അഭിനയ വിസ്മയം മറഞ്ഞിട്ട് ഇന്നേക്ക് പത്താണ്ട്

പെ​രു​ന്ത​ച്ച​നി​ലെ​ ​ത​ച്ച​നും സ്ഫടികത്തിലെ ചാക്കോമാഷും​ ​​തുടങ്ങി അരങ്ങിലും അഭ്രപാളികളിലും അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തികവിന്റെ സുവർണമുദ്ര ചാർത്തിയ അതുല്യ നടൻ തിലകൻ ഓർമയായിട്ട് ഇന്നെക്ക് ഒരു പതിറ്റാണ്ട്. എവിടെയും തലകുനിക്കാത്ത പോരാളി. സ്വന്തം അഭിപ്രായങ്ങളെ ആരുടെ മുൻപിലും തുറന്ന് പറയുന്ന നടൻ. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴെ നാടകത്തട്ടിൽ കയറിയ ആ കുട്ടിയിൽ നിന്ന് ‘ഉസ്‌താദ് ഹോട്ടലി’ലെ കരീംക്ക എന്ന കഥാപാത്രത്തിലേക്കുള്ള ദൂരം മലയാള സിനിമ ചരിത്രം കണ്ട വലിയ നവീകരണ ചരിത്രം കൂടിയാണ്.

കടലിരമ്പം മുഴങ്ങുന്ന ശബ്‌ദത്തിൽ, കൃത്യവും വ്യക്‌തവുമായ ശരീര ഭാഷയിൽ, ഭാവങ്ങളുടെ സ്വർണശുദ്ധിയിൽ ആ നടൻ തന്റെ കഥാപാത്രങ്ങളുടെയൊക്കെയുള്ളിൽ സുരേന്ദ്ര നാഥ തിലകൻ എന്ന കയ്യൊപ്പുചാർത്തി. സിനിമയുണ്ടായ കാലംതൊട്ടു പലരും പലവട്ടം അവതരിപ്പിച്ച ഭാവങ്ങളായ വാൽസല്യവും സ്‌നേഹവും പരിഭവവും ക്രൂരതയും പകയും തോൽവിയും ജയവുമൊക്കെ ആ നടനിലൂടെ തിരശീലയിലെത്തുമ്പോൾ അതുവരെ കാണാത്ത രീതിയിൽ വ്യത്യസ്‌തമാകുന്നതും നാം കണ്ടു.

സ്വന്തം നെഞ്ചിൽ നിശബ്‌ദം മുഴങ്ങുന്ന വീതുളിയുടെ കരച്ചിൽ സിനിമാശാലകളുടെ വിങ്ങലാക്കാൻ കഴിഞ്ഞ ‘പെരുന്തച്ചൻ’, ‘മൂന്നാംപക്കം’ കടലുറപ്പിച്ച വലിയ നഷ്‌ടത്തിന്റെ കൈപിടിച്ച് ആഴങ്ങളിലേക്കു കാലുപതറാതെ ഇറങ്ങിച്ചെല്ലുന്ന മുത്തച്‌ഛൻ, സങ്കടവിധികളുടെ ‘കിരീട’വും ‘ചെങ്കോലു’മണിയേണ്ടി വന്ന മകനുവേണ്ടി അശാന്തം തുടിച്ച അച്‌ഛൻ, ഏതോ കണക്കുപുസ്‌തകത്തിൽ ജീവിതം ‘സ്‌ഫടിക’തുല്യം പ്രകാശിക്കുന്നതും വീണുടയുന്നതും കാണേണ്ടിവന്ന ചാക്കോ മാഷ്…

വിശക്കുന്നവനെ വയറും മനസ്സും നിറയിച്ച കരീംക്കാ തുടങ്ങി എത്രയോ കഥാപാത്രങ്ങൾ.. നാടകത്തിലൂടെ അഭിനയ രം​ഗത്ത് ചുവടുറപ്പിച്ച അതുല്യ പ്രതിഭ 10000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. പിന്നീട് 1973ൽ പി.ജെ​ ​ആ​ന്റ​ണി​യു​ടെ​ ​പെ​രി​യാ​റി​ലൂ​ടെ​ ​സി​നി​മ​ ​ജീ​വി​ത​ത്തി​ന്റെ​ ​തു​ട​ക്കം കുറിച്ചു. ​പി​ന്നീ​ട് ​ഉ​ൾ​ക്ക​ട​ൽ,​ യ​വ​നി​ക​ ​എ​ന്നീ​ ​ രണ്ട് സിനിമകളിലൂടെ ​തി​ല​ക​ൻ​ ​മ​ല​യാ​ള ​സി​നി​മ​യി​ൽ​ ​ത​ന്റെ​ ​ഇ​രി​പ്പി​ടം​ ​സ്വന്തമാക്കി.​ ​വൈവിധ്യമാർന്ന വേഷങ്ങൾ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും ആരാധകരുടെ മനസിൽ പറിച്ചു മാറ്റാനാകാത്ത വിധം ഇടംപിടിച്ചുപറ്റാൻ ആ അതുല്യ പ്രതിഭയ്ക്കായി.

ജോർജ്ജ് കുട്ടി c/o ജോർജ്ജ് കുട്ടിയിൽ അലസഭാവവും ഗൗരവവും ഒരേ കഥാപാത്രത്തിൽ സമ്മേളിക്കുന്നതും തിലകനിലൂടെ പ്രേക്ഷകർ കണ്ടു. ഇട്ടിച്ചനും മീനത്തിലെ താലികെട്ടിലെ ദിലീപിന്റെ അച്ഛനായ ഗോവിന്ദൻ നമ്പീശനും ആജ്ഞാശക്തിയുടെ കരുത്തുറ്റ പ്രതീകങ്ങളാണ്. ഏറ്റവും കൂടുതൽ തിലകൻ ശോഭിച്ച വേഷങ്ങളിലൊന്ന് ജഡ്ജി റോളുകളാണ്. ആദ്യവസാനം നർമ്മത്തിൽ പൊലിഞ്ഞ കിലുക്കത്തിലെ ഏറ്റവും ഗൗരവമുള്ള വേഷം തിലകന്റെ ജസ്റ്റിസ് പിള്ളയാണ്.

കർക്കശക്കാരനായ ജസ്റ്റിസ് പിള്ള രേവതിയോടൊത്തുള്ള രംഗങ്ങൾ എത്രതവണ നമ്മെ ചിരിപ്പിച്ചിരിക്കുന്നു. അതേ സമയം മുരളിയ്ക്ക് മുമ്പിൽ രേവതിയുടെ പിതൃത്വം വിശദീകരിക്കുമ്പോൾ അതുവരെ കണ്ടതിലകനല്ല നമുക്ക് മുന്നിൽവരുന്നത്. മിന്നാരത്തിലെ റിട്ട.ഐ.ജി മാത്യൂസും ഏറെ ചിരിപ്പിച്ച വേഷമാണ്. നരസിംഹത്തിലെ ഏറ്റവും ഹൃദയസ്പർശിയായ രംഗം ലാലും തിലകനും തമ്മിലുള്ളതാണ്. കർമ്മത്തിൽ മകനെന്ന പരിഗണന പോലും മറന്ന് വിധികൽപിക്കുന്ന ജസ്റ്റിസ് മേനോൻ തിലകന് മാത്രം ചെയ്യാൻ കഴിയുന്ന വേഷമാണ്.

വരവേൽപിലെ ലേബർ ഓഫീസർ, സന്ദേശത്തിലെ ജയറാമിന്റെയും ശ്രീനിവാസന്റെയും അച്ഛനായ സ്റ്റേഷൻ മാസ്റ്റർ ഏകാന്തത്തിലെ അച്യുത മേനോൻ ഓർക്കുക വല്ലപ്പോഴും എത്രയെത്ര വേഷവൈവിധ്യങ്ങൾ. കൊച്ചുമകൻ നഷ്ടപ്പെട്ട മൂന്നാംപക്കത്തിലെ തമ്പിയുടെ വേദന പ്രേക്ഷകഹൃദയങ്ങളിലാണ് കണ്ണീർപൊഴിച്ചത്. മരണവിവരം അശോകനിൽ നിന്ന് അറിയുന്ന തിലകന്റെ മുഖത്ത് കടൽത്തിരയായി വികാരങ്ങളുടെ വേലിയേറ്റമാണ് വിടരുന്നത്. തച്ചന്റെ മനസ്സിൽ കുടികൊള്ളുന്ന അസൂയയും തന്നെക്കാൾ വലിയവനെന്ന് മകനെ പുകഴ്ത്തുന്നത് കേട്ട് മകന്റെ കഴുത്തിലേക്ക് കത്തിയെറിയാൻ മടിക്കാത്ത രാമൻ പെരുന്തച്ചൻ എന്ന കഥാപാത്രം തിലകന് മാത്രമായി സൃഷ്ടിച്ചതെന്ന് നിസ്സംശയം പറയാം.

എന്നിട്ടും ആ വേഷത്തിന് ദേശീയ അവാർഡ് കൊടുക്കാൻ മടിച്ചപ്പോൾ വളരെ ചെറുതായി പോയത് തിലകനല്ല മറിച്ച് അഗ്‌നിപഥിലെ അഭിനയത്തിന് അമിതാഭ് ബച്ചന് പുരസ്‌കാരം കൊടുത്ത ജൂറി തന്നെയായിരുന്നു. നായകനായും വില്ലനായും, കോമഡി വേഷങ്ങളുമെല്ലാം അ അതുല്ല്യ പ്രതിഭയുടെ കൈകളിൽ ഭദ്രമായിരുന്നു.അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ മരിച്ചുവീഴണമെന്നായിരുന്നു തിലകന്റെ ആഗ്രഹം .

Read more

അതുപോലെ തന്നെ ഷൊർണൂരിൽ ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് ആശുപത്രിയിലാകുന്നതും മരിക്കുന്നതും. ആ അതുല്യ പ്രതിഭയുടെ ഓർമകൾക്ക് ഇന്ന് ഒരു പതിറ്റാണ്ട്. അഭിനയിക്കുകയാണെന്ന് തോന്നിപ്പിച്ചാൽ അഭിനയം പരാജയപ്പെട്ടു എന്ന് ഓർമ്മപ്പെടുത്തിയ തിലകൻ അനേകം കഥാപാത്രങ്ങളുടെ വിളിക്ക് കാത്തുനിൽക്കാതെ തിരശീല സാക്ഷിയാക്കി മടങ്ങി. അഭിനയിക്കാൻ വിളിച്ചവർക്കും, വിളിക്കാതിരുന്നവർക്കും, വിലക്കിയവർക്കും ശൂന്യത ബാക്കി