താരസിംഹാസനത്തില്‍ നിന്ന് വിജയുടെ രാഷ്ട്രീയ പ്രവേശനം ബിജെപി വലിയ ആശങ്കകളില്ലാതെ തമിഴ്‌നാട്ടില്‍ നോക്കി നിന്നത് ജോസഫ് വിജയിയോടുള്ള ആരാധന കൊണ്ടോ അയാളെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷ കൊണ്ടോ അല്ല. അണ്ണാഡിഎംകെയുടെ തകര്‍ച്ചയിലൂടെ പ്രതിപക്ഷം ഇല്ലാതായ തമിഴകത്ത് സ്റ്റാലിന്റെ ഡിഎംകെയ്ക്കുള്ള അപ്രമാദിത്യം തകര്‍ക്കാന്‍ വിജയിയ്ക്ക് സാധിക്കുമെന്നത് കൊണ്ടാണ്. ശത്രുവിന്റെ ശത്രു മിത്രമെന്ന തന്ത്രം പയറ്റിയല്ല ഒരു ഘട്ടത്തിലും നരേന്ദ്ര മോദി- അമിത് ഷാ ഗുജറാത്ത് ലോബി നീങ്ങിയിട്ടുള്ളത്. അവരുടെ താമരതന്ത്രം, അതെന്നും മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായയുടേതായിരുന്നു. തമിഴ്‌നാട്ടിലും ബിജെപി അണ്ണാഡിഎംകെ ഒഴിവ് നികത്തി അവിടെ ഇടം ഉണ്ടാക്കാന്‍ സഖ്യതന്ത്രങ്ങളടക്കം പയറ്റി നില്‍ക്കുമ്പോഴാണ് വിജയിയുടെ മുഖ്യമന്ത്രി മോഹം. ഡിഎംകെയെ എതിരാളിയാക്കി വിജയ് പോര്‍മുഖം തുറന്നപ്പോള്‍ ബിജെപിയ്ക്ക് മുന്നില്‍ തുറന്നത് അവരുടെ വോട്ട് ഭിന്നിപ്പിന്റെ പഴകി പതിഞ്ഞ ആയുധം മൂര്‍ച്ച കൂട്ടാന്‍ പറ്റിയ സാഹചര്യമെന്നത് മാത്രമാണ്.
കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകത്തിനുണ്ടായ നഷ്ടം ലാഭമാക്കി മാറ്റാനാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ശ്രമം. വിജയ്- ഡിഎംകെ തമ്മിലടിയെന്ന രാഷ്ട്രീയത്തില്‍ വിജയ്‌ക്കൊപ്പമെന്ന തോന്നലില്‍ ഡിഎംകെയ്‌ക്കെതിരെ കരുക്കള്‍ നീക്കുകയാണ് തമിഴകത്തെ ബിജെപി. ടിവികെയ്ക്കും വിജയിക്കും ആവശ്യത്തിലധികം തിരിച്ചടി കരൂരിലെ റാലികൊണ്ട് ഉണ്ടായെന്ന് വ്യക്തമായി കണക്കുകൂട്ടുന്ന ബിജെപി ഈ വാരിക്കുഴിയിലേക്ക് ഡിഎംകെയെ കൂടി തള്ളിവിട്ട് സുവര്‍ണാവസരത്തിന് കോപ്പുകൂട്ടുകയാണ്. സംഘഭരണത്തിനെതിരെ പലപ്പോഴും തന്റെ സിനിമകളിലടക്കം പ്രതിഷേധം കാണിച്ച വിജയിയെ ജോസഫ് വിജയിയെന്ന് വിളിച്ച് വേട്ടയാടിയവര്‍ ഇന്ന് കരൂരില്‍ വിജയിയ്ക്ക് മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കാതെ ഡിഎംകെയെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രതിഷേധം കനപ്പിക്കുകയാണ്.
വിജയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോര് കാലങ്ങളായി തുടങ്ങിയതാണ്, വോട്ടെടുപ്പ് കാലത്ത് സൈക്കിളില്‍ പോയി ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധിച്ച സിനിമയിലൂടെ കേന്ദ്രത്തെ വിമര്‍ശിച്ച വിജയിയെ ഇഡിയേയും ഇന്‍കം ടാക്‌സിനേയും കൊണ്ട് വേട്ടയാടാന്‍ ശ്രമിച്ച കാവിഭരണം ഇന്ന് കരൂരില്‍ വിജയിയെ പരിചയാക്കി ആക്രമണങ്ങള്‍ സ്റ്റാലിന് നേര്‍ക്കാക്കുകയാണ്. വിജയിക്കുള്ളത് മദ്രാസ് ഹൈക്കോടതിയടക്കം നല്‍കുമ്പോള്‍ കിട്ടിയ അവസരത്തില്‍ സര്‍ക്കാരിനെ പ്രതിയാക്കി സ്റ്റാലിന്റെ പ്രതിച്ഛായയ്ക്ക് കോപ്പുകൂട്ടുകയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ദുരന്ത ശേഷം നേതാവ് ഒളിച്ചോടിയെന്ന് വിജയിയെ കുറിച്ച് മദ്രാസ് ഹൈക്കോടതി പറഞ്ഞതോടെ രക്ഷകന്‍ നായകന്റെ ഇമേജിന് തങ്ങളൊന്നും ചെയ്തില്ലെങ്കിലും കോട്ടം തട്ടുമെന്ന് അറിഞ്ഞാണ് തമിഴകത്ത് ബിജെപിയുടെ രാഷ്ട്രീയ മനംമാറ്റം.
കരൂരില്‍ വിജയ് പങ്കെടുത്ത റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവം രാഷ്ട്രീയമായി തങ്ങളുടെ ദിശമാറ്റാനുള്ള സാധ്യതയായി ബിജെപി ഉപയോഗിക്കുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം വിജയിക്കും ടിവികെ പാര്‍ട്ടിയ്ക്കും അല്ലെന്നും ഡിഎംകെ നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനാണെന്നും ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമെന്നും പറഞ്ഞു ബിജെപി കളം മാറി ചവിട്ടി. ഇതില്‍ പ്രധാനം ബിജെപിയുടെ പ്രസ്താവനകളില്‍ നിന്നെല്ലാം വിജയ് ഒഴിവാക്കപ്പെട്ടുവെന്നതാണ്. വിജയുടെ ജനപ്രീതി നന്നായി അറിയാവുന്ന ബിജെപി വിജയ് ആരാധകരെ അലോസരപ്പെടുത്താതെ ഇപ്പോള്‍ രാഷ്ട്രീയമായി പ്രതിസന്ധിയില്‍ നില്‍ക്കുന്ന വിജയിയ്ക്ക് ഒരു കൈത്താങ്ങ് നല്‍കി ആ ആരാധകരെ ഒപ്പം ചേര്‍ക്കാനാണ് ശ്രമിക്കുന്നത്. ഒപ്പം ഒരു പിന്നാമ്പുറ ചര്‍ച്ചയ്ക്ക് പറ്റിയ അവസരമെന്ന് കണ്ടു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരകവേല ചെയ്യുന്നവര്‍ താരവുമായി സംസാരവും ഫോണിലൂടെ നടത്തുന്നുണ്ട്.
ദ്രാവിഡ മണ്ണില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനായി അണ്ണാഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെട്ട ബിജെപി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ സഖ്യ ചര്‍ച്ചകള്‍ തുടങ്ങിവെച്ചിട്ടുണ്ട്. പക്ഷേ കരുത്തെല്ലാം പോയി തളര്‍ന്നു കിടക്കുന്ന അണ്ണാഡിഎംകെയെ വിഴുങ്ങി പ്രതിപക്ഷ സ്ഥാനം പിടിക്കാനുള്ള ലക്ഷ്യത്തിലേക്ക് കടക്കാന്‍ കാതങ്ങള്‍ ബാക്കിയുണ്ടെന്ന് അറിയുന്ന ബിജെപി തുടക്കത്തില്‍ സഖ്യം തന്നെയാണ് മുന്നോട്ട് വെയ്ക്കുന്നത്. എല്ലായിടങ്ങളിലും അത് തന്നെയാണ് പ്രാദേശിക പാര്‍ട്ടികളെ വിഴുങ്ങാനും പിളര്‍ത്താനും ബിജെപി ചെയ്തുകൊണ്ടിരിക്കുന്നതും. എങ്കിലും സഖ്യത്തിലും തങ്ങള്‍ക്ക് വിജയം കൊണ്ടുവരാന്‍ പാര്‍ട്ടിയിലെ പിളര്‍പ്പുകള്‍ കാരണം നിരവധി ഉന്നത നേതാക്കളെ കൈമോശം വന്ന അണ്ണാഡിഎംകെയ്ക്ക് കഴിയുമെന്ന വിശ്വാസം ബിജെപിയ്ക്ക് ഇല്ല. കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടുന്ന ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കാന്‍ ആവശ്യമായ രാഷ്ട്രീയ ശക്തി അണ്ണാഡിഎംകെയ്ക്ക് ഇല്ലായെന്ന് കേന്ദ്രത്തിലുള്ള ബിജെപി ഭയപ്പെടുന്നുണ്ട്. ആ സാഹചര്യത്തിലാണ് വിജയ് വീണ വാരിക്കുഴി ബിജെപിയെ മോഹിപ്പിക്കുന്നത്. ടിവികെയെ ഹൈജാക്ക് ചെയ്യാന്‍ പറ്റിയ സമയം ഇതാണെന്ന് ചാണക്യന്‍മാര്‍ കരുതുന്നു.
കരൂരിലേക്ക് ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ തിമിലിസൈ സൗന്ദര്യരാജനും, നൈനാര്‍ നാഗേന്ദ്രനും കെ അണ്ണാമലൈയും പൊന്‍ രാധാകൃഷ്ണനും മാത്രമല്ല ദേശീയ നേതാക്കളായ ധനമന്ത്രി നിര്‍മ്മല സീതാരാമനും അനുരാഗ് ഠാക്കൂറും ഹേമമാലിനിയും വരെയെത്തി. വിജയിയെ എംകെ സ്റ്റാലിന്റെ ഡിഎംകെ സര്‍ക്കാര്‍ ഹരാസ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സോഷ്യല്‍ മീഡിയകളിലൂടെ സംഘപ്രൊഫൈലുകള്‍ പ്രചരിപ്പിച്ചു. പക്ഷേ സ്റ്റാലിന്‍ വിജയ്‌ക്കെതിരെ രൂക്ഷ പ്രതികരണങ്ങള്‍ക്ക് മുതിരാതെ രാഷ്ട്രീയ പക്വതയോടെ മൗനം പാലിച്ചു ദുരന്തത്തിന്റെ വ്യാപ്തിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.
കരൂരിലെ തിക്കിലും തിരക്കിലും പെട്ടവരുടെ കാര്യത്തില്‍ ബിജെപിക്കും കേന്ദ്രത്തിനും ‘യഥാര്‍ത്ഥമായ ആശങ്ക’യില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ഇതില്‍ ‘മുതലെടുപ്പ്’ നടത്തുക മാത്രമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. വിഷയം ബിജെപിയ്ക്ക് സുവര്‍ണാവസരം ആകാതിരിക്കാന്‍ സ്റ്റാലിന്‍ കാണിച്ച രാഷ്ട്രീയ പക്വത പക്ഷേ സംഘപരിവാരത്തെ നേരത്തെ വിമര്‍ശിച്ചിരുന്ന വിജയിക്കുണ്ടായില്ല. വിജയിയുടെ ആദ്യ പ്രതികരണം തന്നെ ഡിഎംകെയ്‌ക്കെതിരായതായതും ടിവികെയില്‍ നിന്നുള്ളവരുടെ ഡല്‍ഹിയിലേക്കുള്ള വിമാനം കയറലും ബിജെപി വിചാരിച്ച വഴിക്ക് കാര്യങ്ങളുടെ ഒഴുക്കിന് തുടക്കമിട്ടു കഴിഞ്ഞു. തമിഴക രാഷ്ട്രീയത്തില്‍ ബിജെപിയുടെ കരുക്കള്‍ ശക്തിപ്രാപിക്കുന്നതിന്റെ പ്രതിഫലനമാണ്. പക്ഷേ ദ്രാവിഡ രാഷ്ട്രീയത്തില്‍ കാവിക്കൊടി പറക്കാന്‍ ഇതൊക്കെ മാത്രം മതിയാകുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.







