രാജസ്ഥാനില്‍ വമ്പന്‍ പ്രതീക്ഷകളുമായി തുടര്‍ഭരണം പ്രതീക്ഷിച്ച കോണ്‍ഗ്രസിനും അതുപോലെ മുഖ്യമന്ത്രി സ്ഥാനം കൊതിച്ച ബിജെപി മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്കും തിരിച്ചടിയിയാരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിന് തമ്മില്‍ തല്ലലിലും ഭരണവിരുദ്ധ വികാരത്തിലും തുടര്‍ഭരണം നഷ്ടപ്പെട്ടപ്പോള്‍ പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി സ്ഥാനമാണ് വസുന്ധരയ്ക്ക് കൈമോശം വന്നത്. അമിത് ഷായും നരേന്ദ്ര മോദിയും ഉണ്ടാക്കിയെടുത്ത കേന്ദ്രീകൃത ഏകപക്ഷീയ പാര്‍ട്ടി രീതികളോട് പൊരുത്തപ്പെടാതെ നിന്നുവെന്നതായിരുന്നു വസുന്ധര രാജെ സിന്ധ്യ തഴയപ്പെടാനുള്ള കാരണം. മുഖ്യമന്ത്രി സ്ഥാനം തരാതെ തഴയപ്പെട്ടതിനുശേഷം രാജസ്ഥാന്‍ ബിജെപിയിലെ തന്റെ എതിരാളികള്‍ക്കെതിരെ വസുന്ധര രാജെ സിന്ധ്യ ഒളിഞ്ഞും തെളിഞ്ഞും അസ്ത്രങ്ങള്‍ തൊടുത്തിട്ടിണ്ട്. പരോക്ഷമായി സര്‍ക്കാരിന്റെ ബലഹീനതകള്‍ തുറന്നുകാട്ടാനും വസുന്ധര മടിച്ചില്ല. മധ്യപ്രദേശില്‍ ഒബിസി മുഖ്യമന്ത്രിയും രാജസ്ഥാനില്‍ ബ്രാഹ്‌മണ മുഖ്യമന്ത്രിയുമെന്ന നിലയില്‍ സമവാക്യങ്ങളൊരുക്കി ഭജന്‍ ലാല്‍ ശര്‍മ്മയെ മുഖ്യമന്ത്രിയാക്കിയ ബിജെപി നേതൃത്വത്തിനോട് പലകുറി തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ വസുന്ധര കലഹിച്ചു തുടങ്ങിയിരുന്നു.
Read more
രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെതിരായ വസുന്ധരയുടെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ജാല്‍വാറില്‍ വെളളം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍. ജാല്‍വാര്‍ ജില്ലയിലെ കുടിവെള്ള പ്രതിസന്ധിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തണമെന്ന രാജസ്ഥാന്‍ ബിജെപിയുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ ശബ്ദം സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. ഭജന്‍ ലാല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിലെ ഉദ്യോഗസ്ഥവൃന്തത്തിന്റെ ദൗര്‍ബല്യം തുറന്നുകാട്ടിയ വസുന്ധരയുടെ സമീപനം വീണുകിട്ടിയ പിടിവള്ളിയാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്. ഉദ്യോഗസ്ഥരെ വസുന്ധര വിമര്‍ശിച്ചത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടലാണെന്ന് പറഞ്ഞു പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ കേന്ദ്ര ജലശക്തി മന്ത്രാലയം പോലും വിഷയത്തില്‍ ഇടപെട്ടു.