ശോഭ സുരേന്ദ്രൻ ബി.ജെ.പി അദ്ധ്യക്ഷയാകാൻ സാദ്ധ്യതയേറി, കോർ ഗ്രൂപ്പിന്റെയും കൂടുതൽ മോർച്ചകളുടെയും പിന്തുണ ശോഭയ്ക്ക്, അന്തിമപരിഗണനയിൽ രണ്ടു പേർ

ബി ജെ പി സംസ്ഥാന ഘടകത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള സമവായ ചർച്ചകൾ അവസാന റൗണ്ടിലേക്ക് എത്തിയപ്പോൾ മുൻതൂക്കം രണ്ടു പേരുകൾക്ക്. സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ സീനിയറായ ശോഭ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ എന്നീ പേരുകളാണ് അന്തിമഘട്ടത്തിൽ സജീവമായി കേന്ദ്ര നേതൃത്വം ചർച്ച ചെയ്യുന്നത്. ഇതിൽ തന്നെ ശോഭ സുരേന്ദ്രന്റെ പേരിനാണ് പൊതുവിൽ കൂടുതൽ അംഗീകാരം ലഭിച്ചിരിക്കുന്നതെന്നാണ് പാർട്ടി സംസ്ഥാന വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ഒന്നോ, രണ്ടോ ദിവസത്തിനകം സംസ്ഥാന പ്രസിഡന്റിന്റെ പേര് കേന്ദ്രം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന നേതൃത്വുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ “സൗത്ത് ലൈവിനോട്” പറഞ്ഞു. പി. എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായി നിയമിതനായതിനെ തുടർന്നാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നത്.

പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് അഭിപ്രായ സമന്വയം രൂപീകരിക്കുന്നതിനായി സംസ്ഥാന ഭാരവാഹികൾക്കിടയിൽ നടന്ന ചർച്ചകളിൽ ശോഭ സുരേന്ദ്രനാണ് ഒന്നാമതെത്തിയത്. കെ സുരേന്ദ്രന്റെ പേരിനാണ് രണ്ടാം സ്ഥാനം. പാർട്ടിയിലെ ആറ് മോർച്ചകളിൽ നാലെണ്ണത്തിന്റെ പിന്തുണയും ശോഭയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ. എസ് സി – എസ് ടി മോർച്ച കെ. സുരേന്ദ്രനെ പിന്തുണച്ചപ്പോൾ എം. ടി രമേശിനായിരുന്നു യുവമോർച്ചയുടെ പിന്തുണ. മറ്റു മോർച്ചകൾ ശോഭ പ്രസിഡന്റാകണമെന്ന അഭിപ്രായമാണ് മുന്നോട്ട് വെച്ചത്. സംസ്ഥാന ഭാരവാഹികളിൽ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത് ശോഭ സുരേന്ദ്രനെയാണ്. അവസാന റൗണ്ടിലെ ഈ രണ്ടു പേരുകൾ ഇപ്പോൾ ആർ എസ് എസ് സംസ്ഥാന കാര്യാലയത്തിന്റെ പരിഗണനയിലാണ്. കാര്യാലയത്തിന്റെ അന്തിമ തീരുമാനം പാർട്ടി പ്രതീക്ഷിക്കുകയാണ്. ഇത് വന്നു കഴിഞ്ഞാൽ കേന്ദ്ര നേതൃത്വത്തിന്റെയും ദേശീയ പ്രസിഡന്റ് അമിത് ഷായുടെയും അന്തിമ അംഗീകാരത്തോടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന്  ഒരു മുതിർന്ന നേതാവ് സൗത്ത് ലൈവിനോട് പറഞ്ഞു.

പാർട്ടിയുടെ കോർ ഗ്രൂപ്പിന്റെ യോഗത്തിലും ശോഭ സുരേന്ദ്രന്റെ പേരിനാണ് മുന്തിയ പരിഗണന ലഭിച്ചത് എന്നാണ് അറിയുന്നത്. മുൻ സംസ്ഥാന പ്രസിഡന്റ് സി. കെ പത്മനാഭൻ മാത്രമാണ് കെ. സുരേന്ദ്രനെ പിന്തുണച്ചത്. ദേശീയ പ്രസിഡന്റ് അമിത് ഷായുമായി നടന്ന ചർച്ചകളിൽ മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ, പി. എസ് ശ്രീധരൻ പിള്ള തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് പുറമെ പശ്ചിമ ബംഗാൾ ഘടകത്തിന്റെ ചുമതലയുള്ള അരവിന്ദ് മേനോൻ, പാർട്ടി ഇന്റലക്ച്വൽ സെല്ലിന്റെ ചുമതലക്കാരനായ ബാലശങ്കർ, അൽഫോൻസ് കണ്ണന്താനം, സുരേഷ് ഗോപി എം. പി എന്നിവരും ശോഭ സുരേന്ദ്രൻ അദ്ധ്യക്ഷയാകണമെന്ന നിലപാടാണ് സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് ഇക്കുറി ശോഭ സുരേന്ദ്രന് നറുക്ക് വീഴുമെന്നാണ് പാർട്ടി നേതൃത്വത്തോട് ഏറ്റവും അടുപ്പമുള്ള നേതാക്കൾ നൽകുന്ന സൂചന.

കെ. സുരേന്ദ്രനെ ശക്തമായി പിന്തുണച്ചു പോന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ കോർ ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം വളരെ നിർണായകമായ ഒന്നാണ്. യോഗത്തിൽ പങ്കെടുത്ത പാർട്ടിയുടെ ഓർഗനൈസിംഗ് സഹ സംഘടനാ സെക്രട്ടറി ശിവപ്രകാശ് ഇക്കാര്യം പ്രത്യേകം അന്വേഷിക്കുകയും ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ മറ്റൊരു നിർണായക വഴിത്തിരിവും ശ്രദ്ധേയമാണ്. എം. ടി രമേശിന് വേണ്ടി ഇതുവരെ ശക്തമായി നില കൊണ്ടിരുന്ന മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി. കെ കൃഷ്ണദാസ്, എ. എൻ രാധാകൃഷ്ണന് വേണ്ടി ശക്തമായി വാദിച്ചു എന്നതാണ് അത്. പാർട്ടിയിലെ നിലവിലെ ഗ്രൂപ്പ് സാഹചര്യങ്ങളും നേതാക്കന്മാരുടെ നിലപാടിലെ നിർണായകമായ മാറ്റങ്ങളും പരിഗണിക്കുമ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോൾ പ്രഥമ പരിഗണന ലഭിച്ചിരിക്കുന്നത് ശോഭ സുരേന്ദ്രന്റെ പേരിനാണ്. സംസ്ഥാന ആർ എസ് എസ് നേതൃത്വത്തിന്റെ ക്ലിയറൻസ് കൂടി ലഭ്യമായാൽ ബി ജെ പി കേരള ഘടകത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിതാ നേതാവ് എത്തുമെന്നത് ഏറെക്കുറെ ഉറപ്പാണ്.