രാജ്യത്തെ ഫെഡറലിസത്തിന് എന്ത് സംഭവിച്ചു? സുപ്രിം കോടതി ചോദിക്കുന്നു

‘രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് എന്താണ് സംഭവിക്കുന്നത്?. നിങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തിനുള്ള അവകാശങ്ങള്‍ എടുത്തുകളയുകയല്ലേ?.’

സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ചോദിച്ച ചോദ്യമാണിത്. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കേന്ദ്ര ഏജന്‍സിയായ ഇഡി നടത്തുന്ന ഇടപെടലുകളെ കുറിച്ച് ആറ് മാസത്തിനിടയില്‍ രണ്ടാമത്തെ തവണയാണ് സുപ്രീം കോടതി ഇതേ കാര്യം ആവര്‍ത്തിച്ച് ചോദിക്കുന്നത്. തമിഴ്‌നാട്ടിലെ ടാസ്മാക് മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്ര ഏജന്‍സിയോട് ഈ ചോദ്യം ചോദിച്ചത്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ ഇടപെടലാണ്, സംസ്ഥാനം കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കുന്നില്ലേ. സംസ്ഥാനത്തിന് അതിന്റെ അന്വേഷണ സംവിധാനങ്ങളില്ലേയെന്നും എല്ലാത്തിനും നിങ്ങള്‍ പോയി സ്വയം അന്വേഷിക്കാന്‍ കഴിയുമോയെന്നും സുപ്രീം കോടതി ചോദിച്ചു.

Read more

ടാസ്മാക് അഥവാ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഉള്‍പ്പെട്ട മദ്യ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സുപ്രീം കോടതി ചൊവ്വാഴ്ച രൂക്ഷമായി വിമര്‍ശിച്ചത്. മാര്‍ച്ചില്‍ നടത്തിയ രണ്ട് സെറ്റ് റെയ്ഡുകളെക്കുറിച്ചും സുപ്രീം കോടതി ഇഡിയോട് വിശദീകരണം തേടി. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് ഇതേ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ വഴിവിട്ട ഇടപെടലിനെ സുപ്രീം കോടതി വിമര്‍ശക്കുന്നതും വിശദീകരണം തേടുന്നതും. തമിഴ്നാട്ടിലെ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണവും റെയ്ഡുകളും സുപ്രീംകോടതി മേയില്‍ തന്നെ സ്റ്റേചെയ്തിരുന്നു. ഇ.ഡി. എല്ലാ പരിധികളും ഫെഡറല്‍ തത്വങ്ങളും ലംഘിക്കുന്നുവെന്ന് അന്ന് തന്നെ സുപ്രീം കോടതി നിരീക്ഷിച്ചതുമാണ്.