പിണങ്ങിനില്‍പ്പിനും കൊതിക്കെറുവിനും സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും ഒടുവില്‍ ഖാര്‍ഗെ

ചര്‍ച്ചകള്‍ പിന്നേയും ചര്‍ച്ചകള്‍, ചര്‍ച്ചകള്‍ക്ക് മേലെ ചര്‍ച്ചകള്‍, തീരുമാനമില്ലാത്ത ഇത്തരം ഒത്തിരി ചര്‍ച്ചകള്‍ മാത്രമായി പോകുന്നുവോ പ്രതിപക്ഷ ഐക്യമെന്ന തോന്നലിന് ഇടയിലാണ് ഇന്ത്യ മുന്നണിയുടേതായി ഒരു തീരുമാനം വരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണിയുടെ തലപ്പത്ത് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന്. മുന്നണി നിലവില്‍ വന്ന് മാസങ്ങള്‍ക്ക് ശേഷം എടുക്കപ്പെട്ട ഒരു തീരുമാനം ഫൈനല്‍ മല്‍സരത്തിന് കളി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ വന്ന ഒരു തീരുമാനം പോലെ ഒരു ധ്വനിയാണ് പലരുടേയും മനസില്‍ ഉണ്ടാക്കുന്നത്. കാരണം 2023 ജൂലൈ 18ന് പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ബംഗലൂരുവില്‍ ചേര്‍ന്നപ്പോഴാണ് ഇന്ത്യ മുന്നണിയെന്ന പേരുണ്ടായത്, അന്ന് മുതല്‍ ഈ മുന്നണിയുടെ കണ്‍വീനര്‍ ആരാകും അല്ലെങ്കില്‍ ചെയര്‍മാന്‍ ആരാകും എന്ന ചോദ്യം ഉയര്‍ന്നതാണ്. മാസങ്ങള്‍ക്ക് ശേഷമാണ് ഉത്തരം കിട്ടിയതെന്ന് മാത്രം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ മുന്നണിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് 14 പ്രധാന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ്. ഈ യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടുനിന്നുവെന്ന കാര്യം കൂടി എടുത്തുപറയേണ്ടതുണ്ട്. പക്ഷേ ഖാര്‍ഗെയെ കഴിഞ്ഞ ഡല്‍ഹി മീറ്റിംഗില്‍ ഇന്ത്യ ബ്ലോക്കിന്റെ തലപ്പത്തേക്കല്ല മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തത് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആയതിനാല്‍ തീരുമാനത്തില്‍ മമതയക്കും കൂട്ടര്‍ക്കും എതിരുണ്ടാകാന്‍ വഴിയില്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ദളിത് സ്വത്വമാണ് ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഖാര്‍ഗെയുടെ പേര് നിര്‍ദേശിക്കാന്‍ മമതയുടെ പാര്‍ട്ടിയേയും ആംആദ്മി പാര്‍ട്ടിയേയും പ്രേരിപ്പിച്ച ഘടകം. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്ന് നേരത്തെ തന്നെ മമത പ്രതിപക്ഷ ഐക്യത്തിന്റെ നേതൃത്വത്തെ അറിയിച്ചിരുന്നു. യോഗം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന നിര്‍ദേശം തൃണമൂല്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും മറ്റ് പാര്‍ട്ടികള്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ യോഗം ചേരുകയും 14 ഘടകകക്ഷികള്‍ പങ്കെടുത്ത് നിര്‍ണായക തീരുമാനമെടുക്കുകയും ചെയ്തത്.

ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഖാര്‍ഗെയുടെ പേര് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ മുന്നണി ഔദ്യോഗികമായ പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി നേരത്തെ തന്നെ കച്ചകെട്ടി രംഗത്തിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് വേണം കരുതാന്‍. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആയിരുന്നു ഇന്ത്യ മുന്നണിയില്‍ നിതീഷ് കുമാര്‍ കണ്ണുവെച്ച പ്രധാനകാര്യം. അതിനായി കോണ്‍ഗ്രസിന്റെ കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ തോല്‍വിയടക്കം കാര്യങ്ങളില്‍ മുന്നണിയ്ക്കുള്ളില്‍ മുത്തശ്ശി പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയും നിതീഷ് പല തന്ത്രങ്ങളും പയറ്റിയിരുന്നു. എന്നാല്‍ കെട്ടുറപ്പില്ലാതെ മുന്നണി ഇഴയുന്നത് കണ്ടിട്ടാണോ ബിജെപി പാളയത്തിലേക്ക് ചാടാന്‍ പുതിയ വഴികള്‍ തേടിയിട്ടാണോ നിതീഷ് കുമാര്‍ ഖാര്‍ഗെയുടെ പേര് ഉയര്‍ന്നപ്പോള്‍ ഇന്ന് പിന്തുണയ്ക്കുകയായിരുന്നു. ചാടി ചാടി പോകാന്‍ മടിയില്ലാത്ത നിതീഷ് കുമാര്‍ 2024ലെ ലോക്സഭാ സാധ്യതകള്‍, പോളുകളുടേയും വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ബിജെപിയ്ക്കാണെന്ന് കാണുമ്പോള്‍ അക്കൂട്ടത്തിലേക്ക് ചാടി പോകുമോയെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം സംശയിക്കുന്നുണ്ട്. ഇന്ത്യ മുന്നണിയില്‍ ദളിത് വ്യക്തിത്വം ഉയര്‍ത്തിക്കാട്ടി തൃണമൂലടക്കം കോണ്‍ഗ്രസിന്റെ മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശം വെച്ചതോടെ രാജ്യത്തിന്റെ പ്രധാന കസേര മോഹം വാടി കൊഴിഞ്ഞെന്ന് കണ്ട് നിരാശനായി ബിഹാറിലേക്ക് വണ്ടികയറിയ നിതീഷ് കുമാര്‍ പിന്നീട് പിണക്കത്തിലാണ് മുന്നണിയില്‍ പ്രകടനങ്ങള്‍ നടത്തിയത്.

പക്ഷേ ഇന്നത്തെ ഓണ്‍ലൈന്‍ യോഗത്തില്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ആള്‍ വരണമെന്ന് നിതീഷ് അഭിപ്രായപ്പെട്ടത്രേ. യോഗത്തില്‍ നിതീഷ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ചിലര്‍ പേര് നിര്‍ദേശിച്ചപ്പോള്‍ താല്‍പര്യം കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതീഷിനെ കൊണ്ടുവരുന്ന കാര്യത്തില്‍ മമതയോടും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനോടും താന്‍ സംസാരിക്കാമെന്നാണ് ഖാര്‍ഗെയുടെ നിലപാട്.

ചെയര്‍ പേഴ്‌സണ് തൊട്ടുതാഴെയാണ് ഇന്ത്യ മുന്നണിയില്‍ കണ്‍വീനര്‍ സ്ഥാനമെന്നിരിക്കെ അതാണോ നിതീഷിനെ പിന്നോട്ട് വലിക്കുന്ന ഘടകമെന്ന് അറിയേണ്ടിയിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രചരണത്തില്‍ അയോധ്യ രാമക്ഷേത്രത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി മുന്നേറുമ്പോള്‍ ഇനിയും ഉണര്‍ന്നില്ലെങ്കില്‍ മുന്നിലുള്ള എല്ലാ സാധ്യതയും അടയുമെന്ന് ഉറച്ച ബോധ്യത്തിലാണ് പ്രതിപക്ഷത്തിന്റെ ഉയര്‍ത്തെഴുന്നേല്‍ക്കല്‍. സീറ്റ് വിഭജന ചര്‍ച്ചകള്‍ മുന്നണിയില്‍ സജീവമായിട്ടുണ്ട്. ഘടകകക്ഷികളോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോണ്‍ഗ്രസ് തന്നെയാണ് മുന്നണിയില്‍ നെടുനായകത്വത്തിലേക്ക് ഉയരുന്നത്. അതിനിടയില്‍ നിതീഷിന്റെ ആവേശമില്ലായ്മയെ കുറിച്ചുള്ള സംശയങ്ങളും മുന്നണിയിലെ പാര്‍ട്ടി നേതൃത്വങ്ങള്‍ക്കുണ്ട്. ഇന്ത്യാ ബ്ലോക്കിന്റെ തുടക്കം മുതല്‍ നങ്കൂരം താനാണെന്ന് ഉറപ്പിക്കാന്‍ പെടാപ്പാട് പെട്ട നിതീഷിന്റെ മൗനവും പിണക്കവും കണ്‍വീനര്‍ സ്ഥാനത്തേക്ക് ഏകസ്വരത്തില്‍ നിര്‍ദേശിക്കപ്പെടാത്തതും വെറുതേ പോലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ചര്‍ച്ചയാവാത്തതുമായിരുന്നു. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ഇഴച്ചില്‍ കണ്ട് 2024 ലെ ‘ഇന്ത്യ’യുടെ സാധ്യതകളെക്കുറിച്ചും നിതീഷ് കുമാറിന് ആശങ്കകളുണ്ട്. കോണ്‍ഗ്രസ് മുന്നണിയില്‍ കുറച്ചധികം സീറ്റുകള്‍ പിടിച്ചാലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്നണിയിലൊരു ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി ഉണ്ടായാല്‍ അത് പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈയ്യെടുത്ത താനാകുമെന്ന പ്രതീക്ഷയിലായിരുന്നു നിതീഷ് കുമാറിന്റെ ചരടുവലിയെല്ലാം. എന്നാല്‍ പ്രധാനമന്ത്രി കസേരയില്‍ കണ്ണുണ്ടായിരുന്ന മമതാ ബാനര്‍ജിയടക്കം തനിക്ക് കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് നെഹ്‌റു കുടുംബക്കാര്‍ അല്ലാത്ത ആരെങ്കിലും ആകട്ടെയെന്ന നിലപാടില്‍ ഖാര്‍ഗെയെ നാമനിര്‍ദേശം ചെയ്തതോടെ നിതീഷ് തളര്‍ന്നു. എങ്ങനെ വീണാലും നാലുകാലില്‍ ബിഹാറിലെ മുഖ്യമന്ത്രി കസേരയില്‍ ഉറച്ചിരിക്കണമെന്ന് നിര്‍ബന്ധമുള്ള നിതീഷിന്റെ നീക്കങ്ങള്‍ ഇന്ത്യ മുന്നണിയ്ക്കും നിര്‍ണായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോഴും തലപ്പത്ത് ആരെന്ന ചോദ്യത്തിന് ഉത്തരമായതിന്റെ ആശ്വാസത്തില്‍ സീറ്റ് ഷെയറിംഗ് എന്ന മുന്നണിയിലെ ബാലികേറാമലയിലേക്ക് ഉറ്റുനോക്കുകയാണ് പ്രതിപക്ഷ ഐക്യത്തില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം പാര്‍ട്ടികള്‍.