രാജ്ഭവനില്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ച് തന്റെ ആര്‍എസ്എസ് പ്രതിച്ഛായ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ചെയ്തത്. അതിനോട് സമരസപ്പെടാതെ കൃത്യമായി ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് പരിപാടി ബഹിഷ്‌കരിച്ച സിപിഐയുടെ കൃഷി മന്ത്രി പി പ്രസാദ് ഉയര്‍ത്തിപ്പിടിച്ചത് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മാത്രമല്ല ജനാധിപത്യ മര്യാദ കൂടിയാണ്. ആദ്യം മൗനമായി നിന്നെങ്കിലും പിന്നീട് സിപിഐ നിലപാടിനെ പ്രകീര്‍ത്തിച്ചും പിന്തുണച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത് വന്നു. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോഴും മൗനം വെടിയാതെ തുടരുകയാണ്. പക്ഷേ നിലപാട് കടുപ്പിച്ച് സിപിഐ ശക്തമായി തന്നെ രംഗത്തിറങ്ങി കഴിഞ്ഞു. ഈ ഭാരതാംബ സംഘത്തിന്റെ ഭാരതാംബയാണ് രാജ്യത്തിന്റെ അല്ലെന്ന വ്യക്തമായ നിലപാടിലാണ് സിപിഐ.
രാജ്യത്തിന്റെ ഭാരതാംബയുടെ പ്രതീകം ദേശീയ പതാകയാണെന്നും അല്ലാതെ കാവിക്കൊടിയല്ലെന്നും സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ പ്രതിഷേധം കടുപ്പിച്ച് ദേശീയ പതാക ഉയര്‍ത്തി ആര്‍എസ്എസിന്റെ ഭരണചക്രത്തിലെ വര്‍ഗീയ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നുണ്ട്. ഈ കൊടിയാണ് ഭാരതാംബ എന്ന് ഉറക്കെ പറഞ്ഞു ദേശീയ പതാക ഉയര്‍ത്തി വൃക്ഷത്തൈ നട്ട് സിപിഐ ഇന്ന് കടുത്ത ഭാഷയില്‍ തന്നെ സംഘ നിലപാടുകളെ വെല്ലുവിളിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറെ പിണക്കാതിരിക്കാന്‍ മൗനത്തില്‍ അഭയം പ്രാപിക്കുമ്പോള്‍ സിപിഐ കരുത്തോടെ നേരിടാന്‍ ഇറങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പഴി കുറച്ചുകാലമായി ഉണ്ട്. ഗവര്‍ണറെ പ്രകോപിപ്പിക്കാതെ മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി പാടുപെടുന്നുണ്ടെന്ന രാഷ്ട്രീയ പരിഹാസം കഴിഞ്ഞ കുറച്ചു സര്‍ക്കാര്‍ നിലപാടുകളില്‍ ഉയര്‍ന്നകാണ്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി എസ്എഫ്‌ഐ അടക്കം കൊമ്പുകോര്‍ത്തപ്പോള്‍ ശക്തമായി നിലപാടെടുത്ത് എതിര്‍ത്ത് നിന്ന മുഖ്യമന്ത്രിയും സര്‍ക്കാരും പല പ്രതിസന്ധികളും ഗവര്‍ണര്‍ മൂലം തരണം ചെയ്യേണ്ടി വന്നു. എന്നാല്‍ നിലവില്‍ ആര്‍ലേക്കറെന്ന അടിമുടി ആര്‍എസ്എസുകാരനോട് ആരിഫ് മുഹമ്മദ് ഥാന്‍ ശൈലിയില്‍ ഒരു എതിര്‍ത്ത് നില്‍പ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നില്‍ക്കുന്നില്ലെന്നത് ആരുടേയും ശ്രദ്ധയില്‍ പെടാത്ത വിഷയമല്ല.
രാജ്ഭവനുമായി ബന്ധപ്പെട്ട ഭാരതാംബ വിവാദത്തില്‍ സിപിഐ നിലപാട് കടുപ്പിച്ചതോടെയാണ് ഒട്ടു ധൃതിയില്ലാത്ത തരത്തില്‍ സിപിഎം പ്രതികരണം വന്നത്. ഇടതുപക്ഷത്തിന്റെ കൃഷി മന്ത്രി പി പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഭാരതാംബ വിവാദത്തില്‍ സിപിഎമ്മും ഉറച്ച നിലപാടു തന്നെയാണ് സിപിഐയെ പോലെ കൈക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കി. സിപിഎമ്മിന്റെ നിലപാട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ സിപിഐ കുറേക്കൂടി ശക്തമായ നിലപാടെടുത്തുവെന്നും പറയാനും സിപിഎം സംസ്ഥാന സെക്രട്ടറി മടിച്ചില്ല. സിപിഐ മന്ത്രി പി പ്രസാദ് രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രം കണ്ടതിനെ തുടര്‍ന്ന് പരിസ്ഥിതി ദിന പരിപാടി ബഹിഷ്‌കരിച്ചതോടെ സിപിഐയുടെ നിലപാട് പ്രശംസിക്കപ്പെടുകയും സിപിഎം ദുര്‍ബലപ്പെട്ടു എന്ന വിമര്‍ശനം ഉയരുകയും ചെയ്തു. ഇതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരണത്തിന് ഇറങ്ങിയത്.
ഇനി ഭാരതാംബയിലേക്ക് വന്നാല്‍ സ്വാതന്ത്രസമര കാലഘട്ടത്തില്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധ മാര്‍ഗമായിരുന്നു അതെന്ന് വ്യക്തമാണ്. മാപ്പപേക്ഷിച്ചവരും ബ്രിട്ടീഷ് രാജ്ഞിയ്ക്ക് ഭരണത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച സംഘടനയും സ്വാതന്ത്രസമര ചരിത്രത്തില്‍ ഇടമില്ലാത്തവരും ഭാരതാംബയുടെ വാഴ്ത്തുപാട്ടുകാരായി കാവിക്കൊടി പിടിപ്പിച്ച ചരിത്രം വിചിത്രം തന്നെയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കാലങ്ങളായി സംഘടന പ്രവര്‍ത്തനത്തിലുള്ള ആര്‍എസ്എസുകാരനാണ്. ആര്‍എസ്എസ് സമാന കൊടിയുമായി നില്‍ക്കുന്ന ഭാരതാംബ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണെന്നത് കൂടി കൂട്ടിവായിക്കണം. ത്രിവര്‍ണ പതാകയേന്തി നില്‍ക്കുന്ന ഭാരത മാതാവ് സ്വാതന്ത്രസമര കാലഘട്ടത്തിലെ ചിത്രമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തോടുള്ള പ്രതിഷേധമായി രൂപപ്പെട്ടതാണ്. ഇനി മന്ത്രി പി പ്രസാദ് ബഹിഷ്‌കരിച്ച ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ച ചിത്രം നോക്കണം. ഭാരതമാതാവിനെ കമ്മ്യൂണിസ്റ്റുകാര്‍ അവഹേളിച്ചെന്ന് പറയുന്നവര്‍ അതില്‍ ത്രിവര്‍ണ പതാകയാണോ കാവിക്കൊടിയാണോ എന്ന് കൂടി സൂക്ഷിച്ചു നോക്കണം. അത് കാവിക്കൊടിയാണ്, മുമ്പ് ഗവര്‍ണറായിരുന്ന ഇടങ്ങളിലും മന്ത്രിയായിരുന്നപ്പോഴുമെല്ലാം രാജേന്ദ്ര ആര്‍ലേക്കര്‍ കാവിക്കൊടിയേന്തിയ ഭാരതാംബയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഗൂഗിളില്‍ കാണാനാകും. അതേ നയമാണ് കേരളത്തിലും പുറത്തെടുത്തത്.
ത്രിവര്‍ണപതാക മാറ്റി ആര്‍എസ്എസ് പരിപാടികളില്‍ വെയ്ക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയെ പ്രദര്‍ശിപ്പിക്കുന്നവരാണ് ഭാരതമാതാവിനെ വണങ്ങിയില്ലെന്ന് പറഞ്ഞു കോലാഹലം ഉണ്ടാക്കുന്നത്. ഭാരതാംബയുടെ ചിത്രം എന്തായാലും രാഷ്ട്രീയ സ്വയം സേവക് കണ്ടെടുത്തതല്ല. ത്രിവര്‍ണപതാക മാറ്റി കാവിക്കൊടി പതിപ്പിച്ചു സ്വന്തം പോലെയാക്കിയതാണ്. സ്വാതന്ത്ര്യ സമരകാലത്ത് സൃഷ്ടിക്കപ്പെട്ട ഭാരതാംബ എന്ന സങ്കല്‍പ്പത്തിനും പ്രതിഷേധ സൂചകമായി ബ്രിട്ടീഷ് രാജിനും നയങ്ങള്‍ക്കുമെതിരെ ഭാരത മാതാവിനെ ആസ്പദമാക്കി വരച്ച ചിത്രങ്ങള്‍ക്കും ഇന്ന് വ്യാപകമായി സംഘപരിവാര്‍ പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങളുമായി നല്ല വ്യത്യാസമുണ്ട്.
ഭാരതമാതായുടെ ചരിത്രം 19ാം നൂറ്റാണ്ടില്‍ നിന്ന് തുടങ്ങുന്നു. ദേശീയ പ്രസ്ഥാന കാലഘട്ടത്തിന്റെ ചൂടും ചൂരും അതിനുണ്ട്. പശ്ചിമ ബംഗാളിലാണ് ഭാരതാംബയുടെ ഉദയം. ഭാരത് മാതാ എന്ന നാടകം 1873ല്‍ കിരണ്‍ ചന്ദ്ര ബാനര്‍ജി എഴുതി പുറത്തുവന്നതിലൂടെയാണ് ഭാരത് മാത സങ്കല്‍പം ദേശീയ പ്രസ്ഥാന ചരിത്രത്തിലെ പ്രധാന സങ്കല്‍പങ്ങളിലൊന്നായി മാറിയത്. 1882ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ബംഗാളി നോവല്‍ ആനന്ദ് മഠത്തിലൂടെ ഭാരത് മാത ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഹൈന്ദവാരാധനപാത്രങ്ങളായി ദുര്‍ഗയുടേയും കാളിയുടേയും സങ്കല്‍പങ്ങളിലധിഷ്ഠിതമായാണ് ഭാരത് മാത ചിത്രം രൂപപ്പെട്ടത്. രാജാ രവിവര്‍മ്മയാണ് ആദ്യമായി ഭാരതമാതാവിനെ ചിത്രീകരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. 1898ല്‍ ആണ് ചിത്രം. രണ്ട് സിംഹങ്ങള്‍ക്കൊപ്പം നാല് കൈകളുള്ള ഒരു ദേവീരൂപമായാണ് ഭാരതാംബയെ രവിവര്‍മ്മ ചിത്രീകരിച്ചത്.
ബ്രിട്ടീഷുകാര്‍ ബംഗാളിനെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ഇറങ്ങിയപ്പോള്‍ പ്രതിഷേധമായി ഭാരതമാതാവ് ഉയര്‍ന്നുവന്നു. ഭാരതമാത എന്ന നിലയില്‍ ഏറെ അംഗീകരിക്കപ്പെട്ടത് ആ പ്രതിഷേധ മുന്നേറ്റത്തില്‍ അബനീന്ദ്രനാഥ ടാഗോര്‍ വരച്ച ജലച്ഛായ ചിത്രമാണ്. കാവി വേഷധാരിയായ ഒരു സന്യാസിനിയായാണ് അബനീന്ദ്രനാഥ് ഭാരതാംബയെ ചിത്രീകരിച്ചത്. നാല് കൈകളിലൊന്നില്‍ നെല്‍ക്കതിരുകളും മറ്റൊരു കൈയില്‍ വെളുത്ത പരുത്തിത്തുണിയും ഒരു കൈയില്‍ ഗ്രന്ഥവും മറ്റൊരു കൈയില്‍ ജപമാലയുമാണ് ആ ഭാരതമാത ചിത്രത്തില്‍ കാണാനാകുക. 1904ലെ ഈ ചിത്രം കൊല്‍ക്കട്ടയിലെ വിക്ടോറിയ മെമ്മോറിയല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
1905ല്‍ ബംഗാള്‍ പ്രവിശ്യയുടെ വിവാദപരമായ വിഭജനത്തിനുശേഷം സുരേന്ദ്രനാഥ് ബാനര്‍ജി സംഘടിപ്പിച്ച ബ്രിട്ടീഷ് നിര്‍മ്മിത സാധനങ്ങള്‍ ബഹിഷ്‌കരിക്കുന്ന പ്രതിഷേധത്തില്‍ ഭാരതമാത സങ്കല്‍പം സ്ഥിരം സാന്നിധ്യമായി. നിരവധി പ്രതിഷേധ യോഗങ്ങളി വന്ദേമാതരം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഭാരതമാത സ്വാതന്ത്രസമര കാലഘട്ടത്തിന്റെ പ്രതിഷേധ മുഖമായി. 1909ല്‍ കവി സുബ്രഹ്‌മണ്യ ഭാരതിയുടെ തമിഴ് ഭാഷാ മാസികയായ വിജയയുടെ പുറംചട്ടയില്‍ ഒരു ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതമാതാവിനെ ചിത്രീകരിച്ചിരുന്നു.
ഇന്ത്യയിലുടനീളം ജനപ്രിയ കലകളില്‍ പലതിലും ഭാരതമാതാവ് പ്രത്യക്ഷപ്പെട്ടു. മാസികകള്‍, പോസ്റ്ററുകള്‍, കലണ്ടറുകള്‍ എന്നിങ്ങനെ ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമായി ഭാരതാംബ മാറി. 1920 മുതല്‍ അതിന് രാഷ്ട്രീയമാനം കൂടി കൈവന്നു. ദേശീയത ചിത്രകാരനെന്ന് വിളിക്കുന്ന രൂപ് കിഷോര്‍ കപൂര്‍ വരച്ച ഭാരത് മാതയുടെ ചിത്രം 1931-ല്‍ ബാബുലാല്‍ ഭാര്‍ഗവ ഗ്ലാസ് ആന്‍ഡ് പിക്ചര്‍ മര്‍ച്ചന്റ് കാണ്‍പൂര്‍ ഒരു ലിത്തോഗ്രാഫായി പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് ബര്‍മ്മ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ഭാഗികമായി ദൃശ്യമാകുന്ന ഭൂപടത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭാരത് മാതാവിനെയാണ് ഇതില്‍ ചിത്രീകരിച്ചത്. ത്രിവര്‍ണ പതാകയേന്തിയ ഭാരതമാത.
Read more
ഈ ചിത്രം ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രവുമായി സാമ്യമുള്ളതാണ്. ഇതിലെ ത്രിവര്‍ണ പതാക മാറ്റി ആര്‍എസ്എസ് കൊടിക്ക് സമാനമായ കാവിക്കൊടി പിടിച്ച ഭാരതമാതായ്ക്ക് ഏകദേശം നിലവിലെ ചിത്രങ്ങളുമായി സാമ്യമുണ്ട്.