അവകാശികളില്ലാത്ത 1.84 ലക്ഷം കോടി, രേഖകളുമായി ഒന്ന് വരൂ എന്ന് ധനമന്ത്രി

അവകാശികളില്ലാതെ സര്‍ക്കാരിന്റേയും ബാങ്കുകളുടേയും പക്കല്‍ കുമിഞ്ഞു കൂടുന്ന കോടിക്കണക്കിന് രൂപയും ആസ്തിയും. അവകാശികളെ കണ്ടെത്തി എങ്ങനേയും തിരിച്ചുനല്‍കാന്‍ ഓടി നടക്കുന്ന ധനകാര്യവിഭാഗം. 1.84 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് രാജ്യത്തെ ബാങ്കുകളിലും റെഗുലേറ്റര്‍മാരുടെ പക്കലുമായി അവകാശികളില്ലാതെ കെട്ടികിടക്കുന്നത്. ഇത് ഉത്തരവാദിത്തപ്പെട്ട അവകാശികളിലേക്ക് തിരിച്ചെത്തിക്കാന്‍ രാജ്യത്തിന്റെ ധനകാര്യമന്ത്രി ഒരു ക്യാമ്പെയ്ന്‍ തുടങ്ങിയിരിക്കുകയാണ്. ആപ്തി പൂംജി- ആപ്കാ അധികാര്‍ അഥാവാ നിങ്ങളുടെ സമ്പത്ത് നിങ്ങളുടെ അവകാശം ക്യാമ്പെയ്‌നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടങ്ങിയിരിക്കുന്നത്.

Read more

ബാങ്ക് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ് ഫണ്ട്, ഓഹരികള്‍ എന്നിങ്ങനെ പലവിധ രൂപത്തിലാണ് 1.84 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നിക്ഷേപങ്ങള്‍ ബാങ്കുകളിലും റെഗുലേറ്റര്‍മാരുടെ പക്കലുമായി അവകാശികളില്ലാതെ കിടക്കുന്നത്. ഇതില്‍ നടപടിയുണ്ടാക്കാനാണ് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പെയ്‌ന് തുടക്കമിട്ടിരിക്കുന്നത്. സാമ്പത്തിക ആസ്തികള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കെട്ടികിടക്കുന്ന ആസ്തികള്‍ക്ക് മേല്‍ യഥാര്‍ത്ഥ അവകാശികള്‍ രംഗത്ത് വരണമെന്നും തട്ടിപ്പ് അവസരങ്ങളിലേക്ക് ഇത് വഴിവെക്കരുതെന്നും ധനമന്ത്രി പറയുന്നത്.