പലസ്തീന്‍; ഫത്ഹ്-ഹമാസ് അനുരഞ്ജനത്തിന്റെ ഭാവി

സൈഫുദ്ദീന്‍ കുഞ്ഞ് എസ്

ഫത്ഹ് ഹമാസ് പതിനഞ്ചു വർഷങ്ങൾക്കു ശേഷം ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചത് പലസ്തീൻ മേഖലയിൽ രാഷ്ട്രീയ മാറ്റങ്ങൾക്കു വഴിയൊരുക്കും. ആറുമാസങ്ങൾക്കുള്ളിൽ ഇലക്ഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്.

ഇസ്രായേൽ അധിനിവേശത്തിന്നെതിരെ ജനകീയ സമരം ശക്തിപ്പെടുത്തുക, ഗാസ – വെസ്റ്റ് ബാങ്ക് വിഭജനം അവസാനിപ്പിക്കുക, പി.എൽ.ഓയെ പുന:സംഘടിപ്പിക്കുക എന്നീ സുപ്രധാന തീരുമാനങ്ങൾക്കായി മൂന്ന് സമിതികളും ഈ ചർച്ചയുടെ ഭാഗമായി രൂപം കൊണ്ടിട്ടുണ്ട്. ലെജിസ്ലേറ്റീവ്, പലസ്തീൻ അതോറിറ്റി നേതൃപദവി , പി എല്‍ ഒയുടെ കേന്ദ്ര കമ്മിറ്റി  എന്നീ പദവികളിലേക്കാണ് ഇലക്ഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

വർഷങ്ങളായി ഹമാസും മറ്റു പാർട്ടികളും മഹ് മൂദ് അബ്ബാസിനോടു അനുരജ്ഞന ചർച്ചയുടെ അനിവാര്യത ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും മുൻ സമാധാന ചർച്ചകളുടെ പരിണിതഫലം ചൂണ്ടിക്കാട്ടി  അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാൽ സ്ഫോടനാജനകമായ പ്രാദേശിക മാറ്റങ്ങളാണ് ഇരു വിഭാഗങ്ങളെയും  പുതിയ ചർച്ചകളിലേക്കു നയിച്ചത്.

മഹമൂദ് അബ്ബാസിൻ്റെ അഭ്യർത്ഥന പ്രകാരം തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗാനാണ് ചർച്ചക്ക് മദ്ധ്യസ്ഥത വഹിച്ചത്. പലസ്തീനിയൻ വിഭാഗങ്ങൾക്കിടയിലെ ഭിന്നതകൾ ഇസ്രായേലിനു കൂടുതൽ അധിനിവേശത്തിനു  സൗകര്യപ്രദമായ  സാഹചര്യമൊരുക്കിക്കൊടുക്കുന്നു.പലസ്തീനികളുടെ അസ്തിത്വം തന്നെ അപകടത്തിലായ സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ദേശീയ ഐക്യം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന പലസ്തീൻ നേതാക്കളുടെ നീരീക്ഷണം പ്രസക്തമാണ്.

Senior Fatah official Azzam al-Ahmad, center right, and Hamas” representative, Saleh al-Arouri, center left, sign a reconciliation deal during a short ceremony at the Egyptian intelligence complex in Cairo, Egypt, Thursday, Oct. 12, 2017. Thursday”s signing came after two days of negotiations in the Egyptian capital on the governing of the Gaza Strip as part of the most serious effort to date to end the 10 year rift between the rival Palestinian groups. (AP Photo/Nariman El-Mofty)

2006- ൽ നടന്ന ഇലക്ഷനിൽ ഹമാസിനാണ് ഭൂരിപക്ഷം ലഭിച്ചത്. ഇരുവിഭാഗങ്ങൾക്കുമിടയിൽ   അഭിപ്രായ ഭിന്നത രൂപപ്പെടുകയും സംഘർഷത്തില്‍ അവസാനിക്കുകയും ചെയ്തിരുന്നു.ഗാസ ഹമാസിൻ്റെ അധികാരത്തിലും റാമല്ലയും വെസ്റ്റ് ബാങ്കും ഫത്ഹിൻ്റ നേതൃത്വത്തിലുള്ള പലസ്തീൻ അതോറിറ്റിയുടെ കീഴിലും വന്നു.ഇലക്ഷൻ ഫലം അംഗീകരിക്കാതിരുന്ന ഫത്ഹിനെ ഗാസയിൽ നിന്നും ഹമാസ് പുറത്താക്കിയിരുന്നു. പലസ്തീൻ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം പലതവണ ഇസ്രായേൽ ഗാസക്കു മേൽ ബോംബു വർഷം നടത്തിയിരുന്നു. ഈ സംഭവത്തിനു ശേഷം ചില  സുപ്രധാന ചർച്ചകൾ  നടന്നു, നടത്തിയിരുന്നു.

2007 ഫെബ്രുവരി എട്ടിനു ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കുക എന്ന ലക്ഷൃത്തിൽ സൗദി അറേബ്യയിൽ വെച്ച് മക്ക കരാറിൽ ഒപ്പു വെച്ചു. ഇതു പരാജയപ്പെട്ടതോടെ 2012- ൽ ദോഹയിലും ഈജിപ്തിലുമായി പ്രാദേശിക സംഘർഷം ഒഴിവാക്കുക, തടവുപുള്ളികളെ കൈമാറുക തുടങ്ങിയ  അനുരജ്ഞന ചർച്ചകൾ നടന്നിരുന്നു. 2014-ലും ചില സമാധാന ശ്രമങ്ങൾക്കു ശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല.

2017- ൽ ഈജിപ്തിൻ്റെ മദ്ധ്യസ്ഥതയിൽ ഇരുവിഭാഗങ്ങൾക്കിടയിൽ അനുരജ്ഞനം നടന്നെങ്കിലും അധികകാലം നീണ്ടു നിന്നിരുന്നില്ല. യുഎഇ യും ബഹ്റിനും ഇസ്രായേലുമായി നയതന്ത്രബന്ധം ആരംഭിച്ച പശ്ചാത്തലത്തിൽ പലസ്തീനിലെ പ്രബല ശക്തികൾ തമ്മിലുള്ള പുതിയ അനുരജ്ഞന ചർച്ചകൾക്കു പുതിയ മാനങ്ങളുണ്ട്. പലസ്തീനിൻ്റെ പേരിൽ ഇസായേലുമായുള്ള ഇസ്രായേലുമായി ചങ്ങാത്തം ഹമാസ് ഫത്ഹ്, ഇസ് ലാമിക് ജിഹാദ്  തുടങ്ങിയ പലസ്തീൻ പാർട്ടികൾ തള്ളിക്കളഞ്ഞിരുന്നു.

2002- ലെ അറബ് സമാധാന പദ്ധതിയിൽ അധിനിവേശ പ്രദേശങ്ങളിൽ നിന്നും പിന്മാറുക, കിഴക്കൻ ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്ര സ്ഥാപനം, യു. എന്നിൻ്റെ 194-ാം പ്രമേയമനുസരിച്ചു ലോകത്തിൻ്റെ ഭാഗങ്ങളിലുള്ള  പലസതീൻ അഭയാർത്ഥികളുടെ മടക്കം എന്നീ നിബന്ധനങ്ങൾ മുന്നോട്ടു വെച്ചിരുന്നു. സ്വാഭാവികമായും  അറബ് രാജ്യങ്ങളുടെ ഈ സമാധാനശ്രമവും ഇസ്രായേൽ അംഗീകരിക്കുകയുണ്ടായില്ല.

പുതിയ നയതന്ത്ര കരാർ രൂപപ്പെടുത്തിയതിലൂടെ യു.എ.ഇയും ബഹ്റിനും അറബ് പീസ് പ്ലാനിനെ അവഗണിക്കുകയാണ് ചെയ്തത്. 1979 വരെ ഇസ്രായേൽ വിരുദ്ധ പോരാട്ടത്തിനു നേതൃത്വം നൽകിയ ഈജിപ്ത് ഇസ്രായേലുമായി ക്യാമ്പ് ഡേവിഡ് കരാറിൽ ഒപ്പു വെച്ചതോടെ അറബ് ലീഗ് ഈജിപ്തിൻ്റെ അംഗത്വം റദ്ദാക്കിയിരുന്നു. 1989- ലാണ്  ഈജിപ്തിനു അംഗത്വം തിരികെ ലഭിച്ചത്.

സിയോണിസ്റ്റു രാഷ്ട്രവുമായുള്ള ഈ ബന്ധത്തെ വിമർശിക്കാൻ പോലും അറബ് ലീഗ് തയ്യാറാകാതിരുന്നതിനാൽ സംഘടനയുടെ മേൽനോട്ടത്തിൽ നിന്നും പലസ്തീൻ പിൻമാറുകയുണ്ടായി. പലസ്തീൻ അവകാശത്തിനു പൂർണ്ണ പിന്തുണ നൽകുന്ന ഖത്തർ അറബ് ലീഗിൻ്റെ നേതൃത്വം ഏറ്റെടുക്കാൻ വിസമ്മതിച്ചത് ശ്രദ്ധേയമായിരുന്നു.

ഡൊണൾഡ് ട്രംപിൻ്റെ അധികാരാരോഹണത്തോടെ പി.എയുമായുള്ള അമേരിക്കയുടെ നിലപാടിൽ കാതലായ മാറ്റമുണ്ടായി. പി. എൽ ഓയുടെ ഓഫീസ് അടച്ചു പൂട്ടുക, പലസ്തീൻ അഭയാർത്ഥികൾക്കായുള്ള UNRWA ഫണ്ടിംഗ് അവസാനിപ്പിക്കുക, ജറൂസലേമിനെ ഇസ്രായേലായി പ്രഖ്യാപിക്കുക എന്നീ കടുത്ത നടപടികൾ അമേരിക്ക കൈക്കൊണ്ടു. ഈ സവിശേഷ സാഹചര്യത്തിൽ ഫത്ഹിനു ഹമാസിൻ്റെയും തുർക്കിയുടെയും ഖത്തറിൻ്റെയും പ്രാദേശിക പിന്തുണ അനിവാര്യമാകുന്നു എന്നതും പുതിയ അനുരജ്ഞന ചർച്ചയുടെ കാരണങ്ങളിലൊന്നാണ്.

ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ ലബനാനിലെ ഹിസ്ബുല്ലയുമായുള്ള ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയയുടെ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയാണ്. പ്രാദേശിക രാഷ്ട്രീയ- സൈനിക വികാസങ്ങൾ, പലസ്തീൻ വിഷയം നേരിടുന്ന വെല്ലുവിളികൾ, ഇസ്രായേലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ സ്വാഭാവീകരണം എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. ഇസ്രായേലിനെതിനരെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന്റെ ശ്രമങ്ങളാണിത്.

1967- ൽ ഇസ്രായേൽ അധിനിവേശത്തിനു ശേഷമുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിൽ ഹമാസും ഫത്ഹും ഒരേ അഭിപ്രായമുള്ളവരാണ്.2017- ൽ 196-7 ലെ പലസ്തീൻ അതിർത്തികളെ ഹമാസ് അംഗീകരിച്ചത് സുപ്രധാന ചുവടുവെയ്പ്പായിരുന്നു. ഹമാസ് പ്രത്യയശാസ്ത്രവും പലസ്തീൻ പ്രതിരോധവുമാണ് ഹമാസിൻ്റെ സ്വീകാര്യതയുടെ പ്രധാന ഘടകങ്ങൾ. മത സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റികൾ തുടങ്ങിയവയെല്ലാം ഹമാസിൻ്റെ ആശയ പ്രചാരണ മേഖലകളാണ്.

ഓസ്ലോ സന്ധി മൂലം പലസ്തീൻ സാമ്പത്തിക രംഗവും വെസ്റ്റ് ബാങ്കിൻ്റെ അറുപതിലധികം ശതമാനം പ്രദേശങ്ങളുടെയും നിയന്ത്രണം ഇസ്രായേലിനു ലഭിച്ചിരുന്നു. സന്ധിപ്രകാരം പലസ്തീൻ അതോറിറ്റി സുരക്ഷാ വിഷയങ്ങളിൽ  ഇസ്രായേലുമായി സഹകരിക്കണമെന്ന നിബന്ധന പലസ്തീനികൾക്കിടയിൽ പി.എയുടെയും ഫത്ഹിൻ്റെയും  സ്വീകാര്യത വലിയ തോതിൽ കുറയാൻ കാരണമായിരുന്നു. ഹമാസിനെ ഫത്ഹിനു അപേക്ഷിച്ചു അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യതയും സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്. ഫത്ഹ്  സാമ്പത്തിക പിന്തുണ നൽകിയാണ് പ്രധാനമായും  അനുയായികളെ നേടിയെടുക്കുന്നത്. സെക്കുലർ ആശയം പേറുന്ന ഫത്ഹിൻ്റെ ഇസ്രായേലുമായുള്ള ബാന്ധവവും അധിനിവേശ സൈന്യത്തിനു മുമ്പിലുള്ള വിധേയത്വവും ജനപ്രീതിയിടിയാൻ കാരണമാകുന്നു.

ഗാസക്കു പുറമെ റാമല്ല, വെസ്റ്റ് ബാങ്ക്, ഖുദ്സ് പ്രദേശങ്ങളിലെല്ലാം ഹമാസിൻ്റെ സ്വാധീനവും സാന്നിദ്ധ്യവും ശക്തമാണ്. വരുന്ന തിരഞ്ഞെടുപ്പ് വിജയങ്ങളിൽ മുൻകാലങ്ങളിലെ പോലെ ഹമാസ് വിജയം ആവർത്തിക്കാനാണ് സാദ്ധ്യത. സ്വാഭാവികമായും ഹമാസിൻ്റെ നേതൃത്വത്തിലുള്ള പലസ്തീൻ ഭരണത്തെ ഇസ്രായേൽ അംഗീകരിക്കില്ല എന്നതിനാൽ ഫത്ഹ് – ഹമാസ് സഖ്യത്തിൻ്റെ ഭാവി സംശയാസ്പദമാണ്.