വിഭജനത്തില്‍ കുത്തി മുറിവാക്കി പൂട്ടാനുള്ള കെസിആര്‍ ശ്രമം മുളയിലെ നുള്ളി കോണ്‍ഗ്രസ്

തെലങ്കാന തിരിച്ചു പിടിക്കാനുള്ള കോണ്‍ഗ്രസ് മിഷണ്‍ എതിരാളികളെ വിറളി പിടിപ്പിക്കുന്ന രീതിയില്‍ ടോപ് ഗിയറില്‍ മുന്നോട്ട് നീങ്ങുകയാണ്. വിഭജനത്തില്‍ കൈവിട്ടു പോയ തെലുങ്കുദേശം തിരിച്ചു പിടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തില്‍ പത്തിക്ക് അടികൊണ്ടിരിക്കുന്നത് കോണ്‍ഗ്രസിനെ വഞ്ചിച്ച കെ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി ബിആര്‍എസിനാണ്. കെസിആറിനെ നിലംപരിശാക്കാന്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടിയ പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിക്ക് പിന്നില്‍ കേന്ദ്രനേതൃത്വം ഉറച്ചു നിന്നതോടെ സീറ്റിന്റെ പേരില്‍ വിമതരായവര്‍ പോലും പാര്‍ട്ടിക്ക് മുന്നില്‍ സമവായത്തിന് തയ്യാറാവുകയാണ്.

തെലങ്കാനയില്‍ കോണ്‍ഗ്രസിന് വേണ്ടി മല്‍സരിക്കാന്‍ സീറ്റ് കിട്ടാതെ ഒഴിവാക്കപ്പെട്ടവര്‍ വിമതരായി പാര്‍ട്ടി വോട്ട് ഭിന്നിപ്പിക്കാന്‍ നാമനിര്‍ദേശ പത്രിക കൊടുത്തത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. എന്നാല്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനത്തില്‍ 9 വിമതരെ കൊണ്ട് പാര്‍ട്ടി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ച് അടിയൊഴുക്കിനുള്ള അവസരത്തിന് തടയിട്ടു. കര്‍ണാടകയിലടക്കം വിമതരെ നേരിട്ടത് ഫലപ്രദമായതിന്റെ ആത്മവിശ്വാസത്തില്‍ അതേ നയതന്ത്രമികവിലാണ് തെലങ്കാനയിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ വിമതരെ നേരിട്ടത്. കര്‍ണാടകയിലെയും മറ്റ് കൈകളിലെത്തിയ സംസ്ഥാനങ്ങളിലെയും അനുഭവം വെച്ച് വിമത സ്ഥാനാര്‍ത്ഥികളുമായി സംസാരിക്കാന്‍ പ്രത്യേക ടീമുകളെ തന്നെ പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്. ഭരണം കിട്ടിയാല്‍ തസ്തികകളോ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമോ വാഗ്ദാനം ചെയ്താണ് ഉടക്കി നില്‍ക്കുന്നവരെ തങ്ങളുടെ പക്ഷത്ത് അനുരഞ്ജന സംഘം ചേര്‍ത്ത് നിര്‍ത്തുന്നത്.

തെലങ്കാനയില്‍ കോണ്‍ഗ്രസ് കരുത്താര്‍ജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ബിആര്‍എസില്‍ നിന്നും ബിജെപിയില്‍ നിന്നും വരെ നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ അണികളുമായെത്തുന്നത്. തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ മുന്‍മന്ത്രിമാരടക്കം കെസിആറിന്റെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് ചേരിയിലെത്തുകയും സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തിരുന്നു.

നടിയും മുന്‍ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതും ഇപ്പോള്‍ തെലങ്കാനയില്‍ ചര്‍ച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ തെലങ്കാനയില്‍ തലപൊക്കാന്‍ നോക്കുന്ന ബിജെപിക്ക് തിരിച്ചടിയായി ആക്ഷന്‍ സ്റ്റാര്‍ വിജയശാന്തി പാര്‍ട്ടി വിട്ടത്. ബിജെപി അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിക്ക് വിജയശാന്തി രാജിക്കത്ത് നല്‍കിയതോടെ അവര്‍ കോണ്‍ഗ്രസിലേക്ക് വരുകയാണെന്ന പ്രചാരണം ശക്തമായി. വിജയശാന്തി കോണ്‍ഗ്രസ് വിട്ടാണ് പണ്ട് ബിജെപിയിലേക്ക് പോയതെന്നിരിക്കെ ഇതവരുടെ മടങ്ങി വരവാണ്. വലിയ ആഘോഷത്തിന് വകയുള്ള ഒരു രാഷ്ട്രീയ മടങ്ങി വരവൊന്നുമല്ല ആക്ഷന്‍ താരത്തിന്റേതെങ്കിലും തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഈ മടങ്ങിവരവ് കോണ്‍ഗ്രസിന് ഒരു ഉണര്‍വ്വായിട്ടുണ്ട്. പണ്ട് കെസിആറിന്റെ പാര്‍ട്ടി തെലങ്കാന രാഷ്ട്ര സമിതിയെന്ന ടിആര്‍എസ്, ഇപ്പോഴത്തെ ബിആര്‍എസിലായിരുന്നു വിജയശാന്തി ആക്ടീവായി രാഷ്ട്രീയത്തിലിറങ്ങിയത്. 2009- 2014 കാലയളവില്‍ ടിആര്‍എസിന്റെ എംപിയായിരുന്നു നടി. 2014 ല്‍ കോണ്‍ഗ്രസിലെത്തിയ നടി വലിയ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതെങ്കിലും 2018 തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാമ്പെയ്‌നറായിട്ടും വലിയ മെച്ചമൊന്നും ഉണ്ടാകാത്തത് കണ്ടതോടെ ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയോടെ വിജയശാന്തി കേന്ദ്രത്തില്‍ പിടിപാടുള്ള ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നു. പക്ഷേ വിചാരിച്ച പോലെ ബിജെപിയില്‍ നിന്ന് സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമര്‍ഷം മൂലം തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിജയശാന്തി ബിജെപി വിടുകയായിരുന്നു.

തെലങ്കാനയില്‍ കാര്യങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമല്ലെന്ന് വ്യക്തമായതോടെ ബിആര്‍എസിന്റെ നിഴലില്‍ ഒതുങ്ങി തെലങ്കാന പിടിയ്ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഗോവയിലും ബിഹാറിലുമങ്ങനെ പലയിടങ്ങളിലും ഭരണശേഷിയുള്ള പാര്‍ട്ടിയ്‌ക്കൊപ്പം നിന്ന് പിന്നീട് സംസ്ഥാനം പിടിച്ചടക്കുന്ന സ്ഥിരം കേളീശൈലിയാണ് തെലങ്കാനയിലും നരേന്ദ്ര മോദിയും അമിത് ഷായും ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപി വിട്ട് തെലങ്കാനയില്‍ പോരാട്ടവീര്യം പുറത്തെടുക്കുന്ന കോണ്‍ഗ്രസിലേക്ക് വിജയശാന്തി എത്തുന്നത്.

വലിയ പ്രചാരമായി ബിജെപി വിട്ടെത്തുന്നുവെന്ന് കാണിക്കാന്‍ രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയില്‍ വച്ച് വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാനാണ് വിജയശാന്തി ലക്ഷ്യമിടുന്നത്. ആന്ധ്ര വിഭജനത്തിലൂടെ തങ്ങളെ ചതിച്ച കെസിആറിനെ എങ്ങനേയും താഴെയിറക്കാന്‍ കോപ്പുകൂട്ടൂന്ന കോണ്‍ഗ്രസ് ഒരു ചെറിയ ആയുധം പോലും വേണ്ടെന്ന് വെയ്ക്കാതെയാണ് തെലങ്കാനയില്‍ പോരാട്ട മുഖം മൂര്‍ച്ച കൂട്ടുന്നത്.

അതിനിടയില്‍ കോണ്‍ഗ്രസ് കരുത്താര്‍ജ്ജിക്കുന്നതിന്റെ പേടി കെസിആറിനെ വല്ലാണ്ട് അലട്ടുന്നുണ്ട്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രതാപം രാജ്യത്ത് ഇല്ലാതാകുമെന്ന് പറഞ്ഞു പ്രാദേശിക വികാരം ഇളക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇപ്പോള്‍. കേന്ദ്രത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുമെന്നു പറഞ്ഞ് മൂന്നാം മുന്നണി വാദങ്ങളുമായി വീണ്ടും പരീക്ഷത്തിന് ഇറങ്ങുകയാണ് റാവു.

സംസ്ഥാനത്തിന് നിരവധി പദ്ധതികള്‍ നിഷേധിച്ചുകൊണ്ട് ഇരു പാര്‍ട്ടികളും പകപോക്കലിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നെല്ലാം പറഞ്ഞാണ് തെലുങ്ക് ദേശത്ത് പ്രാദേശികവാദം ഉയര്‍ത്താന്‍ റാവു ശ്രമിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബിആര്‍എസിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്രം ഭരിക്കുന്നവരുടെ വിവേചനങ്ങള്‍ അക്കമിട്ട് നിരത്തുന്നത്. എല്ലാ സീറ്റുകളിലും വിജയിക്കുന്നത് സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വിലപേശല്‍ ശേഷി പാര്‍ട്ടിക്ക് നല്‍കുമെന്നും തെലങ്കാനക്കാരോട് റാവു പറയുന്നു.

വിഭജന ചരിത്രം പറഞ്ഞു തെലങ്കാനയില്‍ കോണ്‍ഗ്രസിനെ തളര്‍ത്താനുള്ള ശ്രമവും റാവു നടത്തുന്നുണ്ട്.
ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി തെലങ്കാനയെ ആന്ധ്രയുമായി ലയിപ്പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കുടിവെള്ളം മുതല്‍ തൊഴില്‍ വരെയുള്ള വിഷയങ്ങളില്‍ ആന്ധ്രയിലെ ഭരണാധികാരികള്‍ തെലങ്കാന മേഖലയോട് അനീതി കാട്ടിയെന്നും പറഞ്ഞാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിന് തടയിടാന്‍ കെസിആറിന്റെ ശ്രമം.

മുസ്ലിം സമുദായത്തെ എല്ലാ കാലത്തും വഞ്ചിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പറഞ്ഞു സാമുദായിക ധ്രൂവീകരണത്തിനും കെസിആര്‍ ശ്രമം നടത്തുന്നുണ്ട്. ആന്ധ്ര വിഭജനത്തിന് വേണ്ടി സമരം നടത്തിയ കെസിആര്‍ അന്ന് വിഭജനം നടത്തിയാല്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് വാഗ്ദാനം നടത്തിയാണ് സമ്മര്‍ദ്ദത്തിലൂന്നി കേന്ദ്രസര്‍ക്കാരിനെ കൊണ്ട് ആന്ധ്ര വിഭജനത്തിന് ഒപ്പുവെപ്പിച്ചത്. പക്ഷേ കാര്യം നടന്നപ്പോള്‍ വാക്കുമാറിയ കെസിആര്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. ആന്ധ്രപ്രദേശ് കൈവെള്ളയിലായിരുന്ന കോണ്‍ഗ്രസിന് വിഭജനത്തോടെ തെലങ്കുനാട്ടില്‍ എല്ലാം നഷ്ടമായി. ഭരിച്ചിരുന്ന സംസ്ഥാനത്ത് വിരലില്‍ എണ്ണവുന്ന എംഎല്‍എമാര്‍ പോലും ഇല്ലാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ ചരിത്രത്തില്‍ ഒറ്റുകാരന്റെ മുഖമാണ് കെസിആറിനുള്ളത്. അതുകൊണ്ട് തന്നെയാണ് തെലങ്കാനയില്‍ കെസിആറിനെ വീഴ്ത്തുകയെന്നത് കോണ്‍ഗ്രസ് തങ്ങളുടെ പരമപ്രധാന മിഷണുകളില്‍ ഒന്നായി കരുതുന്നത്.