നിര്‍മ്മല സീതാരാമന്‍ തുടങ്ങിയ ആസ്തി തിരിച്ചെടുപ്പിക്കല്‍ ക്യാമ്പെയ്ന്‍; അവകാശികളില്ലാത്ത 1.84 ലക്ഷം കോടി, രേഖകളുമായി ഒന്ന് വരൂ എന്ന് ധനമന്ത്രി

അവകാശികളില്ലാതെ സര്‍ക്കാരിന്റേയും ബാങ്കുകളുടേയും പക്കല്‍ കുമിഞ്ഞു കൂടുന്ന കോടിക്കണക്കിന് രൂപയും ആസ്തിയും. അവകാശികളെ കണ്ടെത്തി എങ്ങനേയും തിരിച്ചുനല്‍കാന്‍ ഓടി നടക്കുന്ന ധനകാര്യവിഭാഗം. 1.84 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് രാജ്യത്തെ ബാങ്കുകളിലും റെഗുലേറ്റര്‍മാരുടെ പക്കലുമായി അവകാശികളില്ലാതെ കെട്ടികിടക്കുന്നത്. ഇത് ഉത്തരവാദിത്തപ്പെട്ട അവകാശികളിലേക്ക് തിരിച്ചെത്തിക്കാന്‍ രാജ്യത്തിന്റെ ധനകാര്യമന്ത്രി ഒരു ക്യാമ്പെയ്ന്‍ തുടങ്ങിയിരിക്കുകയാണ്. ആപ്തി പൂംജി- ആപ്കാ അധികാര്‍ അഥാവാ നിങ്ങളുടെ സമ്പത്ത് നിങ്ങളുടെ അവകാശം ക്യാമ്പെയ്‌നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടങ്ങിയിരിക്കുന്നത്.

ബാങ്ക് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ് ഫണ്ട്, ഓഹരികള്‍ എന്നിങ്ങനെ പലവിധ രൂപത്തിലാണ് 1.84 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നിക്ഷേപങ്ങള്‍ ബാങ്കുകളിലും റെഗുലേറ്റര്‍മാരുടെ പക്കലുമായി അവകാശികളില്ലാതെ കിടക്കുന്നത്. ഇതില്‍ നടപടിയുണ്ടാക്കാനാണ് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പെയ്‌ന് തുടക്കമിട്ടിരിക്കുന്നത്. സാമ്പത്തിക ആസ്തികള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കെട്ടികിടക്കുന്ന ആസ്തികള്‍ക്ക് മേല്‍ യഥാര്‍ത്ഥ അവകാശികള്‍ രംഗത്ത് വരണമെന്നും തട്ടിപ്പ് അവസരങ്ങളിലേക്ക് ഇത് വഴിവെക്കരുതെന്നും ധനമന്ത്രി പറയുന്നത്.

രാജ്യത്തെ സാധാരണക്കാര്‍ നീക്കിവെച്ച് സേവിംഗിസിനായി കരുതിയ ഓരോ രൂപയും അവര്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ തിരികെ നല്‍കണം എന്നതാണ് ഈ ക്യാമ്പെയ്ന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഗുജറാത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അവകാശികളെത്താത്ത നിക്ഷേപങ്ങള്‍, ലാഭവിഹിതങ്ങള്‍, ഇന്‍ഷുറന്‍സ് വരുമാനം, മ്യൂച്വല്‍ ഫണ്ട് ബാലന്‍സുകള്‍, പെന്‍ഷനുകള്‍ എന്നിവയെല്ലാം സാധാരണ പൗരന്മാര്‍ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ചതാണെന്നും ആ സമ്പാദ്യം സൂക്ഷിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും വ്യക്തമാക്കിയ മന്ത്രി അത് അര്‍ഹരുടെ കയ്യിലെത്തുക എന്ന വെല്ലുവിളിയാണ് സംവിധാനം ഏറ്റെടുത്തിരിക്കുന്നതെന്നും പറഞ്ഞു.

അവകാശികളില്ലാത്ത പണം ബാങ്കുകളിലോ ആര്‍ബിഐയിലോ നിക്ഷേപക ഫണ്ടുകളിലോ ഉണ്ട്. ആ ഫണ്ടുകളുടെ യഥാര്‍ത്ഥ ഉടമകളെയും അവകാശികളെയും കണ്ടെത്തി പണം അവര്‍ക്ക് കൈമാറുകയാണ് ധനമന്ത്രാലയം ലക്ഷ്യംവെയ്ക്കുന്നത്. സാമ്പത്തിക സേവന വകുപ്പിന്റെ കണക്ക് പ്രകാരം 1,84,000 കോടി രൂപയുടെ ആസ്തിയാണ് നിലവിലുള്ളതെന്നും അത് തികച്ചും സുരക്ഷിതമാണെന്ന് തനിക്ക് ഉറപ്പുനല്‍കാന്‍ കഴിയുമെന്നും നിര്‍മ്മല സീതാരാമന്‍ ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പറയുന്നു.

ആസ്തികളുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് ശരിയായ രേഖകളുമായി എപ്പോള്‍ വേണമെങ്കില്‍ വന്നും അത് പിന്‍വലിക്കാനുള്ള അവകാശമുണ്ട്. പണം നിങ്ങള്‍ക്ക് ലഭിക്കുമെന്ന് സര്‍ക്കാരിന്റെ ഈ ക്യാമ്പെയ്‌നെ കുറിച്ച് രാജ്യവ്യാപകമായി അറിയിക്കാനും കേന്ദ്രധനമന്ത്രി ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഈ ധനത്തിന്റെ സൂക്ഷിപ്പുകാരാണെന്നും പണം ബാങ്ക് വഴിയോ സെബി വഴിയോ മറ്റേതെങ്കിലും ഏജന്‍സി വഴിയേ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും ധനമന്ത്രി ഉറപ്പുനല്‍കുന്നുണ്ട്. പൗരന്മാര്‍ക്ക് അവരുടെ ന്യായമായ സമ്പാദ്യം വീണ്ടെടുക്കുന്നതിനുള്ള സുതാര്യവും സമയബന്ധിതവുമായ പ്രക്രിയയാണ് ധനമന്ത്രാലയം ലക്ഷ്യം വെയ്ക്കുന്നത്. അവബോധം, സമീപിക്കാനുള്ള അവസരം, നടപടി എന്നിവയാണ് കാമ്പെയ്നിന്റെ മൂന്ന് മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളെന്നും നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു. പൗരന്മാര്‍ക്ക് അറിവ്, ശാക്തീകരണം, പിന്തുണ എന്നിവ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ക്യാമ്പെയ്ന്‍.

ഏതെങ്കിലും കാരണത്താല്‍ ഒരു ആസ്തി ദീര്‍ഘകാലം അവകാശികളില്ലാതെ കിടന്നാല്‍ അത് ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റപ്പെടും. നിക്ഷേപങ്ങളുടെ കാര്യത്തില്‍ അത് ബാങ്കുകളില്‍ നിന്ന് ആര്‍ബിഐയിലേക്കും, ഓഹരികളോ സമാനമായ ആസ്തികളോ ആണെങ്കില്‍ സെബിയില്‍ നിന്ന് ‘മറ്റൊരു കേന്ദ്രത്തിലേക്കോ ഐഇപിഎഫിലേക്കോ’ പോകും. അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള പോര്‍ട്ടലും ധനവകുപ്പ് തുടങ്ങിയിട്ടുണ്ട്. ‘ആര്‍ബിഐ ഉദ്ഗം എന്ന പോര്‍ട്ടല്‍ ജനങ്ങളെ സമ്പത്ത് വീണ്ടെടുക്കാന്‍ സഹായിക്കും.

Read more

മൂന്ന് മാസത്തെ കാമ്പെയ്ന്‍ ഒക്ടോബര്‍- ഡിസംബര്‍ വരെയാണ് ഉണ്ടാവുക. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അവകാശികളില്ലാതെ കിടക്കുന്ന ആസ്തികള്‍ തിരിച്ചു നല്‍കാനുള്ള ക്യാമ്പെയ്ന്‍ നടക്കും. ഡിജിറ്റല്‍ പ്രദര്‍ശനങ്ങള്‍, ഹെല്‍പ്പ്ഡെസ്‌ക്കുകള്‍, പൗരന്മാരെ അവരുടെ അവകാശപ്പെടാത്ത സാമ്പത്തിക ആസ്തികള്‍ കണ്ടെത്തുന്നതിനും അവകാശപ്പെടുന്നതിനും സഹായിക്കുന്നതിനുള്ള ജില്ലാതല ഔട്ട്റീച്ച് പ്രോഗ്രാമുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏതെങ്കിലും കാരണവശാല്‍ കൈവിട്ടുപോയെന്ന് കരുതുന്ന എന്തെങ്കിലും നിക്ഷേപങ്ങളോ ഇന്‍ഷുറന്‍സുകളോ ഉണ്ടെങ്കില്‍ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. ഒപ്പം ഒറ്റവരുടെ മരണത്തെ തുടര്‍ന്ന് അവരുടെ നിക്ഷേപങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലായ്മയും സംശയവും ഉണ്ടെങ്കിലും ഈ ഹെല്‍പ് ഡെസ്‌കുകള്‍ പ്രയോജനപ്പെടുത്തി അര്‍ഹരായ അവകാശികള്‍ക്ക് തങ്ങളുടെ സമ്പത്ത് നേടാനുള്ള അവസരമാണിത്.