പ്രിയങ്ക പ്രധാനമന്ത്രിക്കെതിരെ മല്‍സരിക്കണമെന്ന ആഗ്രഹവുമായി ശിവസേന

രാജ്യം 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ച പ്രതിപക്ഷ പാര്‍ട്ടികളില്‍ കൂട്ടുകക്ഷികളോടുള്ള സ്‌നേഹവും ബഹുമാനവും രാജ്യം മുമ്പ് കണ്ടിട്ടുള്ളതിലും കരുത്തുറ്റതാണ്. നരേന്ദ്ര മോദി സര്‍ക്കാരിനേയും ബിജെപിയേയും പൊതുശത്രുവായി പ്രഖ്യാപിച്ച് ഇന്ത്യ മുന്നണി തങ്ങളാലാകുന്ന എല്ലാ തന്ത്രവും രാഗി മിനുക്കിയെടുക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് കിട്ടിയ ജനപിന്തുണയും സ്വീകരണവും രാഹുലിന്റെ അയോഗ്യതയില്‍ സുപ്രീം കോടതി ഇടപെടലിലൂടെ ഉണ്ടായ മാറ്റവും കോണ്‍ഗ്രസിനെ വീണ്ടും നെടുനായകത്വത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു.

ഇന്ത്യ ഒന്നാകെ പടര്‍ന്നു കിടക്കുന്ന മുത്തശ്ശി പാര്‍ട്ടിക്ക് ഇനിയും ഒന്നല്ല ഒട്ടനവധി അങ്കത്തിന് ബാല്യമുണ്ടെന്ന് പ്രതിപക്ഷ സഖ്യം കരുതുന്നു. അതാണ് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റൗത്ത് പ്രിയങ്ക ഗാന്ധി വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മല്‍സരിച്ചാല്‍ ഉറപ്പായും ജയിക്കുമെന്ന് പറയുന്നതിന് പിന്നില്‍. കോണ്‍ഗ്രസിന്റെ നെഹ്‌റു തറവാട്ടിലെ ഇളമുറക്കാരി രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരായി മല്‍സരിക്കാന്‍ തയ്യാറാകണമെന്ന പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖ പാര്‍ട്ടിയുടെ ആഗ്രഹം കൂടിയാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്.

മഹാരാഷ്ട്രയില്‍ തങ്ങളെ പിളര്‍ത്തി രണ്ടാക്കിയ ബിജെപിയെ ഏത് വിധേനേയും അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ഉദ്ദവ് താക്കറെ വിഭാഗം. പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മോദിക്കെതിരെ വന്നാല്‍ പ്രതിപക്ഷത്തിന് ഒന്നാകെ കിട്ടുന്ന ഉണര്‍വ്വും ഊര്‍ജ്ജവും ഇന്ത്യയൊട്ടാകെ തരംഗമാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് കണക്കു കൂട്ടുന്നു.

വാരണാസിയിലെ ജനങ്ങള്‍ പ്രിയങ്ക ഗാന്ധിയെ ആഗ്രഹിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധി വാരണാസിയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ ജയിക്കുമെന്ന കാര്യം ഉറപ്പാണ്. വാരണാസിയിലെ ജനങ്ങള്‍ പ്രിയങ്കയെ ആഗ്രഹിക്കുന്നുണ്ട്. റായ്ബറേലിയിലും വാരണാസിയിലും അമേഠിയിലും ബിജെപിക്ക് കടുത്ത മല്‍സരം നേരിടേണ്ടി വരും.

സഞ്ജയ് റൗത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. സഖ്യത്തിലെ ഒരു പാര്‍ട്ടിയുടെ നിര്‍ണായക സീറ്റുകളെ കുറിച്ച് വലിയ ആവേശത്തോടെയാണ് മറ്റൊരു പാര്‍ട്ടിയുടെ നേതാവ് സംസാരിക്കുന്നത്. ഈ ആവേശവും പിന്തുണയും തന്നെയാണ് ‘ഇന്ത്യ’ മുന്നണി രൂപപ്പെട്ട നാള്‍ മുതല്‍ ബിജെപിയെ അലട്ടുന്നത്. സാധാരണ ഒന്നിച്ചെന്ന് പറഞ്ഞാലും തമ്മില്‍ തല്ലുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ഭിന്നിച്ച വോട്ടില്‍ ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറുന്ന ബിജെപി ഭയക്കുന്നുണ്ട് ഇന്ത്യ മുന്നണിയുടെ ഒരുമിച്ചുള്ള നീക്കങ്ങളെ.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മോയിത്ര അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയില്‍ ബിജെപി നേതാക്കളോട് പറഞ്ഞതുപോലെ, നിങ്ങള്‍ വോട്ട് ഷെയറിന്റെ കണക്ക് നോക്കുകയാണെങ്കില്‍ രാജ്യത്തെ 37 ശതമാനം പേര്‍ മാത്രമാണ് നിങ്ങള്‍ക്കൊപ്പമുള്ളത്, ബാക്കി 63 ശതമാനം ഞങ്ങള്‍ക്കൊപ്പമാണ്. അത് മറക്കേണ്ടയെന്ന്.

അത് മറക്കാത്തത് കൊണ്ട് തന്നെയാണ് ഇന്ത്യ മുന്നണിയുടെ ഓരോ നീക്കത്തേയും നരേന്ദ്ര മോദിയും കൂട്ടരും പരിഹസിക്കാനും താഴ്ത്തിക്കെട്ടാനും നോക്കുന്നതിന് പിന്നില്‍. മുംബൈയിലാണ് ഇന്ത്യ മുന്നണിയുടെ മൂന്നാം മീറ്റിംഗ് ചേരുന്നത്. ഓഗസ്റ്റ് 31ന് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് മുംബൈയില്‍ യോഗം ചേരുമെന്ന് മുംബൈയിലെ നെഹ്‌റു സെന്റില്‍ യോഗം ചേര്‍ന്ന മഹാവികാസ് അഘാടി സഖ്യം അറിയിച്ചിരുന്നു. യോഗത്തില്‍ ശിവസേന യുബിടി തലവന്‍ ഉദ്ദവ് താക്കറെയും എന്‍സിപി തലവന്‍ ശരദ് പവാറും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തലവന്‍ നാന പടോളേയും അടക്കം സംസ്ഥാന നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. മൂന്ന് പാര്‍ട്ടികളും സംയുക്തമായാണ് അതായത് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സഖ്യമാണ് ഇന്ത്യ മുന്നണിയുടെ മൂന്നാം യോഗത്തിന് ആതിഥേയത്വം അരുളുന്നത്.

ഇതിന് പിന്നാലെ ശരദ് പവാറും എന്‍സിപി പാര്‍ട്ടി പിളര്‍ത്തി പോയ അനന്തരവന്‍ അജിത് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രിയങ്ക വാരണാസിയില്‍ മല്‍സരിക്കണമെന്ന ആഗ്രഹം ഉന്നയിച്ച ശിവസേന നേതാവ് സഞ്ജയ് റൗത്ത് പവാര്‍ കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞതിങ്ങനെ. നരേന്ദ്ര മോദിക്കും പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനും കൂടിക്കാഴ്ചയാവാമെങ്കില്‍ പിന്നെ പവാര്‍മാര്‍ക്ക് തമ്മില്‍ കണ്ടൂടെയെന്നാണ്. ഇതിനെ കുറിച്ച് ശരദ് പവാര്‍ തന്നെ സംസാരിക്കുമെന്ന് പറഞ്ഞ സഞ്ജയ് റൗത്ത് ഇന്ത്യ ബ്ലോക്കിന്റെ മീറ്റിംഗിലേക്ക് സീനിയര്‍ പവാര്‍ ചിലപ്പോള്‍ അജിത് പവാറിനെ ക്ഷണിച്ചു കാണുമെന്നും പറഞ്ഞു.

ശിവസേന പിളര്‍ത്തി ബിജെപിക്കൊപ്പം പോയി മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെയുടെ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കു മാത്രമല്ല ഉപമുഖ്യമന്ത്രിമാരായ അജിത് പവാറിനും ദേവേന്ദ്ര ഫഡ്‌നാവിസിനും പരാതിയുണ്ടെന്നും റൗത്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ കലങ്ങുന്ന രാഷ്ട്രീയത്തില്‍ ഇനിയും മാറ്റമുണ്ടാകുമെന്ന് സൂചിപ്പിക്കുകയായിരുന്നു സഞ്ജയ് റൗത്ത്.

വാരണാസിയില്‍ പ്രിയങ്ക ഗാന്ധി വരുന്നത് പ്രതിപക്ഷ സഖ്യത്തിന് ഉണര്‍വ്വേകുമെന്ന് ശിവസേന നേതാവ് ആവര്‍ത്തിക്കുന്നത് സഖ്യത്തിലെ മറ്റ് കക്ഷികളുടേയും താല്‍പര്യം കണക്കിലെടുത്തു കൂടിയാണ്. പൊതുവെ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പെയ്‌നറും പാര്‍ട്ടിയുടെ പല മേഖലകളിലും തെരഞ്ഞെടുപ്പ് ചുമതലക്കാരിയുമായ പ്രിയങ്ക ഗാന്ധി പക്ഷേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് സമയത്തും പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മല്‍സരിക്കണമെന്ന ആവശ്യം ശക്തമായി പാര്‍ട്ടിക്കുള്ളില്‍ അടക്കം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ അജയ് റായിയാണ് ഒടുവില്‍ മല്‍സരിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ ശാലിനി യാദവ് രണ്ട് ലക്ഷത്തിനടുത്ത് വോട്ടും കോണ്‍ഗ്രസിന്റെ അജയ് റായ് ഒന്നര ലക്ഷത്തിലധികം വോട്ടും പിടിച്ചിരുന്നു. നാലേ മുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് വാപണാസിയില്‍ മോദി കഴിഞ്ഞ കുറി ജയിച്ചു കയറിയത്.

2014ല്‍ മോദിക്കെതിരായി അരവിന്ദ് കെജ്രിവാള്‍ മല്‍സരിച്ചെങ്കിലും രണ്ടാം സ്ഥാനക്കാരനാവുകയായിരുന്നു. ഇക്കുറി മോദിക്കെതിരെ മല്‍സരിക്കാന്‍ കെജ്രിവാളിനെ ഡല്‍ഹി ബില്ലിലെ പോരിനിടയില്‍ ബിജെപി നേതാക്കള്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. 1991 മുതല്‍ ബിജെപിക്ക് ഒപ്പം നില്‍ക്കുന്ന മണ്ഡലം 2004ല്‍ കോണ്‍ഗ്രസ് പിടിച്ചിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ രാജേഷ് കുമാര്‍ മിശ്രയാണ് ബിജെപിയില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തത്.

മായാവതിയുടെ ബിഎസ്പിക്കും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്കുമെല്ലാം ഉത്തര്‍പ്രദേശിലെ ഈ മണ്ഡലത്തല്‍ തങ്ങളുടേതായ വോട്ട് ഷെയര്‍ ഉണ്ട്. അരവിന്ദ് കെജ്രിവാളും വോട്ടു പിടിച്ചതിനാല്‍ നല്ലൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പ്രതിപക്ഷത്തിന് വോട്ട് പിടിക്കാനാകുമെന്ന വിശ്വാസമുണ്ട്. പ്രിയങ്ക ഗാന്ധി തന്റെ കന്നിയങ്കത്തിന് വാരണാസിയില്‍ ഇറങ്ങിയാല്‍ ബിജെപിയ്ക്ക് അതൊരു ആഘാതമാകുമെന്നാണ് ശിവസേന അടക്കം കരുതുന്നത്. വാരണാസിയില്‍ മോദിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷ മുന്നണി ഇറക്കിയാല്‍ രാജ്യമൊട്ടാകെ ആ ആവേശമുണ്ടാകുമെന്ന് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു.

പ്രിയങ്കയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറക്കാതെ രാജ്യസഭ എംപിയാക്കി പാര്‍ലമെന്റില്‍ എത്തിക്കാനാണ് സോണിയ ഗാന്ധിക്ക് താല്‍പര്യമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇലക്ടോറല്‍ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധി വരാന്‍ തയ്യാറാകുമോ എന്നത് മാത്രമാണ് ഇന്ത്യ മുന്നണിയിലെ പല പാര്‍ട്ടി നേതാക്കളും മൗനമായെങ്കിലും ചോദിക്കുന്ന ചോദ്യം. സഞ്ജയ് റൗത്ത് ആ ആഗ്രഹം ഉച്ചത്തില്‍ പറഞ്ഞുവെന്ന് മാത്രം. വാരണാസിയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ആവേശമേറ്റെടുത്ത് ആരാവും പ്രധാനമന്ത്രി മോദിയെ നേരിടാന്‍ ഇറങ്ങുക?.