'സത്യം ഇതാണ് അല്ലാതെ അവര്‍ കാണിക്കുന്നതല്ല'; യോഗിയുടെ യുപിയിലെ ഇരുട്ട്

ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്ഘടനയെന്ന നീതി ആയോഗിന്റെ വാക്കുകള്‍ രാഷ്ട്രീയമായി ഉപയോഗിച്ച് വലിയ പ്രബന്ധങ്ങള്‍ സൃഷ്ടിക്കുന്ന മോദി രാജിലെ ഇന്ത്യയുടെ യഥാര്‍ത്ഥസ്ഥിതിയുടെ പരിഛേദം അയോധ്യ ആരതിയില്‍ ഇരുട്ടുമൂടി കിടപ്പുണ്ട്. അയോധ്യയിലെ ദീപോത്സവം കൊണ്ട് ലോകറെക്കോര്‍ഡുകള്‍ നേടി യോഗി ആദിത്യനാഥ് ലോകത്തിന് മുന്നില്‍ പ്രഭചൊരിഞ്ഞ അയോധ്യയല്ല മിന്നിച്ചിമ്മിയ ക്യാമറകള്‍ക്കപ്പുറത്തെ സരയൂതീരം. എണ്ണത്തില്‍ ലക്ഷങ്ങളുള്ള ആരതി ദീപങ്ങള്‍ അണച്ചു ബാക്കിയാവുന്ന ഇത്തിരി എണ്ണയ്ക്ക് വേണ്ടി പാത്രവുമായി പടിക്കെട്ടുകളിലേക്ക് ഇറങ്ങുന്ന നൂറു കണക്കിന് സാധാരണക്കാരാണ് യോഗിയുടെ ഉത്തര്‍പ്രദേശിന്റെ നേര്‍ചിത്രം.

Read more

ദാരിദ്ര്യവും തൊഴിലില്ലായ്മയും വലച്ച ഒരു സമൂഹത്തിന്റെ ഇരുട്ടുവീണ ജീവിതത്തിന് മുകളിലാണ് 26 ലക്ഷം ചിരാതുകള്‍ തെളിച്ചുള്ള റെക്കോര്‍ഡ് ആഘോഷം. ഉത്തര്‍പ്രദേശിന്റെ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് അയോധ്യയുടെ മുഖം വെളിവാക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞത് സത്യം ഈ ദൃശ്യങ്ങളാണ്, അല്ലാതെ അവര്‍ ലോകത്തെ കാണിച്ചു കൊടുക്കാന്‍ വേണ്ടി തീര്‍ത്ത കാഴ്ചകളല്ല, അവര്‍ അത് കാണിച്ചു തിരിച്ചുപോയി. പക്ഷേ സത്യം ഇതാണ്. പ്രകാശത്തിന് ശേഷമുള്ള ഈ അന്ധകാരം ഒട്ടുനല്ലതിനല്ല.