തൃശൂരിലെ ചെക്ക് മേറ്റ് ബിജെപിയ്ക്കുള്ള താക്കീത്

ചെയ്ഞ്ചുകള്‍ക്കൊന്നും ഇടവരുത്താത്തൊരു സ്ഥാനാര്‍ത്ഥി പട്ടിക, പുറത്തു വരുന്നതിന് മുമ്പ് തന്നെ പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ ചുവരെഴുത്തിലേക്ക് കടക്കുന്ന സ്ഥിരമേര്‍പ്പാട്. കോണ്‍ഗ്രസിന്റെ മുന്‍കാല രീതികളുടെ കടയ്ക്കല്‍ കത്തിവെച്ചൊരു സര്‍പ്രൈസ് പാക്കേജ് ഇക്കുറി ഉണ്ടാവുമ്പോള്‍ ആരെയാണ് ഇത് തുണയ്ക്കുക?. സാധാരണ ഗതിയില്‍ മുറുമുറുപ്പും അവഗണനയുമെല്ലാം കോണ്‍ഗ്രസിലെ അതൃപ്തികളെ വെളിയിലെത്തിക്കാറുണ്ടെങ്കിലും ഇക്കുറി തൃശൂരില്‍ അതിനൊരു ചെയ്ഞ്ച് കണ്ടു. സര്‍പ്രൈസ് എന്‍ട്രിയായി തൃശൂരിലേക്ക് കെ മുരളീധരന്‍ എത്തുമെന്ന സൂചന കിട്ടിയതോടെ തൃശൂരിലെ ചുവരുകളില്‍ പ്രതാപത്തോടെ പ്രതാപന്‍ തുടരുമെന്ന് എഴുതിയ ചുവരുകളില്‍ ടി എന്‍ പ്രതാപന്‍ തന്നെ നീല മഷി കൊണ്ടൊരു തിരുത്ത് വരുത്തിയ കാഴ്ച. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അത്ര പതിവില്ലാത്തൊരു ഒരുമയുടെ സിഗ്നല്‍. കെ മുരളീധരന്റെ വരവോടെ തൃശൂരിലെ പോരാട്ടം കനക്കുമെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരവത്തോടെയാണ് മുരളീധരന്‍ തൃശൂരിലേക്ക് വരുന്നതെന്നും ടി എന്‍ പ്രതാപന്‍ പറയുന്നു.

പത്മജാ വേണുഗോപാല്‍ പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം കെ മുരളീധരനെ മുന്നില്‍ നിര്‍ത്തി കെ കരുണാകരന്റെ തട്ടകമായിരുന്ന തൃശൂരില്‍ പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതില്‍ കെ മുരളീധരന്‍ വഹിച്ച പങ്ക് കൃത്യമായി ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പണി തുടങ്ങിയ തൃശൂരില്‍ കോണ്‍ഗ്രസിന്റെ ചെക്ക്‌മേറ്റ്. കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് ശക്തി പകരുമെന്നും കോണ്‍ഗ്രസിനെതിരായി സിപിഎം ഉന്നയിക്കുന്ന ബിജെപിയോട് നേര്‍ക്ക് നേര്‍ പോരാടാനുള്ള മടിയെന്ന ആക്ഷേപവും തച്ചുടയ്ക്കുമെന്നും പാര്‍ട്ടി കരുതുന്നു.
തൃശൂരില്‍ ജയം ഉറപ്പിച്ചെന്ന മട്ടില്‍ രാജവീഥികളിലൂടെ മുണ്ടും വേഷ്ടിയും ധരിച്ച് പഴയ മാടമ്പി തമ്പുരാനെ പോലെ എഴുന്നള്ളത്ത് നടത്തുന്ന സുരേഷ് ഗോപിയ്ക്ക് കോണ്‍ഗ്രസ് വെച്ചൊരു ചെക്കാണ് കെ മുരളീധരന്റെ തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വം.

ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ നേരിട്ടുള്ള മത്സരത്തിന് മുരളീധരന്‍ ഒരുങ്ങുന്നത് പത്മജയെ വലിച്ച് കോണ്‍ഗ്രസിനെ നാണക്കേടിന്റെ കയത്തിലേക്ക് തള്ളിയിട്ട ബിജെപി ആഘോഷമായി ആ വരവ് കൊണ്ടാടുമ്പോഴാണ്. അവഗണനയുടെ പേര് പറഞ്ഞു കിട്ടാവുന്നതെല്ലാം പാര്‍ട്ടിയുടെ കയ്യില്‍ നിന്ന് നേടിയെടുത്ത് തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കവെ താമര പാര്‍ട്ടിയുടെ കൂടെ ചേര്‍ന്ന പത്മജയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളായാന്‍ കൂടിയാണ് കോണ്‍ഗ്രസിന്റെ ഈ ചടുലനീക്കം. പ്രതാപന്റെ പേര് മാറി തൃശൂരില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ എത്തിയതോടെ ചുമരെഴുത്തുകളെല്ലാം മായ്ക്കണം എന്ന സ്ഥിതി കൂടിയുണ്ട്. മൂന്നര ലക്ഷം പോസ്റ്ററുകളാണ് പ്രതാപനായി മണ്ഡലത്തില്‍ തയ്യാറാക്കിയത്. പക്ഷേ പത്മജ ബിജെപിയില്‍ ചേര്‍ന്നതിന്റെ അങ്കലാപ്പില്‍ നില്‍ക്കുന്ന തൃശൂരുകാര്‍ക്ക് പിറ്റേ ദിവസം കിട്ടിയ ഹെല്‍ത്ത് ടോണാണ് കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം.

വടകര പിടിച്ചെടുക്കാന്‍ സിപിഎം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കിയപ്പോഴാണ് കോണ്‍ഗ്രസ് മുരളിയെ വടകരയില്‍ നിന്ന് തൃശൂരിലേക്ക് പറിച്ചു നട്ടത്. 60,000ല്‍ അധികം വോട്ടിനാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ കെ ശൈലജ മട്ടന്നൂരില്‍ നിന്ന് ജയിച്ചത്. അതുവരെ സിപിഎമ്മിന്റെ എം ചന്ദ്രന്‍ ആലത്തൂരില്‍ നേടിയ 47671 ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഇതാണ് ടീച്ചറമ്മ തകര്‍ത്തത്. കഴിഞ്ഞ കുറിയും വടകരയില്‍ മുരളീധരനെത്തിയത് കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് പാക്കേജുകളില്‍ ഒന്നായാണ്. മുരളി എന്ന പോരാളിയെ വടകര നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ഇറക്കിയത് പി ജയരാജന്‍ എന്ന സിപിഎമ്മിന്റെ കണ്ണൂര്‍ മുഖത്തിന് മുന്നിലായിരുന്നു. അന്ന് വടകര പിടിച്ചെടുക്കാന്‍ ഇറങ്ങുമ്പോള്‍ ചാവേറെന്ന പേര് വീണ മുരളീധരന്‍ നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാനും ചാവേറായി. മുരളി ഒഴിയുന്ന വടകരയില്‍ കെ കെ ശൈലജയെ നേരിടാന്‍ പാലക്കാട് നിന്ന് ഷാഫി പറമ്പിലെത്തും. ന്യൂനപക്ഷ വോട്ടുകള്‍ കൂടി കണ്ടാണ് വടകരയിലെ ഷാഫിയുടെ സ്ഥാനാര്‍ത്ഥിത്വം. സാമുദായിക പരിഗണന കണക്കിലെടുത്താണ് ഷാഫി പറമ്പില്‍ എംഎല്‍എയെ വടകരയില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങന്നതെന്നതില്‍ തര്‍ക്കമില്ല.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി തുടരുമെന്നും ഉറപ്പാണ്. കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കും. ആലപ്പുഴയില്‍ കെസിയുടെ മടക്കമെന്ന സര്‍പ്രൈസിനൊപ്പം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉയരുന്നുണ്ട്. കഴിഞ്ഞ കുറി തോല്‍വി ഭയത്തില്‍ ആലപ്പുഴ വിട്ടോടിയെന്ന പരിഹാസം കെസിക്കെതിരെ ഉണ്ടെങ്കിലും മല്‍സരിച്ചിരുന്നെങ്കില്‍ എഎം ആരിഫിനെ മലര്‍ത്തിയടിച്ച് 20-20 എന്ന നിലയില്‍ യുഡിഎഫ് ലോക്‌സഭ പിടിച്ചേനെയെന്ന കരകമ്പി തിരഞ്ഞെടുപ്പിന് ശേഷമുണ്ടായിരുന്നു.

സിറ്റിംഗ് എംപിമാര്‍ എല്ലാവരും തുടരുമെന്ന സൂചനയ്ക്കിടയിലാണ് തൃശൂര്‍ പാലക്കാട് സര്‍പ്രൈസ് വന്നത്. മറ്റുള്ള സീറ്റുകളില്‍ വലിയ മാറ്റമില്ലെന്നും കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിപ്പട്ടിക രാത്രിയോടെ പ്രഖ്യാപിച്ചേക്കുമെന്നുമാണ് സൂചന. കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലും ധാരണയായെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

തിരുവനന്തപുരത്ത് ശശി തരൂര്‍ തുടങ്ങി കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വരെ സിറ്റിംഗ് എംപിമാര്‍ വീണ്ടും മത്സരിക്കുമെന്നാണ് സൂചന. രണ്ട് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിത്വത്തിനൊപ്പം ആലപ്പുഴയിലെ കെസി മടക്കവും അണികളെ ആവേശത്തിലാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ നിരീക്ഷണം. ഇനി കെ സി ഇല്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് എന്‍ട്രിയും സര്‍പ്രൈസ് എലമെന്റാകുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.