2010ലെ ആണവ സിവില്‍ ബാധ്യതാ നിയമത്തെച്ചൊല്ലിയുള്ള പാര്‍ലമെന്റ് സംവാദം ശ്രദ്ധിച്ചിരുന്നവര്‍ക്കെങ്കിലും ഒരുപക്ഷേ ഓര്‍മ്മയുണ്ടാകാന്‍ സാധ്യതയുള്ള ഒരു കാര്യം ആണവോപകരണങ്ങള്‍ സപ്‌ളൈ ചെയ്യുന്ന കമ്പനികളെ ആണവാപകടങ്ങള്‍ക്ക് ഉത്തരവാദികളാക്കുന്ന നിബന്ധനകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതില്‍ ബിജെപി അംഗങ്ങളും ഉണ്ടായിരുന്നുവെന്നതാണ്.
ഇന്ത്യയിലെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ആണവ വിരുദ്ധ പ്രസ്ഥാനങ്ങളും ഇത്തരമൊരു ആവശ്യം ഉന്നയിച്ച് അക്കാലത്ത് ഒരു കരട് ബില്‍ തയ്യാറാക്കിയതില്‍ ഇക്കാര്യം വ്യക്തമായിത്തന്നെ ആവശ്യപ്പെടുകയുണ്ടായിരുന്നു. ന്യൂക്ലിയര്‍ സപ്ലയേര്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ക്ക് രസിക്കുന്നതായിരുന്നില്ല ഈ നിബന്ധനകള്‍.
മോദി അധികാരത്തില്‍ ഇരിപ്പുറപ്പിച്ചതോടെ അമേരിക്കന്‍ ആണവക്കച്ചവടക്കാരുടെ വേദനകള്‍ തിരിച്ചറിയാന്‍ തുടങ്ങി. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ 1963ലെ ആണവോര്‍ജ്ജ നിയമവും, 2010ലെ ആണവ സിവില്‍ ബാധ്യതാ നിയമവും ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.
കച്ചവടക്കാരനായ ട്രംപിന് കൗശലക്കാരനായ മോദി നല്‍കുന്ന സമ്മാനമാണ് പുതിയ ഭേദഗതി നീക്കം. ചങ്ങാത്ത മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ സംഘപരിവാര്‍ രാഷ്ട്രീയക്കാരില്‍ നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
എന്നാല്‍ 2005ലെ ഇന്തോ-യുഎസ് ആണവക്കരാറിന്റെ പേരില്‍ മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ച സിപിഎം-ന്റെ നിലപാടെന്താണ്?
ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്തുകൊണ്ട് ജനറല്‍ ഇലക്ട്രിക്കിനെയും അരേവയെയും തോഷിബയെയും പോലുള്ള സ്വകാര്യ കമ്പനികള്‍ കേരളത്തിലേക്ക് കൂടും കുടുക്കയുമായി പോന്നോട്ടെയെന്നോ?
വാ തുറക്കൂ കോമ്രേഡ് കാരാട്ട്………….