വര്‍ഗീയ ധ്രൂവീകരണത്തിനേറ്റ തിരിച്ചടി

 

പിണറായിയുടെ വിജയപ്രയാണത്തിന് ആദ്യമായി തടയിട്ടതിന്റെ ക്രെഡിറ്റ് തൃക്കാക്കരക്കാര്‍ക്കാണ്. ഇരുപത്തയ്യായിരത്തിപതിനാറ് വോട്ടിന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഈ മണ്ഡലത്തെ കേരള നിയമസഭില്‍ പ്രതിനിധീകരിക്കാന്‍ പോകുന്നത്. വര്‍ഗീയ ധ്രൂവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന ഭരണമുന്നണിയുടെ വ്യാമോഹത്തിനേറ്റ തിരിച്ചടികൂടിയാണിത്. വികസനത്തില്‍ തുടങ്ങിയവര്‍ഗീയതയില്‍ അവസാനിച്ച തൃക്കാക്കരയിലെ ഇടതു തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി തന്നെയാണ് നേരിട്ട് നേതൃത്വം നല്‍കിയത്. കെ റെയിലും വികസനവും ഏല്‍ക്കുന്നില്ലന്ന് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ മനസിലായപ്പോള്‍ വര്‍ഗീയ ധ്രൂവീകരണത്തിലൂടെ അതിനെ മറികടക്കാനാണ് സി പി എം ശ്രമിച്ചത്.

പി സി ജോര്‍ജ്ജിന്റെ അറസ്റ്റ്, ജാമ്യം, പൊലീസ് വിളിച്ചപ്പോള്‍ പോകാതെ തൃക്കാക്കരയില്‍ വന്നത്, ആലപ്പുഴയിലെ എസ് ഡി പി ഐ ക്കാരുടെ കൊലവിളി ഇതെല്ലാം തൃക്കാക്കരയിലെ ജനങ്ങളെ വര്‍ഗീയമായി വിവിധ തട്ടുകളിലാക്കുമെന്ന് പിണറായി വിജയനും സി പി എമ്മും കരുതി. എന്നാല്‍ കേരളത്തിലെ ഏറ്റവും നഗരവല്‍ക്കരിക്കപ്പെട്ട ജനവിഭാഗമായ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ വര്‍ഗീയതക്ക് വലിയ സ്ഥാനമൊന്നും തങ്ങളുടെ ജീവിതത്തില്‍ കൊടുക്കുന്നില്ലന്ന് സി പി എമ്മിനെ ഭരിക്കുന്ന കണ്ണൂര്‍ ലോബിക്ക് മനസിലായിരുന്നില്ല.

കെ വി തോമസിനെപ്പോലൊരാളെ ഇടതു വേദിയില്‍ കൊണ്ടുവന്നപ്പോഴെ തന്നെ തൃക്കാക്കരയിലെ ജനങ്ങള്‍ ഇടതു മുന്നണിയെ ശിക്ഷിക്കണമെന്ന് തിരുമാനിച്ച് കഴിഞ്ഞിരുന്നു. ഇരുപത്തിരണ്ട് കൊല്ലം എം പിയായും, എട്ട് കൊല്ലം എം എല്‍ എ ആയും, നാല് കൊല്ലം സംസ്ഥാനമന്ത്രിയായും, അഞ്ച് കൊല്ലം കേന്ദ്രമന്ത്രിയായുമിരിക്കാന്‍ അവസരം നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്ന്്് വിലപിച്ച് ഇടതുമുന്നണിയുടെ തിണ്ണ നിരങ്ങാന്‍ തോമസെത്തിയപ്പോള്‍ ഈ കച്ചോടം പൂട്ടിക്കണമെന്ന് ജനങ്ങള്‍ തിരുമാനിച്ചിരുന്നു. എറണാകുളത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ഏറ്റവും അണ്‍പോപ്പുലര്‍ ആയ നേതാവാണ് കെ വി തോമസ് എന്ന് മനസിലാക്കാന്‍ സി പിഎമ്മിനും കഴിഞ്ഞില്ല. കെ വി തോമസിലൂടെ ലാറ്റിന്‍ വോട്ടുബാങ്കിലേക്ക് കടക്കാനുള്ള ശ്രമമാണ് സി പി എം നടത്തിയത്. അത് അമ്പേ പരാജയപ്പെട്ടു.

കത്തോലിക്ക സഭയിലെ പ്രബലമായ എറണാകുളം അങ്കമാലി അതിരൂപതയുടെ സ്ഥാനാര്‍ത്ഥിയാണ് ജോ ജോസഫ് എന്ന് പ്രചരണം ക്രൈസ്തവ വോട്ടുകളെ ആകര്‍ഷിക്കാന്‍ സി പിഎം മനപ്പൂര്‍വ്വം പുറത്തെടുത്ത ആയുധമായിരുന്നു. ഡോ. ജോ ജോസഫ് ജോലി ചെയ്യുന്ന സഭയുടെ ആശുപത്രിയായ ലിസി ആശുപത്രി തന്നെ സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തുന്ന വേദിയാക്കി മാറ്റിയതുമെല്ലാം ഇത് മുന്‍ നിര്‍ത്തിയായിരുന്നു. എന്നാല്‍ സി പിഎം ഉദ്ദേശിച്ചതിന്റെ വിപരീത ഫലമാണ് ഇതെല്ലാം ഉണ്ടാക്കിയതെന്ന് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ബോധ്യമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച 99 സീറ്റ് കടുത്ത വര്‍ഗീയ ധ്രൂവീകരണത്തിന്റെ ഫലമായിട്ട് ലഭിച്ചതായിരുന്നു. വീണ്ടും ആ ചക്ക തന്നെയിട്ട് മുയിലിനെ പിടിക്കാമെന്ന് കരുതിയതാണ് സി പി എമ്മിന് പറ്റിയ അബദ്ധം.

ക്രൈസ്തവ വോട്ടു സമാഹരണം ഫലവത്താകില്ലന്നറിഞ്ഞപ്പോള്‍ പി സി ജോര്‍ജ്ജിന് അറസ്റ്റ് ചെയ്ത് മുസ്‌ളീം വോട്ടുകള്‍ സമാഹരിക്കാനായി ശ്രമം. എന്നാല്‍ മുസ്‌ളീം വോട്ടര്‍മാര്‍ ഉള്ള മേഖലകളിലും ഉമ തോമസ് നിര്‍ണ്ണായക ഭൂരിപക്ഷം നേടി. ബി ജെ പി കഴിഞ്ഞ തവണത്തെ വോട്ടുകള്‍ നേടിയാല്‍ അത് യുഡി എഫിന് തിരിച്ചടിയാകുമെന്നുളള സി പിഎമ്മിന്റെ വിലയിരുത്തലും പാളി.

ട്വിന്റി ട്വിന്റെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായേക്കമെന്ന വിചാരവും സി പിഎമ്മിനുണ്ടായിരുന്നു.ട്വിന്റി ട്വിന്റി പോലുള്ളവര്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ അടിസ്ഥാനപരമായി യു ഡി എഫ് കോണ്‍ഗ്രസ് വോട്ടുകളാണ്. അത് സി പി എം സ്ഥാനാര്‍ത്ഥിക്ക് ഒരിക്കലും വീഴില്ലന്നും സി പിഎമ്മിലെ പരിണിത പ്രജ്ഞര്‍ക്ക് മനസിയില്ല. പി രാജീവിനെയും എം സ്വരാജിനെയും പോലുള്ള, മുന്‍ കാലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചുക്കാന്‍ പിടിച്ച് പരിചയമില്ലാത്തവരെയാണ് തൃക്കാക്കര തിരഞ്ഞെടുപ്പ് നയിക്കാന്‍ സി പിഎം ഏല്‍പ്പിച്ചത്. അത് വലിയ തിരിച്ചടിയായി.
യു ഡി എഫിനെ സംബന്ധിച്ചിടത്തോളം ഈ ഉപതിരഞ്ഞെടുപ്പ് ജിവന്‍ മരണ പോരാട്ടമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെയും വിജയമാണ് ഈ തിരഞ്ഞെടുപ്പെന്ന് നിസംശയം പറയാം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ പിണറായി വിജയനും, വി ഡി സതീശനും തമ്മിലുള്ള നേരിട്ടുള്ളഏറ്റുമുട്ടലായിരുന്നു ഈ ഉപതിരഞ്ഞെടുപ്പ്. ഇവിടെ വി ഡി സതീശന്‍ വിജയിച്ചു. ഇനി യു ഡി എഫ് രാഷ്ട്രീയത്തില്‍ സതീശനായിരിക്കും അവസാന വാക്ക്.

ഇതിനെല്ലാമുപരി മറ്റൊന്ന് കൂടിയുണ്ട്. പി ടി തോമസ് എന്ന അതുല്യനായ നേതാവിനോട് തൃക്കാക്കരയിലെ ജനങ്ങള്‍ക്കുണ്ടായിരുന്ന സ്‌നേഹവും കടപ്പാടും ബഹുമാനവുമാണത്. ഉമ തോമസിനെ പി ടി യുടെ പ്രതിരൂപമായാണ് ജനങ്ങള്‍ കണ്ടത്. ജീവിച്ചിരിക്കുന്ന പി ടി യെക്കാള്‍ ശക്തനാണ് മരിച്ച പിടി തോമസ് എന്നത് ഒരിക്കല്‍ തെളിഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിസ്മൃതിയിലാകുന്ന ഒരു പാട് രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ പി ടി തോമസ് വ്യത്യസ്തനാകുന്നതും അവിടെയാണ്. പി ടി കണ്ട സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഉമക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.