പൗരത്വ ഭേദഗതി ബിൽ; ആളിക്കത്തി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ദിബ്രുഗഢിൽ ഉൾഫ പതാക ഉയർത്തി പ്രതിഷേധക്കാർ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പാസാക്കിയ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം. അസമിൽ പന്ത്രണ്ടു മണിക്കൂർ ബന്ദ് പലയിടത്തും അക്രമാസക്തമായി. ബില്ലിനെതിരെ എൻഇഎസ്ഒ ( നോർത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ, എഎഎസ്‍യു (ആൾ ആസാം സ്റ്റുഡന്‍റസ് യൂണിയൻ) എന്നീ വിദ്യാർത്ഥി സംഘടനകളാണ് അസമിൽ ബന്ദിന് ആഹ്വാനം ചെയ്തത്. അസമിലെ ദിബ്രുഗഢിൽ വിഘടനവാദി സംഘടനയായ ഉൾഫയും പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പതാക ഉയർത്തിയെന്ന റിപ്പോർട്ടുണ്ട്.

Embedded video

റോഡുകളിൽ വാഹനങ്ങൾ കാണാനേ ഇല്ല.

 

ത്രിപുരയിലും പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. പല ജില്ലകളിലും ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. നാലായിരത്തോളം പേർക്ക് ആക്രമ സംഭവങ്ങളിൽ പരിക്കേറ്റതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ധലായ് ജില്ലയിൽ പുലർച്ചെ കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൻചൻപൂരിലും ആക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ആക്രമത്തിൽ പരിക്കേറ്റ യുവാവ്, ദി നോർത്ത് ഈസ്റ്റ് ഡെയ്‍ലി പ്രസിദ്ധീകരിച്ച ചിത്രം

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ത്രിപുര ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ നടത്തേണ്ടിയിരുന്ന പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റി വെച്ചു. ത്രിപുര സർവകലാശാലയും മഹാരാജ ബീർ ബിക്രം സർവകലാശാലയും പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.

ഖൊവായ് ജില്ലയിലെ 15 അധ്യാപകർക്ക് ബന്ദ് ദിവസത്തിൽ പരീക്ഷ നടത്തിയതിന്‍റെ പേരിൽ മർദ്ദനമേറ്റതായും റിപ്പോർട്ടുകളുണ്ട്. ത്രിപുരയിലെ ഭരണകക്ഷികളിൽ ഒന്നായ ഐപിഎഫ്ടിയാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനകളിലൊന്ന്.