'പെര്‍ഫക്ട് ടൈമിംഗ്', പഴയ കേസിലെ പുതിയ കുരുക്ക് യാദൃശ്ചികതയോ?

ബിഹാര്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നു ഒരാഴ്ച പിന്നിടും മുമ്പേ ബിഹാറിലെ ഭരണവിരുദ്ധ വികാരത്തെ തുടര്‍ന്ന് വിജയ പ്രതീക്ഷയില്‍ നില്‍ക്കുന്ന മുഖ്യപ്രതിപക്ഷ കക്ഷിക്ക് നേര്‍ക്കൊരു അഴിമതി കേസ് നടപടി. കോടതി നടപടിയായതിനാല്‍ യാദൃശ്ചികത എന്ന് പറയാമെങ്കിലും ജാര്‍ഖണ്ഡിലും ഡല്‍ഹിയിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പിന് മുമ്പ് നേരിട്ട ഇഡി ആക്രമണത്തിനും ജയില്‍വാസത്തിനും ശേഷം അടുത്ത പ്രമുഖ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് കോട്ടമുണ്ടാകുന്ന നിയമകുരുക്ക്. പഴയ ഒരു കേസില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ കുരുക്കില്‍ നടപടിയുണ്ടാവുന്നത് ഒരു സിബിഐ കേസിലാണെന്ന് കൂടി ചേര്‍ത്ത് വായിക്കണം.

Read more

ഐആര്‍സിടിസി അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിനും ഭാര്യ റാബറി ദേവിക്കും മകന്‍ തേജസ്വി യാദവിനുമെതിരെ അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ് ഡല്‍ഹി റൗസ് അവന്യു കോടതി. 2004 മുതല്‍ 2009 വരെ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഐആര്‍സിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി നിര്‍വ്വഹിക്കുന്ന കരാറുകള്‍ നല്‍കുന്നതിനിടെ അഴിമതി നടന്നുവെന്നതാണ് കേസ്. നിലവിലെ ബിഹാര്‍ പ്രതിപക്ഷ നേതാവായ തേജസ്വി യാദവിനെതിരെ ഗൂഢാലോചന, വഞ്ചന എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. കേസില്‍ ഉടന്‍ വിചാരണ ആരംഭിക്കുമെന്നും പ്രത്യേക സിബിഐ കോടതി അറിയിച്ചതോടെ ബിഹാര്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പുണ്ടായ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബിഹാറില്‍ വിജയം പ്രതിക്ഷിച്ച് നിതീഷ് കുമാറിനും ബിജെപിയ്ക്കുമെതിരെ ശക്തമായ പ്രചാരണം നടത്തിയ ആര്‍ജെഡിയ്ക്ക് കനത്ത തിരിച്ചടിയാണ് ഡല്‍ഹി കോടതി ഉത്തരവ്.