ഇടി പേടിച്ച അടിയൊഴുക്കില്‍ സമദാനി വീഴുമോ? സമസ്ത വലിച്ചാല്‍ കോണി വീഴും; പഴയ ലീഗുകാരനെ ഇറക്കി പട ജയിക്കാനുള്ള സിപിഎം തന്ത്രം പൊന്നാനിയില്‍ ഫലംകാണുന്നു

മുസ്ലിം ലീഗും സമസ്തയും ഒന്നിച്ചുണ്ടായ കാലങ്ങളിലെല്ലാം പലരും പറഞ്ഞു പഴകിയ ലീഗിന്റെ പൊന്നാപുരം കോട്ട തന്നെയായിരുന്നു പൊന്നാനി. മലയാളികളല്ലാത്ത ലീഗ് നേതാക്കള്‍ വന്നു മല്‍സരിച്ചു ജയിച്ച ഇടം. ആദ്യം ഇടത്തേക്ക് ചാഞ്ഞു നിന്ന മണ്ണില്‍ 1977ല്‍ പച്ചക്കൊടി പാറിച്ച മുസ്ലീം ലീഗ് പിന്നീട് പൊന്നാനി വിട്ടുകൊടുത്തിട്ടില്ല. ഇമ്പിച്ചി ബാവയും എകെ കൃഷ്ണനും സി കെ ചക്രപാണിയുമെല്ലാം ഇടത്തേക്ക് തിരിച്ച കോട്ട ബനാത്്‌വാലയിലൂടെ പിടിച്ചെടുത്ത മുസ്ലീം ലീഗ് പിന്നീട് പൊന്നാനിയില്‍ ചെങ്കൊടി പാറിച്ചിട്ടില്ല. ഇന്നും യുഡിഎഫിന്റെ ഉറച്ച കോട്ടയായി ഇടത് തരംഗത്തില്‍ പോലും വീഴാത്ത മണ്ഡലമായി പൊന്നാനിയെ വാഴ്ത്തി വലതു പക്ഷം ആരവം ഉയര്‍ത്തുന്നത് പൊന്നാനിയില്‍ ലീഗിനപ്പുറം ഒരു വാക്കില്ലെന്ന പഴംഞ്ചൊല്ലിലാണ്.

മലയാളികളല്ലാതിരുന്ന ജിഎം ബനാത്ത്വാലയെ ഏഴ് തവണയും ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ ഒരു തവണയും പൊന്നാനി ജയിപ്പിച്ചിട്ടുണ്ട്. മണ്ഡല ചരിത്രത്തില്‍ മദ്രാസ് സ്റ്റേറ്റായിരുന്ന കാലത്ത് കോണ്‍ഗ്രസിനായി വെള്ള ഈച്ചരനും കിസാന്‍ മല്ദൂര്‍ പ്രജാപാര്‍ട്ടിയ്ക്കായി കെ കേളപ്പനും മണ്ഡലം പിടിച്ചിട്ടുണ്ട്. കേരള രൂപീകരണത്തിന് ശേഷം 62ല്‍ സിപിഐയുടം ഇമ്പിച്ചി ബാവയും 67ലും 71ലും സിപിഎമ്മിന്റെ സികെ ചക്രപാണിയും എംകെ കൃഷ്ണനും പൊന്നാനി കോട്ട പിടിച്ചു. പിന്നീടങ്ങോട്ട് 2004 വരെ മുസ്ലീം ലീഗിന്റെ ജിഎം ബനാത്ത്വാലയും ഇബ്രാഹിം സുലൈമാന്‍ സേട്ടിനെയും പൊന്നാനി പാര്‍ലമെന്റിലേക്കയച്ചു. 2004ല്‍ ഇ അഹമ്മദും പിന്നീട് 2009, 14, 19 കാലങ്ങളില്‍ ഇടി മുഹമ്മദ് ബഷീറും ലീഗിനായി കോട്ട ഉറപ്പിച്ചു നിര്‍ത്തി. 77 മുതല്‍ കൈമോശം വരാത്ത ഈ മൂസ്ലീം ലീഗിന്റെ ഈ സീറ്റില്‍ സ്ഥാനാര്‍ത്ഥി മാറ്റമെന്നത് ലീഗിന്റെ ഭയാശങ്കകളെ എടുത്തു കാണിക്കുന്നുണ്ട്.

ഇടഞ്ഞു നില്‍ക്കുന്ന സമസ്തയും ഉരസിലിന്റെ ക്ഷീണം മാറാത്ത മുസ്ലീം ലീഗും പൊന്നാനിയില്‍ ഒരു അടിയൊഴുക്ക് ഉണ്ടാക്കിയിട്ടുണ്ട്. ആ അടിയൊഴുക്കില്‍ കൃത്യമായ തന്ത്രം മെനഞ്ഞാണ് സിപിഎം പണ്ട് കൈവിട്ടു പോയ മണ്ഡലം പിടിക്കാന്‍ കോപ്പു കൂട്ടിയിരിക്കുന്നത്. സമസ്തയുടെ കെട്ടുറപ്പില്ലെങ്കില്‍ മുസ്ലീം ലീഗിന് കൂട്ടിയാല്‍ കൂടില്ല പൊന്നാനിയെന്ന ഭയാശങ്ക ഉള്ളിലുള്ളത് കൊണ്ടാണ് 2009 മുതല്‍ മൂന്ന് തവണ മണ്ഡലം പിടിച്ച ഇടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തേക്ക് വണ്ടി കയറി പൊന്നാനി ഉപേക്ഷിച്ചത്. സമസ്തയ്ക്ക് അനഭിമതനല്ലാത്ത അബ്ദുസമദ് സമദാനിയെ മലപ്പുറത്ത് നിന്ന് പൊന്നാനിയിലേക്ക് ലീഗ് കൊണ്ടുവന്നത് തന്നെ സമസ്തയിലെ ഒരു വിഭാഗത്തിന് മുസ്ലീം ലീഗിനോടുള്ള ഇടയല്‍ അംഗീകരിച്ചു തന്നെയാണ്. സമദാനിയോടുള്ള സമസ്ത നേതാക്കളുടെ വ്യക്തി ബന്ധം ഇടി ഭയന്ന അടിയൊഴുക്കിനെ തടയുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.

ഇടത് സ്ഥാനാര്‍ത്ഥിയിലേക്ക് വന്നാല്‍ പൊന്നാനിയെന്ന മാമാങ്കത്തിന്റെ മണ്ണ് ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലത്തില്‍ പടതന്ത്രം കൃത്യമായറിഞ്ഞാണ് സിപിഎം കരുക്കള്‍ നീക്കിയിരിക്കുന്നത്. മലപ്പുറം മണ്ണ് ചുവക്കുന്നുവെന്ന് പറഞ്ഞ 2004ലെ തിരഞ്ഞെടുപ്പിന് ശേഷം പൊതു സ്വതന്ത്രനെ ഇറക്കി നിയമസഭാ തിരഞ്ഞെടുപ്പിലടക്കം മണ്ഡലത്തെ തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷം കോപ്പു കൂട്ടിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും പിണങ്ങിയിറങ്ങിയവരെ സ്ഥാനാര്‍ത്ഥിയാക്കി മണ്ണറയിന്നവനെ തന്നെ ഇറക്കി മലപ്പുറം പിടിക്കാനുള്ള നീക്കമാണ് ഇടതുപക്ഷം കഴിഞ്ഞ കുറച്ചു നാളുകളില്‍ പരീക്ഷിക്കുന്നത്. കോണ്‍ഗ്രസ് വിട്ട വി അബ്ദുറഹ്‌മാനെ 2014ല്‍ ഇറക്കി 40 ശതമാനത്തോളം വോട്ട് പിടിച്ച് മുസ്ലീം ലീഗിനെ കുലുക്കിയതിന്റെ ബാക്കി പത്രമാണ് 2024ല്‍ ഇടതുപക്ഷം പയറ്റുന്നത്. 2019ല്‍ രാഹുല്‍ ഗാന്ധി വയനാടെത്തിയതിന്റെ ആരവവും ആവേശവും ഇടതുപക്ഷത്തിന് ഇടം നല്‍കിയില്ലെങ്കില്‍ ഇക്കുറി സവിശേഷ സാഹചര്യം ഇല്ലാത്തത് മണ്ഡലം പിടിക്കാന്‍ കൃത്യമായ അവസരം നല്‍കുമെന്ന് സിപിഎം കരുതുന്നു. മുസ്ലീം ലീഗിനോട് പിണങ്ങി മാറിയ കെ എസ് ഹംസ ഇടത് സ്ഥാനാര്‍ത്ഥിയായതിന് പിന്നിലെ അടവുനയം പലതും കണ്ടിട്ടു തന്നെയാണ്.

പൊതുസ്വതന്ത്രന്‍ എന്ന അടവ് മാറ്റി സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയാണ് മുന്‍ ലീഗുകാരന് മലപ്പുറത്ത് പാര്‍ട്ടി ഇറക്കിയിരിക്കുന്നത്. മുസ്ലീം ലീഗിനുള്ളിലും യുഡിഎഫിലും നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളിലും കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിനെ എതിര്‍ക്കാത്ത ലീഗിന്റെ രീതിയിലും അസംതൃപ്തരായ ലീഗിനുള്ളിലെ വോട്ടുകള്‍ ഹംസയ്ക്ക് വീഴുമെന്ന് സിപിഎമ്മിനറിയാം. പോരാത്തതിന് മുസ്ലീം ലീഗും സമസ്ത എന്ന കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ സമുദായ സംഘടനയെന്ന് അറിയപ്പെടുന്ന സംഘടനയും തമ്മിലുള്ള ഉലച്ചിലും മുതലെടുക്കാന്‍ തന്നെയാണ് ഹംസയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. സമസ്തയും ഇടത് മുഖ്യമന്ത്രിയായ പിണറായി വിജയനും തമ്മിലുള്ള അടുപ്പവും മലപ്പുറത്തും പൊന്നാനിയിലും വോട്ടാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.

മുസ്ലിം ലീഗിനുള്ളിലും സമസ്തയ്ക്കുള്ളിലും സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള നേതാവാണ് ഹംസ. ലീഗിലെ വോട്ടും സമസ്തയ്‌ക്കൊപ്പമുള്ള വോട്ടും പിടിക്കാന്‍ കെ എസ് ഹംസയ്ക്ക് കഴിയും. സമസ്തയുടെ നോമിനി സ്ഥാനാര്‍ത്ഥിയായാണ് സിപിഎം ചിഹ്നത്തില്‍ ഹംസ മല്‍സരിക്കുന്നതെന്ന അടക്കം പറിച്ചില്‍ പിണറായി വിജയനും സമസ്ത നേതൃത്വം തമ്മിലുള്ള ഇഴയടുപ്പത്തിന്റെ ബാക്കി പത്രമാണ്. മുസ്ലീം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഹംസയ്ക്ക് ഹൈദരലി ശിഹാബ് തങ്ങളുമായുണ്ടായിരുന്ന അടുപ്പവും അദ്ദേഹത്തിന്റെ പേരില്‍ ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയതുമെല്ലാം ലീഗുകാര്‍ക്കറിയാം. അന്ന് ലീഗിലെ അസംതൃപ്തരുടെ കൂട്ടമായിരുന്നു ആ ഫൗണ്ടേഷനെങ്കിലും ഹംസയ്ക്കപ്പുറം രാഷ്ട്രീയം ലീഗിന് അനുകൂലമായി കാലം മാറ്റി. പക്ഷേ ഇന്നും ലീഗില്‍ നിന്ന് നടപടി നേരിട്ട് ഒരു വിഭാഗവുമായി അല്ലെങ്കില്‍ ലീഗിലെ അസംതൃപ്ത ചേരിയുമായി ബന്ധമുള്ള ഹംസയ്ക്ക് ലീഗി വോട്ടില്‍ വിള്ളല്‍ വീഴ്ത്താന്‍ പറ്റും. ഒപ്പം സമസ്തയുടെ ഒരു വിഭാഗത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയും പൊന്നാനി ചുമക്കാന്‍ സാധ്യത സൃഷ്ടിക്കുന്നുണ്ട്.

ഇ ടി മുഹമ്മദ് ബഷീറിന്റെ മുജാഹിദ് അനുഭാവത്തില്‍ നേരത്തെ തന്നെ ഉടയ്ക്കിയ സമസ്ത ഇടിയ്ക്ക് ഇക്കുറി ഭയപ്പാട് ഉണ്ടാക്കിയിട്ടുണ്ട്. അതാണ് സമസ്തയിലെ മുസ്ലിം ലീഗ് വോട്ടുകളെ സ്വാധീനിക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ത്ഥി എത്തിയതോടെ പൊന്നാനി വിട്ട് മലപ്പുറത്തേയ്ക്ക് ഇടി മാറിയത്. ഇടതുപക്ഷത്തേക്ക് വോട്ടുചേര്‍ത്തി ലീഗിന് ഒരു താക്കീത് നല്‍കാന്‍ സമസ്ത ശ്രമിക്കുമോയെന്ന ചോദ്യത്തിലാണ് പൊന്നാനിയിലെ വിജയം മറഞ്ഞിരിക്കുന്നത്. ഇതിനിടയില്‍ ബിജെപി മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്‌മമണ്യനെ ഇറക്കി മാമാങ്കത്തിന്റെ നാട്ടില്‍ ഹിന്ദുവോട്ടുകളുടെ ഏകീരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. സമസ്ത കാലുവാരിയാല്‍ ലീഗിന്റെ കോണി വീഴുമെന്ന പറച്ചിലിന്റെ കഥയറിയാന്‍ കാത്തിരിക്കണം, ഒപ്പം പൊന്നാനി ചുവക്കുമോയെന്നും.