസ്ത പ്രേമം കണ്ടില്ലന്ന് നടിച്ചാല്‍ പൊന്നാനി ലോക്‌സഭാ സീറ്റ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടുമെടുമെന്ന് പോലും ലീഗ് ഭയക്കുന്നുണ്ട്. അത് കൊണ്ട് സമസ്തയിലെ പിണറായിസ്റ്റുകളെ എന്ത് വിലകൊടുത്തും പൂട്ടുമെന്ന ദൃഡനിശ്ചയത്തിലാണ് മുസ്‌ളീം ലീഗ്.