പാർലമെന്റ് അംഗങ്ങൾക്കായി ബി‌.ജെ‌.പിയുടെ പരിശീലന ക്ലാസ്; 'പഠിപ്പിക്കാൻ ' മോദിയും ഷായും, ഹാജർ നിർബന്ധം

പാർലമെന്റ് അംഗങ്ങൾക്കായി ബി.ജെ.പി നടത്തുന്ന രണ്ട് ദിവസത്തെ വാരാന്ത്യ ശില്പശാല ഇന്ന് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡ എന്നിവരുടെ സമർപ്പിത സെഷനുകളും ശില്പശാലയിൽ ഉണ്ടാവുമെന്നാണ് ബി.ജെ.പി അറിയിച്ചിരിക്കുന്നത്. രണ്ടുദിവസത്തെ ശില്പശാലയിൽ എം.പിമാരുമായി സംവദിക്കുന്ന വിവിധ സെഷനുകളിലായി ബി.ജെ.പിയിലെ മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കും .

ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിലാണ് “അഭ്യാസ് വര്‍ഗ” എന്ന പേരില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ക്ലാസില്‍ എല്ലാ എം.പി.മാരും നിര്‍ബന്ധമായി പങ്കെടുക്കണമെന്നാണ് പാര്‍ട്ടി പാര്‍ലമെന്ററി ഓഫീസിന്റെ നിര്‍ദേശം.

സമൂഹിക മാധ്യമങ്ങൾ, നമോ ആപ്പ്, പശ്ചിമ ബംഗാൾ രാഷ്ട്രീയം എന്നിവ ശില്പശാലയിൽ പ്രധാന വിഷയങ്ങളായിരിക്കും. പാര്‍ലമെന്റിന് അകത്തും പുറത്തും എം.പിമാര്‍ എങ്ങനെ പെരുമാറണം, ജനങ്ങളുമായി എങ്ങനെ ഇടപെടണം എന്നതിൽ എല്ലാമാണ് പരിശീലനം നൽകുന്നത്. ബി.ജെ.പിയുടെ രാജ്യസഭയിലെയും ലോക്‌സഭയിലെയും എല്ലാ എം.പിമാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കും.