പാർട്ടിക്ക് പിന്നാലെ നീതിപീഠവും; സർക്കാരിന് സുപ്രീം കോടതിയുടെ കടുത്ത വിമർശനം

അനാഥാലയങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തതിന് സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ കടുത്ത വിമർശനം. സർക്കാരിന് ഉത്തരവാദിത്വ ബോധമില്ലെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങളിലെ അനാഥാലയങ്ങളുടെ രജിസ്‌ട്രേഷൻ സംബന്ധമായ രേഖകൾ സമർപ്പിക്കണമെന്ന് ഉത്തരവിൽ കേരളം റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. ഉത്തരവ് നടപ്പാക്കാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ നിയമ ലംഘനങ്ങൾക്ക് ഉത്തരവാദി ചീഫ് സെക്രട്ടറി ആണെന്നും കുട്ടികൾ ലൈംഗിക പീഡനങ്ങൾക്ക് ഇരയായാലും ഉത്തരവാദി ചീഫ് സെക്രട്ടറി തന്നെയാകുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകണമെന്നും കോടതി പറഞ്ഞു.