ഖുദ്‌സും പലസ്തീനും

മുഹമ്മദ് ശമീം

ഇന്നത്തെ ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും മാരകമായ വംശീയതയാണ് സയനിസം (Zionism). ഈ മാരക, ആക്രമണീയ വംശീയതയാണ് ഇസ്രായേല്‍ രാഷ്ട്രത്തിന്റെ തന്നെ അടിസ്ഥാനം. Atrocity, genocide, ethnocide തുടങ്ങി ആധുനികലോകം പ്രത്യക്ഷത്തിലെങ്കിലും അപലപിക്കുന്ന, വെറുക്കുന്ന എല്ലാ നിഷേധാത്മക ഗുണങ്ങളും അവയുടെ മൂര്‍ദ്ധന്യത്തില്‍ത്തന്നെ ആ രാഷ്ട്രം പ്രകടിപ്പിക്കുന്നു. ലോകത്ത് പലയിടത്തും ഈ ക്രൂരവംശീയതക്കെതിരായ പ്രതിഷേധവും പ്രവര്‍ത്തനങ്ങളും പല രീതിയില്‍ നടക്കുന്നുണ്ട്. അപ്പോഴും ഇസ്രായേല്‍ രാഷ്ട്രത്തിന്റെ മനുഷ്യവിരുദ്ധത നിര്‍ബാധം അരങ്ങേറുകയും ചെയ്യുന്നു.

തീര്‍ച്ചയായും ലോകത്തുള്ള സകല വംശീയതകള്‍ക്കും എതിരായ എല്ലാത്തരം പ്രവര്‍ത്തനങ്ങളോടും ഐക്യദാര്‍ഢ്യപ്പെടുക എന്ന ബാദ്ധ്യതയില്‍ ഉറച്ചു നിന്നുകൊണ്ടു തന്നെ ചില വിചാരങ്ങള്‍ പങ്ക് വെയ്ക്കുകയാണ്.

ഞാനൊരു ചരിത്രകാരനല്ലാത്തതിനാല്‍ ചരിത്രം ചിലപ്പോള്‍ തെറ്റാം, മതപണ്ഡിതനല്ലാത്തതിനാല്‍ പ്രമാണങ്ങളും തെറ്റാം. എന്നാല്‍ ചിന്തിക്കുന്ന ഒരു മനുഷ്യനായതിനാല്‍ നിലപാട് തെറ്റില്ല. പുതിയ തിരിച്ചറിവുകളുടെ വെളിച്ചത്തില്‍ നിലപാട് തിരുത്തേണ്ടി വന്നാലും പൂര്‍വ നിലപാട് തെറ്റാവില്ല. അത് അപ്പോഴത്തെ ശരി തന്നെയായിരിക്കും.

എന്റെ നിലപാടുകള്‍ ചിലപ്പോള്‍ വൈകാരികമായ വീക്ഷണകോണില്‍ മാത്രം പ്രശ്‌നത്തെ കാണുന്നവരെ പ്രകോപിപ്പിച്ചേക്കാം. മതപരമായ പ്രമാണങ്ങളില്‍ മാത്രം ജീവിക്കുന്നവരെ അസ്വസ്ഥപ്പെടുത്തുകയും ചെയ്‌തേക്കാം. സാദ്ധ്യതകളാണ്, പക്ഷേ ഞാനതൊന്നും കാര്യമാക്കുന്നില്ല. എന്റെ നിലപാടുകള്‍ എന്റെ ബാദ്ധ്യതയും അവകാശവുമാണ്, എന്റെ ശീലവുമാണ്.

ചെറുതും വലുതുമായ എല്ലാത്തരം വംശീയബോധങ്ങളോടും എനിക്ക് വെറുപ്പാണ്. ഒഥ്മാനിയ സാമ്രാജ്യവും യുവ തുര്‍ക്കികളും അഴിച്ചു വിട്ട അര്‍മീനിയന്‍ വംശഹത്യ, ബാള്‍ക്കനില്‍ ബോസ്‌നിയാക്കുകള്‍ക്കെതിരെ സെര്‍ബ് ഭീകരന്മാര്‍ നടത്തിയ വംശഹത്യ, കംബോഡിയയില്‍ പോള്‍പോട്ടിന്റെ നേതൃത്വത്തില്‍ ലക്ഷങ്ങളെ തുടച്ചുനീക്കിയ ഖമര്‍റൂഷ് വംശീയത തുടങ്ങി വ്യത്യസ്തമായ അട്രോസിറ്റികളില്‍ ഏതിനെയെങ്കിലും സ്വന്തം വിഭാഗം എന്ന പേരില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരുടെ വംശീയത വിരുദ്ധത തീര്‍ച്ചയായും സംശയാസ്പദം തന്നെയാണ്.
പറയാന്‍ ശ്രമിക്കുന്നത് ചില മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചാണ്.

ഒന്ന്, സയനിസ്റ്റുകളുടെ പലസ്തീന്‍ വംശഹത്യയുമായി ബന്ധപ്പെട്ട വിശകലനങ്ങളിലും ചരിത്രത്തിലുമൊക്കെ വലിയ പ്രാധാന്യമുള്ള ഒന്നാണ് ഖുദ്സ് എന്ന് സമ്മതിക്കുന്നു. ഖുദ്സ് എന്ന ശബ്ദം രണ്ട് അര്‍ത്ഥത്തിലാകാം. അതുകൊണ്ടു തന്നെ ആ പദം ഉത്പാദിപ്പിക്കുന്ന വികാരവും രണ്ട് തരത്തിലാകാം. ഒന്നാമതായി അതൊരു സ്ഥലനാമമാണ്. അല്‍അര്‍ദു ല്‍മുഖദ്ദസ എന്ന് ഖുര്‍ആനില്‍ (അല്‍മാഇദഃ 21) ഒരു പ്രയോഗമുണ്ട്. വിശുദ്ധമായ ഭൂമി എന്നാണ് അതിനര്‍ത്ഥം. പ്രത്യക്ഷത്തില്‍ അത് ഉദ്ദേശിക്കുന്നത് കനാന്‍ (പലസ്തീന്‍) എന്ന വിശാല ഭൂപ്രദേശത്തെയാണ്. ഇത് യൂദജനതയെ അഭിമുഖീകരിച്ച് അവരുടെ പ്രവാചകന്‍ മോശെ പറയുന്നതാണ്. മുഖദ്ദസയും ഖുദ്സും ഒരേ അര്‍ത്ഥമുള്ള പദങ്ങള്‍ തന്നെയാണ്.

അതേസമയം ജെറുസലേം (Jerusalem) നഗരത്തെ ഉദ്ദേശിച്ചും ഖുദ്സ് എന്ന് പറയാറുണ്ട്. യെരുശലൈം എന്നാണ് (യൂശലൈം എന്നും) യൂദന്മാര്‍ ഉള്‍പ്പെടുന്ന എബ്രായ ജനത ഇതിന് പറയുക. ശാന്തിയുടെ നഗരം (city of peace) എന്നാണ് യൂശലൈം എന്ന പദത്തിന്റെ അര്‍ത്ഥം എന്നത് ഇന്നത്തെ അവസ്ഥ വെച്ച് ചിന്തിക്കുമ്പോള്‍ എന്തുമാത്രം ironical ആണ്, അല്ലേ! ഖുദ്സ് എന്ന അറബി പദമാകട്ടെ, വിശുദ്ധിയെ സൂചിപ്പിക്കുന്നതാണ്. Sanctity, holiness, immaculateness എന്നൊക്കെയാണ് ആ പദത്തിന്റെ അര്‍ത്ഥം. (പദങ്ങള്‍ കണ്‍സെപ്റ്റുകളുടെ സൂചകങ്ങളായതു കൊണ്ടാണ് അത് കൂടി പറയുന്നത്).

യൂശലൈമിന് (യെരുശലേം) തനാക്കില്‍ (പഴയ നിയമം, യൂദവേദപുസ്തകം) കൂടുതലും ഉപയോഗിച്ചിട്ടുള്ളത് സീയോന്‍ (Zion) എന്ന പദമാണ്.
ഈ പ്രദേശത്തിന് അബ്രഹാമിക മതങ്ങളെല്ലാം പ്രാധാന്യം കല്‍പിക്കുന്നുണ്ട്. ചരിത്രപരമായും വിശ്വാസപരമായും ഖുദ്സ് എന്ന പ്രദേശം യൂദന്മാര്‍, ക്രൈസ്തവര്‍, മുസ്ലിങ്ങള്‍ എന്നീ മൂന്ന് വിഭാഗത്തിന്റേതുമാണ്. അധികാരവും നിയന്ത്രണവുമൊക്കെ ആരുടെ കൈകളിലാണെങ്കിലും മൂന്ന് വിഭാഗങ്ങളുടെയും അവകാശത്തെ പൊതുവെ ആരും നിഷേധിച്ചിട്ടില്ല. എന്നാല്‍ ഒരു വംശീയ സിദ്ധാന്തം എന്ന നിലക്ക് സയനിസം (യെരുശലേമിന്റെ മറുപേരായ സീയോന്‍ അഥവാ സയന്‍ എന്ന പദത്തില്‍ നിന്നാണ് സയനിസം എന്ന പേര് തന്നെ ഉണ്ടാവുന്നത്) യൂദേതരരായ വിഭാഗങ്ങളുടെ അവകാശങ്ങളെ നിരാകരിക്കാനാണ് ശ്രമിക്കുന്നത്.

ഖുദ്സ് എന്ന വാക്ക് സൃഷ്ടിക്കുന്ന രണ്ടാമത്തെ പ്രതിഛായ അവിടെയുള്ള ആരാധനാലയത്തിന്റേതാണ്. പ്രദേശമായാലും ആരാധനാലയമായാലും മൂന്ന് വിഭാഗങ്ങളുടെയും വിശുദ്ധസ്ഥലം എന്ന പദവിയെ നിരാകരിച്ചു കൊണ്ടുള്ള വികാരപ്രകടനങ്ങള്‍ മറു വംശീയത മാത്രമേ ആകൂ. അതൊരിക്കലും പ്രശ്‌നത്തിന്റെ നൈതികസമീപനമാണ് എന്ന് കരുതാന്‍ പറ്റില്ല. അബ്രഹാമിക സമൂഹങ്ങളുടെ പൊതു വിശുദ്ധസ്ഥലമാണ് ഖുദ്സ്.

പ്രത്യേകിച്ചും യൂദസമൂഹ, മതചരിത്രവുമായി അത്രമേല്‍ ബന്ധപ്പെട്ടു നില്‍ക്കുന്ന സ്ഥലമാണ് യൂശലൈം. അവിടെയുള്ള ശലോമോന്റെ ക്ഷേത്രത്തെ (Solomon”s Temple) അവര്‍ ബൈത് ഹാ മിഖ്ദാശ് എന്ന് വിളിക്കുന്നു. അറബിയില്‍ ഇത് ബൈതു ല്‍മുഖദ്ദിസ് ആണ്. വിശുദ്ധഗേഹം എന്നാണ് അര്‍ത്ഥം. ഇതാണ് യൂദന്മാരുടെ ഫസ്റ്റും ഒറിജിനലുമായ ക്ഷേത്രം. ബാക്കിയുള്ളതെല്ലാം സിനഗോഗുകള്‍ മാത്രമാണ്. സിനഗോഗുകളാകട്ടെ, ഈ ബൈത് ഹാ മിഖ്ദാശിന്റെ അനുബന്ധങ്ങള്‍ മാത്രവുമാണ്.

രണ്ട്, ഖുദ്സ് എന്ന ദേശത്തിനും ആരാധനാലയത്തിനും നല്‍കപ്പെടുന്ന പവിത്രതയും പ്രാധാന്യവും സമ്മതിച്ചാലും നിരപരാധരും നിസ്സഹായരുമായ ഒരു ജനതയെ കൊന്നൊടുക്കുന്നതിനെക്കാള്‍ ഭീകരമല്ല ഖുദ്സുമായി ബന്ധപ്പെട്ട തര്‍ക്കവും പ്രശ്‌നങ്ങളുമൊന്നും. പലസ്തീനിലെ ആക്രമണങ്ങളെയും അതിജീവനശ്രമങ്ങളെയും ഖുദ്സിന്റെ ഉടമസ്ഥാവകാശത്തിന് വേണ്ടിയുള്ള തര്‍ക്കമായി ചിത്രീകരിക്കുന്നത് ചിഹ്നങ്ങള്‍ക്ക് മനുഷ്യനെക്കാള്‍ പവിത്രത നല്‍കുന്നവരെ ആവേശം കൊള്ളിക്കാന്‍ സഹായിക്കും എന്നല്ലാതെ അത് പ്രശ്‌നവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ സമീപനമാണെന്ന് തോന്നുന്നില്ല.

പലസ്തീന്‍ ജനത പോരാടുന്നത് ഖുദ്സിന് വേണ്ടിയല്ല. സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ഈ അവകാശത്തെക്കാള്‍ മുകളിലാണ് ചിഹ്നങ്ങള്‍ എന്ന് കരുതുന്നത് കടുത്ത പാപവും അധര്‍മ്മവുമാണെന്ന് ഞാന്‍ കരുതുന്നു. അതില്‍ ആരൊക്കെ വിയോജിച്ചാലും ഞാനത് കാര്യമായെടുക്കില്ല. ഈ പോരാട്ടത്തില്‍ അവര്‍ ജയിച്ചാലും ഖുദ്സ് ഈ മൂന്ന് മതവിഭാഗങ്ങളുടേതുമായിരിക്കും. അതാണ് ചരിത്രം, അതാണ് യാഥാര്‍ത്ഥ്യം. ഏത് മഹ്ദി വന്നാലും ഖുദ്സ് തങ്ങളുടേത് മാത്രമാണ് എന്ന അവകാശവാദത്തിന് യാതൊരു സാധൂകരണവുമില്ല. ഖുദ്സിന് വേണ്ടിയാണ് പലസ്തീന്‍ ജനത പോരാടുന്നത് എന്ന വിചാരമാകട്ടെ, ചരിത്രപരമായ ഒരവകാശപ്പോരാട്ടത്തെ ചെറുതാക്കലുമാണ്.

ഇന്ന് നിലനില്‍ക്കുന്ന ഏതെങ്കിലും സംഘടന മനുഷ്യര്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ അന്തിമമായ അതോറിറ്റിയൊന്നുമല്ല. അത്തരമൊരു പവിത്രതയൊന്നും ഇന്നത്തെ ലോകത്ത് ഒരു സംഘടനക്കും ഇതെഴുതുന്നയാള്‍ നല്‍കുന്നുമില്ല. എന്നാല്‍ എന്തിനും ഇമാം മഹ്ദി വന്നാലേ പറ്റൂ എന്നത് ബാദ്ധ്യതകളില്‍ നിന്നുള്ള ഒരൊളിച്ചോട്ടമാണ്. ഇമാം മഹ്ദ് വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ. ബാദ്ധ്യതകള്‍ നിറവേറ്റാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

മൂന്ന്, വാഗ്ദത്തഭൂമി എന്ന പ്രയോഗം തനാക്കില്‍ ഉള്ളത് തന്നെയാണ്. എന്നാല്‍ അതിന് സയനിസ്റ്റുകള്‍ കല്‍പിച്ച അര്‍ത്ഥമല്ല, യിസ്രായീലീ പ്രവാചകന്മാര്‍ കല്‍പിച്ചത്. ഖുര്‍ആനാണെങ്കില്‍ വാഗ്ദത്തഭൂമി (promised land) എന്ന പ്രയോഗം തന്നെ അസാധുവാക്കുകയും പകരം വിശുദ്ധഭൂമി (holy land, അല്‍അര്‍ദു ല്‍മുഖദ്ദസ) എന്ന് പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.

ലോകത്തൊരു ഭൂമിയും ഏതെങ്കിലും ജനതയ്ക്ക് വാഗ്ദത്തം ചെയ്യപ്പെട്ടതൊന്നുമല്ല. ഒരു പോരാട്ടത്തിന്റെ സമയത്ത് ഒരു ജനതയോട് പറഞ്ഞ വര്‍ത്തമാനം മാത്രമാണ് ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ വാഗ്ദത്തഭൂമി എന്നത്. അതിനെ വംശീയമായി കാണുമ്പോള്‍ നിരാകരണത്തിന്റെയും തിരസ്‌കാരത്തിന്റെയും തത്വശാസ്ത്രമായി അത് മാറും. എന്നാല്‍ ഉള്‍ക്കൊള്ളലിന്റെയും വിശാലതയുടെയും ആശയങ്ങളെയാണ് അല്‍അര്‍ദു ല്‍മുഖദ്ദസ എന്ന പ്രയോഗം പ്രകാശിപ്പിക്കുന്നത്.
ഈ വിശാലതയാണ് മനുഷ്യര്‍ക്ക് വേണ്ടി നോവുക. അതല്ലാത്തതെല്ലാം മണ്ണിന് വേണ്ടിയും കെട്ടിടങ്ങള്‍ക്ക് വേണ്ടിയും മാത്രം നോവും. അവര്‍ക്ക് മനുഷ്യന്‍ എന്നത് ഒരു പ്രശ്‌നമേ ആവില്ല.

വാല്‍: സ്വന്തം ജനതയെ വഞ്ചിക്കാത്ത ഒരു വംശീയതയുമില്ല. വിഖ്യാത ആന്റി സയനിസ്റ്റ് ചിന്തകനും ട്രോട്‌സ്‌കിയിസ്റ്റുമായ ലെന്നി ബ്രണ്ണറുടെ ഒരു പുസ്തകമുണ്ട്, 51 Documents: Zionist Collaboration with the Nazis എന്ന പേരില്‍. യൂദവംശീയവാദികളായ സയനിസ്റ്റുകളും യൂദന്മാരെ കൂട്ടക്കൊല ചെയ്ത നാസികളും തമ്മിലുള്ള ബന്ധത്തെ തുറന്നു കാട്ടുന്ന രേഖകളാണ് ബ്രെണ്ണര്‍ സമാഹരിച്ചിരിക്കുന്നത്.