കോണ്‍ഗ്രസിന്റെ 'തിരിച്ചുപിടിക്കല്‍' തെലങ്കാനയില്‍ സാധ്യമോ?

ആന്ധ്രപ്രദേശ് വിഭജനമെന്നത് പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്നതില്‍ സംശയമില്ല. അതുവരെ ആന്ധ്രപ്രദേശ് എന്നാല്‍ കോണ്‍ഗ്രസിനെ തുണയ്ക്കുന്നതില്‍ പലപ്പോഴും യാതൊരു മടിയും കാണിക്കാത്ത സംസ്ഥാനമായിരുന്നു. എന്‍ടിആറിന്റെ ടിഡിപി ഉണ്ടാക്കിയ ഓളങ്ങള്‍ക്കപ്പുറം ആന്ധ്രയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസിന് മറ്റൊരു പാര്‍ട്ടിയ്ക്കും ഇല്ലാത്തത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ വിഭജന ശേഷം ഇന്ന് വരെ തെലുങ്ക് നാട്ടില്‍ കോണ്‍ഗ്രസിന് നില കിട്ടിയിട്ടില്ല. ആന്ധ്രപ്രദേശിനെ ഉള്ളംകൈയ്യിലിട്ട് കോണ്‍ഗ്രസിന് വേണ്ടി പൊതിഞ്ഞുപിടിച്ചു സംരക്ഷിച്ച വൈഎസ് രാജശേഖര റെഡ്ഡി എന്ന അതികായന്‍ ഇത് പാടില്ലെന്ന് ഒരു ആയിരമാവര്‍ത്തി ഹൈക്കമാന്‍ഡിനോട് പറഞ്ഞതാണ്. പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന് മരമായ വൈഎസ്ആറിനോടുള്ള നീരസവും പാര്‍ട്ടിയെന്നതില്‍ ഉപരി വൈഎസ്ആര്‍ എന്ന പേരാണ് കോണ്‍ഗ്രസിന്റെ ആന്ധ്രയിലെ നങ്കൂരമെന്നത് സമ്മതിച്ചു കൊടുക്കാനുള്ള മടിയോ ദേശീയ നേതൃത്വം വൈഎസ്ആര്‍ പറഞ്ഞതിന്റെ നേര്‍വിപരീതമാണ് പ്രാവര്‍ത്തികമാക്കാന്‍ തുനിഞ്ഞത്.

വൈഎസ്ആറിന്റെ പെട്ടെന്നുള്ള ഹെലികോപ്ടര്‍ അപകട മരണം കൂടിയായതോടെ ആന്ധ്രയെ പാര്‍ട്ടിയുടെ വരുതിയാലാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇറങ്ങി. 2009ല്‍ 42ല്‍ 33 ലോക്‌സഭാ സീറ്റുകള്‍ അവിഭക്ത ആന്ധ്രയില്‍ നേടിയ കോണ്‍ഗ്രസ് 2009 സെപ്തംബറിലെ വൈഎസ്ആറിന്റെ മരണത്തോടെ കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന പ്രക്ഷോഭത്തിന് മുന്നില്‍ വീണുപോയി. കെസിആറിന്റെ സമ്മര്‍ദ്ദവും തെലങ്കാന പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദവും കൂടിയായതോടെ ആന്ധ്രാവിഭജനത്തെ എതിര്‍ത്ത ആന്ധ്ര മേഖലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഹൈക്കമാന്‍ഡ് തള്ളിക്കളഞ്ഞു.

സംസ്ഥാനത്തിന് പുറത്തുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്തിലെ പി ചിദംബരത്തെ പോലുള്ള നേതാക്കളുടെ ഇടപെടലുകളും ഹൈക്കമാന്‍ഡ് ആന്ധ്രാ വിഭജനത്തിന് പച്ചക്കൊടി കാണിക്കാന്‍ കാരണമായി. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തിന്റെ 2009ലെ വിഭജന പ്രഖ്യാപനത്തിലൂടെ ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ അടിമണ്ണിളകി. ആന്ധ്രയിലേ കോണ്‍ഗ്രസുകാര്‍ രാജിവെച്ചു വിഭജനത്തില്‍ പ്രതിഷേധം അറിയിച്ചതോടെ വിഭജന നടപടികള്‍ ഇഴഞ്ഞു. പിന്നാലെ കെ ചന്ദ്രശേഖര്‍ റാവുവിന്റെ രാഷ്ട്രീയ കളികളില്‍ ഈയാംപാറ്റയെ പോലെ പാറിപ്പറന്ന് ചെന്ന് വെന്തുരുകുകയായിരുന്നു കോണ്‍ഗ്രസ്. ആന്ധ്ര വിഭജനം നടന്നാല്‍ കോണ്‍ഗ്രസില്‍ ടിആര്‍എസ് അഥവാ തെലങ്കാന രാഷ്ട്ര സമിതി ലയിക്കാമെന്ന് കെസിആറിന്റെ വാഗ്ദാനം വിശ്വസിച്ച കോണ്‍ഗ്രസ് സ്വയം മണ്ടരായി. താന്‍ പ്രതീക്ഷിച്ച പോലെ ആന്ധ്ര വിഭജിച്ച് തെലങ്കാന ഉണ്ടായതോടെ പറഞ്ഞതെല്ലാം വിഴുങ്ങി കെ ഛന്ദ്രശേഖര്‍ റാവു തനി നിറം കാട്ടി. വഞ്ചിക്കാനും പറഞ്ഞവാക്ക് മാറ്റിപ്പറയാനും നിമിഷാര്‍ദ്ദം പോലും വേണ്ടെന്ന് തെളിയിച്ച കെസിആര്‍ തെലങ്കാന സംസ്ഥാനം രൂപീകൃതമായതോടെ മുഖ്യമന്ത്രി കസേരയില്‍ ഉറച്ചിരുന്നു. 2014 മുതല്‍ രണ്ട് തിരഞ്ഞെടുപ്പിലും കെസിആര്‍ തെലങ്കാനയില്‍ മുഖ്യനായി, ടിആര്‍എസിനെ ദേശീയപാര്‍ട്ടിയാക്കാന്‍ ഭാരതീയ രാഷ്ട്രീയ സമിതിയാക്കി പേര് മാറ്റി.

കയ്യിലിരുന്ന ആന്ധ്രപ്രദേശിനെ വിഭജിച്ച് രണ്ടാക്കിയ കോണ്‍ഗ്രസിന് ഇപ്പോള്‍ ആന്ധ്രയില്‍ നിയമസഭയിലും ലോക്‌സഭയിലും മരുന്നിന് പോലും ഒരാളില്ല. തെലങ്കാനയില്‍ പേരിന് കുറച്ചുപേരുള്ളത് കൊണ്ട് പിടിച്ചു നിന്ന പാര്‍ട്ടി വിഭജനത്തിന് ഒരു പതിറ്റാണ്ടാകുമ്പോള്‍ തിരിച്ചുവരവിനുള്ള പാതയിലാണ്.

കെസിആറിന്റെ വാക്കില്‍ വഞ്ചിതരായ കോണ്‍ഗ്രസുകാര്‍ക്ക് തെലങ്കാനയില്‍ ബിആര്‍എസിനെ പടിയ്ക്ക് പുറത്താക്കി ഭരണം പിടിക്കുകയെന്നത് വല്ലാത്തൊരു ചലഞ്ചാണ്. രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തില്‍ പഴയ പ്രതാപത്തിന് തെലങ്കാനയിലെ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കെഎസിആറിനെ വിട്ട് പല നേതാക്കളും കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറിയിട്ടുണ്ട്. കെസിആറിനെ എങ്ങനേയും വീഴ്ത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായി മാറിയിട്ടുണ്ട്. തെലങ്കാന രൂപീകരിച്ചതിന്റെ ഫലം മുഴുവന്‍ കെസിആര്‍ തട്ടിയെടുക്കുകയും കാര്യം നേടി കഴിഞ്ഞ് തങ്ങളെ ചതിച്ച് എതിര്‍പക്ഷത്താക്കി നിര്‍ത്തുകയും ചെയ്ത ചന്ദ്രശേഖര്‍ റാവുവിനെ വീഴ്്ത്താന്‍ തങ്ങളുടെ സംസ്ഥാന അധ്യക്ഷനെ തന്നെ പോര്‍ക്കളത്തില്‍ ഇറക്കുന്നുണ്ട് കോണ്‍ഗ്രസ്.

മുഖ്യമന്ത്രി കെസിആറിന്റെ മണ്ഡലമായ കാമാറെഡ്ഡി മണ്ഡലത്തില്‍ പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി കഴിഞ്ഞു. ലോക്‌സഭാംഗമായ രേവന്ത് കോഡങ്കല്‍ മണ്ഡലത്തിലും മത്സരിക്കുന്നുണ്ടെങ്കിലും ലക്ഷ്യം കെആറിനെതിരെയുള്ള മൗന്‍ഡ്് ഗെയിമാണ്. മുന്നില്‍ നിന്ന് തന്നെ ബിആര്‍എസിനെ വീഴ്ത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന പ്രഖ്യാപനമാണ് ആ സ്ഥാനാര്‍ത്ഥിത്വം. കാമാറെഡ്ഡിക്കു പുറമേ ഗജ്വേല്‍ മണ്ഡലത്തിലും കെസിആര്‍ മത്സരിക്കുന്നുണ്ട്. എങ്കിലും എതിരാളികള്‍ ശക്തരാണെന്ന ധ്വനി ഉണ്ടാക്കാനാണ് നേര്‍ക്ക് നേര്‍ പോരാട്ട പ്രഖ്യാപനം. കെസിആറിന്റെ ഡ്യൂപ്പിനെ ഇറക്കി അഴിമതിയും കുടുംബവാഴ്ചയും പരിഹസിച്ച് വീഡിയോകള്‍ വരെ പുറത്തിറക്കി സോഷ്യല്‍ മീഡിയയില്‍ വരെ കോണ്‍ഗ്രസ് പോരാട്ടം കനത്തതാക്കുന്നുണ്ട്.

2018ലെ നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനം കോണ്‍ഗ്രസിന് 28.4 ആണ്, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് നേടിയ കോണ്‍ഗ്രസിന് 29.79 ശതമാനം വോട്ട് നേടാനായി. ഇതെല്ലാം സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ബിആര്‍സിനൊപ്പം ചേര്‍ന്ന് ബിജെപി നടത്തിയ നീക്കങ്ങള്‍ തെലങ്കാനയില്‍ ഫലിക്കാത്തതും കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഹാട്രിക് നേടാനിറങ്ങുന്ന കെസിആറിനെ പൂട്ടാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവും തെലങ്കാനയില്‍ ഇക്കുറി ഇറങ്ങി കളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അടുത്ത ഘട്ടത്തില്‍ തന്നെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും റാലിയുമായി തെലങ്കാനയില്‍ കേന്ദ്രീകരിച്ചതും പലതും തീരുമാനിച്ച് ഉറച്ചുതന്നെയാണ്. ബിജെപിയുടെ ബി ടീമെന്ന് വിളിപ്പേരുള്ള ചതിക്കാന്‍ മടിയില്ലാത്ത കെസിആറിനെ വീഴ്ത്താന്‍ ഉറച്ചുള്ള കോണ്‍ഗ്രസ് നീക്കം നവംബര്‍ 30ന് വോട്ടുപെട്ടിയില്‍ പ്രതിഫലിക്കുമോയെമ്മ് ഡിസംബര്‍ 3ന് അറിയാം.